മന്ത്രിസഭ

സംയുക്ത ചെറു ഉപഗ്രഹം വികസിപ്പിക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആർഒ) മൗറീഷ്യസ് ഗവേഷണ-നൂതനാശയ സമിതിയും (എംആർഐസി) തമ്മിലുള്ള ധാരണാപത്രത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 05 JAN 2024 1:11PM by PIB Thiruvananthpuram

സംയുക്ത ചെറു ഉപഗ്രഹം വികസിപ്പിക്കുന്നതിനുള്ള സഹകരണം സംബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനവും (ഐഎസ്ആർഒ) മൗറീഷ്യസ് ഗവേഷണ-നൂതനാശയ സമിതിയും (എംആർഐസി) തമ്മിലുള്ള ധാരണാപത്രത്തിന് ​പ്രധാനമ​ന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.  2023 നവംബർ ഒന്ന‌ിന് മൗറീഷ്യസിലെ പോർട്ട് ലൂയിസിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മൗറീഷ്യസിന്റെ വിവര സാങ്കേതിക – ആശയവിനിമയ – നവീകരണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി.

സ്വാധീനം:

സംയുക്ത ഉപഗ്രഹത്തിന്റെ വികസനത്തിനും എംആർഐസിയുടെ ഗ്രൗണ്ട് സ്റ്റേഷന്റെ ഉപയോഗവുമായി ബന്ധപ്പെട്ട സഹകരണത്തിനും ഐഎസ്ആർഒയും എംആർഐസിയും തമ്മിലുള്ള സഹകരണത്തിന് ചട്ടക്കൂട് സ്ഥാപിക്കാൻ ധാരണാപത്രം സഹായിക്കും. സംയുക്ത ഉപഗ്രഹത്തിനായുള്ള ചില ഉപസംവിധാനങ്ങൾ ഇന്ത്യൻ വ്യവസായങ്ങളുടെ പങ്കാളിത്തത്തിലൂടെ ഏറ്റെടുക്കും. ഇത് ആ മേഖലയ്ക്കു ഗുണം ചെയ്യും.

ഐഎസ്ആർഒയുടെ/ഇന്ത്യയുടെ വിക്ഷേപണവാഹനത്തിനും ഉപഗ്രഹദൗത്യങ്ങൾക്കും നിർണായകമായ, മൗറീഷ്യസിലെ ഇന്ത്യൻ ഗ്രൗണ്ട് സ്റ്റേഷന് മൗറീഷ്യസ് ഗവൺമെന്റിന്റെ തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഉപഗ്രഹത്തിന്റെ സംയുക്ത വികസനത്തിലൂടെയുള്ള സഹകരണം സഹായിക്കും. കൂടാതെ, ഭാവിയിൽ ഐഎസ്ആർഒയുടെ ചെറിയ ഉപഗ്രഹ ദൗത്യത്തിന് ഗ്രൗണ്ട് സ്റ്റേഷനിൽ നിന്നുള്ള എംആർഐസി പിന്തുണ ഉറപ്പാക്കാനും സംയുക്ത ഉപഗ്രഹ നിർമാണം സഹായിക്കും. സംയുക്ത ഉപഗ്രഹത്തിനായുള്ള ചില ഉപസംവിധാനങ്ങൾ ഇന്ത്യൻ വ്യവസായങ്ങളുടെ പങ്കാളിത്തത്തിലൂടെ ഏറ്റെടുക്കുകയും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

നടപ്പാക്കൽ പദ്ധതി:

ഈ ധാരണാപത്രത്തിൽ ഒപ്പിടുന്നത് ഐഎസ്ആർഒയും എംആർഐസിയും തമ്മിലുള്ള ചെറിയ ഉപഗ്രഹം സംയുക്തമായി യാഥാർഥ്യമാക്കാൻ സഹായിക്കും. 15 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

ഉൾപ്പെടുന്ന ചെലവ്:

സംയുക്ത ഉപഗ്രഹം യാഥാർഥ്യമാക്കുന്നതിനുള്ള ഏകദേശ ചെലവ് 20 കോടി രൂപയാണ്. അത് ഇന്ത്യാ ഗവണ്മെന്റ് വഹിക്കും. ഈ ധാരണാപത്രത്തിൽ കക്ഷികൾ തമ്മിലുള്ള മറ്റേതെങ്കിലും സഹായധനക്കൈമാറ്റം ഉൾപ്പെടുന്നില്ല.

പശ്ചാത്തലം:

1980-കളുടെ അവസാനത്തിൽ ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനത്തിനും ഉപഗ്രഹദൗത്യങ്ങൾക്കും ട്രാക്കിങ്ങിനും ടെലിമെട്രി പിന്തുണയ്‌ക്കുമായി മൗറീഷ്യസിൽ ഗ്രൗണ്ട് സ്റ്റേഷൻ സ്ഥാപിച്ചാണ് ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിനു തുടക്കംകുറിച്ചത്. ഇതിനായി 1986ൽ കരാർ ഒപ്പുവച്ചിരുന്നു. ഇതിനുശേഷം 29.7.2009ൽ ഒപ്പുവച്ച കരാറാണ് നിലവിലെ ബഹിരാകാശ സഹകരണം നിയന്ത്രിക്കുന്നത്.

സംയുക്ത ഉപഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനും വിക്ഷേപണത്തിനും പ്രവർത്തനത്തിനുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ ഇന്ത്യ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹം യാഥാർഥ്യമാക്കുന്നതിനായി, മൗറീഷ്യസിനായി സംയുക്തമായി ചെറിയ ഉപഗ്രഹം നിർമിക്കുന്നതിന് എംആർഐസി പ്രകടിപ്പിച്ച താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ, എംആർഐയുമായി ചർച്ചകൾ ആരംഭിക്കാൻ വിദേശകാര്യ മന്ത്രാലയം ഐഎസ്ആർഒയോട് അഭ്യർഥിച്ചു. 2023 നവംബർ ഒന്നിന് മൗറീഷ്യസിലെ പോർട്ട് ലൂയിസിൽ ‘പ്രവാസി ദിവസ്’ പരിപാടിയിൽ പങ്കെടുക്കുന്നതിനായി സഹമന്ത്രി മൗറീഷ്യസ് സന്ദർശിച്ചപ്പോഴാണു ധാരണാപത്രം ഒപ്പുവച്ചത്.

--NS--



(Release ID: 1993416) Visitor Counter : 79