പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ബ്രൂണൈ സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമർശങ്ങൾ

Posted On: 04 SEP 2024 3:18PM by PIB Thiruvananthpuram

അഭിവന്ദ്യ സുൽത്താൻ,

താങ്കളുടെ ഹൃദ്യമായ വാക്കുകൾക്കും ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യമര്യാദയ്ക്കും താങ്കൾക്കും രാജകുടുംബത്തിനാകെയും എന്റെ ഹൃദയംഗമമായ നന്ദി.

ആദ്യമായി, 140 ​കോടി ഇന്ത്യക്കാർക്കുവേണ്ടി, സ്വാതന്ത്ര്യത്തിന്റെ 40-ാം വാർഷികത്തിൽ താങ്കൾക്കും ബ്രൂണൈയിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

അഭിവന്ദ്യ സുൽത്താൻ,

നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധമാണു നമ്മുടേത്. ഈ മഹത്തായ സാംസ്കാരിക പാരമ്പര്യമാണു നമ്മുടെ സൗഹൃദത്തിന്റെ അടിത്തറ. താങ്കളുടെ നേതൃത്വത്തിൽ നമ്മുടെ ബന്ധങ്ങൾ അനുദിനം ദൃഢമാകുകയാണ്. 2018ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി താങ്കൾ ഇന്ത്യ സന്ദർശിച്ചത് ഇന്ത്യയിലെ ജനങ്ങൾ ഇപ്പോഴും ഏറെ അഭിമാനത്തോടെ ഓർക്കുന്നു.

അഭിവന്ദ്യ സുൽത്താൻ,

എന്റെ മൂന്നാം കാലയളവിന്റെ തുടക്കത്തിൽ, ബ്രൂണൈ സന്ദർശിക്കാനും ഭാവികാര്യങ്ങൾ താങ്കളുമായി ചർച്ച ചെയ്യാനും അവസരം ലഭിച്ചതിൽ ഞാൻ അതീവ സന്തുഷ്ടനാണ്. നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ 40-ാം വാർഷികം നാമിപ്പോൾ ആഘോഷിക്കുന്നു എന്നതും സന്തോഷകരമായ യാദൃച്ഛികതയാണ്. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയത്തിലും ഇന്തോ-പസഫിക് കാഴ്ചപ്പാടിലും ബ്രൂണൈ പ്രധാന പങ്കാളിയാണ്. നാം പരസ്പരം വികാരങ്ങളെ മാനിക്കുന്നു. ഈ സന്ദർശനവും നമ്മുടെ ചർച്ചകളും വരുംകാലത്തേക്കുള്ള നമ്മുടെ ബന്ധങ്ങൾക്കു തന്ത്രപരമായ ദിശാബോധം നൽകുമെന്ന് എനിക്കുറപ്പുണ്ട്. ഈ അവസരത്തിൽ ഒരിക്കൽ കൂടി, ഞാൻ താങ്കൾക്കു ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.


***

NS



(Release ID: 2051779) Visitor Counter : 48