പ്രധാനമന്ത്രിയുടെ ഓഫീസ്
കേവഡിയയിലെ ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു
"കർത്തവ്യത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പാത എന്നെ ഇവിടെ എത്തിച്ചു; പക്ഷേ, എന്റെ മനസ് മോർബിദുരന്തത്തിന് ഇരയായവർക്കൊപ്പമാണ്"
"സർദാർ പട്ടേലിന്റെ നിശ്ചയദാർഢ്യത്തിൽനിന്നു രാജ്യമാകെ പ്രചോദനംകൊള്ളുന്നു"
"സർദാർ പട്ടേൽ ജയന്തിയും ഏകതാദിനവും നമുക്കു കലണ്ടറിലെ വെറും തീയതികളല്ല; ഇന്ത്യയുടെ സാംസ്കാരികശക്തിയുടെ മഹത്തായ ആഘോഷങ്ങളാണ്"
"അടിമത്തമനോഭാവം, സ്വാർഥത, പ്രീണനം, സ്വജനപക്ഷപാതം, അത്യാഗ്രഹം, അഴിമതി എന്നിവ രാജ്യത്തെ ഭിന്നിപ്പിക്കുകയും ദുർബലപ്പെടുത്തുകയുംചെയ്യും"
"ഐക്യത്തിന്റെ അമൃതിനാൽ നാം ഭിന്നിപ്പെന്ന വിഷത്തെ നേരിടണം"
"ഗവണ്മെന്റ്പദ്ധതികൾ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തിക്കൊണ്ടിരിക്കുന്നു; വിവേചനമേതുമില്ലാതെ ഏറ്റവുമൊടുവിലുള്ള വ്യക്തിയെയും കൂട്ടിയിണക്കുന്നു"
"അടിസ്ഥാനസൗകര്യങ്ങൾ തമ്മിലുള്ള അന്തരം കുറയുന്തോറും ഐക്യം ശക്തമാകും"
"രാജ്യത്തിന്റെ ഐക്യത്തിനായി തങ്ങളുടെ അവകാശങ്ങൾ ത്യജിച്ച രാജകുടുംബങ്ങളുടെ ത്യാഗത്തിനായി സമർപ്പിക്കപ്പെട്ട മ്യൂസിയം ഏകതാനഗറിൽ നിർമിക്കും"
Posted On:
31 OCT 2022 10:54AM by PIB Thiruvananthpuram
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഏകതാപ്രതിമയിൽ സർദാർ പട്ടേലിനു ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ദേശീയ ഏകതാദിനവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുകയുംചെയ്തു.
ഇന്നലെ മോർബിയിലുണ്ടായ ദുരന്തത്തിൽ നിരവധിപേർക്കു ജീവൻ നഷ്ടമായ സംഭവത്തിൽ അഗാധമായ ദുഃഖം പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി സംസാരിച്ചുതുടങ്ങിയത്. കേവഡിയയിലാണു താനിപ്പോഴുള്ളതെങ്കിലും മോർബിയിലെ ദുരന്തത്തിനിരയായവർക്കൊപ്പമാണു തന്റെ മനസെന്ന് അദ്ദേഹം പറഞ്ഞു. "ഒരുവശത്ത്, ദുഃഖം നിറഞ്ഞ മനസാണുള്ളത്. മറുവശത്തു കർമത്തിന്റെയും കർത്തവ്യത്തിന്റെയും പാതയും"- അദ്ദേഹം പറഞ്ഞു. ദേശീയ ഏകതാ ദിവസത്തിൽ കടമയുടെയും ഉത്തരവാദിത്വത്തിന്റെയും പാതയാണു തന്നെ ഇവിടെ എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെയുണ്ടായ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. ഇരയായവരുടെ കുടുംബങ്ങൾക്കൊപ്പം ഗവണ്മെന്റ് തോളോടു തോൾചേർന്നു നിൽക്കുമെന്നും ഉറപ്പുനൽകി. സംസ്ഥാനഗവണ്മെന്റ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കേന്ദ്രഗവണ്മെന്റ് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്. കരസേനയുടെയും വ്യോമസേനയുടെയും സംഘങ്ങൾക്കു പുറമെ, രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും പരിക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രികൾക്കും സഹായം നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വംനൽകാൻ ഗുജറാത്ത് മുഖ്യമന്ത്രി മോർബിയിൽ എത്തിയതായും സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സമിതിക്കു രൂപംനൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്ഷാപ്രവർത്തനത്തിന്റെ കാര്യത്തിൽ പോരായ്മകളൊന്നുമുണ്ടാകില്ലെന്നു പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകി. ദുരന്തത്തിന്റെ വെളിച്ചത്തിൽ ഇന്നു നടക്കേണ്ടിയിരുന്ന സാംസ്കാരിക പരിപാടി റദ്ദാക്കി.
2022ലെ ഏകതാ ദിവസത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു: "നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കിയ വർഷമാണിത്. നാം പുതിയ ദൃഢനിശ്ചയങ്ങളുമായി മുന്നോട്ടുപോകുകയാണ്". കുടുംബത്തിന്റെ കാര്യത്തിലാകട്ടെ, സമൂഹത്തിന്റെ കാര്യത്തിലാകട്ടെ, അതല്ല രാജ്യത്തിന്റെ കാര്യത്തിലാകട്ടെ, ഈ എല്ലാ ഘട്ടങ്ങളിലും ഐക്യം അനിവാര്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വികാരം രാജ്യത്തുടനീളം 75,000 'ഏകതാ റണ്ണു'കളുടെ രൂപത്തിൽ പ്രകടമാണ്- അദ്ദേഹം പറഞ്ഞു. "സർദാർ പട്ടേലിന്റെ ദൃഢനിശ്ചയത്തിൽനിന്നു രാജ്യം മുഴുവൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. ഓരോ പൗരനും രാജ്യത്തിന്റെ ഐക്യത്തിനും ‘പഞ്ചപ്രാൺ’ ഉണർത്താനും പ്രതിജ്ഞയെടുക്കുന്നു"- അദ്ദേഹം പറഞ്ഞു.
സർദാർ പട്ടേലിനെപ്പോലുള്ള നേതാക്കളല്ല നമ്മുടെ സ്വാതന്ത്ര്യസമരം നയിച്ചിരുന്നതെങ്കിലുള്ള സാഹചര്യത്തെക്കുറിച്ചു സങ്കൽപ്പിക്കാൻപോലും പ്രയാസമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 550ലധികം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ചില്ലെങ്കിൽ എന്തായിരുന്നിരിക്കും സംഭവിക്കുക? “നമ്മുടെ നാട്ടുരാജ്യങ്ങൾ ഭാരതമാതാവിനായി ആഴത്തിലുള്ള ത്യാഗബോധവും വിശ്വാസവും കാണിച്ചില്ലായിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു”- പ്രധാനമന്ത്രി ആരാഞ്ഞു. അസാധ്യമായ ഈ ദൗത്യം പൂർത്തിയാക്കിയതു സർദാർ പട്ടേലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സർദാർ പട്ടേൽ ജയന്തിയും ഏകതാ ദിനവും നമുക്കു കലണ്ടറിലെ കേവലം തീയതികൾ മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരികശക്തിയുടെ മഹത്തായ ആഘോഷങ്ങൾ കൂടിയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഐക്യം ഒരിക്കലും നിർബന്ധിച്ചുണ്ടാക്കിയതല്ല, അത് എല്ലായ്പ്പോഴും നമ്മുടെ രാജ്യത്തിന്റെ സവിശേഷതയായിരുന്നു. ഐക്യമാണു നമ്മുടെ പ്രത്യേകത”- പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ മോർബിയിൽ ഉണ്ടായതുപോലുള്ള ദുരന്തത്തിൽ രാജ്യമാകെ ഒന്നായി മുന്നോട്ടുവരികയാണെന്നും രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ജനങ്ങൾ പ്രാർഥനയും സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത്, മരുന്ന്, റേഷൻ, പ്രതിരോധമരുന്ന് എന്നിവയിലെ സഹകരണത്തിലേക്കുള്ള 'താലി-താലി'യുടെ വൈകാരിക ഐക്യത്തിൽ ഈ ഐക്യം പൂർണമായി വെളിവായിരുന്നു. കായിക വിജയങ്ങളിലും ഉത്സവങ്ങളിലും നമ്മുടെ അതിർത്തികളിൽ ഭീഷണിയുയരുമ്പോഴും നമ്മുടെ സൈനികർ അവരെ സംരക്ഷിക്കുമ്പോഴും സമാനവികാരങ്ങളുണ്ടായി. ഇതെല്ലാം ഇന്ത്യയുടെ ഐക്യത്തിന്റെ ആഴത്തെയാണു സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ഐക്യം, നൂറ്റാണ്ടുകളായി