പ്രധാനമന്ത്രിയുടെ ഓഫീസ്‌

മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് തടസ്സമാകുന്ന എല്ലാ തടസ്സങ്ങള്‍ക്കും ഗവണ്‍മെന്റ് ചുവപ്പ് കാര്‍ഡ് കാണിച്ചു''

''ഇന്ത്യയും ഇത്തരമൊരു ലോകകപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്ന ദിവസവും, ഓരോ ഇന്ത്യക്കാരനും നമ്മുടെ ടീമിനെ പ്രോത്സാഹിപ്പിക്കന്ന ദിവസവും വിദൂരമല്ല''

''വികസനം ബജറ്റിലും ടെന്‍ഡറിലും തറക്കല്ലിടലിലും ഉദ്ഘാടനത്തിലും മാത്രം ഒതുങ്ങുന്നില്ല''

''ഇന്ന് നാം സാക്ഷ്യം വഹിക്കുന്ന പരിവര്‍ത്തനം നമ്മുടെ ഉദ്ദേശ്യങ്ങള്‍, ഉറച്ച തീരുമാനങ്ങള്‍, മുന്‍ഗണനകള്‍, നമ്മുടെ തൊഴില്‍ സംസ്‌കാരം എന്നിവയിലെ മാറ്റത്തിന്റെ ഫലമാണ്''

''കേന്ദ്ര ഗവണ്‍മെന്റ് ഈ വര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി മാത്രം 7 ലക്ഷം കോടി രൂപ ചെലവഴിക്കുകയാണ്, 8 വര്‍ഷം മുമ്പ് 2 ലക്ഷം കോടി രൂപയില്‍ താഴെയായിരുന്നു ഈ ചെലവ് ''

''പിഎം-ഡിവൈനിന് കീഴില്‍ 6,000 കോടി രൂപയുടെ ബജറ്റ് അടുത്ത 3-4 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ചിട്ടുണ്ട്''

''വടക്കുകിഴക്കന്‍ മേഖലകളോട് ഒരു'ഭിന്നിപ്പിക്കല്‍'സമീപനമാണ് മുന്‍ ഗവണ്‍മെന്റിനുണ്ടായിരുന്നത്; എന്നാല്‍ ഞങ്ങളുടെ ഗവണ്‍മെന്റ് 'വിശുദ്ധ ഉദ്ദേശ്യങ്ങളേു'മായാണ് മുന്നോട്ട് വന്നത്

