പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അരുണാചൽ പ്രദേശിലെ ആദ്യ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു


600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയവും രാഷ്ട്രത്തിനു സമർപ്പിച്ചു



“വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം തെരഞ്ഞെടുപ്പുതന്ത്രമെന്നു വിളിച്ച വിമർശകർക്കുള്ള മറുപടിയാണു ഡോണി പോളോ വിമാനത്താവളം”



“അതിർത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി പരിഗണിച്ചാണു ഞങ്ങളുടെ ഗവണ്മെന്റ് പ്രവർത്തിച്ചത്”



“വിനോദസഞ്ചാരമാകട്ടെ, വ്യാപാരമാകട്ടെ, ടെലികോമോ തുണിത്തരങ്ങളോ ആകട്ടെ, അവയിലെല്ലാം വടക്കുകിഴക്കിനാണു മുൻതൂക്കം”



“ഇതു പ്രതീക്ഷകളുടെയും വികസനസ്വപ്നങ്ങളുടെയും പുതുയുഗമാണ്; ഇന്നത്തെ പരിപാടി ഇന്ത്യയുടെ നവസമീപനത്തിന്റെ ഉത്തമോദാഹരണമാണ്”



“കഴിഞ്ഞ എട്ടുവർഷത്തിനിടെ വടക്കുകിഴക്കൻ മേഖലയിൽ ഏഴു വിമാനത്താവളങ്ങൾ നിർമിച്ചു”



“ഡോണി പോളോ വിമാനത്താവളം അരുണാചൽ പ്രദേശിന്റെ ചരിത്രത്തിനും സംസ്കാരത്തിനും സാക്ഷിയാകുകയാണ്


“ഇനി നിങ്ങൾക്കു മറ്റേതൊരു വിളയെയുംപോലെ മുളയും കൃഷിചെയ്യാം; വിളവെടുക്കാം, വിൽക്കാം



“പാവപ്പെട്ടവർ അന്തസുറ്റ ജീവിതം നയിക്കുന്നതിനാണു ഗവണ്മെന്റ് മുൻഗണനയേകുന്നത്”


“കൂട്ടായ പ്രയത്നത്തിലൂടെ സംസ്ഥാനത്തെ ഇരട്ട എൻജിൻ ഗവണ്മെന്റ് അരുണാചൽ പ്രദേശിന്റെ വികസനത്തിനു പ്രതിജ്ഞാബദ്ധമാണ്”


Posted On: 19 NOV 2022 12:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളം ഉദ്ഘാടനംചെയ്തു. 600 മെഗാവാട്ട് കാമെങ് ജലവൈദ്യുതനിലയം അദ്ദേഹം രാഷ്ട്രത്തിനു സമർപ്പിക്കുകയുംചെയ്തു. 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രിതന്നെയാണ് ഈ വിമാനത്താവളത്തിനു തറക്കല്ലിട്ടത്. മഹാമാരിയെത്തുടർന്നു വെല്ലുവിളികളുണ്ടായെങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്താവളത്തിന്റെ പണി പൂർത്തിയാക്കാനായി.

യോഗത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, അരുണാചൽ പ്രദേശിലേക്കുള്ള തുടർച്ചയായ തന്റെ സന്ദർശനങ്ങൾ അനുസ്മരിക്കുകയും ഇന്നത്തെ പരിപാടി വലിയ തോതിൽ സംഘടിപ്പിച്ചതു ചൂണ്ടിക്കാട്ടുകയും അരുണാചൽ ജനതയ്ക്ക് അവരുടെ സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള പ്രതിബദ്ധതയെ പ്രശംസിക്കുകയുംചെയ്തു. ഉല്ലാസഭരിതവും അച്ചടക്കമാർന്നതുമായ അരുണാചലിലെ ജനങ്ങളുടെ പ്രകൃതത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശിലാസ്ഥാപനം നിർവഹിച്ച പദ്ധതി‌കളുടെ ഉദ്ഘാടനം താൻതന്നെ നടത്തുന്ന തരത്തി‌ൽ മാറ്റം വന്ന തൊഴിൽസംസ്കാരത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം തെരഞ്ഞെടുപ്പുതന്ത്രമെന്നു വിളിച്ച വിമർശകർക്കുള്ള മറുപടിയാണു ഡോണി പോളോ വിമാനത്താവളത്തിന്റെ ഉദ്ഘാടനമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിന്താധാര ഉൾക്കൊള്ളാനും സംസ്ഥാനത്തിന്റെ വികസനങ്ങളെ രാഷ്ട്രീയനേട്ടങ്ങളുടെ കണ്ണിലൂടെ കാണുന്നത് അവസാനിപ്പിക്കാനും പ്രധാനമന്ത്രി രാഷ്ട്രീയനിരൂപകരോട് അഭ്യർഥിച്ചു. സംസ്ഥാനത്ത് അടുത്തിടെയൊന്നും തെരഞ്ഞെടുപ്പുകൾ നടക്കാനില്ലെന്നും അദ്ദേഹം അനുബന്ധമായി ചൂണ്ടിക്കാട്ടി.  സംസ്ഥാനത്തിന്റെ വികസനത്തിനാണു ഗവണ്മെന്റ് മുൻഗണനയേകുന്നത്. “ഉദയസൂര്യന്റെ നാട്ടിൽനിന്നാണു ഞാൻ ദിവസം ആരംഭിച്ചത്. ഈ ദിനം അവസാനിപ്പിക്കുന്നത് ഇന്ത്യയിൽ സൂര്യനസ്തമിക്കുന്ന ദാമനിലാകും. അതിനിടയിൽ ഞാൻ കാശിയിലുമുണ്ടാകും”- അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വടക്കുകിഴക്കൻ മേഖല നിസംഗതയും അവഗണനയും നേരിട്ടിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടൽ ബിഹാരി വാജ്പേയിയുടെ ഗവണ്മെന്റാണ് ഈ മേഖലയ്ക്കു ശ്രദ്ധ നൽകുകയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും ചെയ്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. പിന്നീട്, ആ വേഗത നഷ്ടപ്പെട്ടു. എന്നാൽ 2014നുശേഷം, വികസനത്തിന്റെ പുതിയ അധ്യായത്തിനു തുടക്കമായി. “നേരത്തെ, വിദൂര അതിർത്തിഗ്രാമങ്ങളെ അവസാനഗ്രാമമായാണു കണക്കാക്കിയിരുന്നത്. അതിർത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളെ രാജ്യത്തെ ആദ്യത്തെ ഗ്രാമമായി പരിഗണിച്ചാണു ഞങ്ങളുടെ ഗവണ്മെന്റ് പ്രവർത്തിച്ചത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനം ഗവണ്മെന്റിന്റെ മുൻഗണനാവിഷയമാക്കുന്നതിന് ഇതു കാരണമായി. വിനോദസഞ്ചാരമാകട്ടെ, വ്യാപാരമാകട്ടെ, ടെലികോമോ തുണിത്തരങ്ങളോ ആകട്ടെ, അവയിലെല്ലാം വടക്കുകിഴക്കിനാണു മുൻതൂക്കം ലഭിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. “ഡ്രോൺ സാങ്കേതികവിദ്യയായാലും കൃഷി ഉഡാനായാലും, വിമാനത്താവള സമ്പർക്കസംവിധാനമോ തുറമുഖ സമ്പർക്കസംവിധാനമോ ആയാലും വികസനത്തിന്റെ കാര്യത്തിൽ വടക്കുകിഴക്കൻ മേഖലയ്ക്കു ഗവണ്മെന്റ് മുൻഗണന നൽകിയിട്ടുണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലം, ഏറ്റവും നീളംകൂടിയ റെയിൽവേ പാലം, റെയിൽപാതാ സമ്പർക്കസൗകര്യം, ഹൈവേകളുടെ റെക്കോർഡ് നിർമാണം എന്നിവ പ്രധാനമന്ത്രി ഉദാഹരണമാക്കി. “ഇതു പ്രതീക്ഷകളുടെയും വികസനസ്വപ്നങ്ങളുടെയും പുതുയുഗമാണ്. ഇന്നത്തെ പരിപാടി ഇന്ത്യയുടെ നവസമീപനത്തിന്റെ ഉത്തമോദാഹരണമാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഡോണി പോളോ വിമാനത്താവളം അരുണാചൽ പ്രദേശിൽ പ്രവർത്തനക്ഷമമാകുന്ന നാലാമത്തെ വിമാനത്താവളമാകുമെന്നും വടക്കുകിഴക്കൻ മേഖലയിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 16 ആയി ഉയർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 1947 മുതൽ 2014 വരെ വടക്കുകിഴക്കൻ മേഖലയിൽ 9 വിമാനത്താവളങ്ങൾ മാത്രമാണു നിർമിച്ചത്. കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിൽ 7 വിമാനത്താവളങ്ങൾ നിർമിച്ചു. ഈ മേഖലയിലെ വിമാനത്താവളങ്ങളുടെ ദ്രുതഗതിയിലുള്ള വികസനം വടക്കുകിഴക്കൻ മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുന്നതിൽ പ്രധാനമന്ത്രിക്കുള്ള പ്രത്യേക ശ്രദ്ധ പ്രതിഫലിപ്പിക്കുന്നു. വടക്കുകിഴക്കൻ ഇന്ത്യയെ ബന്ധിപ്പിക്കുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയായെന്നും അദ്ദേഹം പറഞ്ഞു.  “ഡോണി പോളോ വിമാനത്താവളം അരുണാചൽ പ്രദേശിന്റെ ചരിത്രത്തിനും സംസ്കാരത്തിനും സാക്ഷിയാകുകയാണ്”- ശ്രീ മോദി പറഞ്ഞു.  ‘ഡോണി’ എന്നാൽ സൂര്യനും ‘പോളോ’ എന്നാൽ ചന്ദ്രനുമാണെന്ന്, വിമാനത്താവളത്തിന്റെ പേരിട്ടതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനവുമായി സൂര്യന്റെയും ചന്ദ്രന്റെയും പ്രകാശത്തിനുള്ള സാമ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, പാവപ്പെട്ടവരുടെ വികസനംപോലെ പ്രധാനമാണു വിമാനത്താവളത്തിന്റെ വികസനമെന്നും പറഞ്ഞു.

അരുണാചൽ പ്രദേശിലെ അടിസ്ഥാനസൗകര്യവികസനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങളിലെ ഹൈവേ നിർമാണത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, സമീപഭാവിയിൽ കേന്ദ്രഗവണ്മെന്റ് 50,000 കോടിരൂപകൂടി ചെലവഴിക്കാൻ പോകുകയാണെന്നും കൂട്ടിച്ചേർത്തു. അരുണാചൽ പ്രദേശിന്റെ പ്രകൃതിസൗന്ദര്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, വിനോദസഞ്ചാരത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിനു വലിയ സാധ്യതകളുണ്ടെന്നും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വിദൂരപ്രദേശങ്ങളിലേക്കു ശരിയായ സമ്പർക്കസൗകര്യങ്ങൾ വേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അരുണാചലിലെ 85 ശതമാനം ഗ്രാമങ്ങളും പ്രധാനമന്ത്രി ഗ്രാം സഡക് യോജനയുമായി കൂട്ടിയിണക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിമാനത്താവള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതോടെ കാർഗോ സേവനരംഗത്തു വലിയ അവസരങ്ങളുണ്ടാകും. അതിലൂടെ, സംസ്ഥാനത്തെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഇപ്പോൾ വലിയ വിപണികളിൽ വിൽക്കാൻ സാധിക്കും. പിഎം കിസാൻ നിധിയുടെ നേട്ടങ്ങൾ സംസ്ഥാനത്തെ കർഷകർക്ക് അനുഭവവേദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുള വിളവെടുപ്പിൽനിന്ന് അരുണാചൽ പ്രദേശിലെ ജനങ്ങളെ വിലക്കിയ കോളനിവാഴ്ചക്കാലത്തെ നിയമത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ നിയമം നിർത്തലാക്കാനുള്ള ഗവണ്മെന്റിന്റെ നടപടിയെക്കുറിച്ചും വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ജീവിതശൈലിയുടെ ഭാഗമാണു മുളയെന്നും ഇന്ത്യയിലുടനീളവും ലോകമെമ്പാടും മുള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പ്രദേശത്തെ ജനങ്ങളെ മുളക്കൃഷി സഹായിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇനി നിങ്ങൾക്കു മറ്റേതൊരു വിളയുംപോലെ മുള കൃഷിചെയ്യാനും വിളവെടുക്കാനും വിൽക്കാനും കഴിയും”- അദ്ദേഹം കൂട്ടിച്ചേർത്തു.


“പാവപ്പെട്ടവർ അന്തസുറ്റ ജീവിതം നയിക്കുന്നതിനാണു ഗവണ്മെന്റ് മുൻഗണനയേകുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. മലയോരമേഖലകളിൽ വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്നതിൽ മുൻ ഗവണ്മെന്റുകൾ സ്വീകരിച്ച നടപടികളെ വിമർശിച്ച പ്രധാനമന്ത്രി നിലവിലെ ഗവണ്മെന്റ് ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരം 5 ലക്ഷംരൂപവരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ടെന്നു വ്യക്തമാക്കി. പ്രധാനമന്ത്രി ആവാസ് യോജന, മോഡൽ ഏകലവ്യ സ്കൂളുകൾ, അരുണാചൽ സ്റ്റാർട്ടപ്പ് നയം എന്നിവയും അദ്ദേഹം ഉദാഹരണമാക്കി. 2014-ൽ ആരംഭിച്ച എല്ലാവർക്കും വൈദ്യുതിയെത്തിക്കുന്ന സൗഭാഗ്യ യോജനയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്വാതന്ത്ര്യത്തിനുശേഷം അരുണാചൽ പ്രദേശിലെ പല ഗ്രാമങ്ങൾക്കും ഇതാദ്യമായി വൈദ്യുതി ലഭിച്ചുവെന്നും ചൂണ്ടിക്കാട്ടി.
 
“സംസ്ഥാനത്തെ എല്ലാ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും വികസനമെത്തിക്കുന്നതിനു ദൗത്യമെന്ന നിലയിലാണു ഞങ്ങൾ പ്രവർത്തിക്കുന്നത്”- ശ്രീ മോദി പറഞ്ഞു. ‘ഊർജസ്വലമായ അതിർത്തിഗ്രാമങ്ങൾ’ക്കുള്ള പരിപാടിക്കുകീഴിൽ എല്ലാ അതിർത്തിഗ്രാമങ്ങളും വികസിപ്പിക്കുന്നതിനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു, ഇതു വിനോദസഞ്ചാരത്തിന് ഉത്തേജനമേകുകയും മേഖലയിലെ കുടിയേറ്റം കുറയ്ക്കുകയുംചെയ്യും. പ്രതിരോധമേഖലയിൽ പരിശീലനം നൽകുന്നതിനൊപ്പം രാജ്യത്തെ സേവിക്കാനുള്ള വികാരമുണർത്തുന്ന എൻസിസിയുമായി രാജ്യത്തെ യുവാക്കളെ ബന്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണു സംസ്ഥാനത്തു നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. “കൂട്ടായ പ്രയത്നത്തിലൂടെ സംസ്ഥാനത്തെ ഇരട്ട എൻജിൻ ഗവണ്മെന്റ് അരുണാചൽ പ്രദേശിന്റെ വികസനത്തിനു പ്രതിജ്ഞാബദ്ധമാണ്”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖാണ്ഡു, ഗവർണർ ബി ഡി മിശ്ര, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം :

ഡോണി പോളോ വിമാനത്താവളം, ഇറ്റാനഗർ

വടക്കുകിഴക്കൻ മേഖലയിലെ സമ്പർക്കസൗകര്യം വർധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി, അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളമായ ഇറ്റാനഗറിലെ ‘ഡോണി പോളോ വിമാനത്താവളം’ പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. വിമാനത്താവളത്തിന്റെ പേര് അരുണാചൽ പ്രദേശിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സാംസ്കാരികപൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. പ്രദേശവാസികൾക്കു സൂര്യനോടും (‘ഡോണി') ചന്ദ്രനോടു(‘പോളോ’)മുള്ള കാലപ്പഴക്കംചെന്ന ആരാധനാമനോഭാവത്തെയും ഇതു പ്രതിഫലിപ്പിക്കുന്നു.

690 ഏക്കറിലധികം വിസ്തൃതിയുള്ള അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം വികസിപ്പിച്ചെടുത്തത് 640 കോടിയിലധികംരൂപ ചെലവിലാണ്. 2300 മീറ്റർ റൺവേയുള്ള വിമാനത്താവളം എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്നതിന് അനുയോജ്യമാണ്. ഊർജകാര്യക്ഷമത, പുനരുൽപ്പാദക ഊർജം, വിഭവങ്ങളുടെ പുനരുപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആധുനികരീതിയിലുള്ള കെട്ടിടമാണു വിമാനത്താവള ടെർമിനൽ. 

ഇറ്റാനഗറിൽ പുതിയ വിമാനത്താവളം വികസിപ്പിച്ചതു മേഖലയിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുക മാത്രമല്ല, വ്യാപാരത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും വളർച്ചയ്ക്ക് ഉത്തേജകമായി പ്രവർത്തിക്കുകയും, അതിലൂടെ പ്രദേശത്തിന്റെ സാമ്പത്തികവികസനത്തിന് ഉത്തേജനമേകുകയുംചെയ്യും.

മിസോറം, മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ അഞ്ചു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ 75 വർഷത്തിനിടെ ഇതാദ്യമായാണു വിമാനങ്ങൾ പറന്നുയരുന്നത്.

2014നെ അപേക്ഷിച്ചു വടക്കുകിഴക്കൻമേഖലയിലെ വിമാനങ്ങളുടെ സഞ്ചാരം 113% വർധിച്ചു. 2014ൽ ആഴ്ചയിൽ 852 വിമാനങ്ങളായിരുന്നത് 2022ൽ ആഴ്ചയിൽ 1817 എന്ന നിലയിൽ വർധിച്ചു.

600 മെഗാവാട്ട് കാമെങ് ജലവൈദ്യുത നിലയം

അരുണാചൽ പ്രദേശിലെ വെസ്റ്റ് കാമെങ് ജില്ലയിൽ 80 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 8450 കോടി രൂപ ചെലവിൽ വികസിപ്പിച്ച, ഈ പദ്ധതി അരുണാചൽ പ്രദേശിനെ വൈദ്യുതിമിച്ചസംസ്ഥാനമാക്കി മാറ്റും. ഗ്രിഡ് സ്ഥിരതയിലും സംയോജനത്തിന്റെ കാര്യത്തിലും ദേശീയ ഗ്രിഡിനു ഗുണംചെയ്യുകയുംചെയ്യും. ഹരിതോർജം വർധിപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പൂർത്തീകരിക്കുന്നതിൽ പദ്ധതി പ്രധാന പങ്കുവഹിക്കും.

--ND--

(Release ID: 1877242) Visitor Counter : 223