പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്തു


“രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിന്റെ മാർഗനിർദേശവും ശ്രീമതി നിർമല സീതാരാമന്റെ ഇടക്കാലബജറ്റും നാരീശക്തിയുടെ ആഘോഷത്തെ അടയാളപ്പെടുത്തുന്നു”

“ക്രിയാത്മകവിമർശനം സ്വാഗതാർഹമാണെങ്കിലും, വിനാശകരമായ പെരുമാറ്റം സങ്കീർണതയിലേക്കു നയിക്കും”

“നമ്മുടെ ഏറ്റവും മികച്ചതു നൽകാനും നമ്മുടെ ആശയങ്ങളാൽ സഭയെ സമ്പന്നമാക്കാനും, രാജ്യത്ത് ഉത്സാഹവും ശുഭാപ്തിവിശ്വാസവും നിറയ്ക്കാനും നമുക്കു ശ്രമിക്കാം”

“സാധാരണയായി, തിരഞ്ഞെടുപ്പു സമയം അടുക്കുമ്പോൾ, സമ്പൂർണ ബജറ്റ് അവതരിപ്പിക്കില്ല; ഞങ്ങളും അതേ പാരമ്പര്യം പിന്തുടരുകയും പുതിയ ഗവണ്മെന്റ് രൂപവൽക്കരണത്തിനുശേഷം സമ്പൂർണ ബജറ്റ് നിങ്ങളുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യും”

Posted On: 31 JAN 2024 12:04PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി മാധ്യമങ്ങളോടു പ്രസ്താവന നടത്തി.

ഈ വേളയിൽ സംസാരിച്ച പ്രധാനമന്ത്രി പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം അനുസ്മരിക്കുകയും ആദ്യ സമ്മേളനത്തിൽ കൈക്കൊണ്ട സുപ്രധാന തീരുമാനം എടുത്തുകാട്ടുകയും ചെയ്തു. “സ്ത്രീശാക്തീകരണ-ആദര നിയമം പാസാക്കിയതു നമ്മുടെ രാജ്യത്തെ സംബന്ധിച്ചു നിർണായക നിമിഷമായി മാറി” - ശ്രീ മോദി പറഞ്ഞു. ജനുവരി 26ന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, നാരീശക്തിയുടെ കരുത്തും വീര്യവും നിശ്ചയദാർഢ്യവും രാജ്യം കൈക്കൊണ്ടെന്നു വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അഭിസംബോധനയുടെയും ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ് അവതരണത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇതു സ്ത്രീശാക്തീകരണത്തിന്റെ ആഘോഷമാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദശകത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഓരോ പാർലമെന്റ് അംഗത്തിന്റെയും സംഭാവനകൾ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ജനാധിപത്യമൂല്യങ്ങളിൽനിന്നു വ്യതിചലിക്കുകയും ബഹളവും തടസ്സവും സൃഷ്ടിക്കുകയും ചെയ്യുന്നവർ ആത്മപരിശോധന നടത്തണമെന്ന് അദേഹം അഭ്യർഥിച്ചു. “ജനാധിപത്യത്തിൽ വിമർശനവും എതിർപ്പും അത്യന്താപേക്ഷിതമാണ്. എന്നാൽ ക്രിയാത്മക ആശയങ്ങളാൽ സഭയെ സമ്പന്നമാക്കിയവരെയാണു വലിയൊരു വിഭാഗം ഓർക്കുന്നത്. തടസ്സം സൃഷ്ടിച്ചവരെ ആരും ഓർക്കുന്നില്ല” - പ്രധാനമന്ത്രി പറഞ്ഞു.

പാർലമെന്ററി സംവാദങ്ങളുടെ ശാശ്വതമായ സ്വാധീനത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, “ഇവിടെ സംസാരിക്കുന്ന ഓരോ വാക്കും ചരിത്രാഖ്യാനങ്ങളിൽ പ്രതിധ്വനിക്കും” എന്നു വ്യക്തമാക്കി. ക്രിയാത്മകവിമർശനം സ്വാഗതാർഹമാണെങ്കിലും, വിനാശകരമായ പെരുമാറ്റം സങ്കീർണതയിലേക്കു നയിക്കുമെന്നു പറഞ്ഞ അദ്ദേഹം അംഗങ്ങളോടു ക്രിയാത്മക സംഭാവനയേകാൻ ആഹ്വാനം ചെയ്തു. ബജറ്റ് സമ്മേളനം നടക്കുമ്പോൾ, മികച്ച മുദ്ര പതിപ്പിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ബഹുമാനപ്പെട്ട എല്ലാ അംഗങ്ങളോടും പ്രധാനമന്ത്രി അഭ്യർഥിച്ചു. ദേശീയ താൽപ്പര്യങ്ങൾക്കു മുൻഗണന നൽകണമെന്ന് അദേഹം അവരോട് അഭ്യർഥിച്ചു. “നമ്മുടെ ഏറ്റവും മികച്ചതു നൽകാനും നമ്മുടെ ആശയങ്ങളാൽ സഭയെ സമ്പന്നമാക്കാനും, രാജ്യത്ത് ഉത്സാഹവും ശുഭാപ്തിവിശ്വാസവും നിറയ്ക്കാനും നമുക്കു ശ്രമിക്കാം”

വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “സാധാരണയായി, തിരഞ്ഞെടുപ്പു സമയം അടുക്കുമ്പോൾ, സമ്പൂർണ ബജറ്റ് അവതരിപ്പിക്കില്ല; ഞങ്ങളും അതേ പാരമ്പര്യം പിന്തുടരുകയും പുതിയ ഗവണ്മെന്റിന്റെ രൂപവൽക്കരണത്തിനുശേഷം സമ്പൂർണ ബജറ്റ് നിങ്ങളുടെ മുന്നിൽ കൊണ്ടുവരികയും ചെയ്യും. ഇത്തവണ, രാജ്യത്തിന്റെ ധനമന്ത്രി നിർമലാജി ചില മാർഗനിർദേശങ്ങളുമായി നാളെ നമ്മുടെ ഏവരുടെയും മുന്നിൽ ബജറ്റ് അവതരിപ്പിക്കാൻ പോകുന്നു.”

“ജനങ്ങളുടെ ആശീർവാദത്താൽ നയിക്കപ്പെടുന്ന ഏവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ വികസനത്തിനായുള്ള ഇന്ത്യയുടെ പ്രയാണം തുടരും” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

--NS--


(Release ID: 2000792) Visitor Counter : 104