Posted On: 18 DEC 2022 2:50PM by PIB Thiruvananthpuram

മേഘാലയയിലെ ഷില്ലോങ്ങില്‍ 2450 കോടിരൂപയിലധികം ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാജ്യത്തിന് സമര്‍പ്പിക്കലും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നിര്‍വഹിച്ചു.  അതിന് മുന്‍പ് ഷില്ലോങ്ങിലെ സ്‌റ്റേറ്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ യോഗത്തില്‍ പ്രധാനമന്ത്രി സംബന്ധിക്കുകയും അതിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഉദ്ഘാടനം ചെയ്ത വിവിധ പദ്ധതികളില്‍ പൂര്‍ത്തീകരിച്ച 320 ഉം, നിര്‍മ്മാണത്തിലിരിക്കുന്ന 890 ഉം 4ജി മൊബൈല്‍ ടവറുകള്‍, ഉംസാവ്‌ലിയിലെ ഐ.ഐ.എം ഷില്ലോങ്ങിന്റെ പുതിയ കാമ്പസ്, പുതിയ ഷില്ലോംഗ് സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലേക്ക് മികച്ച ബന്ധിപ്പിക്കല്‍ നല്‍കുന്ന ഷില്ലോംഗ്-ദിയങ്പാഷോ റോഡ്, മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള മറ്റ് നാലു റോഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു. കൂണ്‍ വികസന കേന്ദ്രത്തിലെ സ്‌പോണ്‍ (അണ്ഡം) ലബോറട്ടറിയും മേഘാലയയിലെ സംയോജിത തേനീച്ച വളര്‍ത്തല്‍ വികസന കേന്ദ്രവും മിസോറാം, മണിപ്പൂര്‍, ത്രിപുര, അസം എന്നിവിടങ്ങളിലെ 21 ഹിന്ദി ലൈബ്രറികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി ആറ് റോഡ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ടുറയിലെ ഇന്റഗ്രേറ്റഡ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന്റേയും ഷില്ലോംഗ് ടെക്‌നോളജി പാര്‍ക്ക് രണ്ടാംഘട്ടത്തിന്റെയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു.
പ്രകൃതിയിലും സംസ്‌കാരത്തിലും സമ്പന്നമായ ഒരു സംസ്ഥാനമാണ് മേഘാലയമെന്നും ഈ സമ്പന്നതയാണ് ജനങ്ങളുടെ ഊഷ്മളവും സ്വാഗതം ചെയ്യുന്ന സ്വഭാവത്തിലും പ്രതിഫലിക്കുന്നതെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ കൂടുതല്‍ വികസനത്തിന് ബന്ധിപ്പിക്കല്‍ വിദ്യാഭ്യാസം, നൈപുണ്യം, തൊഴില്‍ എന്നിവയിലൊക്കെ വരാനിരിക്കുന്നതും പുതുതായി ഉദ്ഘാടനം ചെയ്തതുമായ നിരവധി പദ്ധതികള്‍ക്ക് മേഘാലയയിലെ പൗരന്മാരെ അദ്ദേഹം അഭിനന്ദിച്ചു.
ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന ഈ വേളയില്‍ ഫുട്‌ബോള്‍ മൈതാനത്താണ് ഇന്നത്തെ പൊതുപരിപാടി നടക്കുന്നതെന്ന ആകസ്മികതയിലേക്ക് പ്രധാനമന്ത്രി എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ''ഒരു വശത്ത്, ഒരു ഫുട്‌ബോള്‍ മത്സരം നടക്കുന്നു, ഇവിടെ ഫുട്‌ബോള്‍ മൈതാനത്ത് നാം വികസനത്തിന്റെ മത്സരത്തിന് നേതൃത്വം നല്‍കുന്നു. ഫുട്‌ബോള്‍ ലോകകപ്പ് ഖത്തറിലാണ് നടക്കുന്നതെങ്കിലും ഇവിടുത്തെ ജനങ്ങളുടെ ആവേശത്തിന് ഒട്ടും കുറവില്ല'', അദ്ദേഹം അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് തടസ്സമാകുന്ന എല്ലാ തടസ്സങ്ങള്‍ക്കും നേരെ ഗവണ്‍മെന്റ് ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്ന് കളിയുടെ ഉത്സാഹത്തിന്  എതിരാകുന്ന വ്യക്തിക്ക് നേരെ ഫുട്‌ബോളില്‍ കാണിക്കുന്ന ചുവപ്പ് കാര്‍ഡിനോട് സാദൃശ്യപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി, അഭിപ്രായപ്പെട്ടു. ''അത് ഈ മേഖലയുടെ വികസനത്തിനെ തടസപ്പെടുത്തുന്ന അഴിമതിയോ, വിവേചനമോ, സ്വജനപക്ഷപാതമോ, അക്രമമോ അല്ലെങ്കില്‍ വോട്ട് ബാങ്ക് രാഷ്ട്രീയമോ ആകട്ടെ, ഈ തിന്മകളെയെല്ലാം പിഴുതെറിയാന്‍ ഞങ്ങള്‍ അര്‍പ്പണബോധത്തോടെയും സത്യസന്ധതയോടെയും പ്രവര്‍ത്തിക്കുകയാണ്'', അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം തിന്മകള്‍ ആഴത്തില്‍ വേരൂന്നിയതാണെങ്കിലും അവ ഓരോന്നിനേയും ഇല്ലാതാക്കാന്‍ നാം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ നല്ല ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഗവണ്‍മെന്റ് ഒരു പുതിയ സമീപനവുമായി മുന്നോട്ട് പോകുകയാണെന്നും അതിന്റെ ഗുണഫലങ്ങള്‍ വടക്ക് കിഴക്കന്‍ മേഖലകളിലും വ്യക്തമായി കാണാന്‍ കഴിയുന്നുവെന്നും കായിക വികസനത്തിന് ഊന്നല്‍ നല്‍കുന്നതിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ കായിക സര്‍വകലാശാല കൂടാതെ, വടക്കുകിഴക്കന്‍ മേഖലയില്‍ വിവിധോദ്ദേശ ഹാള്‍, ഫുട്‌ബോള്‍ ഫീല്‍ഡ്, അത്‌ലറ്റിക്‌സ് ട്രാക്ക് തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള തൊണ്ണൂറ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കുന്ന രാജ്യാന്തര ടീമുകളെയാണ് നമ്മള്‍ ഉറ്റുനോക്കുന്നതെങ്കിലും യുവാക്കളുടെ ശക്തിയില്‍ താന്‍ ഉറച്ചു വിശ്വസിക്കുന്നുവെന്നും ഇത്തരമൊരു ചരിത്രപ്രധാനമായ ടൂര്‍ണമെന്റ് ഇന്ത്യ സംഘടിപ്പിക്കുകയും അതില്‍ പങ്കെടുക്കുന്ന നമ്മുടെ ടീമിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹര്‍ഷാരവും മുഴക്കുന്ന ദിവസം വിദൂരമല്ലെന്നും ഉറപ്പുനല്‍കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
''വികസനം ബജറ്റിലും ടെന്‍ഡറിലും തറക്കല്ലിടലിലും ഉദ്ഘാടനങ്ങളിലും ഒതുങ്ങുന്നില്ല'', അദ്ദേഹം പറഞ്ഞു. 2014ന് മുന്‍പ് ഇതായിരുന്നു പതിവെന്നും തുടര്‍ന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''നമ്മുടെ ഉദ്ദേശ്യങ്ങള്‍, ഉറച്ചതീരുമാനങ്ങള്‍, മുന്‍ഗണനകള്‍, നമ്മുടെ തൊഴില്‍ സംസ്‌കാരം എന്നിവയിലുണ്ടായ മാറ്റത്തിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന പരിവര്‍ത്തനം. നമ്മുടെ നടപടിക്രമങ്ങളില്‍ അതിന്റെ ഫലങ്ങള്‍ കാണാന്‍ കഴിയും''. പ്രധാനമന്ത്രി വിശദീകരിച്ചു. ''ആധുനിക അടിസ്ഥാന സൗകര്യങ്ങളും ആധുനിക ബന്ധിപ്പിക്കലും ഉള്ള ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്നതാണ് ഉറച്ചതീരുമാനം. സബ്ക പ്രയാസ് (എല്ലാവരുടെയും പ്രയത്‌നങ്ങള്‍) വഴി ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളെയും വിഭാഗങ്ങളെയും ദ്രുതഗതിയിലുള്ള വികസനം എന്ന ലക്ഷ്യവുമായി ബന്ധിപ്പിക്കുക എന്നതാണ് ഉദ്ദേശ്യം. ദാരിദ്ര്യം ഇല്ലാതാക്കുക, അകലങ്ങള്‍ കുറയ്ക്കുക, കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഏര്‍പ്പെടുക, യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നിവയാണ് മുന്‍ഗണനകള്‍. ഓരോ പദ്ധതിയും പരിപാടിയും സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കും എന്നാണ് തൊഴില്‍ സംസ്‌കാരത്തിലെ മാറ്റം സൂചിപ്പിക്കുന്നത്.'' പ്രധാനമന്ത്രി വിശദീകരിച്ചു. ഈ വര്‍ഷം 7 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി കേന്ദ്ര ഗവണ്‍മെന്റ് ചെലവഴിക്കുന്നത്, 8 വര്‍ഷം മുമ്പ് 2 ലക്ഷം കോടി രൂപയില്‍ താഴെയായിരുന്നു ഈ ചെലവ് എന്നും പ്രധാനമന്ത്രി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഷില്ലോങ്ങ് ഉള്‍പ്പെടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ തലസ്ഥാനങ്ങളെയും റെയില്‍ സേവനവുമായി ബന്ധിപ്പിക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളുടെയും 2014-ന് മുമ്പ് 900-ആയിരുന്ന പ്രതിവാര വിമാനങ്ങളുടെ എണ്ണം ഇന്ന് 1900 ആയി വര്‍ദ്ധിച്ചതിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടികൊണ്ട് വടക്കുകിഴക്കന്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മേഘാലയയില്‍ 16 റൂട്ടുകളില്‍ ഉഡാന്‍ പദ്ധതി പ്രകാരം വിമാനങ്ങളുണ്ട്, ഇതിന്റെ ഫലമായി മേഘാലയയിലെ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള വിമാനക്കൂലിയാണുള്ളതെന്നും പ്രധാനമന്ത്രി അറിയിച്ചു. കൃഷി ഉഡാന്‍ പദ്ധതിയിലൂടെ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും രാജ്യത്തിനകത്തും പുറത്തുമുള്ള വിപണികളിലേക്ക് എളുപ്പത്തില്‍ എത്തിക്കാനാകുമെന്ന് മേഘാലയയിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും കര്‍ഷകര്‍ക്കുള്ള നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടികൊണ്ട്, പ്രധാനമന്ത്രി അറിയിച്ചു.
