പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റെയില്‍വേ അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും സമര്‍പ്പണവും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ച് പ്രധാനന്ത്രി നടത്തിയ പ്രസംഗം

Posted On: 26 FEB 2024 2:35PM by PIB Thiruvananthpuram

നമസ്‌കാരം!

ഇന്നത്തെ പരിപാടി പുതിയ ഭാരതത്തിന്റെ പുതിയ പ്രവര്‍ത്തന നൈതികതയെ ഉദാഹരിക്കുന്നു. ഭാരതം ഇന്ന് എന്ത് ഏറ്റെടുത്താലും അത് അഭൂതപൂര്‍വമായ വേഗത്തിലും വ്യാപ്തിയിലും ചെയ്യുന്നു. ഇന്നത്തെ ഭാരതം ഇനി ചെറിയ സ്വപ്നങ്ങളില്‍ ഒതുങ്ങുന്നില്ല; മറിച്ച്, അത് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ആ അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുകയും ചെയ്യുന്നു. ഈ നിശ്ചയദാര്‍ഢ്യം 'വികസിത് ഭാരത് വികസിത് റെയില്‍വേ' പരിപാടിയില്‍ പ്രകടമാണ്. ഈ സംരംഭത്തില്‍ പങ്കാളികളായ രാജ്യത്തുടനീളമുള്ള എല്ലാ സുഹൃത്തുക്കള്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ബഹുമാനപ്പെട്ട ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, പ്രാദേശിക പ്രതിനിധികള്‍, വിശിഷ്ട പൗരന്മാര്‍, പത്മ അവാര്‍ഡ് ജേതാക്കള്‍, ഭാരതത്തിലെ വിമുക്തഭടന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, നമ്മുടെ ഭാവി തലമുറ അല്ലെങ്കില്‍ യുവ സുഹൃത്തുക്കള്‍ എന്നിവരുള്‍പ്പെടെ 500-ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും 1500-ലധികം സ്ഥലങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് വ്യക്തികള്‍ ഞങ്ങളോടൊപ്പം ചേരുന്നു. 
ഇന്ന് നിങ്ങളുടെ സാന്നിധ്യത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട 2000 പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നടന്നു. ജൂണ്‍ മുതല്‍ ഈ ഗവണ്‍മെന്റിന്റെ മൂന്നാം ടേമിലേക്ക് ഞങ്ങള്‍ ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിയും വേഗതയും എല്ലാവരെയും അമ്പരപ്പിക്കുന്നതാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ജമ്മുവില്‍ നിന്ന് ഐഐടികളും ഐഐഎമ്മുകളും പോലുള്ള നിരവധി അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യാനുള്ള പ്രത്യേക അവസരം എനിക്ക് ലഭിച്ചു. ഇന്നലെ, രാജ്കോട്ടില്‍ നിന്ന്, ഒരേസമയം അഞ്ച് എയിംസുകളും നിരവധി മെഡിക്കല്‍ സൗകര്യങ്ങളും ഞാന്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍, ഇന്നത്തെ പരിപാടിയില്‍, 27 സംസ്ഥാനങ്ങളിലായി 300 ലധികം ജില്ലകളിലായി 500 ലധികം റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് തറക്കല്ലിട്ടു. ഉത്തര്‍പ്രദേശിലെ ഗോമതിനഗര്‍ റെയില്‍വേ സ്റ്റേഷന്‍ വളരെ ശ്രദ്ധേയമാണ്. കൂടാതെ, 1500-ലധികം റോഡ്, മേല്‍പ്പാലം, അടിപ്പാത പദ്ധതികള്‍ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40,000 കോടി രൂപ മൂല്യമുള്ള ഈ പദ്ധതികള്‍ ഒന്നിച്ചാണ് നടപ്പാക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, 500-ലധികം സ്റ്റേഷനുകളുടെ നവീകരണത്തിന് തുടക്കമിട്ടുകൊണ്ട് ഞങ്ങള്‍ അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീം ആരംഭിച്ചു. ഇന്നത്തെ പരിപാടി ഈ ഉദ്യമത്തിലെ ഒരു സുപ്രധാന മുന്നേറ്റത്തെ പ്രതിനിധീകരിക്കുന്നു, ഇത് ഭാരതത്തിന്റെ പുരോഗതിയുടെ ദ്രുതഗതിയെ വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും രാജ്യത്തുടനീളമുള്ള എന്റെ എല്ലാ സഹ പൗരന്മാര്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, എന്റെ യുവ സുഹൃത്തുക്കള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വികസിത ഭാരതത്തെക്കുറിച്ച് മോദി പറയുമ്പോള്‍ അതിന്റെ ശില്പികളും ഏറ്റവും വലിയ ഗുണഭോക്താക്കളും നമ്മുടെ രാജ്യത്തെ യുവാക്കളാണ്. ഇന്ന് അനാച്ഛാദനം ചെയ്ത പദ്ധതികള്‍ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴിലും സ്വയം തൊഴില്‍ സാധ്യതകളും നല്‍കും. നിലവില്‍ സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്നവര്‍ക്കും 30-35 വയസ്സിന് താഴെയുള്ളവര്‍ക്കും റെയില്‍വേയുടെ പുനരുജ്ജീവനം ഗുണകരമാകും. ഒരു വികസിത ഭാരതം എന്നത് നമ്മുടെ യുവാക്കളുടെ സ്വപ്നങ്ങളുടെ ദര്‍ശനമാണ്, അതിനാല്‍, അതിന്റെ ഭാവി രൂപപ്പെടുത്താനുള്ള ഏറ്റവും വലിയ അവകാശം അവര്‍ക്കുണ്ട്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വിവിധ മത്സരങ്ങളിലൂടെ വികസിത ഇന്ത്യന്‍ റെയില്‍വേയ്ക്കുവേണ്ടിയുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ പ്രകടിപ്പിക്കുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഓരോരുത്തര്‍ക്കും ഞാന്‍ ഏറ്റവും മികച്ചത് ആശംസിക്കുന്നു. നിങ്ങളുടെ അഭിലാഷങ്ങള്‍ മോദിയുടെ പ്രതിബദ്ധതകളാണെന്ന് നമ്മുടെ രാജ്യത്തെ ഓരോ യുവാക്കളോടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ സ്വപ്നങ്ങള്‍, നിങ്ങളുടെ ഉത്സാഹം, മോദിയുടെ നിശ്ചയദാര്‍ഢ്യം എന്നിവയാണ് വികസിത ഭാരതത്തിന്റെ അടിത്തറ.

സുഹൃത്തുക്കളേ,

ഈ അമൃത്-ഭാരത് സ്റ്റേഷനുകള്‍ പൈതൃകത്തിന്റെയും വികസനത്തിന്റെയും പ്രതീകങ്ങളായി വര്‍ത്തിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഉദാഹരണത്തിന്, ഒഡീഷയിലെ ബാലേശ്വര്‍ റെയില്‍വേ സ്റ്റേഷന്‍ രൂപകല്പന ചെയ്തിരിക്കുന്നത് ഭഗവാന്‍ ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രമേയത്തിലാണ്. സിക്കിമിലെ റംഗ്പോ റെയില്‍വേ സ്റ്റേഷനില്‍ പ്രാദേശിക വാസ്തുവിദ്യ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പതിനാറാം നൂറ്റാണ്ടിലെ ഹാന്‍ഡ്-ബ്ലോക്ക് പ്രിന്റിംഗ് രാജസ്ഥാനിലെ സംഗനേര്‍ റെയില്‍വേ സ്റ്റേഷനില്‍ ചിത്രീകരിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ കുംഭകോണം സ്റ്റേഷന്റെ രൂപകല്പന ചോള കാലത്തെ വാസ്തുവിദ്യയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്, അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷന്‍ മോധേര സൂര്യക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. അതുപോലെ, ഗുജറാത്തിലെ ദ്വാരകയിലെ സ്റ്റേഷന്‍ ദ്വാരകാധീഷ് ക്ഷേത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ്. ഐടി സിറ്റി ഗുഡ്ഗാവിലെ റെയില്‍വേ സ്റ്റേഷന്‍ ഐടിക്ക് മാത്രമായി സമര്‍പ്പിക്കും. അങ്ങനെ, അമൃത് ഭാരത് സ്റ്റേഷന്‍ ഓരോ നഗരത്തിന്റെയും തനതായ പ്രത്യേകതകള്‍ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കും. ഈ സ്റ്റേഷനുകളുടെ നിര്‍മ്മാണത്തില്‍ വികലാംഗരുടെയും പ്രായമായവരുടെയും സൗകര്യത്തിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തില്‍, ഒരു പുതിയ ഭാരതത്തിന്റെ ആവിര്‍ഭാവത്തിന് ഞങ്ങള്‍ സാക്ഷ്യം വഹിച്ചു, റെയില്‍വേയ്ക്കുള്ളിലെ പരിവര്‍ത്തനം നമ്മുടെ കണ്‍മുന്നില്‍ പ്രകടമാണ്. ഒരുകാലത്ത് നമ്മുടെ രാജ്യത്തെ ജനങ്ങള്‍ സങ്കല്‍പ്പിച്ചിരുന്ന സൗകര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഒരു ദശാബ്ദം മുമ്പ്, വന്ദേ ഭാരത്, ഒരു ആധുനിക സെമി-ഹൈ-സ്പീഡ് ട്രെയിന്‍ അല്ലെങ്കില്‍ അമൃത് ഭാരത്, ഒരു ആധുനിക ലക്ഷ്വറി ട്രെയിന്‍ തുടങ്ങിയ ആശയങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലായിരുന്നു. അതുപോലെ, നമോ ഭാരത് പോലെയുള്ള ഒരു ആഡംബര റെയില്‍ സര്‍വീസ് അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയുടെ ദ്രുത വൈദ്യുതീകരണം എന്ന ആശയം വിദൂരമാണെന്ന് തോന്നി. ട്രെയിനുകളിലും സ്റ്റേഷനുകളിലും ശുചിത്വത്തിന്റെ പ്രാധാന്യം ഒരു കാലത്ത് വലിയ വെല്ലുവിളിയായി കണക്കാക്കപ്പെട്ടിരുന്നു, എന്നാല്‍ ഇന്ന് അത് ദൈനംദിന ജീവിതത്തിന്റെ ഒരു പതിവ് വശമായി മാറിയിരിക്കുന്നു. ഒരുകാലത്ത് സര്‍വസാധാരണമായിരുന്ന ആളില്ലാ ഗേറ്റുകള്‍ക്ക് പകരം മേല്‍പ്പാലങ്ങളും അണ്ടര്‍ബ്രിഡ്ജുകളും സ്ഥാപിച്ച് തടസ്സരഹിതവും അപകടരഹിതവുമായ യാത്ര ഉറപ്പാക്കുന്നു. കൂടാതെ, ഒരുകാലത്ത് വിമാനത്താവളങ്ങളില്‍ മാത്രമുള്ള ആധുനിക സൗകര്യങ്ങള്‍ ഇപ്പോള്‍ റെയില്‍വേ യാത്രയെ ആശ്രയിക്കുന്ന ദരിദ്രരും ഇടത്തരക്കാരും ഉള്‍പ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകള്‍ക്ക് പ്രാപ്യമാവുകയാണ്.

