ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

ഒക്‌ടോബര്‍ 1-രാവിലെ 10 മണിക്ക് പൗരന്മാരുടെ നേതൃത്വത്തില്‍ ഒരു മണിക്കുര്‍ ശ്രമദാനത്തിന് പ്രധാനമന്ത്രിയുടെ ആഹ്വാനം

Posted On: 24 SEP 2023 1:30PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 24

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ ജയന്തിയുടെ തലേന്ന് ശുചിത്വത്തിന് വേണ്ടി ഒരുമണിക്കുര്‍ ശ്രമദാനം നടത്താന്‍ രാജ്യത്തോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. മന്‍ കി ബാത്തിന്റെ 105-ാം എപ്പിസോഡിലാണ് രാജ്യത്തെ പൗരന്മാരോട് അദ്ദേഹം ഈ സവിശേഷ ആഹ്വാനം നടത്തിയത്. ''ഒക്‌ടോബര്‍ ഒന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എല്ലാവരും ഒരുമിച്ച് ഇത്തരത്തില്‍ ഒരു ശ്രമദാനം നടത്തുന്നത് ബാപ്പുവിന് നല്‍കുന്ന സ്വച്ഛാഞ്ജലിയായിരിക്കുമെന്ന്'' അദ്ദേഹം വ്യക്തമാക്കി.

ഒക്‌ടോബര്‍ ഒന്നിന് ഒരു ബൃഹദ്പരിപാടിയായി ഇത് സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ''ശുചിത്വവുമായി ബന്ധപ്പെട്ടുള്ള ഈ സംഘടിതപ്രവര്‍ത്തനത്തില്‍ നിങ്ങള്‍ക്കും അണിചേരാം. നിങ്ങളുടെ തെരുവിലോ അയല്‍പക്കത്തോ... അല്ലെങ്കില്‍ പാര്‍ക്കിലോ നദിയിലോ തടാകത്തിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പൊതുസ്ഥലത്തോ നിങ്ങള്‍ക്ക് ഈ സംഘടിത ശുചിത്വപ്രവര്‍ത്‌നത്തിന്റെ ഭാഗമാകാം'' പ്രധാനമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങളായ അങ്ങാടി, റെയില്‍വേ ട്രാക്കുകള്‍, ജലാശയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ എല്ലാ പൊതുസ്ഥലങ്ങളിലും നടക്കുന്ന യഥാര്‍ത്ഥ ശുചിത്വപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളേയും അദ്ദേഹം ആഹ്വാനം ചെയ്തു. എല്ലാ നഗര, ഗ്രാമപഞ്ചായത്തുകളും വ്യോമയാനം, റെയില്‍വേ, വിവരസാങ്കേതികവിദ്യ തുടങ്ങി ഗവണ്‍മെന്റിന്റെ എല്ലാ വിഭാഗങ്ങളും പൊതുസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, സ്വകാര്യസ്ഥാപനങ്ങള്‍, ആര്‍.എ.ഡബ്ല്യൂ, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവ പൗരന്മാര്‍ നയിക്കുന്ന ശുചിത്വപരിപാടികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കും.
ഈ ശുചിത്വപരിപാടി സംഘടിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലോ അല്ലെങ്കില്‍ ജില്ലാ ഭരണകൂടത്തിലോ ഓണ്‍ലൈനായി അപേക്ഷിക്കാം. പ്രത്യേകം നിര്‍മ്മിച്ച സ്വച്ചതാ ഹി സേവ എന്ന പോര്‍ട്ടലില്‍ ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഇതില്‍ പൗരന്മാര്‍ക്ക് തങ്ങളുടെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാം. ഈ സംഘടിതപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്വച്ചതാ അംബാസിഡര്‍മാരാകാനായി പൗരന്മാരേയും   മറ്റും ക്ഷണിക്കുന്ന ഒരു വിഭാഗവും പോര്‍ട്ടലിലുണ്ട്.

സെപ്തംബര്‍ 15 മുതല്‍ ഒക്‌ടോബര്‍ 2 വരെ ആചരിക്കുന്ന സ്വച്ഛത പഖ്‌വാദ- സ്വച്ഛതാ ഹി സേവ 2023-ന്റെ ഭാഗമായാണ് ഈ ബൃഹദ് ശുചിത്വയജ്ഞവും സംഘടിപ്പിക്കുന്നത്. പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, ജലാശയങ്ങളുടെയും, ഘാട്ടുകളുടെയും ശുചീകരണം, ചുവരുകളിലെ ചിത്രരചനകള്‍, നുകദ്‌നാടക, രംഗോലി മത്സരങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങി വിവിധ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഈ സ്വച്ഛതാ പഖ്‌വാദയില്‍ പൗരന്മാര്‍ ഏര്‍പ്പെടുന്നുണ്ട്. തുടക്കം കുറിച്ചതു മുതല്‍, ഇതുവരെ 5 കോടിയിലധികം പൗരന്മാര്‍ പഖ്‌വാഡദ്വൈവാരത്തിന്റെ ഭാഗമായി.

ഒന്‍പത് വര്‍ഷം മുന്‍പ് രാജ്യമാകെ വലിയ ആവേശത്തോടെ ഏറ്റെടുത്ത സ്വച്ഛ് ഭാരത്ത് അഭിയാന്റെ തുടച്ചയായാണ് ഈ ആഹ്വാനവും. 2014ല്‍ ശുചിത്വത്തിനായി പ്രധാനമന്ത്രി നടത്തിയ ആഹ്വാനം ഏറ്റെടുക്കാന്‍ വിവിധ തുറകളില്‍ നിന്നുള്ളവര്‍ ആവേശത്തോടെയാണ് രംഗത്തുവന്നത്. ഇതിലൂടെ സ്വച്ച് ഭാരത് മിഷന്‍ എന്നത് ഒരു ഗൃഹനാമമായി തീരുകയും ചെയ്തു.

അതിന്റെ തുടര്‍ച്ചയായാണ് ഗാന്ധിജയന്തിക്ക് മുന്നോടിയായി ഒരേദിവസം ഒന്നിച്ച് ഒരു മണിക്കൂര്‍ രാഷ്ട്രപിതാവിന് സ്വച്ഛാഞ്ജലി അര്‍പ്പിക്കാനായി ശുചിത്വപ്രവര്‍ത്തനത്തില്‍ ഒന്നിച്ചുചേരാന്‍ പ്രധാനമന്ത്രി സഹപൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുന്നത്.

--NS--



(Release ID: 1960110) Visitor Counter : 270