ഇന്ന് ഉദ്ഘാടനം ചെയ്ത ബന്ധിപ്പിക്കല്‍ പദ്ധതികളിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 8 വര്‍ഷത്തിനിടെ മേഘാലയയില്‍ ദേശീയ പാതയുടെ നിര്‍മ്മാണത്തിനായി 5,000 കോടി രൂപ ചെലവഴിച്ചതായി ചൂണ്ടിക്കാട്ടി. അതോടൊപ്പം കഴിഞ്ഞ 8 വര്‍ഷം കൊണ്ട് മേഘാലയയില്‍ പ്രധാന്‍മന്ത്രി സഡക് യോജനയ്ക്ക് കീഴില്‍ നിര്‍മ്മിച്ച ഗ്രാമീണ റോഡുകളുടെ എണ്ണം. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതിനേക്കാള്‍ ഏഴു മടങ്ങ് കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
ഒപ്റ്റിക്കല്‍ ഫൈബര്‍ കവറേജ് 2014 നെ അപേക്ഷിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ 4 മടങ്ങും മേഘാലയയില്‍ 5 മടങ്ങും വര്‍ദ്ധിച്ചതായി വടക്കുകിഴക്കന്‍ മേഖലയിലെ യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള വര്‍ദ്ധിച്ച ഡിജിറ്റല്‍ ബന്ധിപ്പിക്കലിനെക്കുറിച്ച് സംസാരിക്കവെ, പ്രധാനമന്ത്രി അറിയിച്ചു. മേഖലയിലെ എല്ലാ ഭാഗങ്ങളിലേക്കും മൊബൈല്‍ ബന്ധിപ്പിക്കല്‍ എത്തിക്കുന്നതിനായി 5000 കോടി രൂപ ചെലവില്‍ ആറായിരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഈ അടിസ്ഥാന സൗകര്യങ്ങള്‍ മേഘാലയയിലെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കും'', പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഐ.ഐ.എമ്മും ടെക്‌നോളജി പാര്‍ക്ക് വിദ്യാഭ്യാസവും ഈ മേഖലയില്‍ വരുമാനത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിച്ച്, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വടക്കുകിഴക്കന്‍ മേഖല 150 ലധികം ഏകലവ്യ സ്‌കൂളുകളുടെ നിര്‍മ്മാണത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്നും അതില്‍ 39 എണ്ണം മേഘാലയയിലാണെന്നും അദ്ദേഹം അറിയിച്ചു.
റോപ്പ് വേകളുടെ ശൃംഖല നിര്‍മ്മിക്കുന്ന പര്‍വ്വത്മാല പദ്ധതിയുടെയും വന്‍കിട വികസന പദ്ധതികള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം നല്‍കി വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കാന്‍ പോകുന്ന പി.എം ഡിവൈന്‍ പദ്ധതിയുടെയും ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '' അടുത്ത 3-4 വര്‍ഷത്തേക്ക് പി.എം.-ഡിവൈന് കീഴില്‍ 6,000 കോടി രൂപയുടെ ബജറ്റ് നിശ്ചയിച്ചിട്ടുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഭരിച്ചിരുന്ന ഗവണ്‍മെന്റുകളുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളോടുള്ള 'ഭിന്നിപ്പിക്കല്‍' സമീപനത്തിത്തോട് പ്രതികരിച്ച പ്രധാനമന്ത്രി, ഞങ്ങളുടെ ഗവണ്‍മെന്റ് 'വിശുദ്ധ'' ഉദ്ദേശ്യങ്ങളോടെയാണ് വന്നിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. '' അത് വ്യത്യസ്ത സമൂഹങ്ങളായാലും വ്യത്യസ്ത പ്രദേശങ്ങളായാലും എല്ലാത്തരം വിഭജനങ്ങളും ഞങ്ങള്‍ നീക്കം ചെയ്യുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍, ഇന്ന്, തര്‍ക്കങ്ങളുടെ അതിരുകള്‍ക്കല്ല, വികസനത്തിന്റെ ഇടനാഴികള്‍ നിര്‍മ്മിക്കുന്നതിനാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്'', അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ പല സംഘടനകളും അക്രമത്തിന്റെ പാത ത്യജിച്ച് ശാശ്വതമായ സമാധാനത്തില്‍ അഭയം പ്രാപിച്ചതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. അഫ്‌സ്പ (ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) യുടെ ആവശ്യം ഇന്ന് വടക്ക് കിഴക്കന്‍ മേഖലയില്‍ വേണ്ടാത്തതിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പതിറ്റാണ്ടുകളായി സംസ്ഥാനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുന്നതോടെ സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായത്തോടെ സ്ഥിതിഗതികള്‍ നിരന്തരം മെച്ചപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയിലെ പ്രാന്തപ്രദേശമെന്നതിനു പകരം വടക്കുകിഴക്കന്‍ മേഖല സുരക്ഷയുടെയും സമൃദ്ധിയുടെയും കവാടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന ഊര്‍ജ്ജസ്വല ഗ്രാമ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ശത്രുക്കള്‍ക്ക് ഗുണം ചെയ്യുമെന്ന ഭയത്തിന്റെ പേരില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ബന്ധിപ്പിക്കല്‍ വ്യാപിക്കുന്നതിന് സാക്ഷ്യം വഹിക്കാനാകാത്തതില്‍ പ്രധാനമന്ത്രി പരിതപിച്ചു. ''ഇന്ന് ഞങ്ങള്‍ ധൈര്യത്തോടെ അതിര്‍ത്തിയില്‍ പുതിയ റോഡുകള്‍, പുതിയ തുരങ്കങ്ങള്‍, പുതിയ പാലങ്ങള്‍, പുതിയ റെയില്‍വേ ലൈനുകള്‍, എയര്‍സ്ട്രിപ്പുകള്‍ എന്നിവ നിര്‍മ്മിക്കുകയാണ്. വിജനമായ അതിര്‍ത്തി ഗ്രാമങ്ങള്‍ ചടുലമായി മാറുകയാണ്. നമ്മുടെ നഗരങ്ങള്‍ക്ക് ആവശ്യമായ വേഗത നമ്മുടെ അതിര്‍ത്തികള്‍ക്കും ആവശ്യമാണ്''. പ്രധാനമന്ത്രി പറഞ്ഞു.
പരിശുദ്ധ മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയെ അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ന് മാനവികത നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്യുകയും അവയെ നേരിടാനുള്ള യോജിച്ച മൂര്‍ത്തമായ ഒരു ശ്രമത്തിന് സമവായത്തിലെത്തിയതായും പറഞ്ഞു. 'ഈ വികാരം ശക്തിപ്പെടുത്തേണ്ടതുണ്ട്', പ്രധാനമന്ത്രി പറഞ്ഞു.
ഗവണ്‍മെന്റ് സ്വീകരിക്കുന്ന സമാധാനത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് നമ്മുടെ ഗോത്രവര്‍ഗ്ഗ സമൂഹമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗോത്രവര്‍ഗ്ഗ സമൂഹത്തിന്റെ പാരമ്പര്യവും ഭാഷയും സംസ്‌കാരവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ആദിവാസി മേഖലകളുടെ വികസനമാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുളയുമായി ബന്ധപ്പെട്ട ഗോത്രവര്‍ഗ്ഗ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഊര്‍ജം പകര്‍ന്നതായി മുളയുടെ വിളവെടുപ്പ് നിരോധനം നിര്‍ത്തലാക്കിയതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. ''വനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധനയ്ക്കായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 850 വന്‍ ധന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പല സ്വയം സഹായ സംഘങ്ങളും അവരുമായി ബന്ധപ്പെട്ടിരിക്കുന്നു, അവയില്‍ പലതും നമ്മുടെ സഹോദരിമാരുടേതുമാണ്'', അദ്ദേഹം അറിയിച്ചു.
വീട്, വെള്ളം, വൈദ്യുതി തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തോതില്‍ പ്രയോജനം ചെയ്തിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 2 ലക്ഷം പുതിയ വീടുകളില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചു. പാവപ്പെട്ടവര്‍ക്കായി 70,000-ത്തിലധികം വീടുകള്‍ അനുവദിച്ചു, 3 ലക്ഷം വീടുകള്‍ക്ക് പൈപ്പ് വെള്ള കണക്ഷനുകളും ലഭിച്ചു. ''ഈ പദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ നമ്മുടെ ഗോത്രവര്‍ഗ്ഗ കുടുംബങ്ങളാണ്'', അദ്ദേഹം പറഞ്ഞു.
തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രദേശത്തിന്റെ വികസനത്തിന്റെ തുടര്‍ വേഗത്തിന് പ്രധാനമന്ത്രി ആശംസള്‍ നേര്‍ന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിനായു്‌ളള എല്ലാ ഊര്‍ജത്തിന്റെയും അടിത്തറയായി ജനങ്ങളുടെ അനുഗ്രഹത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. വരാനിരിക്കുന്ന ക്രിസ്മസിന് അദ്ദേഹം ആശംസകളുംം അറിയിച്ചു.
മേഘാലയ മുഖ്യമന്ത്രി ശ്രീ കോണ്‍റാഡ് കെ സംഗ്മ, മേഘാലയ ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി.ഡി മിശ്ര (റിട്ട), കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ ശ്രീ ജി കിഷന്‍ റെഡ്ഡി, ശ്രീ കിരണ്‍ റിജിജു, സര്‍ബനാന്ദ സോനോവാള്‍, കേന്ദ്ര സഹമന്ത്രി ശ്രീ ബി എല്‍ വര്‍മ്മ, മണിപ്പൂര്‍ മുഖ്യമന്ത്രി ശ്രീ എന്‍ ബിരേന്‍ സിംഗ്, മിസോറാം മുഖ്യമന്ത്രി ശ്രീ സോറാംതംഗ, അസം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശര്‍മ്മ, നാഗാലാന്‍ഡ് മുഖ്യമന്ത്രി ശ്രീ നെയ്ഫിയു റിയോ, സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു, ത്രിപുര മുഖ്യമന്ത്രി ശ്രീ മണിക് സാഹ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


പശ്ചാത്തലം :
മേഖലയിലെ ടെലികോം ബന്ധിപ്പിക്കല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായി, പൂര്‍ത്തീകരിച്ച 320 ലധികം എണ്ണവും നിര്‍മ്മാണത്തിലിരിക്കുന്ന ഏകദേശം 890 എണ്ണവും 4ജി മൊബൈല്‍ ടവറുകള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഉംസാവ്‌ലിയില്‍ ഐ.ഐ.എം ഷില്ലോങ്ങിന്റെ പുതിയ കാമ്പസും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പുതിയ ഷില്ലോംഗ് സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലേക്ക് മികച്ച ബന്ധിപ്പിക്കല്‍ പ്രദാനം ചെയ്യുന്നതും ഷില്ലോങ്ങിലെ തിരക്ക് കുറയ്ക്കുന്നതുമായ ഷില്ലോംഗ് - ഡീങ്പാസോ റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മേഘാലയ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്. എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി മറ്റ് നാല് റോഡ് പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
കൂണ്‍ സ്‌പോണ്‍ (അണ്ഡം) ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും നൈപുണ്യത്തിനായി പരിശീലനം നല്‍കുന്നതിനുമായി മേഘാലയയിലെ കൂണ്‍ വികസന കേന്ദ്രത്തില്‍ സ്‌പോണ്‍ (അണ്ഡ) ലബോറട്ടറി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കാര്യശേഷി വര്‍ദ്ധനവിലൂടെയും സാങ്കേതിക വിദ്യ ആധുനികമാക്കുന്നതിലൂടെയും തേനീച്ച വളര്‍ത്തല്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗ്ഗം മെച്ചപ്പെടുത്തുന്നതിനായി മേഘാലയയില്‍ ആരംഭിച്ച സംയോജിത തേനീച്ചവളര്‍ത്തല്‍ വികസന കേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മിസോറാം, മണിപ്പൂര്‍, ത്രിപുര, അസം എന്നിവിടങ്ങളിലെ 21 ഹിന്ദി ലൈബ്രറികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
അസം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലായി ആറ് റോഡ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു. ടുറയിലെ ഇന്റഗ്രേറ്റഡ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഷില്ലോംഗ് ടെക്‌നോളജി പാര്‍ക്ക് രണ്ടാംഘട്ടത്തിന്റേയും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിച്ചു. ടെക്‌നോളജി പാര്‍ക്ക് രണ്ടാം ഘട്ടത്തിന് ഏകദേശം 1.5 ലക്ഷം ചതുരശ്ര അടി നിര്‍മ്മാണ വിസ്തൃതി ഉണ്ടായിരിക്കും. ഇത് പ്രൊഫഷണലുകള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുകയും 3000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇന്റഗ്രേറ്റഡ് ഹോസ്പിറ്റാലിറ്റി ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരു കണ്‍വെന്‍ഷന്‍ ഹബ്, ഗസ്റ്റ് റൂമുകള്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയവ ഉണ്ടായിരിക്കും. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ഈ മേഖലയിലെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇത് ഒരുക്കും

--ND---



(Release ID: 1884593) Visitor Counter : 150