അധിനിവേശക്കാരുടെ കണ്ണിൽ കരടായിരുന്നു. അവർ വിഭജനത്തിലൂടെ അതിനെ ദുർബലമാക്കാൻ ശ്രമിച്ചു. എങ്കിലും നമ്മുടെ ബോധങ്ങളിൽ സജീവപ്രവാഹമായിരുന്ന ഐക്യത്തിന്റെ അമൃതം അവരുടെ പദ്ധതികൾ പരാജയപ്പെടുത്തി. ഇന്ത്യയുടെ വളർച്ചയിലും പുരോഗതിയിലും അസൂയപ്പെടുന്ന ശക്തികൾ ഇപ്പോഴും സജീവമാണെന്നും ജാതി, പ്രദേശം, ഭാഷ, ചരിത്രം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജനം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കാനും ദുർബലപ്പെടുത്താനും കഴിയുന്ന അടിമത്തമനോഭാവം, സ്വാർഥത, പ്രീണനം, സ്വജനപക്ഷപാതം, അത്യാഗ്രഹം, അഴിമതി എന്നിവയ്ക്കെതിരെയും അദ്ദേഹം മുന്നറിയിപ്പു നൽകി. "ഐക്യത്തിന്റെ അമൃതംകൊണ്ടു നാം ഭിന്നിപ്പിന്റെ വിഷത്തെ ചെറുക്കേണ്ടതുണ്ട്"- അദ്ദേഹം കൂട്ടിച്ചേർത്തു.
സർദാർ സാഹിബ് ഏൽപ്പിച്ച ഉത്തരവാദിത്വം ഏകതാ ദിനത്തിന്റെ വേളയിൽ ആവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കേണ്ടതു പൗരന്മാരുടെ ഉത്തരവാദിത്വമാണെന്നും രാജ്യത്തെ ഓരോ പൗരനും ഉത്തരവാദിത്വബോധത്തോടെ കടമകൾ നിർവഹിക്കാൻ തയ്യാറായാൽമാത്രമേ ഇതു സംഭവിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വബോധത്തോടെ 'ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പ്രയത്നം' എന്നിവ യാഥാർഥ്യമാകുമെന്നും ഇന്ത്യ വികസനത്തിന്റെ പാതയിൽ മുന്നേറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ്നയങ്ങൾ വിവേചനമേതുമില്ലാതെ രാജ്യത്തെ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സൂറത്തിലെ ജനങ്ങൾക്കു ലഭിക്കുന്നതുപോലെ അരുണാചൽ പ്രദേശിലെ സിയാങ്ങിലെ ജനങ്ങൾക്കു സൗജന്യ പ്രതിരോധമരുന്നുകൾ ലഭ്യമാക്കുന്നുവെന്ന് ഉദാഹരണങ്ങൾ നിരത്തി പ്രധാനമന്ത്രി പറഞ്ഞു. എയിംസ് പോലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ ഇപ്പോൾ ഗോരഖ്പുരിൽ മാത്രമല്ല, ബിലാസ്പുർ, ദർഭംഗ, ഗുവാഹത്തി, രാജ്കോട് തുടങ്ങി രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും കാണാം. തമിഴ്‌നാട്ടിൽ മാത്രമല്ല, ഉത്തർപ്രദേശിലും പ്രതിരോധ ഇടനാഴികളുടെ വികസനപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. വിവിധ പ്രദേശങ്ങളിൽ വിവിധ ഭാഷകൾ സംസാരിക്കുന്നുണ്ടെങ്കിലും വരികളിൽ നിൽക്കുന്ന അവസാനത്തെ വ്യക്തിയെയും കൂട്ടിയിണക്കി ഗവൺമെന്റ്പദ്ധതികൾ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും എത്തുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിനുപേർ അടിസ്ഥാന ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകളായി കാത്തിരുന്നത് എങ്ങനെയെന്നതിലേക്കു വെളിച്ചംവീശി പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: “അടിസ്ഥാനസൗകര്യങ്ങൾ തമ്മിലുള്ള അന്തരം കുറയുന്തോറും ഐക്യം ശക്തമാകും”. ഓരോ പദ്ധതിയുടെയും പ്രയോജനം ഓരോ ഗുണഭോക്താവിലും എത്തണം എന്ന ലക്ഷ്യത്തോടെ പൂർണത എന്ന തത്വത്തിലാണ് ഇന്ത്യ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും വീട്, എല്ലാവർക്കും ഡിജിറ്റൽ സമ്പർക്കസൗകര്യങ്ങൾ, എല്ലാവർക്കും ശുദ്ധമായ പാചകസംവിധാനങ്ങൾ, എല്ലാവർക്കും വൈദ്യുതി തുടങ്ങിയ പദ്ധതികൾ പ്രധാനമന്ത്രി ഉദാഹരിച്ചു. 