പ്രധാനമന്ത്രിയുടെ ഓഫീസ്
ഈ ബജറ്റ് നിരാലംബർക്കു മുൻഗണനയേകുന്നു: പ്രധാനമന്ത്രി
"അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങൾക്കും തീരുമാനങ്ങൾക്കും ശക്തമായ അടിത്തറയിടുന്നു"
"ഈ ബജറ്റ് ദരിദ്രർക്ക് മുൻഗണന നൽകുന്നു"
"പിഎം വിശ്വകർമ കൗശൽ സമ്മാൻ, അതായത് പിഎം വികാസ്, കോടിക്കണക്കിന് വിശ്വകർമക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും"
"ഈ ബജറ്റ് സഹകരണ സംഘങ്ങളെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന്റെ കേന്ദ്രമാക്കും"
"കാർഷിക മേഖലയിലെ ഡിജിറ്റൽ പണമിടപാടുകളുടെ വിജയം നമുക്ക് ആവർത്തിക്കണം"
"സുസ്ഥിര ഭാവിക്കായി ഹരിത വളർച്ച, ഹരിത സമ്പദ്‌വ്യവസ്ഥ, ഹരിത അടിസ്ഥാനസൗകര്യങ്ങൾ, ഹരിത തൊഴിലവസരങ്ങൾ എന്നിവയ്ക്ക് ഈ ബജറ്റ് അഭൂതപൂർവമായ വിപുലീകരണം നൽകും"
"ഇന്ത്യയുടെ വികസനത്തിന് പുതിയ ഊർജവും വേഗതയും നൽകുന്ന അടിസ്ഥാനസൗകര്യ വികസനത്തിനായി പത്ത് ലക്ഷം കോടി രൂപയുടെ അഭൂതപൂർവമായ നിക്ഷേപം"
"2047ലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള വലിയ ശക്തിയാണ് മധ്യവർഗം. ഞങ്ങളുടെ ഗവണ്മെന്റ് എപ്പോഴും ഇടത്തരക്കാർക്കൊപ്പമാണ്"
Posted On:
01 FEB 2023 3:15PM by PIB Thiruvananthpuram
ഇന്ത്യയുടെ അമൃതകാലത്തെ ആദ്യ ബജറ്റ് വികസിത ഇന്ത്യയുടെ അഭിലാഷങ്ങളും ദൃഢനിശ്ചയങ്ങളും നിറവേറ്റുന്നതിനുള്ള ശക്തമായ അടിത്തറ സ്ഥാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഈ ബജറ്റ് നിരാലംബർക്ക് മുൻഗണന നൽകുകയും വികസനത്വരയുള്ള സമൂഹത്തിന്റെയും പാവപ്പെട്ടവരുടെയും ഗ്രാമങ്ങളുടെയും ഇടത്തരക്കാരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ബജറ്റിന് ധനമന്ത്രിയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ, ലോഹർ (ഇരുമ്പ് പണിക്കാർ) സുനാർ (സ്വർണപ്പണിക്കാർ), കുംഹാർ (കുശവർ), ശിൽപ്പികൾ തുടങ്ങിയവരെ രാഷ്ട്രത്തിന്റെ സ്രഷ്ടാവ് എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “ഇതാദ്യമായി, ഈ ജനവിഭാഗങ്ങളുടെ കഠിനാധ്വാനത്തിനും സൃഷ്ടികൾക്കും ആദരമായി രാജ്യം നിരവധി പദ്ധതികൾ കൊണ്ടുവന്നു. ഇവർക്ക് പരിശീലനം, വായ്പ, വിപണിപിന്തുണ എന്നിവയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പ്രധാനമന്ത്രി വിശ്വകർമ കൗശൽ സമ്മാൻ, അതായത് പിഎം വികാസ്, കോടിക്കണക്കിന് വിശ്വകർമക്കാരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും”, പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളിൽ താമസിക്കുന്നവർ മുതൽ ഗ്രാമങ്ങളിൽ വസിക്കുന്നവർ വരെയും, ജോലി ചെയ്യുന്നവർ മുതൽ വീട്ടമ്മമാർ വരെയുമുള്ള സ്ത്രീകളുടെ ക്ഷേമം കൂടുതൽ ശാക്തീകരിക്കുന്ന ജൽ ജീവൻ ദൗത്യം, ഉജ്വല യോജന, പിഎം ആവാസ് യോജന തുടങ്ങിയ സുപ്രധാന നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. അങ്ങേയറ്റം സാധ്യതകളുള്ള മേഖലയായ വനിതാ സ്വയംസഹായസംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ത്രീകൾക്കായി പുതിയ പ്രത്യേക സമ്പാദ്യ പദ്ധതി അവതരിപ്പിച്ചതിലൂടെ പുതിയ ബജറ്റിൽ വനിതാ സ്വയംസഹായസംഘങ്ങൾക്ക് പുതിയ മാനം നൽകിയിട്ടുണ്ടെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇത് സ്ത്രീകളെ, പ്രത്യേകിച്ച് സാധാരണ കുടുംബങ്ങളിലെ വീട്ടമ്മമാരെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. ഈ ബജറ്റ്, സഹകരണ സംഘങ്ങളെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന്റെ കേന്ദ്രമാക്കി മാറ്റുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യസംഭരണ പദ്ധതി സഹകരണമേഖലയിൽ ഗവണ്മെന്റ് കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രാഥമിക സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൃഷി, കർഷകർ, മൃഗസംരക്ഷണം, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്കു മെച്ചപ്പെട്ട വില ലഭ്യമാക്കുന്നതിനൊപ്പം പാൽ, മത്സ്യ ഉൽപ്പാദന മേഖലയെയും വിപുലീകരിക്കും. കാർഷിക മേഖലയിലെ ഡിജിറ്റൽ പണമിടപാടുകളുടെ വിജയം ആവർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഡിജിറ്റൽ കാർഷിക അടിസ്ഥാനസൗകര്യങ്ങൾക്കായി വലിയ പദ്ധതിയുമായാണ് ഈ ബജറ്റ് വരുന്നതെന്ന് ചൂണ്ടിക്കാട്ടി. ലോകം അന്താരാഷ്ട്ര ചെറുധാന്യ വർഷം ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിരവധി പേരുകളിൽ വിവിധ തരം ചെറുധാന്യങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള വീടുകളിൽ ധാന്യങ്ങൾ എത്തുമ്പോൾ അവയ്ക്കു പ്രത്യേക അംഗീകാരം ആവശ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഈ സൂപ്പർഫുഡിന് ശ്രീ-അന്ന എന്ന പുതിയ സ്വത്വം നൽകിയിരിക്കുന്നു". രാജ്യത്തെ ചെറുകിട കർഷകർക്കും ഗോത്രകർഷകർക്കും സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്നും അതോടൊപ്പം, രാജ്യത്തെ പൗരന്മാർക്ക് ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര ഭാവിക്കായി ഹരിത വളർച്ച, ഹരിത സമ്പദ്‌വ്യവസ്ഥ, ഹരിത അടിസ്ഥാനസൗകാര്യങ്ങൾ, ഹരിത തൊഴിലവസരങ്ങൾ എന്നിവയ്ക്ക് അഭൂതപൂർവമായ വിപുലീകരണം ഈ ബജറ്റ് നൽകുമെന്ന് ശ്രീ മോദി പറഞ്ഞു. “ബജറ്റിൽ, സാങ്കേതികവിദ്യയ്ക്കും പുതിയ സമ്പദ്‌വ്യവസ്ഥയ്ക്കും ഞങ്ങൾ വളരെയധികം ഊന്നൽ നൽകിയിട്ടുണ്ട്. റോഡ്, റെയിൽ, മെട്രോ, തുറമുഖം, ജലപാത തുടങ്ങി എല്ലാ മേഖലകളിലും ആധുനിക അടിസ്ഥാനസൗകര്യങ്ങളാണ് വികസനത്വരയുള്ള ഇന്നത്തെ ഇന്ത്യ ആഗ്രഹിക്കുന്നത്. 2014നെ അപേക്ഷിച്ച്, അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപം 400 ശതമാനത്തിലധികം വർധിച്ചിട്ടുണ്ട്”- അടിസ്ഥാനസൗകര്യ വികസനത്തിനായുള്ള 10 ലക്ഷം കോടി രൂപയുടെ അഭൂതപൂർവമായ നിക്ഷേപം ഇന്ത്യയുടെ വികസനത്തിന് പുതിയ ഊർജവും വേഗവും പകരുമെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഈ നിക്ഷേപങ്ങൾ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അതുവഴി വലിയൊരു ജനവിഭാഗത്തിന് പുതിയ വരുമാന അവസരങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വ്യവസായങ്ങൾക്കായുള്ള വായ്പാപിന്തുണയുടെയും പരിഷ്കാരങ്ങളുടെയും ക്യാമ്പയിനിലൂടെ മുന്നോട്ടു കൊണ്ടുപോകുന്ന വ്യവസായ നടത്തിപ്പു സുഗമമാക്കലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. "എംഎസ്എംഇകൾക്കായി 2 ലക്ഷം കോടി രൂപയുടെ അധിക വായ്പ ഉറപ്പ് ക്രമീകരിച്ചിട്ടുണ്ട്". അനുമാന നികുതിയുടെ പരിധി വർദ്ധിപ്പിക്കുന്നത് എംഎസ്എംഇകളെ വളരാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. വൻകിട കമ്പനികൾ എംഎസ്എംഇകൾക്ക് സമയബന്ധിതമായി പണമടയ്ക്കുന്നതിന് പുതിയ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2047ലെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ ഇടത്തരക്കാരുടെ സാധ്യതകൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇടത്തരക്കാരെ ശാക്തീകരിക്കുന്നതിനായി കഴിഞ്ഞ വർഷങ്ങളിൽ ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന നിരവധി സുപ്രധാന തീരുമാനങ്ങൾ ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. നികുതി നിരക്കുകൾ കുറച്ചതും നടപടിക്രമങ്ങൾ ലളിതമാക്കുന്നതും സുതാര്യതയും വേഗം വർധിപ്പിക്കലും അദ്ദേഹം എടുത്തുപറഞ്ഞു. "എല്ലായ്‌പ്പോഴും ഇടത്തരക്കാർക്കൊപ്പം നിന്ന ഞങ്ങളുടെ ഗവണ്മെന്റ് അവർക്ക് വലിയ നികുതിയിളവ് നൽകിയിട്ടുണ്ട്", പ്രധാനമന്ത്രി ഉപസംഹരിച്ചു.
*****
-ND-
(Release ID: 1895511)
Visitor Counter : 165
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada