വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

പൗര കേന്ദ്രീകൃത ആശയവിനിമയം സദ്ഭരണത്തിനുള്ള ഒരു ഉപകരണം' എന്ന പ്രമേയം ആധാരമാക്കി സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ  ശിവിർ   കേന്ദ്രമന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ഉദ്ഘാടനം ചെയ്തു

Posted On: 17 MAY 2023 2:47PM by PIB Thiruvananthpuram



ന്യൂ ഡൽഹി: മെയ് 17, 2023


പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തിൽ പുതിയ സാദ്ധ്യതകൾ പര്യവേക്ഷണം ചെയ്യാനും ആ പ്രക്രിയയിൽ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടും മീഡിയ യൂണിറ്റുകളോടും ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (IIS) ഉദ്യോഗസ്ഥരോടും  കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു.

 


'പൗര കേന്ദ്രീകൃത ആശയവിനിമയം സദ്ഭരണത്തിനുള്ള ഒരു ഉപകരണം' എന്ന പ്രമേയം ആധാരമാക്കി സംഘടിപ്പിച്ച ഒരു ദിവസം നീണ്ടുനിൽക്കുന്ന 'ചിന്തൻ ശിവിർ' ഇന്ന് ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ വിവരങ്ങൾ ഉപയോഗിക്കുന്ന രീതി  മാറുകയാണെന്നും  രാജ്യത്തുടനീളമുള്ള വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അടങ്ങിയ സദസിന്  ശ്രീ  ഠാക്കൂ   മുന്നറിയിപ്പ് നൽകി.  21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളുമായി നമ്മുടെ വിവര വ്യാപന രീതികൾ പൊരുത്തപ്പെടുത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവൺമെന്റിന്റെ ഒരു സുപ്രധാന ഘടകമാണ് ഇന്ത്യൻ ഇൻഫർമേഷൻ സർവീസെന്ന് മന്ത്രി പറഞ്ഞു, ഉദ്യോഗസ്ഥർക്ക്, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും, യോജിച്ചും സമയബന്ധിതമായും പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും, ആത്മപരിശോധന നടത്താനും ഈ ചിന്തൻ ശിവിർ അതുല്യമായ അവസരമാണൊരുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഭവങ്ങളുടെ മികച്ച വിനിയോഗം, പരിശ്രമങ്ങളുടെ ഏകോപനം, വിവരങ്ങൾ പങ്കിടൽ, ഒരു ടീമായുള്ള പ്രവർത്തനം എന്നിവയിലൂടെ ഉയർന്ന ഫലപ്രാപ്തി ലക്ഷ്യമിട്ട്  പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെയും ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെയും മുൻഗണനകൾക്കും, ലഭ്യമാക്കുന്ന സേവനങ്ങൾക്കും സമയപരിധി നിശ്ചയിക്കാനും പരിശോധിച്ച് പരിഷ്‌ക്കാരങ്ങൾ വരുത്താനും മന്ത്രി അഭ്യർത്ഥിച്ചു. കർമ്മയോഗിയായ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം പരാമർശിച്ചുകൊണ്ട്, ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ഏറ്റവും മികച്ച സേവനം രാജ്യത്തിന് നൽകാൻ കഴിയുന്നുണ്ടോ എന്നതിൽ കാലാകാലങ്ങളിൽ ആത്മപരിശോധന നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെ ആശയവിനിമയ ലക്ഷ്യത്തിന് വ്യക്തമായ മുൻഗണന നൽകി സംസാരിച്ച മന്ത്രി, അധഃസ്ഥിതരുടെ   ക്ഷേമത്തിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, അന്ത്യോദയ മന്ത്രമായിരിക്കണം ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ നയിക്കേണ്ടതെന്നും വ്യക്തമാക്കി. ടെലിവിഷനുകളുടെയും പത്രങ്ങളുടെയും ലഭ്യതയില്ലാത്ത  ഇന്ത്യയിലെ  വലിയൊരു ഭാഗം ജനങ്ങൾ മാധ്യമ സൗകര്യങ്ങളില്ലാതെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ആ വിഭാഗത്തിലേക്ക് എത്തിച്ചേരുക എന്നത് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്.

നേരത്തെ, അടിസ്ഥാന വിഷയങ്ങൾ ആധാരമാക്കി ശിവിറിനെ അഞ്ച് സെഷനുകളായി തിരിച്ചതായി  വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി 
ശ്രീ അപൂർവ ചന്ദ്ര  പറഞ്ഞു. എല്ലാ വിഷയങ്ങൾക്കും തുല്യപ്രസക്തി ഉണ്ടെന്നും ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ ചർച്ചകളും സംവാദങ്ങളും  നടത്തി അവസാനം ആശയങ്ങൾ അവതരിപ്പിക്കുമെന്നും പറഞ്ഞു.

ചർച്ചയുടെ അഞ്ച് വിഷയങ്ങൾ ഇനിപ്പറയുന്നു

*പൗരന്മാരുടെ പങ്കാളിത്തത്തോടെയുള്ള ആശയവിനിമയം - ജൻ ഭാഗിദാരി

*പരമാവധി ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി  പൊതു ആശയവിനിമയത്തിൽ നൂതന സാങ്കേതിക വിദ്യകൾ സ്വീകരിക്കുക

*തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുളള  ദ്രുത പ്രതികരണ സംവിധാനത്തിന്റെ സ്ഥാപനവത്ക്കരണം

*മേഖലാ തിരിച്ചുള്ള കൃത്യതയോടെയുള്ള ആശയവിനിമയം

*പൊതു സേവന പ്രക്ഷേപണം ശക്തിപ്പെടുത്തുന്നു

ഗവൺമെന്റ് തലത്തിലെ ആശയവിനിമയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും ഇന്ത്യാ ഗവൺമെന്റിന്റെ ആശയവിനിമയ-വ്യാപന പ്രവർത്തനങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനും ഒരു കർമ്മ പദ്ധതിയും രൂപരേഖയും തയ്യാറാക്കുന്നതിനാണ് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ഒരു ദിവസം നീണ്ടുനിൽക്കുന്ന ചിന്തൻ ശിവിർ സംഘടിപ്പിക്കുന്നത്.
 
 
SKY
 
*****
 
 

(Release ID: 1924779) Visitor Counter : 121