100% പൗരന്മാരിലേക്കും എത്തിച്ചേരുക എന്ന ദൗത്യം സമാനമായ സൗകര്യങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് ഏകീകൃതലക്ഷ്യങ്ങൾ, ഏകീകൃത വികസനം, ഏകീകൃത പ്രയത്നം എന്നിവയുടെ പൊതുവായ ലക്ഷ്യത്തിന് ഊന്നൽ നൽകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന ജീവിതാവശ്യങ്ങൾ സാധാരണക്കാരനു രാജ്യത്തിലും ഭരണഘടനയിലും വിശ്വാസമർപ്പിക്കാനുള്ള മാധ്യമമായി മാറുകയാണെന്നും സാധാരണക്കാരന്റെ ആത്മവിശ്വാസത്തിനുള്ള മാധ്യമമായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർദാർ പട്ടേലിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, "ഓരോ ഇന്ത്യക്കാരനും തുല്യ അവസരങ്ങളുണ്ടാകും, സമത്വബോധമുണ്ടാകും. ആ കാഴ്ചപ്പാടു യാഥാർഥ്യമാകുന്നതിനു രാജ്യം ഇന്നു സാക്ഷ്യം വഹിക്കുകയാണ്" എന്നു ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന ഓരോ വിഭാഗത്തിനും കഴിഞ്ഞ 8 വർഷമായി രാജ്യം മുൻഗണന നൽകിയെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരുടെ അന്തസിന്റെ സ്മാരകമായി ഗോത്രവർഗ അഭിമാന ദിനം ആഘോഷിക്കുന്ന പാരമ്പര്യത്തിനു രാജ്യം തുടക്കമിട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഗോത്രവർഗ മ്യൂസിയങ്ങൾ നിർമിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മാൻഗഢ് ധാമിന്റെയും ജംബുഘോഡയുടെയും ചരിത്രം അറിയാൻ പൗരന്മാരോട് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, വിദേശ ആക്രമണകാരികൾ നടത്തിയ നിരവധി കൂട്ടക്കൊലകളെ അതിജീവിച്ചാണു സ്വാതന്ത്ര്യംനേടിയതെന്നും പറഞ്ഞു. ഈ ചരിത്രങ്ങൾ അറിഞ്ഞെങ്കിൽ മാത്രമേ, സ്വാതന്ത്ര്യത്തിന്റെ മൂല്യവും ഐക്യദാർഢ്യത്തിന്റെ മൂല്യവും മനസിലാക്കാൻ നമുക്കു കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തുമാത്രമല്ല, ലോകത്തുതന്നെ മുമ്പെങ്ങുമില്ലാത്തവിധത്തിൽ, ഇന്ത്യയുടെ മാതൃകാനഗരമായി ഏകതാനഗർ വികസിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെയും നഗരത്തിന്റെയും ഐക്യമാണു പൊതുപങ്കാളിത്തത്തിന്റെ ശക്തിയിൽ വികസിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. അതു മഹത്തരമെന്നതിലുപരി, പവിത്രമായ നിലപാടാണുയർത്തുന്നത്. "ഏകതാപ്രതിമയുടെ രൂപത്തിൽ, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ പ്രചോദനം നമുക്കിടയിലാണുള്ളത്"- ശ്രീ മോദി കൂട്ടിച്ചേർത്തു.
