വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

2024 നവംബർ 20 മുതൽ 24 വരെ ഗോവയിൽ ലോക ദൃശ്യ-ശ്രവ്യ വിനോദ ഉച്ചകോടി (WAVES) ഇന്ത്യ സംഘടിപ്പിക്കും.

Posted On: 13 JUL 2024 5:19PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 13 ജൂലൈ 2024 
 

ലോകമെമ്പാടുമുള്ള മാധ്യമ& വിനോദ വ്യവസായ മേഖലയിലെ   നിർണായക സമ്മേളനമായ,ലോക ദൃശ്യ-ശ്രവ്യ വിനോദ ഉച്ചകോടിയ്ക്ക്,  ഇന്ത്യ 2024 നവംബർ 20 മുതൽ 24 വരെ ഗോവയിൽ ആതിഥേയത്വം വഹിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വനി വൈഷ്ണവ് അറിയിച്ചു. ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ എന്നിവർക്കൊപ്പം ഇന്ന് ന്യൂഡൽഹിയിൽ നടന്ന പരിപാടിയിലാണ് മന്ത്രി  ഇക്കാര്യം അറിയിച്ചത്.

 
“മാധ്യമങ്ങളുടെയും വിനോദത്തിന്റെയും ലോകം ഘടനാപരവും സാങ്കേതികപരവുമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.ഇത് ഒരു വശത്ത് നിരവധി അവസരങ്ങൾ തുറന്നു. അതേ സമയം മാറ്റവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുറച്ച് പങ്കാളികൾക്കിടയിൽ ഇത് ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ ഘടനാപരമായ മാറ്റത്തിൽ നിന്ന് ഏറ്റവും മികച്ചത് പ്രയോജനപ്പെടുത്താൻ പ്രാപ്തമാക്കുക എന്നതാണ്,പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് അനുസൃതമായി ഇന്നത്തെ പൊതുനയത്തിൻ്റെ ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. 
 
ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വഴികളെക്കുറിച്ചും അടിസ്ഥാന ശ്രമങ്ങളെക്കുറിച്ചും സംസാരിച്ച മന്ത്രി,മാധ്യമ- വിനോദ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും പ്രതിഭാ ശേഷി വർദ്ധിപ്പിക്കുന്നതിലുമാണ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞു. ഇത് ഘടനാപരവും നടപടിക്രമപരവുമായ ശ്രമങ്ങളിലൂടെ പ്രാവർത്തികമാക്കും.
 
 ഈ ഉദ്യമത്തിന് മാധ്യമ- വിനോദ വ്യവസായവും സാമ്പത്തിക മേഖലയും സാങ്കേതിക ലോകവും തമ്മിലുള്ള ഏകോപിത ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 WAVES ഉം IFFI ഉം ഒരേ സ്പെക്‌ട്രത്തിൻ്റെ വ്യത്യസ്ത ഭാഗങ്ങൾ ആണെന്നും 'വേവ്സ്' ഉച്ചകോടി നിക്ഷേപത്തെ (input) പ്രതിനിധീകരിക്കുന്നതായും ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI), ഉൽപ്പന്നത്തെ(output) പ്രതിനിധീകരിക്കുന്നതായും മന്ത്രി പറഞ്ഞു. ഇവയുടെ സംയോജനം സർഗ്ഗാത്മകതയുടെയും പ്രതിഭയുടെയും ഒരു സമ്മേളന കേന്ദ്രമായി ഗോവയെ മാറ്റുമെന്നും നൂതനാശയത്തിനും കലാപരമായ ആവിഷ്‌കാരത്തിനുമുള്ള ഒരു പ്രധാന കേന്ദ്രം എന്ന നിലയിൽ ഗോവയുടെ സ്ഥാനം ഉറപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിനോദ സ്പെക്‌ട്രത്തിൻ്റെ രണ്ട് അറ്റങ്ങളും ഒരുമിച്ച് വരുന്ന തരത്തിൽ ഐഎഫ്എഫ്ഐയ്‌ക്കൊപ്പം, വേവ്സ് 2024 നും ആതിഥേയത്വം വഹിക്കുന്നതിന് ഗോവ മുഖ്യമന്ത്രിയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
 
മന്ത്രി, മറ്റ് വിശിഷ്ടാതിഥികളോടൊപ്പം വേവ്സ്  2024 ൻ്റെ വെബ്‌സൈറ്റ് ( https://wavesindia.org/ ) പുറത്തിറക്കുകയും ഉച്ചകോടിയുടെ ലഘുലേഖ അനാച്ഛാദനം ചെയ്യുകയും ചെയ്തു.

 ദീർഘകാലമായി ചലച്ചിത്ര മികവിൻ്റെ നെടുംതൂണായിട്ടാണ്  ഐഎഫ്എഫ്ഐ പ്രവർത്തിക്കുന്നതെങ്കിൽ ഇനി ,'വേവ്സ്' വളർന്നുവരുന്ന മാധ്യമ- വ്യവസായ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസായ സഹകരണത്തിൻ്റെ പുതിയ മാനം കൊണ്ടുവരുമെന്ന് ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത് പറഞ്ഞു.
 
മാധ്യമ -വിനോദ വ്യവസായത്തിൽ നിന്നുള്ള ആഗോള തലവൻമാരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന് 'വേവ്സ് 2024' ജീവൻ നൽകുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ. എൽ.മുരുകൻ പറഞ്ഞു
 
വികസിച്ചു കൊണ്ടിരിക്കുന്ന എം & ഇ വ്യവസായ മേഖലയ്ക്കുള്ളിൽ സംഭാഷണം, വ്യാപാര സഹകരണം, നൂതനാശയം എന്നിവ വളർത്തിയെടുക്കുന്ന ഒരു പ്രധാന ഫോറമായാണ് വേവ്സ്  ലക്ഷ്യമിടുന്നത്. ചലനാത്മകമായ എം & ഇ മേഖലയിൽ ഇന്ത്യയെ സമാനതകളില്ലാത്ത ആഗോള ശക്തി കേന്ദ്രമായി മാറ്റാനുള്ള കാഴ്ചപ്പാടോടെ, ആഗോളതലത്തിൽ സർഗ്ഗാത്മകത, നൂതനാശയം , സ്വാധീനം എന്നിവയുടെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ 'വേവ്സ്' ലക്ഷ്യമിടുന്നു. ആഗോള തലത്തിലുള്ള എം &ഇ മേഖലയിലെ നേതാക്കളെ തനത് നിക്ഷേപ അവസരങ്ങളോടെ വേവ്സ്-ൻ്റെ പ്രീമിയർ വേദിയിലൂടെ ശാക്തീകരിക്കുക എന്നതാണ് ദൗത്യം.
 
ചടങ്ങിൽ ട്രായ് ചെയർപേഴ്സൺ ശ്രീ. അനിൽകുമാർ ലോഹത്തി, ഗോവ ചീഫ് സെക്രട്ടറി എസ്. പുനീത് കുമാർ ഗോയൽ, വിവിധ വിദേശ എംബസികളിൽ നിന്നുള്ള അംബാസഡർമാർ,നയതന്ത്ര പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
 
ഇന്ന് നടന്ന കർട്ടൻ റൈസർ പരിപാടിയിൽ വേവ്സ്  ന്റെ ലോഗോ, വെബ്‌സൈറ്റ്, ലഘുലേഖ  എന്നിവ പ്രകാശനം ചെയ്തു. തുടർന്ന് സിഇഒ റൗണ്ട് ടേബിൾ യോഗം നടന്നു . പ്രക്ഷേപണം എവിജിസി, ഡിജിറ്റൽ മാധ്യമം തുടങ്ങിയ മേഖലകളിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, ബന്ധപ്പെട്ട വ്യവസായമേഖലയിലെ 80 മാനേജർമാർ,60 ഓളം സംഘടനകൾ, അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ എന്നിവർ  യോഗത്തിൽ പങ്കെടുത്തു. 


(Release ID: 2033043) Visitor Counter : 13