വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav g20-india-2023

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഗവണ്‍മെന്റ് നയങ്ങള്‍ യുവശക്തിയെ ശാക്തീകരിച്ചുകൊണ്ട് ഇന്ത്യയെ എങ്ങനെ ഉത്തേജിപ്പിച്ചുവെന്നത് ദേശീയ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു.

Posted On: 27 MAY 2023 5:46PM by PIB Thiruvananthpuram


യുവജനളുടെ ശാക്തീകരണത്തിന് കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഗവണ്‍മെന്റ് നയങ്ങളും പരിപാടികളും എങ്ങനെ സംഭാവന നല്‍കി എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുവശക്തി: ഇന്ത്യയെ ഉത്തേജിപ്പിക്കുന്നു എന്ന
 സെഷനില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ പൗരന്മാര്‍ ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഒത്തുചേര്‍ന്നു. പ്രസാര്‍ ഭാരതി സംഘടിപ്പിച്ച ''നാഷണല്‍ കോണ്‍ക്ലേവ്: 9 സാല്‍-സേവ, സുശാസന്‍, ഗരീബ് കല്യാണ്‍'' എന്ന സമ്മേളനത്തിലാണ് ഈ സെഷനും നടന്നത്. എസ്പ്രസ്‌സോ ടെക്‌നോളജീസ് ഡയറക്ടര്‍ യശോധര ബജോറിയ, ഒയോ റൂംസ് സി.ഇ.ഒ റിതേഷ് അഗര്‍വാള്‍, മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ വീരേന്‍ റാസ്‌ക്വിന്‍ഹ, ബോക്‌സര്‍ അഖില്‍ കുമാര്‍; സംഗീതജ്ഞന്‍ അമന്‍ അലി ബംഗഷ്, അഭിനേതാവ് റിഷബ് ഷെട്ടി എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു പാനല്‍. റെഡ് എഫ്.എം റേഡിയോ ജോക്കി റൗണാക് സെഷന്‍ നിയന്ത്രിച്ചു.

''സംരംഭകര്‍ക്കുള്ള പിന്തുണ സ്ഥാപനവല്‍ക്കരിച്ചതിന് ഗവണ്‍മെന്റ് അഭിനന്ദനംഅര്‍ഹിക്കുന്നു''

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ സംരംഭകരെ ശാക്തീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എസ്പ്രസ്സോ ടെക്‌നോളജീസ് ഡയറക്ടര്‍ യശോധര ബജോറിയ പറഞ്ഞു. ഗവണ്‍മെന്റിന്റെ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിന് നന്ദി പറഞ്ഞുകൊണ്ട്, ഇപ്പോള്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കഴിയുന്ന ഒരു വനിതാ കര്‍ഷകയുടെ ഉദാഹരണം അവര്‍ ചൂണ്ടിക്കാട്ടി. ''ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളും (കര്‍ഷക ഉല്‍പ്പാദക സംഘടനകളും) സ്വയം സഹായ സംഘങ്ങളും കര്‍ഷകര്‍ക്കും വിദൂര പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഒരുപോലെ താഴെത്തട്ടില്‍ പിന്തുണ നല്‍കുന്നു. ചെറുകിട സംരംഭകര്‍ക്ക് പോലും പ്രവര്‍ത്തിക്കുന്നതിന് തുല്യ അവസരം നല്‍കുന്നതിനും ഇത്തരത്തിലുള്ള പിന്തുണ ജനങ്ങള്‍ക്ക് നല്‍കുന്നത് സ്ഥാപനവത്കരിച്ചതിനും ഗവണ്‍മെന്റ് വലിയ അഭിനന്ദനം അര്‍ഹിക്കുന്നു''. അവര്‍ പറഞ്ഞു.