ഏകതാ നഗറിന്റെ വികസന മാതൃകയിലേക്കു വെളിച്ചംവീശി, പരിസ്ഥിതിസൗഹൃദമാതൃക, രാജ്യത്തെ ദീപ്തമാക്കുന്ന എൽഇഡികളുള്ള വൈദ്യുതി ലാഭിക്കുന്ന മാതൃക, സൗരോർജത്തിൽ പ്രവർത്തിക്കുന്ന വൃത്തിയുള്ള ഗതാഗതസംവിധാനത്തിന്റെ മാതൃക, വിവിധ ഇനം മൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണമാതൃക എന്നിവയെക്കുറിച്ചു ജനങ്ങൾ സംസാരിക്കുമ്പോൾ നഗരം ചർച്ചചെയ്യപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ ഇവിടെ മിയാവാക്കി വനവും മെയ്സ് ഉദ്യാനവും ഉദ്ഘാടനംചെയ്യാൻ അവസരം ലഭിച്ചതും പ്രധാനമന്ത്രി അനുസ്മരിച്ചു. ഏകതാ മാൾ, ഏകതാ നഴ്സറി, നാനാത്വത്തിൽ ഏകത്വം വെളിവാക്കുന്ന ലോക ഉദ്യാനം, ഏകതാ കടവ്, ഏകതാ റെയിൽവേ സ്റ്റേഷൻ എന്നീ സംരംഭങ്ങളെല്ലാം ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള പ്രചോദനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രസംഗം ഉപസംഹരിക്കവേ, സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ ഐക്യത്തിനായി സർദാർ സാഹിബ് വഹിച്ച പങ്കിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സർദാർ പട്ടേലിന്റെ ശ്രമഫലമായി നൂറ്റാണ്ടുകളായി അധികാരത്തിലിരുന്ന രാജകുടുംബങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനായുള്ള പുതിയ സംവിധാനത്തിനായി തങ്ങളുടെ അവകാശങ്ങൾ ത്യജിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളായി ഈ സംഭാവനകൾ അവഗണിക്കപ്പെട്ടു. "ഇപ്പോൾ ആ രാജകുടുംബങ്ങളുടെ ത്യാഗത്തിനായി സമർപ്പിക്കപ്പെട്ട മ്യൂസിയം ഏകതാ നഗറിൽ നിർമിക്കുകയാണ്. ഇതു രാജ്യത്തിന്റെ ഐക്യത്തിനായി ത്യാഗത്തിന്റെ പാരമ്പര്യം പുതിയ തലമുറകൾക്കു കൈമാറും"- പ്രധാനമന്ത്രി ഉപസംഹരിച്ചു.
പശ്ചാത്തലം :
പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസരിച്ചാണ്, സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ദേശീയ ഏകതാ ദിവസമായി ആഘോഷിക്കാൻ 2014ൽ തീരുമാനിച്ചത്. രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നമ്മുടെ സമർപ്പണത്തിനു കരുത്തുപകരാനാണ് ഈ ദിനം ആചരിക്കുന്നത്. കേവഡിയയിലെ ഏകതാപ്രതിമാപരിസരത്തു നടക്കുന്ന ദേശീയ ഏകതാ ദിനാഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുത്തു. ബിഎസ്എഫിന്റെയും അഞ്ചു സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെയും (വടക്കൻ മേഖല (ഹരിയാന), പടിഞ്ഞാറൻ മേഖല (മധ്യപ്രദേശ്), ദക്ഷിണ മേഖല (തെലങ്കാന), കിഴക്കൻ മേഖല (ഒഡിഷ), വടക്കുകിഴക്കൻ മേഖല (ത്രിപുര) എന്നിവിടങ്ങളിൽ നിന്നുള്ള ഓരോന്നുവീതം) സംഘങ്ങൾ ഉൾപ്പെടുന്ന ദേശീയ ഏകതാദിനപരേഡിന് ആഘോഷം സാക്ഷ്യംവഹിച്ചു. ഈ സംഘങ്ങൾ കൂടാതെ 2022ലെ കോമൺവെൽത്ത് ഗെയിംസിലെ മെഡൽ ജേതാക്കളായ ആറു പൊലീസ് കായികതാരങ്ങളും പരേഡിൽ പങ്കെടുത്തു.
.
***
(Release ID: 1872220)
Visitor Counter : 206
Read this release in:
Hindi
,
English
,
Urdu
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada