പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ - ഭൂട്ടാൻ ഊർജപങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്തവീക്ഷണപ്രസ്താവന
Posted On:
22 MAR 2024 5:20PM by PIB Thiruvananthpuram
എല്ലാ തലങ്ങളിലുമുള്ള വിശ്വാസം, സൗമനസ്യം, പരസ്പരധാരണ, ശക്തമായ സൗഹൃദം, ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധം എന്നിവയാൽ മാതൃകാപരമായ ഉഭയകക്ഷി ബന്ധമാണ് ഇന്ത്യയും ഭൂട്ടാനും പങ്കിടുന്നത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഭൂട്ടാൻ പ്രധാനമന്ത്രി ദഷോ ഷെറിങ് തോബ്‌ഗേയും തിംഫുവിൽ ഫലപ്രദമായതും വിശാലവുമായ ചർച്ചകൾ നടത്തി. സവിശേഷമായ ഈ ഉഭയകക്ഷിപങ്കാളിത്തം ഭാവികൂടി കണക്കിലെടുത്തു പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.
ഭൂട്ടാനിലെ ജലവൈദ്യുതമേഖലയുടെ വികസനത്തിലും മേഖലയ്ക്ക് ഊർജസുരക്ഷ നൽകുന്നതിലും സംശുദ്ധ ഊർജപങ്കാളിത്തത്തിന്റെ മഹത്തായ സംഭാവനകൾ ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ഊർജപദ്ധതികൾ നടപ്പാക്കുന്നതിൽ ഭൂട്ടാനിലെ സ്ഥാപനങ്ങളുടെയും സാങ്കേതിക ഏജൻസികളുടെയും ആഭ്യന്തരശേഷി വർധിക്കുന്നതിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. സമീപവർഷങ്ങളിൽ ഇന്ത്യയുടെ പുനരുപയോഗ ഊർജമേഖലയുടെ ശ്രദ്ധേയമായ വളർച്ചയ്ക്കും അന്താരാഷ്ട്ര സൗരസഖ്യം, ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യം തുടങ്ങിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിനും പ്രധാനമന്ത്രി തോബ്ഗേ പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു.
ഉഭയകക്ഷി ഊർജസഹകരണത്തിന്റെ എല്ലാ വശങ്ങളും ഇരുപ്രധാനമന്ത്രിമാരും അവലോകനം ചെയ്തു. സംയുക്തമായി നടപ്പാക്കിയ പദ്ധതികൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിലും ഭൂട്ടാനിലെ സാമ്പത്തികവികസനത്തിനു സംഭാവന നൽകുന്നതിലും നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. 720 മെഗാവാട്ട് ശേഷിയുള്ള മങ്ഡേ ഛൂ ജലവൈദ്യുതപദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ, 1020 മെഗാവാട്ട് ശേഷിയുള്ള പുനത്‌സങ്‌ഛൂ-II ജലവൈദ്യുത പദ്ധതി ഈ വർഷം കമ്മീഷൻ ചെയ്യുന്നതിലേക്ക് ഇരുനേതാക്കളും ഉറ്റുനോക്കുന്നു. 1200 മെഗാവാട്ട് പുനത്‌സങ്ഛൂ - I ജലവൈദ്യുതപദ്ധതിക്കു വേണ്ടിയുള്ള സാങ്കേതികമായി മികച്ചതും ചെലവുകുറഞ്ഞതുമായ, ഫലപ്രദമായ മാർഗത്തെക്കുറിച്ചുള്ള വിദഗ്ധതലചർച്ചകളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
ഇരു പ്രധാനമന്ത്രിമാരും ഇനിപ്പറയുന്ന കാര്യങ്ങളിൽ ധാരണയായി:
(i) ഊർജ സുരക്ഷ വർധിപ്പിക്കുക, സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, കയറ്റുമതി വരുമാനം വർധിപ്പിക്കുക, വ്യാവസായിക-സാമ്പത്തിക ശേഷികളുടെ കൂടുതൽ വികസനത്തിനു സംഭാവന നൽകൽ എന്നിവയിലൂടെ ഇന്ത്യ-ഭൂട്ടാൻ ഊർജപങ്കാളിത്തത്തിന് ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യാൻ കഴിയും.
(ii) പുതിയ ഊർജപദ്ധതികളുടെ വികസനം, വൈദ്യുതിവ്യാപാരം എന്നിവ ഉൾപ്പെടെ, പരസ്പരപ്രയോജനകരമായ ഈ ഉഭയകക്ഷി സംശുദ്ധ ഊർജപങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് അഭൂതപൂർവമായ അവസരങ്ങളുണ്ട്.
(iii) തന്ത്രപരമായ പങ്കാളികളായി ഇന്ത്യൻ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉൾപ്പെടെ, ജലവൈദ്യുതി, സൗരോർജം, ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിൽ പുതിയ ഊർജപദ്ധതികളുടെ വികസനത്തിൽ ഏർപ്പെടുക.
(iv) ജലസംഭരണി ജലവൈദ്യുത പദ്ധതികൾ ഉൾപ്പെടെയുള്ള പുതിയ പദ്ധതികൾക്കായി രണ്ടു ഗവൺമെന്റുകളും പദ്ധതി അവലോകനം ചെയ്യുകയും അന്തിമമാക്കുകയും ചെയ്യും.
(v) ഭൂട്ടാനിലെ പുതിയതും വരാനിരിക്കുന്നതുമായ ജലവൈദ്യുത പദ്ധതികൾക്കായി ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ആവശ്യമായ ധനസഹായം ലഭ്യമാക്കുന്നതിനും, അതുപോലെ, വൈദ്യുതി വിൽപ്പനയ്ക്കുള്ള വിപണിക്കും ഇന്ത്യാ ഗവൺമെന്റ് സൗകര്യമൊരുക്കും.
(vi) മേഖലയിലെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജകൈമാറ്റം തുടർന്നും പ്രധാന പങ്കു വഹിക്കും. ഇക്കാര്യത്തിൽ, ബാധകമായ ആഭ്യന്തരനിയന്ത്രണങ്ങൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി, പരസ്പരസമ്മതത്തോടെയുള്ള ക്രമീകരണങ്ങളിലൂടെയും വിതരണകേന്ദ്രങ്ങളിലൂടെയും ഭൂട്ടാൻ ഊർജ ഉൽപ്പാദകർക്കുള്ള വിപണിപ്രവേശനം സുഗമമാക്കും.
(vii) വികസിച്ചുവരുന്ന ഊർജവിപണികൾ കണക്കിലെടുത്ത്, ഭൂട്ടാനിലെ ഊർജപദ്ധതികളിൽ നിക്ഷേപം സാധ്യമാക്കുന്നതിനും വൈദ്യുതിയിൽ അതിർത്തികടന്നുള്ള തടസങ്ങളില്ലാത്ത വ്യാപാരം ഉറപ്പാക്കുന്നതിനും പതിവായി കൂടിയാലോചനകൾ നടത്തുക.
(viii) എല്ലാ പങ്കാളികളുടെയും പരസ്പരപ്രയോജനത്തിനായി, സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പരസ്പരബന്ധങ്ങൾ വർധിപ്പിക്കുന്നതിന് ഇടയാക്കുന്ന കൂടുതൽ ഉപ-മേഖലാ ഊർജസഹകരണത്തിനായി പ്രവർത്തിക്കുക.
(ix) ശേഷിവികസനം, നയങ്ങളെയും സാങ്കേതികവിദ്യകളെയുംകുറിച്ചുള്ള വിവരക്കൈമാറ്റം, ഊർജകാര്യക്ഷമതയുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ഗവേഷണവും വികസനവും എന്നിവയിലൂടെ ഊർജകാര്യക്ഷമത, ഊർജസംരക്ഷണം എന്നീ മേഖലകളിലെ ഊർജസഹകരണം ശക്തിപ്പെടുത്തുക.
പരസ്പരപ്രയോജനത്തിനായുള്ള സംയുക്തവീക്ഷണപ്രസ്താവനയുടെ അടിസ്ഥാനത്തിൽ പദ്ധതികളുടെയും സംരംഭങ്ങളുടെയും നീക്കങ്ങൾ വേഗത്തിലാക്കാൻ ഇരുപ്രധാനമന്ത്രിമാരും ധാരണയായി.
NK
(Release ID: 2016203)
Visitor Counter : 68
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada