പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പ്രധാനമന്ത്രിമാര്‍ നവംബര്‍ ഒന്നിന് മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും


ഇന്ത്യയുടെ സഹായത്തോടെയാണ് ഈ മൂന്ന് പദ്ധതികളും നടപ്പാക്കിയത്

മൂന്ന് പദ്ധതികള്‍: അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II

പദ്ധതികള്‍ മേഖലയിലെ ഗതാഗത സൗകര്യവും ഊര്‍ജ സുരക്ഷയും ശക്തിപ്പെടുത്തും

Posted On: 31 OCT 2023 5:02PM by PIB Thiruvananthpuram

 ന്യൂഡല്‍ഹി, 31 ഒക്ടോബര്‍ 2023:

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ആദരണീയയായ ഷെയ്ഖ് ഹസീനയും ഇന്ത്യന്‍ സഹായത്തോടെയുള്ള മൂന്ന് വികസന പദ്ധതികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്യും. 2023 നവംബര്‍ 1 ന് ഏരോവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ഉദ്ഘാടനം. അഖൗറ - അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക്; ഖുല്‍ന - മോംഗ്ല പോര്‍ട്ട് റെയില്‍ ലൈന്‍; മൈത്രീ സൂപ്പര്‍ താപവൈദ്യുതി നിലയം യൂണിറ്റ് - II  എന്നിവയാണ് മൂന്ന് പദ്ധതികള്‍

ബംഗ്ലാദേശിലേക്ക് നീട്ടിയ അഖൗറ-അഗര്‍ത്തല ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക് പദ്ധതി 392.52 കോടി രൂപയുടെ ഇന്ത്യന്‍ ഗവണ്‍മെന്റ് ഗ്രാന്റ് സഹായത്തിന് കീഴിലാണ് നടപ്പാക്കിയത്. ബംഗ്ലാദേശില്‍ 6.78 കിലോമീറ്ററും ത്രിപുരയില്‍ 5.46 കിലോമീറ്ററും ഇരട്ട ഗേജ് റെയില്‍ പാതയുള്ള റെയില്‍ ലിങ്കിന്റെ നീളം 12.24 കിലോമീറ്ററാണ്.

388.92 മില്യണ്‍ യുഎസ് ഡോളറിന്റെ മൊത്തം പദ്ധതിച്ചെലവുള്ള ഖുല്‍ന-മോംഗ്ല തുറമുഖ റെയില്‍ ലൈന്‍ പദ്ധതി ഇന്ത്യാ ഗവണ്‍മെന്റിന്റെ വായ്പാ സഹായത്തോടെയാണു നടപ്പാക്കുന്നത്. മോംഗ്ല തുറമുഖത്തിനും ഖുല്‍നയിലെ നിലവിലുള്ള റെയില്‍ ശൃംഖലയ്ക്കും ഇടയില്‍ ഏകദേശം 65 കിലോമീറ്റര്‍ ബ്രോഡ് ഗേജ് റെയില്‍ പാതയുടെ നിര്‍മ്മാണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതോടെ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല ബ്രോഡ്-ഗേജ് റെയില്‍വേ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ വായ്പാ സഹായ പദ്ധതിക്കു കീഴിലുള്ള മൈത്രീ സൂപ്പര്‍ താപ വൈദ്യുതി നിലയം 1.6 ബില്യണ്‍ യുഎസ് ഡോളറിന്റെ വായ്പയുമുള്ളതാണ്. ബംഗ്ലാദേശിലെ ഖുല്‍ന ഡിവിഷനിലെ രാംപാലില്‍ സ്ഥിതി ചെയ്യുന്ന 1320 മെഗാവാട്ട് (2x660) സൂപ്പര്‍ താപ വൈദ്യുതി നിലയമാണ് (എംഎസ്ടിപിപി) ഇത്. ഇന്ത്യയുടെ എന്‍ടിപിസി ലിമിറ്റഡും ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡും (ബിപിഡിബി) തമ്മിലുള്ള 50:50 സംയുക്ത കമ്പനിയായ ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവര്‍ കമ്പനി (പ്രൈവറ്റ്) ലിമിറ്റഡ് ആണ് പദ്ധതി നടപ്പാക്കിയത്. മൈത്രീ സൂപ്പര്‍ താപ വൈദ്യുതി നിലയ യൂണിറ്റ് I ,2022 സെപ്റ്റംബറില്‍ ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്തതാണ്. മൈത്രീ സൂപ്പര്‍ താപ വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ബംഗ്ലാദേശില്‍ ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കും.

ഈ പദ്ധതികള്‍ മേഖലയിലെ കണക്റ്റിവിറ്റിയും ഊര്‍ജ സുരക്ഷയും ശക്തിപ്പെടുത്തും.

--NS--



(Release ID: 1973469) Visitor Counter : 79