പ്രധാനമന്ത്രിയുടെ ഓഫീസ്
ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ 80,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിച്ചു
ഏകദേശം 550 ജില്ലകളിലെ 63000 ഗോത്രവര്‍ഗ്ഗ ഊരുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് സമാരംഭം കുറിച്ചു
40 ഏകലവ്യ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തു ;25 ഏകലവ്യ സ്‌കൂളുകള്‍ക്ക് തറക്കല്ലിട്ടു
പി.എം-ജന്‍മന്നിന് കീഴിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു
'' ഗോത്രവര്‍ഗ്ഗ സമൂഹത്തോട് ഗവണ്‍മെന്റിനുള്ള മുന്‍ഗണനയുടെ തെളിവാണ് ഇന്നത്തെ പദ്ധതികള്‍''
Posted On:
02 OCT 2024 3:56PM by PIB Thiruvananthpuram
ഝാർഖണ്ഡിലെ ഹസാരിബാഗില്‍ 80,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ശ്രീ മോദി ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് സമാരംഭം കുറിയ്ക്കുകയും, 40 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (ഇഎംആര്‍എസ്) ഉദ്ഘാടനം ചെയ്യുകയും, 25 ഇ.എം.ആര്‍.എസുകള്‍ക്ക് തറക്കല്ലിടുകയും, പ്രധാൻമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പിഎം-ജന്‍മന്‍) ന് കീഴില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കുകയും ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഝാർഖണ്ഡിന്റെ വികസന യാത്രയുടെ ഭാഗമാകാനായതിന് നന്ദി രേഖപ്പെടുത്തുകയും നൂറുകണക്കിന് കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജംഷഡ്പൂര്‍ സന്ദര്‍ശിച്ചത് അനുസ്മരിക്കുകയും ചെയ്തു. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം ഝാർഖണ്ഡിലെ ആയിരക്കണക്കിന് പാവപ്പെട്ടവര്‍ക്ക് പക്കാ വീടുകള്‍ കൈമാറിയ കാര്യവും ശ്രീ മോദി പരാമര്‍ശിച്ചു. ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ ശാക്തീകരണവും ക്ഷേമവുമായി ബന്ധപ്പെട്ട ഇന്നത്തെ 80,000 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഗോത്രവര്‍ഗ്ഗ സമൂഹങ്ങളോടുള്ള ഗവണ്‍മെന്റിന്റെ മുന്‍ഗണനയുടെ തെളിവാണിതെന്ന് പറഞ്ഞു. ഇന്നത്തെ പദ്ധതികള്‍ക്ക് ഝാർഖണ്ഡിലെയും ഇന്ത്യയിലെയും ജനങ്ങളെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ഗോത്രവര്‍ഗ്ഗ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ആശയങ്ങളുമാണ് ഇന്ത്യയുടെ മൂലധനമെന്ന് മഹാത്മാഗാന്ധിജിയുടെ ജന്മവാര്‍ഷിക ദിനത്തിന്റെ അവസരം ചൂണ്ടിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവര്‍ഗ്ഗ സമൂഹങ്ങള്‍ അതിവേഗം പുരോഗമിക്കുമ്പോള്‍ മാത്രമേ ഇന്ത്യക്ക് പുരോഗതിയുണ്ടാകൂ എന്ന് മഹാത്മാഗാന്ധി വിശ്വസിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്‍മെൻ്റ് ഗോത്രവര്‍ഗ്ഗ ഉന്നമനത്തിന് പരമാവധി ശ്രദ്ധ നല്‍കുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തിയ ശ്രീ മോദി ഇന്ന് സമാരംഭം കുറിയ്ക്കുന്ന ഏകദേശം 550 ജില്ലകളിലെ 63,000 ആദിവാസി ഗ്രാമങ്ങള്‍ വികസിപ്പിക്കുന്ന 80,000 കോടി രൂപ ചെലവുള്ള ധര്‍ത്തി ആബ ജന്‍ജാതി ഗ്രാം ഉല്‍കര്‍ഷ് അഭിയാനെക്കുറിച്ചും സൂചിപ്പിച്ചു. ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ഈ ഗ്രാമങ്ങളിലെ സാമൂഹിക-സാമ്പത്തിക ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും രാജ്യത്തെ 5 കോടിയിലധികം ഗോത്രവര്‍ഗ്ഗ സഹോദരീസഹോദരന്മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ''ഝാർഖണ്ഡിലെ ഗോത്ര സമൂഹത്തിനും ഇതില്‍ നിന്ന് വലിയ നേട്ടമുണ്ടാകും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധര്‍ത്തി അബ ജഞ്ജതി ഗ്രാം ഉത്കര്‍ഷ് അഭിയാന്‍ ഭഗവാന്‍ ബിര്‍സ മുണ്ടയുടെ നാട്ടില്‍ നിന്ന് തുടക്കം കുറിയ്ക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി-ജന്‍മന്‍ യോജനയ്ക്ക് ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനത്തില്‍, ഝാർഖണ്ഡിൽ നിന്ന് സമാരംഭം കുറിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. ജന്‍ജാതി ഗൗരവ് ദിവസായ 2024 നവംബര്‍ 15-ന്, പ്രധാനമന്ത്രി-ജന്‍മന്‍ യോജനയുടെ ഒന്നാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പിഎം-ജന്‍മന്‍ യോജനയിലൂടെ, പിന്നാക്കം പോയ രാജ്യത്തെ ഗോത്രവര്‍ഗ്ഗ മേഖലകളിലേക്ക് വികസനത്തിന്റെ ഫലം എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി-ജന്‍മന്‍ യോജനയ്ക്ക് കീഴില്‍ ഏകദേശം 1350 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ തറക്കല്ലിടല്‍ ഇന്ന് നടന്നത് ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ്ഗ മേഖലകളില്‍ മെച്ചപ്പെട്ട ജീവിതത്തിനായി വിദ്യാഭ്യാസം, ആരോഗ്യം, റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നിര്‍മിക്കുമെന്ന് പദ്ധതിയെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം അടിവരയിട്ടു.
പിഎം-ജന്‍മന്‍ യോജനയുടെ ആദ്യ വര്‍ഷത്തില്‍ തന്നെ ഝാര്‍ഖണ്ഡിലുണ്ടായ വിവിധ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ ശ്രി മോദി വളരെ പിന്നോക്കം നില്‍ക്കുന്ന 950-ലധികം ഗ്രാമങ്ങളില്‍ എല്ലാ വീടുകളിലും വെള്ളം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായതായും പറഞ്ഞു. സംസ്ഥാനത്ത് 35 വന്ദന്‍ വികാസ് കേന്ദ്രങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദൂര ഗോത്രവര്‍ഗ്ഗ മേഖലകളെ മൊബൈല്‍ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി പുരോഗതിക്ക് തുല്യ അവസരമൊരുക്കികൊണ്ട് ഗോത്രവര്‍ഗ്ഗ സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഇത് സഹായിക്കുമെന്നും പറഞ്ഞു.
ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ക്ക് വിദ്യാഭ്യാസവും അവസരങ്ങളും ലഭിക്കുമ്പോള്‍ ഗോത്രവര്‍ഗ്ഗ സമൂഹം പുരോഗമിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനായി ഗോത്രവര്‍ഗ്ഗ മേഖലകളില്‍ ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ നിര്‍മ്മിക്കാനുള്ള കൂട്ടായപ്രവര്‍ത്തനത്തില്‍ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ന് 40 ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ ഉദ്ഘാടനവും പുതിയ 25 എണ്ണത്തിന്റെ തറക്കല്ലിടലും പരാമര്‍ശിച്ച പ്രധാനമന്ത്രി, എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഏകലവ്യ സ്‌കൂളുകള്‍ സജ്ജീകരിക്കുമെന്നും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം നല്‍കുമെന്നും ഉറപ്പിച്ചു പറയുകയും ചെയ്തു. ഇതിനായി എല്ലാ സ്‌കൂളുകളുടെയും ബജറ്റ് ഗവണ്‍മെന്റ് ഏകദേശം ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ പരിശ്രമങ്ങള്‍ നടത്തുമ്പോള്‍ നല്ല ഫലങ്ങള്‍ കൈവരിക്കാനാകുമെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഗോത്രവര്‍ഗ്ഗ യുവജനങ്ങള്‍ മുന്നേറുമെന്നും രാജ്യം അവരുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഝാർഖണ്ഡ് ഗവര്‍ണര്‍ ശ്രീ സന്തോഷ് ഗാങ്വാര്‍, ഗോത്രകാര്യ മന്ത്രി ശ്രീ ജുവല്‍ ഓറം എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
രാജ്യത്തുടനീളമുള്ള ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ വ്യാപകവും സമഗ്രവുമായ വികസനം ഉറപ്പാക്കാനുള്ള തന്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി 80,000 കോടിയിലധികം രൂപ ചെലവുവരുന്ന ധര്‍ത്തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് പ്രധാനമന്ത്രി സമാരംഭം കുറിച്ചു. 30 സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും 549 ജില്ലകളിലും 2,740 ബ്ലോക്കുകളിലുമായി കിടക്കുന്ന 63,000 ഗ്രാമങ്ങളിലെ 5 കോടിയിലധികം ഗോത്രവര്‍ഗ്ഗവിഭാഗക്കാര്‍ ഈ അഭിയാന്റെ പരിധിയില്‍ വരും. കേന്ദ്ര ഗവണ്‍മെന്റിന്റെ 17 വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും നടപ്പിലാക്കുന്ന 25 ഇടപെടലുകളിലൂടെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഉപജീവനം എന്നിവയിലെ നിര്‍ണായക വിടവുകളില്‍ പരിപൂര്‍ണ്ണത കൈവരിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്.
ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി 40 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ (ഇ.എം.ആര്‍.എസ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും 2800 കോടിയിലധികം രൂപ ചെലവുവരുന്ന 25 ഇ.എം.ആര്‍.എസ്സുകള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.
പ്രധാനമന്ത്രി ജന്‍ജാതി ആദിവാസി ന്യായ മഹാ അഭിയാന്‍ (പി.എം-ജന്‍മന്‍) ന് കീഴില്‍ 1360 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. 1380 കിലോമീറ്ററിലധികം റോഡ്, 120 അംഗൻവാടികൾ, 250 വിവിധോദ്ദേശ കേന്ദ്രങ്ങള്‍, 10 സ്‌കൂള്‍ ഹോസ്റ്റലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനുപുറമെ, 3,000 ഗ്രാമങ്ങളിലെ 75,800-ലധികം പ്രത്യേക ദുര്‍ബല ഗോത്രവിഭാഗങ്ങളുടെ (പി.വി.ടി.ജി) വീടുകളുടെ വൈദ്യുതീകരണം, 275 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, 500 അംഗന്‍വാടികള്‍ എന്നിവയുടെ പ്രവര്‍ത്തന സജ്ജമാക്കല്‍, 250 വന്‍ ധന്‍ വികാസ് കേന്ദ്രങ്ങളുടെ സ്ഥാപനം, 5,550-ലധികം പി.വി.ടി.ജി ഗ്രാമങ്ങളെ 'നല്‍ സേ ജല്‍' നോടൊപ്പം പൂരിതമാക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രധാനമന്ത്രി ജന്‍മനു കീഴിലെ പ്രധാന നേട്ടങ്ങളുടെ ഒരു പരമ്പരയും അദ്ദേഹം അനാവരണം ചെയ്തു.
(Release ID: 2061139)
Visitor Counter : 57
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada