പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഫെബ്രുവരി 10ന് യു.പിയും മഹാരാഷ്ട്രയും സന്ദര്‍ശിക്കും


യു.പി ഗവൺമെന്റിന്റെ നിക്ഷേപ ഉച്ചകോടിയായ ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

മഹാരാഷ്ട്രയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കികൊണ്ട് അവിടവുമായി ബന്ധിപ്പിക്കുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

മുംബൈയിലെ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്ന പദ്ധതികളായ സാന്താക്രൂസ് ചെമ്പൂര്‍ ലിങ്ക് റോഡും കുരാര്‍ അടിപാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും

മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


Posted On: 08 FEB 2023 5:26PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫെബ്രുവരി 10ന് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രി ലഖ്‌നൗ സന്ദര്‍ശിക്കും, അവിടെ അദ്ദേഹം ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഏകദേശം 2:45ന്, മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും. സാന്താക്രൂസ് ചെമ്പൂര്‍ ലിങ്ക് റോഡ്, കുരാര്‍ അടിപാത പദ്ധതി എന്നീ രണ്ട് റോഡ് പദ്ധതികളും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. അതിനുശേഷം, വൈകുന്നേരം ഏകദേശം 4:30 ന് അദ്ദേഹം മുംബൈയിലെ അല്‍ജാമിയ-തുസ്-സൈഫിയയുടെ പുതിയ കാമ്പസിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.

പ്രധാനമന്ത്രി ലഖ്‌നൗവില്‍

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആഗോള വ്യാപാര പ്രദര്‍ശനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ഒപ്പം ഇന്‍വെസ്റ്റ് യു.പി 2.0ന് സമാരംഭം കുറിയ്ക്കുകയും ചെയ്യും.
ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ഫെബ്രുവരി 10 മുതല്‍ 12 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ  സുപ്രധാന നിക്ഷേപ ഉച്ചകോടിയാണിത്. വ്യാപാര അവസരങ്ങള്‍ കൂട്ടായി പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനുമായി ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍ , നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും.
നിക്ഷേപകര്‍ക്ക് ഉചിതമായതും നന്നായി നിര്‍വചിക്കപ്പെട്ടതും നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന ഉത്തര്‍പ്രദേശിലെ സമഗ്രവും നിക്ഷേപക കേന്ദ്രീകൃതവും സേവനാധിഷ്ഠിതവുമായ നിക്ഷേപ പരിസ്ഥിതിയാണ് ഇന്‍വെസ്റ്റര്‍ യു.പി 2.0

പ്രധാനമന്ത്രി മുംബൈയില്‍
മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് ട്രെയിനും മുംബൈ-സായിനഗര്‍ ഷിര്‍ദ്ദി വന്ദേ ഭാരത് ട്രെയിനുമാണ് മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന രണ്ട് ട്രെയിനുകള്‍. നവ ഇന്ത്യയ്ക്ക് മികച്ചതും കാര്യക്ഷമവും യാത്രാ സൗഹൃദവുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് നിറവേറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
രാജ്യത്തെ ഒന്‍പതാമത്തെ വന്ദേ ഭാരത് ട്രെയിനാണ് മുംബൈ-സോലാപൂര്‍ വന്ദേ ഭാരത് ട്രെയിന്‍. ഈ പുതിയ ലോകോത്തര ട്രെയിന്‍ മുംബൈയും സോളാപൂരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും, കൂടാതെ സോലാപൂരിലെ സിദ്ധേശ്വര്‍, അക്കല്‍കോട്ട്, തുള്‍ജാപൂര്‍, സോലാപൂരിനടുത്തുള്ള പന്ദര്‍പൂര്‍, പൂനെക്കടുത്തുള്ള അലണ്ടി തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാക്കും.
മുംബൈ-സായിനഗര്‍ ഷിര്‍ദ്ദി വന്ദേ ഭാരത് ട്രെയിന്‍ രാജ്യത്തെ പത്താമത്തെ വന്ദേ ഭാരത് ട്രെയിനായിരിക്കും. ഇത് മഹാരാഷ്ട്രയിലെ നാസിക്, ത്രിംബകേശ്വര്‍, സായിനഗര്‍ ഷിര്‍ദ്ദി, ശാനി സിംഗനാപൂര്‍ തുടങ്ങിയ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളേക്കുള്ള ബന്ധിപ്പിക്കലും മെച്ചപ്പെടുത്തും.
മുംബൈയിലെ റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനുമായി സാന്താക്രൂസ് ചെമ്പൂര്‍ ലിങ്ക് റോഡും (എസ്.സി.എല്‍.ആര്‍) കുരാര്‍ അടിപാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. പുതുതായി നിര്‍മ്മിച്ച എലിവേറ്റഡ് ഇടനാഴിയായ കുര്‍ളയില്‍ നിന്ന് വക്കോല വരെയുള്ളതും എം.ടി.എന്‍.എല്‍ ജംഗ്ഷനില്‍ നിന്നും, ബി.കെ.സി മുതല്‍ കുര്‍ളയിലെ എല്‍.ബി.എസ് വരെയുള്ള മേല്‍പാലവും നഗരത്തിന് ആവശ്യമായ കിഴക്ക് പടിഞ്ഞാറ് ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കും. ഈ ശാഖകള്‍ വെസേ്റ്റണ്‍ അതിവേഗ പാതയെ ഈസേ്റ്റണ്‍ അതിവേഗ പാതയുമായി ബന്ധിപ്പിക്കുകയും അതുവഴി കിഴക്കന്‍, പടിഞ്ഞാറന്‍ നഗരപ്രാന്തപ്രദേശങ്ങളെ കാര്യക്ഷമമായി ബന്ധിപ്പിക്കുകയും ചെയ്യും. വെസേ്റ്റണ്‍ അതിവേഗ പാതയിലെ (ഡബ്ല്യു.ഇ.എച്ച്) ഗതാഗതം സുഗമമാക്കുന്നതിനും ഡബ്ല്യു.ഇ.എച്ചുമായി മലാഡിനെയും കുരാറിര്‍ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നതിനും കുരാര്‍ അടിപാത നിര്‍ണ്ണായകമാണ്. ഡബ്ല്യു.ഇ.എച്ചിലെ കനത്ത ഗതാഗതത്തില്‍പ്പെടാതെ തന്നെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ റോഡ് മുറിച്ചുകടക്കാനും വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനും ഇതിലൂടെ സാധിക്കും.
മുംബൈയിലെ മാറോളില്‍ അല്‍ജാമിയ-തുസ്-സൈഫിയയുടെ (സൈഫി അക്കാദമി) പുതിയ കാമ്പസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ദാവൂദി ബോറ സമൂഹത്തിന്റെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ് അല്‍ജാമിയ-തുസ്-സൈഫി യ. സയ്യിദ്‌ന മുഫദ്ദല്‍ സൈഫുദ്ദീന്റെ മാര്‍ഗ്ഗനിര്‍ദേശപ്രകാരം, സമൂഹത്തിന്റെ പഠന പാരമ്പര്യങ്ങളും സാഹിത്യ സംസ്‌കാരവും സംരക്ഷിക്കുന്നതിനായി സ്ഥാപനം പ്രവര്‍ത്തിക്കുന്നു.

 

-ND-



(Release ID: 1897448) Visitor Counter : 161