സുഹൃത്തുക്കളേ,

പതിറ്റാണ്ടുകളായി റെയില്‍വേ നമ്മുടെ രാഷ്ട്രീയ സ്വാര്‍ത്ഥതയുടെ ഭാരം വഹിച്ചു. എന്നിരുന്നാലും, ഇത് ഇപ്പോള്‍ നമ്മുടെ പൗരന്മാര്‍ക്ക് സുഗമ യാത്രയുടെ ആണിക്കല്ലായി ഉയര്‍ന്നുവരുന്നു. നഷ്ടത്തില്‍ പ്രവര്‍ത്തിച്ചതിന് മുമ്പ് വിമര്‍ശിക്കപ്പെട്ട റെയില്‍വേ ഇപ്പോള്‍ അതിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തന ഘട്ടത്തിലാണ്. ആഗോളതലത്തില്‍ 11-ാം സ്ഥാനത്തുനിന്നും അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഭാരതത്തിന്റെ ഉയര്‍ച്ചയുടെ ഫലമാണ് ഈ പുരോഗതി. ഒരു ദശാബ്ദം മുമ്പ് ഞങ്ങള്‍ 11-ാം സ്ഥാനത്തായിരുന്നപ്പോള്‍ റെയില്‍വേയുടെ ശരാശരി ബജറ്റ് ഏകദേശം 45,000 കോടി രൂപയായിരുന്നു. ഇന്ന്, അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍, ഈ വര്‍ഷത്തെ റെയില്‍വേ ബജറ്റ് 2.5 ലക്ഷം കോടി കവിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക വന്‍ശക്തിയായി നാം ഉയരുമ്പോള്‍ നമുക്കുള്ള കരുത്ത് സങ്കല്‍പ്പിക്കുക. അതിനാല്‍, എത്രയും വേഗം ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ത്താന്‍ മോദി ശുഷ്‌കാന്തിയോടെ പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളെ,

പരിഗണിക്കേണ്ട മറ്റൊരു നിര്‍ണായക വശമുണ്ട്. പുഴകളിലും കനാലുകളിലും വെള്ളം എത്ര സമൃദ്ധമായാലും വരമ്പ് പൊട്ടിയാല്‍ കര്‍ഷകന്റെ പാടങ്ങളിലേക്ക് വളരെ കുറച്ച് വെള്ളമേ എത്തൂ. അതുപോലെ, ബജറ്റിന്റെ വലിപ്പം നോക്കാതെ, അഴിമതിയും കെടുകാര്യസ്ഥതയും നിലനില്‍ക്കുകയാണെങ്കില്‍, ആ ബജറ്റിന്റെ മൂര്‍ത്തമായ പ്രതിഫലനം ഒരിക്കലും താഴേത്തട്ടില്‍ ദൃശ്യമാകില്ല. കഴിഞ്ഞ ദശകത്തില്‍, കാര്യമായ അഴിമതികളും സര്‍ക്കാര്‍ ഫണ്ടുകളുടെ ദുരുപയോഗവും ഞങ്ങള്‍ തടഞ്ഞു. തല്‍ഫലമായി, പുതിയ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ വേഗത ഇരട്ടിയായി. ഇന്ന്, ഇന്ത്യന്‍ റെയില്‍വേ ജമ്മു കാശ്മീരില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു, മുമ്പ് സങ്കല്‍പ്പിക്കാനാവാത്ത സ്ഥലങ്ങളില്‍ എത്തിച്ചേരുന്നു. 2500 കിലോമീറ്ററിലധികം നീളമുള്ള സമര്‍പ്പിത ചരക്ക് ഇടനാഴിയുടെ പൂര്‍ത്തീകരണം പദ്ധതികളുടെ സത്യസന്ധമായ നിര്‍വ്വഹണത്തിന് ഉദാഹരണമാണ്. ടിക്കറ്റ് വരുമാനമുള്‍പ്പെടെ നികുതിദായകരുടെ പണത്തിന്റെ ഓരോ ചില്ലിക്കാശും റെയില്‍വേ യാത്രക്കാരുടെ പ്രയോജനത്തിനായി വിനിയോഗിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഓരോ ട്രെയിന്‍ ടിക്കറ്റിനും ഏകദേശം 50 ശതമാനം കിഴിവ് ഇന്ത്യന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പണത്തിന് പലിശ ലഭിക്കുന്നതുപോലെ, അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഓരോ പൈസയും പുതിയ വരുമാന സ്രോതസ്സുകളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ഒരു പുതിയ റെയില്‍വേ ലൈനിന്റെ നിര്‍മ്മാണം തൊഴിലാളികള്‍ മുതല്‍ എഞ്ചിനീയര്‍മാര്‍ വരെ വൈവിധ്യമാര്‍ന്ന വ്യക്തികള്‍ക്ക് തൊഴില്‍ നല്‍കുന്നു, ഒപ്പം സിമന്റ്, സ്റ്റീല്‍, ഗതാഗതം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ ഈ ഭീമമായ നിക്ഷേപം ആയിരക്കണക്കിന് തൊഴിലവസരങ്ങളുടെ ഉറപ്പായി വര്‍ത്തിക്കുന്നു. കൂടുതല്‍ ട്രെയിനുകളെയും യാത്രക്കാരെയും ആകര്‍ഷിക്കുന്ന സ്റ്റേഷനുകള്‍ വലുതും ആധുനികവുമാകുമ്പോള്‍, സമീപത്തെ വഴിയോര കച്ചവടക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ചെറുകിട കര്‍ഷകര്‍, കൈത്തൊഴിലാളികള്‍, വിശ്വകര്‍മ സുഹൃത്തുക്കള്‍ എന്നിവരുടെ ഉല്‍പ്പന്നങ്ങളും നമ്മുടെ റെയില്‍വേ പ്രോത്സാഹിപ്പിക്കും. ഇത് സുഗമമാക്കുന്നതിന്, 'ഒരു സ്റ്റേഷന്‍ ഒരു ഉല്‍പ്പന്നം പദ്ധതി' പ്രകാരം സ്റ്റേഷനുകളില്‍ പ്രത്യേക ഷോപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്, അതേസമയം അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ആയിരക്കണക്കിന് സ്റ്റാളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ റെയില്‍വേ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക മാത്രമല്ല, രാജ്യത്തിന്റെ കാര്‍ഷിക, വ്യാവസായിക പുരോഗതിയുടെ പ്രാഥമിക സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വേഗമേറിയ ട്രെയിന്‍ സമയം ലാഭിക്കുകയും പാല്‍, മത്സ്യം, പഴങ്ങള്‍ എന്നിവ പോലെ പെട്ടെന്ന് കേടുവരുന്ന സാധനങ്ങള്‍ വിപണിയിലേക്ക് കൊണ്ടുപോകുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. ഇത് വ്യാവസായിക ചെലവ് കുറയ്ക്കുകയും 'മേക്ക് ഇന്‍ ഇന്ത്യ', 'ആത്മനിര്‍ഭര്‍ ഭാരത്' കാമ്പെയ്ന്‍ തുടങ്ങിയ സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇന്ന്, ഭാരതത്തെ ലോകമെമ്പാടുമുള്ള നിക്ഷേപത്തിനുള്ള ഏറ്റവും ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി കണക്കാക്കുന്നു, പ്രധാനമായും അതിന്റെ ആധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍ കാരണം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ആയിരക്കണക്കിന് സ്റ്റേഷനുകള്‍ നവീകരിക്കുകയും ഇന്ത്യന്‍ റെയില്‍വേയുടെ ശേഷി വികസിക്കുകയും ചെയ്യുമ്പോള്‍, മറ്റൊരു സുപ്രധാന നിക്ഷേപ വിപ്ലവം അരങ്ങേറും. ഒരിക്കല്‍ കൂടി, ഇന്ത്യന്‍ റെയില്‍വേയുടെ പരിവര്‍ത്തന പ്രചാരണത്തിന് ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. ഇന്നത്തെ പരിപാടിയില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും ഉള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടായ പങ്കാളിത്തം ഭാരതത്തിന്റെ സാംസ്‌കാരിക ഭൂപ്രകൃതിയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഈ പരിപാടി നന്നായി സംഘടിപ്പിച്ചതായി ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ പരിപാടി ഭാവി പ്രയത്‌നങ്ങള്‍ക്ക് ഒരു നല്ല മാതൃക സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്ന് നാം സാക്ഷ്യം വഹിച്ചതുപോലെ, നമ്മുടെ സമയം വിവേകപൂര്‍വ്വം വിനിയോഗിക്കുകയും എല്ലാ ദിശകളിലും വികസനം ത്വരിതപ്പെടുത്തുകയും ചെയ്യാം. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. വളരെ നന്ദി!

--NS--


(Release ID: 2014805) Visitor Counter : 96