''നമ്മുടെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്ന വിവിധ നൂതനാശയങ്ങളുടെ ആവിര്‍ഭാവത്തിന് ഗവണ്‍മെന്റ് നയങ്ങള്‍ കാരണമായി''

ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയ വിവിധ സേവനങ്ങള്‍ ഒമ്പത് വര്‍ഷം മുമ്പ് ഉണ്ടായിരുന്നുപോലുമില്ലെന്ന് ഒയോ റൂംസ് സി.ഇ.ഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു. ''സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് കരുത്തേകുന്ന യുവാക്കള്‍ നയിക്കുന്ന ഇന്ത്യ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഒരു തിളങ്ങുന്ന കേന്ദ്രമായി നാം മാറിയിരിക്കുന്നു''.

'' താഴെത്തട്ടില്‍ കായിക അടിസ്ഥാന സൗകര്യ നിക്ഷേപത്തില്‍ ഗവണ്‍മെന്റ് മികച്ച പ്രവര്‍ത്തനം നടത്തി ''

ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് മഹത്തരമായ നിമിഷമായിരുന്നു ടോക്കിയോ ഒളിമ്പിക്‌സെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ വീരേന്‍ റാസ്‌ക്വിന്‍ഹ പറഞ്ഞു. '' എന്നെ സംബന്ധിച്ചിടത്തോളം ടോക്കിയോ ഒളിമ്പിക്‌സിലെ മൊത്തം കാകയിപ്രകടനത്തിലെ ഏറ്റവും മികച്ച ഗാഥ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ പ്രകടനമാണ്. ഒരു മെഡല്‍ കഷ്ടിച്ച് നഷ്ടപ്പെട്ടുവെങ്കിലും അവര്‍ നാലാം സ്ഥാനത്ത് എത്തി. 2016 നും 2021 നും ഇടയില്‍ എന്താണ് സംഭവിച്ചതെന്നാല്‍ താഴെത്തട്ടില്‍ ധാരാളം നിക്ഷേപം നടന്നു. ആസ്‌ട്രോ-ടര്‍ഫ് പിച്ചുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു; കായിക അടിസ്ഥാനസൗകര്യങ്ങള്‍ വളരെയധികം മെച്ചപ്പെട്ടു, എങ്കിലും നമുക്ക് ഇനിയും ഒരുപാട് മുന്നോട്ടുപോകേണ്ടതുണ്ട്. ഹോക്കി ശാരീരിക ശക്തിയുടെ ഒരു കായിക വിനോദമായി മാറിയിരിക്കുന്നു, കളി നിപുണതയില്‍ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുമായി നമുക്ക് എല്ലായ്‌പ്പോഴും പൊരുത്തപ്പെടാന്‍ കഴിയും, എന്നാല്‍ ശാരീരികക്ഷമതയുടെയും ശക്തിയുടെയും മേഖലയിലാണ് നാം ബുദ്ധിമുട്ടിലാകുന്നത്. ഈ മേഖലയിലാണ് നാം ഗണ്യമായ പുരോഗതി കൈവരിക്കേണ്ടത്'' ചെറിയ ഗ്രാമങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഒളിമ്പിക്‌സില്‍ പ്രകടനം നടത്തുന്നത് ദശലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് അഭിമാനവും പ്രതീക്ഷയും നല്‍കുന്നുണ്ടെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. താഴെത്തട്ടില്‍ നിക്ഷേപം നടത്തുന്നതില്‍ ഗവണ്‍മെന്റ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നീ ആശയങ്ങള്‍ കായിക സംസ്‌കാരത്തിന്റെയും കായിക പരിശീലകരുടെയും രണ്ട് സികളെ അഭിസംബോധന ചെയ്യുന്ന രണ്ട് പരിവര്‍ത്തന മുന്‍കൈകളാണെന്നും അദ്ദേഹം പറഞ്ഞു. ''കായികവിനോദം എന്നെ ജീവിതത്തില്‍ വളരെയധികം പഠിപ്പിച്ചു, തോല്‍വിയെ അംഗീകരിക്കുകയും മെച്ചപ്പെടാനായി പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയെന്നതാണ് സ്‌പോര്‍ട്‌സ് നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ കാര്യം''. ശാസ്ത്ര അദ്ധ്യാപകരുടെ തലത്തിലേക്ക് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞാല്‍ നമുക്ക് കായികവിനോദങ്ങളെ തീര്‍ച്ചയായും മാറ്റിമറിക്കാനും പരിവര്‍ത്തനപ്പെടുത്താനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


''ഇന്ത്യന്‍ കായിക താരങ്ങളുടെ ഭാവി ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ ശോഭനമാകുന്നു''

പ്രധാനമന്ത്രി പ്രധാന ടൂര്‍ണമെന്റുകള്‍ക്ക് മുമ്പ് കായികതാരങ്ങളെ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുന്നത് കളിക്കാര്‍ക്ക് വളരെയധികം മാനസിക പ്രചോദനം നല്‍കുന്നതാണെന്ന് ബോക്‌സര്‍ അഖില്‍ കുമാര്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു കായിക സംസ്‌കാരം കെട്ടിപ്പടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ശാരീരികക്ഷമതയും ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഫിറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. കായികതാരങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കേണ്ടതിന്റെ പ്രാധാന്യത്തിലും അദ്ദേഹം അടിവരയിട്ടു, അത് സ്വന്തം സാമ്പത്തിക നിലയെക്കുറിച്ച് ആശങ്കയില്ലാതെ കായികരംഗത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ അവരെ പ്രാപ്തരാക്കും. ഇന്ത്യന്‍ കായിക താരങ്ങളുടെ ഭാവി ഖേലോ ഇന്ത്യ പോലുള്ള ശാക്തീകരണ പദ്ധതികളിലൂടെ ശോഭനമാണെന്നും അദ്ദേഹം പറഞ്ഞു.

''ചെറിയ ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മികച്ചരീതിയില്‍ പ്രവര്‍ത്തിച്ചു''

യുവതലമുറയ്ക്കുവേണ്ടി ഗവണ്‍മെന്റ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സംഗീതജ്ഞന്‍ അമന്‍ അലി ബംഗഷ് പറഞ്ഞു. ചെറുഗ്രാമങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും പ്രതിഭകളുള്ള യുവജനങ്ങളെ ഗവണ്‍മെന്റ് പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയുടെ ഏറ്റവും മികച്ച സമയമാണെന്നും എല്ലാത്തരം കലകളെയും സംസ്‌കാരത്തെയും കുറിച്ചുള്ള അവബോധം ഗണ്യമായി വളര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇന്ത്യയുടെ തനതായ കഥകള്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി ചലച്ചിത്ര പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു''

പൊതുജനങ്ങളിലേക്ക് എത്തിപ്പെടാനുള്ള ഏറ്റവും ശക്തമായ മാദ്ധ്യമമായി സിനിമ മാറിയെന്ന് അഭിനേതാവ് റിഷബ് ഷെട്ടി പറഞ്ഞു. ''മുന്‍പ് പല സിനിമകളേയും നമ്മുടെ രാജ്യത്തെ മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിച്ചിരുന്നു, നമ്മുടെ രാജ്യത്തെ സകാരാത്മകമായി ഉയര്‍ത്തിക്കാട്ടേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. തനതായ വിശ്വാസങ്ങള്‍, ജീവിതരീതികള്‍, ആചാരങ്ങള്‍, ഭക്ഷണം എന്നിവയില്‍ പ്രതിഫലിക്കുന്ന നമ്മുടെ ഗ്രാമങ്ങളുടെ തനതായ കഥകള്‍ പുറത്തുകൊണ്ടുവരുക എന്നതാണ് എന്റെ ആശയം. നമ്മുടെ ഇന്ത്യന്‍ സംസ്‌കാരവും കഥകളും ലോകത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് സിനിമാ വ്യവസായത്തിന് പ്രധാനമന്ത്രി നല്‍കിയതും''.

-ND-(Release ID: 1927747) Visitor Counter : 127