പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


ഇന്ത്യൻ മാരിടൈം നീലസമ്പദ്‌വ്യവസ്ഥയു​ടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു

23,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

ഗുജറാത്തിലെ ദീൻദയാൽ തുറമുഖ അതോറിറ്റിയിൽ ട്യൂണ ടെക്ര ഡീപ് ഡ്രാഫ്റ്റ് ടെർമിനലിനു തറക്കല്ലിട്ടു.

സമുദ്രമേഖലയിലെ ആഗോള-ദേശീയ പങ്കാളിത്തത്തിനായി 300ലധികം ധാരണാപത്രങ്ങൾ സമർപ്പിച്ചു

“മാറിവരുന്ന ലോകക്രമത്തിൽ, ലോകം പുതിയ അഭിലാഷങ്ങളുമായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്”

“‘അഭിവൃദ്ധിക്കായി തുറമുഖങ്ങൾ, പുരോഗതിക്കായി തുറമുഖങ്ങൾ’ എന്ന ഗവണ്മെന്റിന്റെ കാഴ്ചപ്പാട് താഴേത്തട്ടിൽ പരിവർത്തനാത്മക മാറ്റങ്ങൾ കൊണ്ടുവരുന്നു”

“‘മേക്ക് ഇൻ ഇന്ത്യ - മേക്ക് ഫോർ ദ വേൾഡ്’ എന്നതാണു ഞങ്ങളുടെ മന്ത്രം”

“ഹരിതഗ്രഹം സൃഷ്ടിക്കുന്നതിനുള്ള മാധ്യമമായി നീല സമ്പദ്‌വ്യവസ്ഥ മാറുംവിധമുള്ള ഭാവിയിലേക്കാണു നാം നീങ്ങുന്നത്"

“അത്യാധുനിക സൗകര്യങ്ങളിലൂടെ ലോകത്തിന്റെ ക്രൂയിസ് ഹബ്ബായി ഇന്ത്യ മാറുകയാണ്”

“വികസനം, ജനസംഖ്യ, ജനാധിപത്യം, ആവശ്യകത എന്നിവയുടെ സംയോജനം നിക്ഷേപകർക്ക് അവസരമാണ്”

Posted On: 17 OCT 2023 11:54AM by PIB Thiruvananthpuram

‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പ് മുംബൈയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ  ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മാരിടൈം നീലസമ്പദ്‌വ്യവസ്ഥയു​ടെ ദീർഘകാല രൂപരേഖയായ ‘അമൃതകാല കാഴ്ചപ്പാട് 2047’ പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, സമുദ്രവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നീല സമ്പദ്‌വ്യവസ്ഥയ്‌ക്കായി ‘അമൃതകാല കാഴ്ചപ്പാട് 2047’-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. രാജ്യത്തിന്റെ സമുദ്രമേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മികച്ച വേദിയാണ് ഈ ഉച്ചകോടി.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ‘ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023’ന്റെ മൂന്നാം പതിപ്പിലേക്ക് ഏവരേയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു. 2021-ൽ ഉച്ചകോടി നടക്കുമ്പോൾ ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ അനിശ്ചിതത്വത്താൽ തകർന്നത് എങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു, ഇന്ന് പുതിയ ലോകക്രമം രൂപപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ലോകക്രമത്തിൽ, ലോകം പുതിയ അഭിലാഷങ്ങളോടെ ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലോകത്ത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നിരന്തരം ശക്തിപ്പെടുകയാണെന്നും, ലോകത്തിലെ ഏറ്റവും മികച്ച മൂന്നു സമ്പദ്‌വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യാപാരത്തിൽ കടൽമാർഗങ്ങളുടെ പങ്ക് അടിവരയിട്ട പ്രധാനമന്ത്രി, കൊറോണയ്ക്കുശേഷമുള്ള ലോകത്ത് വിശ്വസനീയമായ ആഗോള വിതരണശൃംഖലയുടെ ആവശ്യകതയ്ക്കും ഊന്നൽ നൽകി.

ഇന്ത്യയുടെ സമുദ്രശേഷി എല്ലായ്‌പ്പോഴും ലോകത്തിനു ഗുണം ചെയ്തിട്ടുണ്ട് എന്നതിനു ചരിത്രം സാക്ഷിയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയ്ക്കു കരുത്തേകുന്നതിനായി കൈക്കൊണ്ട ചിട്ടയോടെയുള്ള നടപടികൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നിർദിഷ്ട ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിൽ ചരിത്രപരമായ ജി20 സമവായത്തിന്റെ പരിവർത്തനപരമായ സ്വാധീനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭൂതകാലത്തെ പട്ടുപാത പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ചതുപോലെ, ഈ ഇടനാഴിയും ആഗോള വ്യാപാരത്തിന്റെ ചിത്രം മാറ്റിമറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറ മെഗാ തുറമുഖം, അന്താരാഷ്ട്ര കപ്പൽവിനിമയ തുറമുഖം, ദ്വീപ് വികസനം, ഉൾനാടൻ ജലപാതകൾ, ബഹുതല ഹബ് എന്നിവ ഇതിനു കീഴിൽ ഏറ്റെടുക്കും. ഇതു വ്യാവസായിക ചെലവും പരിസ്ഥിതിനാശവും കുറയ്ക്കുന്നതിനും ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപകർക്ക് ഈ യജ്ഞത്തിന്റെ ഭാഗമാകാനും ഇന്ത്യക്കൊപ്പം ചേരാനും മികച്ച അവസരമുണ്ടെന്നു പ്രധാനമന്ത്രി ആവർത്തിച്ചു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത രാഷ്ട്രമായി മാറാനുള്ള ദൃഢനിശ്ചയം നിറവേറ്റാനാണ് ഇന്നത്തെ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. എല്ലാ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങള്‍ ഗവണ്‍മെന്റ് കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം അടിവരയിട്ടു പറയുകയും ഇന്ത്യയുടെ സമുദ്രമേഖലയെ ശക്തിപ്പെടുത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ ദശകത്തില്‍, ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളുടെ ശേഷി ഇരട്ടിയായി. വലിയ കപ്പലുകളുടെ ടേണ്‍എറൗണ്ട് സമയം 2014ലെ 42 മണിക്കൂറിനെ അപേക്ഷിച്ച് 24 മണിക്കൂറില്‍ താഴെയായി കുറഞ്ഞു. പുതിയ റോഡുകളുടെ നിര്‍മ്മാണത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തുറമുഖ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും തീരദേശ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായുള്ള സാഗര്‍മാല പദ്ധതിയെ പരാമര്‍ശിച്ചു. ഈ ശ്രമങ്ങള്‍ തൊഴിലവസരങ്ങളും ജീവിത സൗകര്യവും വര്‍ദ്ധിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.


' തുറമുഖങ്ങള്‍ ഐശ്വര്യത്തിന് , തുറമുഖങ്ങള്‍ പുരോഗതിക്ക്' എന്ന ഗവണ്‍മെന്റിന്റെ വീക്ഷണം താഴേതലത്തില്‍ പരിവര്‍ത്തനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു', ' ഉപാദനക്ഷമതയ്ക്കു തുറമുഖങ്ങള്‍' എന്ന മന്ത്രവും പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചരക്കു ഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കി സാമ്പത്തിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള പ്രധാന നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിക്കുന്നതായി ശ്രീ മോദി അറിയിച്ചു. ഇന്ത്യയിലും തീരദേശ കപ്പല്‍ ഗതാഗത രീതി നവീകരിക്കപ്പെടുകയാണ്. കഴിഞ്ഞ ദശകത്തില്‍ തീരദേശ ചരക്ക് ഗതാഗതം ഇരട്ടിയായിട്ടുണ്ടെന്നും അതുവഴി ജനങ്ങള്‍ക്ക് ചെലവ് കുറഞ്ഞ ചരക്കു ഗതാഗത സാധ്യത നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഉള്‍നാടന്‍ ജലപാതകളുടെ വികസനം സംബന്ധിച്ച്, ദേശീയ ജലപാതകളുടെ ചരക്ക് കൈകാര്യം ചെയ്യല്‍ നാലിരട്ടി വര്‍ധിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ 9 വര്‍ഷമായി ചരക്കു ഗതാഗതത്തിലെ മികവു സൂചികയില്‍ ഇന്ത്യയുടെ പുരോഗതിയും അദ്ദേഹം പരാമര്‍ശിച്ചു.


കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി മേഖലകളില്‍ ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് ഇന്ത്യയുടെ ശേഷിയുടെ തെളിവാണ്. ''വരാനിരിക്കുന്ന ദശകത്തില്‍ കപ്പല്‍ നിര്‍മ്മാണത്തില്‍ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറും. 'ഇന്ത്യയില്‍ നിര്‍മിക്കൂ- ലോകത്തിനു വേണ്ടി നിര്‍മിക്കൂ്' എന്നതാണ് ഞങ്ങളുടെ മന്ത്രം'', പ്രധാനമന്ത്രി പറഞ്ഞു. സമുദ്രമേഖലാ കൂട്ടായ്മകളിലൂടെ ഈ മേഖലയിലെ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ കപ്പല്‍ നിര്‍മാണ, അറ്റകുറ്റപ്പണി കേന്ദ്രങ്ങള്‍ വികസിപ്പിക്കും. കപ്പല്‍ പുനരുപയോഗ മേഖലയില്‍ ഇന്ത്യ ഇതിനകം രണ്ടാം സ്ഥാനത്താണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഈ മേഖലയിലെ നെറ്റ് സീറോ തന്ത്രത്തിലൂടെ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള ശ്രമത്തെക്കുറിച്ചും അദ്ദേഹം അറിയിച്ചു. 'ഒരു ഹരിത ഗ്രഹം സൃഷ്ടിക്കുന്നതിനുള്ള മാധ്യമമായി നീല സമ്പദ്വ്യവസ്ഥ മാറുന്ന ഒരു ഭാവിയിലേക്കാണ് ഞങ്ങള്‍ നീങ്ങുന്നത്'.


സമുദ്രമേഖലയിലെ വന്‍കിട കമ്പനികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ നടക്കുന്നുണ്ടെന്ന് അടിവരയിട്ട പ്രധാനമന്ത്രി, അഹമ്മദാബാദിലെ ഗിഫ്റ്റ് സിറ്റിയെ പരാമര്‍ശിച്ചു, കപ്പല്‍ പാട്ടത്തിന് നല്‍കുന്നത് ഒരു സാമ്പത്തിക സേവനമായി പ്രഖ്യാപിക്കുകയും അതേ സമയം കിഴിവുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ലോകത്തിലെ 4 ആഗോള കപ്പല്‍ പാട്ട കമ്പനികള്‍ ഗിഫ്റ്റ് ഐഎഫ്എസ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തതില്‍ ശ്രീ മോദി ആഹ്ലാദം പ്രകടിപ്പിച്ചു. ഈ ഉച്ചകോടിയില്‍ പങ്കെടുത്ത, കപ്പല്‍ പാട്ടത്തിനു കൊടുക്കുന്ന മറ്റു കമ്പനികളോടും അദ്ദേഹം Gഗിഫ്റ്റ് ഐഎഫ്എസ്‌സിയില്‍  ചേരാന്‍ ആഹ്വാനം ചെയ്തു.


മാരിടൈം ടൂറിസത്തിന് പുതിയ സാധ്യതകള്‍ സൃഷ്ടിക്കുന്ന വിശാലമായ തീരപ്രദേശവും ശക്തമായ നദീതട ആവാസവ്യവസ്ഥയും സമ്പന്നമായ സാംസ്‌കാരിക പൈതൃകവും ഇന്ത്യക്കുണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ലോക പൈതൃകമായ ഇന്ത്യയിലെ ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള ലോത്തല്‍ ഡോക്ക്യാര്‍ഡിനെ അദ്ദേഹം പരാമര്‍ശിക്കുകയും അതിനെ 'കപ്പല്‍ യാത്രയുടെ തൊട്ടില്‍' എന്ന് വിളിക്കുകയും ചെയ്തു. ഈ ലോക പൈതൃകം സംരക്ഷിക്കുന്നതിനായി മുംബൈയ്ക്ക് സമീപമുള്ള ലോത്തലില്‍ ദേശീയ സമുദ്രമേഖലാ പൈതൃക സമുച്ചയം നിര്‍മ്മിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിക്കുകയും അതു പൂര്‍ത്തിയാകുമ്പോള്‍ സന്ദര്‍ശിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഇന്ത്യയില്‍ സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും
ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് സര്‍വീസിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുംബൈയില്‍ വരാന്‍പോകുന്ന അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലിനെക്കുറിച്ചും വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലെ ആധുനിക ക്രൂയിസ് ടെര്‍മിനലുകളെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ''അത്യാധുനിക അടിസ്ഥാനസൗകര്യത്തിലൂടെ ഇന്ത്യ ഒരു ആഗോള ക്രൂയിസ് ഹബ്ബായി മാറുകയാണ്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസനം, ജനസംഖ്യാശാസ്ത്രം (ഡെമോഗ്രാഫി), ജനാധിപത്യം, ആവശ്യം എന്നിവ സംയോജിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''2047-ഓടെ വികസിത ഇന്ത്യയാകുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുന്ന ഈ സമയത്ത്, ഇത് നിങ്ങള്‍ക്കുള്ള ഒരു സുവര്‍ണ്ണാവസരമാണ്'', ലോകമെമ്പാടുമുള്ള നിക്ഷേപകരോട് ഇന്ത്യയിലേക്ക് വരാനും വികസനത്തിന്റെ പാതയില്‍ ഒത്തുചേരാനുമുള്ള തുറന്നക്ഷണം മുന്നോട്ടുവച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി ശ്രീ സര്‍ബാനന്ദ സോനോവാളും ചടങ്ങില്‍ സന്നിഹിതനായിരുന്നു.


പശ്ചാത്തലം

ഇന്ത്യയുടെ സമുദ്ര നീല സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല രൂപരേഖയായ അമൃതകാല്‍ കാഴ്ചപ്പാട് 2047ഉം പരിപാടിയില്‍, പ്രധാനമന്ത്രി പ്രകാശനം ചെയ്തു. തുറമുഖ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സുസ്ഥിര സമ്പ്രദായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര സഹകരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന മുന്‍കൈകളുള്ളതാണ് ഈ രൂപരേഖ. ഈ ഭാവിപദ്ധതിക്ക് അനുസൃതമായി, ഇന്ത്യയുടെ സമുദ്ര നീല സമ്പദ്‌വ്യവസ്ഥയ്ക്കായി അമൃതകാല്‍ കാഴ്ചപ്പാട് 2047-മായി പൊരുത്തപ്പെടുന്ന 23,000 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്തു.


ഗുജറാത്തിലെ ദീന്‍ദയാല്‍ തുറമുഖ അതോറിറ്റിയില്‍ 4500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ട്യൂണ ടെക്ര ഓള്‍-വെതര്‍ ഡീപ് ഡ്രാഫ്റ്റ് ടെര്‍മിനലിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പി.പി.പി മാതൃകയിലായിരിക്കും ഈ അത്യാധുനിക ഗ്രീന്‍ഫീല്‍ഡ് ടെര്‍മിനല്‍ വികസിപ്പിക്കുക. അന്താരാഷ്ട്ര വ്യാപാര കേന്ദ്രമായി ഉയര്‍ന്നുവരാന്‍ സാദ്ധ്യതയുള്ള ടെര്‍മിനലിന്, 18,000 ഇരുപതടിക്കു സമാനമായ യൂണിറ്റുകള്‍ (ടി.ഇ.യു) കവിയുന്ന അടുത്തതലമുറ കപ്പലുകള്‍ കൈകാര്യം ചെയ്യാനാകുമെന്ന് മാത്രമല്ല, ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐ.എം.ഇ.ഇസി) വഴിയുള്ള ഇന്ത്യന്‍ വ്യാപാരത്തിന്റെ കവാടമായി ഇത് പ്രവര്‍ത്തിക്കുകയും ചെയ്യും. സമുദ്രമേഖലയിലെ ആഗോള-ദേശീയ പങ്കാളിത്തത്തിനായി 7 ലക്ഷം കോടിയിലധികം മൂല്യമുള്ള 300-ലധികം ധാരണാപത്രങ്ങളും (എം.ഒ.യു) പ്രധാനമന്ത്രി പരിപാടിയില്‍ സമര്‍പ്പിച്ചു.


സമുദ്രമേഖലയുമായി ബന്ധപ്പെട്ട രാജ്യത്തെ ഏറ്റവും വലിയ പരിപാടിയാണ് ഈ ഉച്ചകോടി. യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യ (മദ്ധ്യേഷ്യ, പശ്ചിമേഷ്യ, ബിംസെ്റ്റക് മേഖലകള്‍ ഉള്‍പ്പെടെ) രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ലോകമെമ്പാടുമുള്ള മന്ത്രിമാരുടെ പങ്കാളത്തത്തിന് ഉച്ചകോടി സാക്ഷ്യം വഹിച്ചു. ആഗോള സി.ഇ.ഒമാര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍, ഉദ്യോഗസ്ഥര്‍, ലോകമെമ്പാടുമുള്ള മറ്റ് പങ്കാളികള്‍ എന്നിവരും ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. മാത്രമല്ല, നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധാനം ചെയ്ത് മന്ത്രിമാരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുന്നുമുണ്ട്.
മൂന്ന് ദിവസത്തെ ഉച്ചകോടിയില്‍ ഭാവിയിലെ തുറമുഖങ്ങള്‍, ഡീകാര്‍ബണൈസേഷന്‍; തീരദേശ ഷിപ്പിങ്ങും ഉള്‍നാടന്‍ ജലഗതാഗതവും; കപ്പല്‍ നിര്‍മ്മാണം; അറ്റകുറ്റപ്പണിയും പുനരുപയോഗവും; ധനകാര്യവും ഇന്‍ഷുറന്‍സും മാദ്ധ്യസ്ഥവും; സമുദ്ര ക്ലസ്റ്ററുകള്‍; നൂതനാശയങ്ങളും സാങ്കേതികവിദ്യയും; സമുദ്ര സുരക്ഷയും സംരക്ഷണവും; സമുദ്ര വിനോദസഞ്ചാരം ഉള്‍പ്പെടെ സമുദ്രമേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്തിന്റെ സമുദ്രമേഖലയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള മികച്ച വേദിയും ഉച്ചകോടി ലഭ്യമാക്കും.


ആദ്യത്തെ മാരിടൈം ഇന്ത്യ ഉച്ചകോടി 2016 ല്‍ മുംബൈയിലാണ് നടന്നത്. രണ്ടാമത്തെ മാരിടൈം ഉച്ചകോടി 2021ല്‍ വെര്‍ച്വലായും സംഘടിപ്പിച്ചു.

 

*****

NS

(Release ID: 1968378) Visitor Counter : 135