ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം സമീപവർഷങ്ങളില്‍ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു: സാമ്പത്തിക സർവേ 2023-24

Posted On: 22 JUL 2024 3:22PM by PIB Thiruvananthpuram


കഴിഞ്ഞ അഞ്ച് വർഷമായി വർധിച്ച പൊതുനിക്ഷേപത്തിലൂടെ ഭൗതിക, ഡിജിറ്റൽ കണക്റ്റിവിറ്റിയിലും, ശുചീകരണ പ്രവര്‍ത്തനങ്ങളും ജലവിതരണവും ഉൾപ്പെടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളിലും വന്‍വികസനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചതായി കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെൻ്റിന്റെ മേശപ്പുറത്തുവെച്ച 2023-24 സാമ്പത്തിക സര്‍വേ പറയുന്നു.

മഹാമാരി മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ കേന്ദ്രസർക്കാർ തുടക്കമിട്ട പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം ഉയർന്ന നിലവാരമുള്ള ഭൗതിക - സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള മൂലധനച്ചെലവിലെ വർധനയാണെന്ന് സർവേ സൂചിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ കുതിപ്പ് നിലനിർത്തിക്കൊണ്ട് സർക്കാരിൻ്റെ മൂലധനച്ചെലവില്‍ 2020 സാമ്പത്തികവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം മൂന്ന് മടങ്ങ് വർധനയുണ്ടായതായി സര്‍വേ വ്യക്തമാക്കുന്നു. ഇതിന്റെ പ്രധാന ഗുണം ലഭിക്കുന്നത് റോഡുകളും റെയിൽവേയും പോലുള്ള പ്രധാന അടിസ്ഥാന നിര്‍മിതികളാണെന്നും സര്‍വേ പറയുന്നു.  

റോഡ് അടിസ്ഥാനസൗകര്യം:

സർക്കാരിൻ്റെയും സ്വകാര്യമേഖലയുടെയും മൂലധന നിക്ഷേപം 2015 സാമ്പത്തിക വർഷത്തിലെ 0.4 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷം GDP-യുടെ ഏകദേശം 1.0 ശതമാനമായി (ഏകദേശം ₹ 3.01 ലക്ഷം കോടി) ഉയർന്നു. 2024 സാമ്പത്തികവര്‍ഷം ഈ മേഖല അതിൻ്റെ എക്കാലത്തെയും ഉയർന്ന സ്വകാര്യ നിക്ഷേപമാണ് ആകർഷിച്ചത്.

ദേശീയ പാതകളുടെ വികസനം 2014 മുതൽ 2024 വരെയുള്ള പത്ത് വർഷത്തിനിടെ 1.6 മടങ്ങ് വർധിച്ചതായി സർവേ പറയുന്നു. NH നിർമ്മാണത്തിൻ്റെ ശരാശരി വേഗത 2014 സാമ്പത്തിക വർഷത്തിലെ പ്രതിദിനം 11.7 കിലോമീറ്റര്‍ എന്നതില്‍നിന്ന് 3 മടങ്ങ് വർധിച്ച് 2024 സാമ്പത്തിക വർഷത്തോടെ പ്രതിദിനം 34 കിലോമീറ്ററായെന്നും സര്‍വേ പ്രസ്താവിക്കുന്നു. ദേശീയപാത ശൃംഖലയുടെ ശ്രദ്ധേയമായ വികസനത്തിലൂടെ ചരക്കുനീക്കത്തിന്റെ കാര്യക്ഷമതയിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായും, ലോകബാങ്കിൻ്റെ ലോജിസ്റ്റിക് പ്രകടന സൂചികയിൽ ഇന്ത്യയുടെ റാങ്കിംഗ് 2014-ലെ 54-ല്‍നിന്ന് 2018-ല്‍ 44 ആയും 2023 ല്‍ 38 ആയും തുടർച്ചയായി ഉയരുന്നത് ഇതിന്റെ തെളിവാണെന്നും സര്‍വേ നിരീക്ഷിക്കുന്നു.

റെയിൽവേ അടിസ്ഥാനസൗകര്യം:

സാമ്പത്തിക സർവേ 2023-24 പ്രകാരം 68,584 റൂട്ട് കിലോമീറ്ററിലധികം ദൈര്‍ഘ്യവും (2024 മാർച്ച് 31 വരെ) 12.54 ലക്ഷം ജീവനക്കാരുമുള്ള (2024 ഏപ്രിൽ 1 വരെ) ഏക-നിര്‍വഹണ സംവിധാനത്തിന് കീഴിലുള്ള ലോകത്തിലെ നാലാമത്തെ വലിയ ശൃംഖലയാണ് ഇന്ത്യൻ റെയിൽവേ. പുതിയ റെയില്‍ പാതകളുടെ നിർമ്മാണം, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കൽ എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തിയതിലൂടെ റെയിൽവേയുടെ മൂലധനച്ചെലവ് കഴിഞ്ഞ 5 വർഷത്തിനിടെ 77 ശതമാനം വർധിച്ചതായി സർവേ പറയുന്നു.

2024 സാമ്പത്തിക വർഷം ലോക്കോമോട്ടീവുകളുടേയും വാഗണുകളുടെയും എക്കാലത്തെയും ഉയർന്ന ഉൽപ്പാദനം കൈവരിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നു.

 


 


(Release ID: 2035540) Visitor Counter : 54