പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശില്‍ നാലര ലക്ഷത്തിലേറെ പിഎംഎവൈ-ജി ഗുണഭോക്താക്കളുടെ ഗൃഹ്രവേശ വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
22 OCT 2022 7:36PM by PIB Thiruvananthpuram
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജി, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, മധ്യപ്രദേശിലെ എന്റെ എല്ലാ സഹോദരീസഹോദരന്മാര്‍!
ഒന്നാമതായി, നിങ്ങള്‍ക്കെല്ലാവര്‍ക്കും ധന്‍തേരാസും ദീപാവലിയും ആശംസിക്കുന്നു! ധന്‍തേരാസിലും ദീപാവലിയിലും പുതിയ തുടക്കം കുറിക്കുമ്പോഴും വീടിന് പുതിയ നിറങ്ങള്‍ നല്‍കുമ്പോഴും പുതിയ പാത്രങ്ങള്‍ വാങ്ങുമ്പോഴും പുതിയതെങ്കിലും കൂട്ടിച്ചേര്‍ക്കുമ്പോഴും നമ്മള്‍ പുതിയ തീരുമാനങ്ങള്‍ എടുക്കും. ഒരു പുതിയ തുടക്കത്തോടെ, നമ്മുടെ ജീവിതത്തെ പുതുമ കൊണ്ട് നിറയ്ക്കുകയും സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി പുതിയ വാതിലുകള്‍ തുറക്കുകയും ചെയ്യുന്നു. ഇന്ന് മധ്യപ്രദേശിലെ 4.5 ലക്ഷം പാവപ്പെട്ട സഹോദരിമാരും സഹോദരന്മാരും ഒരു പുതിയ തുടക്കം കുറിക്കുകയാണ്. ഈ സുഹൃത്തുക്കള്‍ക്കെല്ലാം അവരുടെ പുതിയ നല്ല വീടുകളില്‍ ഇന്ന് 'ഗൃഹപ്രവേശ' ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്. ധനവും പണവുമുള്ള ആളുകള്‍ക്ക് മാത്രമേ കാറുകളും വീടും പോലുള്ള വലുതും വിലയേറിയതുമായ വസ്തുക്കള്‍ വാങ്ങാന്‍ കഴിയൂ. എന്നാല്‍ ഇന്ന്, രാജ്യത്തെ ദരിദ്രര്‍ പോലും ധന്‍തേരസില്‍ 'ഗൃഹപ്രവേശം' നടത്തുന്നു. ഇന്ന് വീടുകളുടെ ഉടമകളായി മാറിയ മധ്യപ്രദേശിലെ ലക്ഷക്കണക്കിന് സഹോദരിമാര്‍ക്ക് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍! ലക്ഷക്കണക്കിന് രൂപ വിലയുള്ള വീടുകളുള്ള നിങ്ങള്‍ ഇപ്പോള്‍ 'ലക്ഷാധിപതികള്‍' ആണ്.
സഹോദരീ സഹോദരന്‍മാരേ,
അനന്തമായ അഭിലാഷങ്ങളാല്‍ നിറയുന്ന എണ്ണമറ്റ ആളുകളെ എന്റെ മുന്നില്‍ കാണാന്‍ സാങ്കേതിക വിദ്യ വഴി എനിക്ക് കഴിയുന്നുണ്ട്. നേരത്തെ ഈ അഭിലാഷങ്ങളും സ്വപ്നങ്ങളും മുന്നില്‍ വന്നിരുന്നില്ല, കാരണം വീടില്ലാത്തതിനാല്‍ ഈ വികാരങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയും മറയ്ക്കപ്പെടുകയും പിന്നീട് വാടിപ്പോകുകയും ചെയ്യും. ഞാന്‍ വിശ്വസിക്കുന്നത് ഇപ്പോള്‍ ഈ സുഹൃത്തുക്കള്‍ക്ക് ഈ പുതിയ വീടുകള്‍ ലഭിച്ചതോടെ അവര്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പുതിയ ശക്തിയും ലഭിച്ചു എന്നാണ്. അതിനാല്‍, ഈ ദിവസം 'ഗൃഹപ്രവേശം' മാത്രമല്ല, സന്തോഷം, പുതിയ തീരുമാനങ്ങള്‍, പുതിയ സ്വപ്നങ്ങള്‍, പുതിയ ഊര്‍ജ്ജം, പുതിയ ഭാഗ്യം എന്നിവയെക്കൂടി അടയാളപ്പെടുത്തുന്നു. ഭാഗ്യവശാല്‍, കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 3.5 കോടി പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അല്ലാതെ വെറും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ വേണ്ടി നാല് ചുമരുകള്‍ കെട്ടി അവരെ ഏല്‍പ്പിച്ചതല്ല. നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിതമാണ്. അതുകൊണ്ട് പാവപ്പെട്ടവരുടെ അഭിലാഷങ്ങളും ആവശ്യങ്ങളും നന്നായി മനസ്സിലാക്കുന്നു. നമ്മുടെ ഗവണ്‍മെന്റ് നല്‍കുന്ന വീടുകളില്‍ കക്കൂസ്, വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുന്നു. അതിനാല്‍, ഈ സൗകര്യങ്ങളും ഗവണ്‍മെന്റിന്റെ വിവിധ പദ്ധതികളും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിലുള്ള ഈ കോടിക്കണക്കിന് വീടുകളിലൂടെ പൂര്‍ത്തീകരിക്കുന്നു.
സുഹൃത്തുക്കളെ,
നിങ്ങളോട് സംസാരിക്കുമ്പോള്‍, മുമ്പത്തെ അവസ്ഥ ഞാന്‍ ഓര്‍ക്കുന്നു. നേരത്തെ പാവപ്പെട്ടവര്‍ക്ക് വീട് പ്രഖ്യാപിച്ചാല്‍ പോലും സ്വന്തമായി പ്രത്യേക ശൗചാലയങ്ങള്‍ പണിയണമായിരുന്നു. വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷനുകള്‍ ലഭിക്കുന്നതിന് വിവിധ ഗവണ്‍മെന്റ് ഓഫീസുകള്‍ പലതവണ സന്ദര്‍ശിക്കേണ്ടി വന്നു. മുന്‍ ഗവണ്‍മെന്റുകളുടെ ഭരണകാലത്ത് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പാവപ്പെട്ടവര്‍ കൈക്കൂലി നല്‍കേണ്ടി വന്നു. മാത്രമല്ല, പാവപ്പെട്ടവര്‍ക്ക് വീടുകള്‍ പ്രഖ്യാപിച്ചതിന് ശേഷം ഏത് തരത്തിലുള്ള വീടാണ് നിര്‍മ്മിക്കേണ്ടതെന്ന് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുകയാണു ചെയ്തത്. അവര്‍ രൂപരേഖ നല്‍കുകയും നിര്‍മ്മാണ സാമഗ്രികള്‍ എവിടെ നിന്ന് ലഭിക്കുമെന്ന് അവരോട് പറയുകയും ചെയ്യും. ഇപ്പോള്‍, വീട്ടില്‍ താമസിക്കേണ്ട ഒരാള്‍ക്ക് വ്യത്യസ്ത അഭിരുചികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും സാമൂഹിക പാരമ്പര്യങ്ങളും ഉണ്ട്. എന്നാല്‍ വീടുണ്ടാക്കുമ്പോള്‍ പാവപ്പെട്ടവരോട് ഇക്കാര്യങ്ങളൊന്നും ചോദിച്ചില്ല. അതുകൊണ്ടാണ് നേരത്തെ പണിത വീടുകളില്‍ പോലും ഗൃഹപ്രവേശം സാധ്യമാകാത്തത്. എന്നാല്‍ ഞങ്ങള്‍ ഈ സ്വാതന്ത്ര്യം വീടിന്റെ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇന്ന് പ്രധാനമന്ത്രി ആവാസ് യോജന വലിയ സാമൂഹിക-സാമ്പത്തിക മാറ്റത്തിന്റെ മാധ്യമമായി മാറുന്നതും.
സഹോദരീ സഹോദരന്‍മാരേ,
പലപ്പോഴും ഒരു തലമുറ അതിന്റെ സമ്പാദ്യം അടുത്ത തലമുറയിലേക്ക് കൈമാറുന്നത് നാം കാണാറുണ്ട്. നമ്മുടെ മുന്‍ ഗവണ്‍മെന്റുകളുടെ തെറ്റായ നയങ്ങള്‍ കാരണം, ഭവനരാഹിത്യം അടുത്ത തലമുറയ്ക്കു കൈമാറാന്‍ ആളുകള്‍ നിര്‍ബന്ധിതരായി. നിരവധി തലമുറകളുടെ ഈ വിഷമവൃത്തത്തിന് അറുതി വരുത്താന്‍ സാധിക്കുന്ന വ്യക്തി വളരെയധികം പ്രശംസിക്കപ്പെടുകയും മഹത്വവല്‍ക്കരിക്കപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ സേവകന്‍ എന്ന നിലയില്‍, രാജ്യത്തെ കോടിക്കണക്കിന് അമ്മമാരുടെ മകനെന്ന നിലയില്‍, എന്റെ കോടിക്കണക്കിന് പാവപ്പെട്ട കുടുംബങ്ങളെ ഈ ദൂഷിത വലയത്തില്‍ നിന്ന് കരകയറ്റാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഓരോ പാവപ്പെട്ടവര്‍ക്കും നല്ല വീടുകള്‍ നല്‍കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് രാവും പകലും പ്രവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ഇന്ന് ഇത്രയധികം വീടുകള്‍ നിര്‍മ്മിക്കുന്നത്. മധ്യപ്രദേശിലും പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ 30 ലക്ഷം വീടുകള്‍ നിര്‍മ്മിച്ചു. ഇപ്പോള്‍ 9-10 ലക്ഷം വീടുകളുടെ പണി നടക്കുന്നുണ്ട്.
സുഹൃത്തുക്കളെ,
ഈ ലക്ഷക്കണക്കിന് വീടുകള്‍ രാജ്യത്തിന്റെ മുക്കിലും മൂലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഇന്ന് രാവിലെ ജോബ് ഫെയറുമായി ബന്ധപ്പെട്ട പരിപാടിയിലിരിക്കുമ്പോള്‍, വൈകുന്നേരം ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നുവെന്ന് അവരോട് പറഞ്ഞിരുന്നു. ഈ പദ്ധതി തൊഴിലുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെയെന്ന് ഇപ്പോള്‍ ഞാന്‍ വിശദമായി പറയാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍, ഇഷ്ടിക, സിമന്റ്, മണല്‍, ചരല്‍, സ്റ്റീല്‍, പെയിന്റ്, ഇലക്ട്രിക്കല്‍ വസ്തുക്കള്‍, ടോയ്ലറ്റ് സീറ്റുകള്‍, ടാപ്പുകള്‍, പൈപ്പുകള്‍ തുടങ്ങി നിര്‍മ്മാണവുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ആവശ്യം വര്‍ദ്ധിക്കുന്നതായി നിങ്ങള്‍ക്കറിയാം. ഈ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍, ഈ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഫാക്ടറികള്‍ കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ കൂടുതല്‍ ആളുകളെ ആവശ്യമുണ്ട്. ഈ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി ലഭിക്കും. സത്നയില്‍ ഇത് നന്നായി മനസ്സിലായിട്ടുണ്ട്. ചുണ്ണാമ്പുകല്ലിനും സിമന്റിനും പേരുകേട്ടതാണ് സത്ന. വീടുകള്‍ നിര്‍മിക്കുമ്പോള്‍ സത്‌നയുടെ സിമന്റിന്റെ ആവശ്യവും കൂടും. വീടുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍, മേസണ്‍മാര്‍, മരപ്പണിക്കാര്‍, പ്ലംബര്‍മാര്‍, പെയിന്റര്‍മാര്‍, ഫര്‍ണിച്ചര്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്കും ധാരാളം ജോലി ലഭിക്കും. മധ്യപ്രദേശില്‍ തന്നെ അന്‍പതിനായിരത്തിലേറെ മേസണ്‍മാര്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരില്‍ 9,000-10,000 പേര്‍ നമ്മുടെ അമ്മമാരും സഹോദരിമാരുമാണ്. അവര്‍ 'രാജ് മിസ്ത്രി' അല്ലെങ്കില്‍ മാസ്റ്റര്‍ മേസണ്‍മാരാണ്. ചിലര്‍ അവരെ റാണി മിസ്ത്രി എന്നും രാജ്ഞി മേസണ്‍ എന്നും വിളിക്കുന്നു. അതായത്, പിഎം ആവാസ് യോജന നമ്മുടെ സഹോദരിമാരെ പുതിയ നൈപുണ്യവും പുതിയ തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അല്ലാത്തപക്ഷം, നിര്‍മാണ മേഖലയില്‍ സഹോദരിമാരെ അവിദഗ്ധ തൊഴിലാളികളായാണു കണക്കാക്കിപ്പോന്നിരുന്നത്. മധ്യപ്രദേശില്‍ തന്നെ ഇതുവരെ 22,000 കോടി രൂപയാണ് ഈ വീടുകള്‍ നിര്‍മിക്കാന്‍ ചെലവഴിച്ചത്. 22,000 കോടി എവിടെപ്പോയി എന്ന് ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പണത്തിന്റെ ഒരു ഭാഗം വീടുകള്‍ പണിയാനും അതിന്റെ ഒരു ഭാഗം കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും മാറ്റിവെച്ചു. ഭാഗികമായി ഫാക്ടറികളിലും ഉപയോഗിച്ചു. അതിനാല്‍, ഈ വീടുകള്‍ എല്ലാവര്‍ക്കും പുരോഗതി സമ്മാനിക്കുന്നു. വീടുകള്‍ ലഭിക്കുന്നവര്‍ മാത്രമല്ല, വീടുകള്‍ നിര്‍മിക്കുന്ന ഗ്രാമം മുഴുവന്‍ പുരോഗമിക്കുന്നു.
സഹോദരീ സഹോദരന്‍മാരേ,
മുന്‍ ഗവണ്‍മെന്റുകളും ഇപ്പോഴത്തെ ഗവണ്‍മെന്റും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. കഴിഞ്ഞ ഗവണ്‍മെന്റുകള്‍ പാവപ്പെട്ടവരെ ദ്രോഹിക്കുകയായിരുന്നു. അവര്‍ തങ്ങളുടെ ഓഫീസുകള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കാന്‍ സാധാരണക്കാരെ നിര്‍ബന്ധിച്ചു. അതേസമയം, നമ്മുടെ ഗവണ്‍മെന്റ് പാവപ്പെട്ടവരിലേക്ക് എത്തുകയും പാവപ്പെട്ടവര്‍ക്ക് എല്ലാ പദ്ധതികളുടെയും പ്രയോജനം ലഭിക്കുന്നതിനായി ഒരു പ്രചരണം നടത്തുകയും ചെയ്യുന്നു. ഇന്ന് നമ്മള്‍ സംസാരിക്കുന്നത് പരിപൂര്‍ണതയെക്കുറിച്ചാണ്. അതായത്, എല്ലാ ജനക്ഷേമ പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ 100% ഗുണഭോക്താക്കള്‍ക്ക് എങ്ങനെ എത്തിക്കാം? സ്വജനപക്ഷപാതമോ പക്ഷപാതമോ ഇല്ല. അര്‍ഹരായ ഓരോ ഗുണഭോക്താവിനും നല്‍കുന്നു. എല്ലാവര്‍ക്കും നല്ല വീടുകള്‍, ഗ്യാസ്-വാട്ടര്‍-വൈദ്യുതി കണക്ഷനുകള്‍, ആയുഷ്മാന്‍ ഭാരതിന് കീഴില്‍ 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, നല്ല റോഡുകള്‍, നല്ല സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ഓരോ ദിവസവുംപ്രവര്‍ത്തിക്കുന്നു. എന്തിനാണ് നമുക്ക് ഈ തിടുക്കം? ഈ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുന്നതില്‍ നമ്മള്‍ എന്തിനാണ് ഇത്ര അക്ഷമരാകുന്നത്? ഇതിനു പിന്നില്‍ ഭൂതകാലത്തില്‍ നിന്നുള്ള നിര്‍ണായക പാഠമുണ്ട്. അത്തരം അടിസ്ഥാന സൗകര്യങ്ങളെല്ലാം കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി അനിശ്ചിതത്വത്തിലായിരുന്നു. രാജ്യത്തെ ഒരു വലിയ ജനവിഭാഗം ഈ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സമരം ചെയ്യാറുണ്ടായിരുന്നു. മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയമില്ലായിരുന്നു. അതുകൊണ്ട് തന്നെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ചുള്ള എല്ലാ വാഗ്ദാനങ്ങളും അവകാശവാദങ്ങളും വെറും രാഷ്ട്രീയമായിരുന്നു. അവര്‍ ആര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചില്ല. കമാന്‍ഡര്‍ എത്ര വികാരാധീനനാണെങ്കിലും സൈനികര്‍ക്ക് യുദ്ധത്തിനുള്ള അടിസ്ഥാന ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ യുദ്ധം ജയിക്കുക അസാധ്യമാണ്. അതുകൊണ്ടാണ് ദാരിദ്ര്യത്തില്‍ നിന്ന് കരകയറാനും ദാരിദ്ര്യത്തെ പരാജയപ്പെടുത്താനും രാജ്യത്തെ ഓരോ പൗരനെയും അടിസ്ഥാന സൗകര്യങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ ദരിദ്രര്‍, സൗകര്യങ്ങളുള്ളതിനാല്‍, ദാരിദ്ര്യത്തില്‍ നിന്ന് വേഗത്തില്‍ കരകയറാനുള്ള ശ്രമത്തിലാണ്. പിന്നെ നിങ്ങള്‍ക്കു കിട്ടിയ ഈ വീട് കേവലം താമസിക്കാനും തിന്നാനും കുടിക്കാനും കിടക്കാനുമുള്ള ഒരിടമല്ല, ദാരിദ്ര്യം കടക്കാത്ത കോട്ട പോലെയാണ് നിങ്ങളുടെ വീട് എന്ന് ഞാന്‍ പറയും. അവശേഷിക്കുന്ന ദാരിദ്ര്യവും തുടച്ചുനീക്കും.
സഹോദരീ സഹോദരന്‍മാരേ,
കഴിഞ്ഞ കുറേ മാസങ്ങളായി, പകര്‍ച്ചവ്യാധിക്കാലത്ത് 80 കോടിയിലധികം പൗരന്‍മാരെ പട്ടിണിയില്‍നിന്നു രക്ഷിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സൗജന്യ റേഷന്‍ നല്‍കുന്നു. ഇതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയ്ക്കായി കേന്ദ്ര ഗവണ്‍മെന്റ് ഇതുവരെ 3 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഒരു കാര്യം കൂടി ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. തന്റെ പണം ശരിയായ സ്ഥലത്തും ശരിയായ രീതിയിലും ചെലവഴിക്കുന്നുവെന്ന് നികുതിദായകന് തോന്നുമ്പോള്‍, നികുതിദായകനു സന്തോഷവും സംതൃപ്തിയും അനുഭവപ്പെടുകയും കൂടുതല്‍ നികുതി അടയ്ക്കുകയും ചെയ്യുന്നു. ഇന്ന്, രാജ്യത്തെ കോടിക്കണക്കിന് നികുതിദായകര്‍ കൊറോണ കാലത്ത് നികുതിയടച്ച് കോടിക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ സംതൃപ്തരാണ്. ഇന്ന്, ഞാന്‍ നാല് ലക്ഷം വീടുകള്‍ കൈമാറുമ്പോള്‍, ഓരോ നികുതിദായകനും ചിന്തിക്കുന്നുണ്ടാകണം എന്നോടൊപ്പം മധ്യപ്രദേശില്‍ നിന്നുള്ള എന്റെ പാവപ്പെട്ട സഹോദരനും ദീപാവലി നന്നായി ആഘോഷിക്കുന്നുണ്ടെന്ന്. ഇനി അവന്റെ മകളുടെ ജീവിതവും സന്തോഷം നിറഞ്ഞതായിരിക്കും.
എന്നാല്‍ സുഹൃത്തുക്കളെ,
തന്നില്‍ നിന്ന് പിരിച്ചെടുത്ത പണം ഉപയോഗിച്ച് സൗജന്യങ്ങള്‍ വിതരണം ചെയ്യുന്നത് കാണുമ്പോള്‍ അതേ നികുതിദായകന് നിരാശ തോന്നുന്നു. ഇന്ന് അത്തരം നിരവധി നികുതിദായകര്‍ എനിക്ക് തുറന്ന് കത്തെഴുതുന്നു. രാജ്യത്തെ വലിയൊരു വിഭാഗം ഈ 'രേവാരി' സംസ്‌കാരത്തില്‍ നിന്നോ സൗജന്യ സംസ്‌കാരത്തില്‍ നിന്നോ രാജ്യത്തെ മോചിപ്പിക്കാന്‍ തയ്യാറെടുക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
നമ്മുടെ ഗവണ്‍മെന്റിന്റെ ലക്ഷ്യം പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും പണം ലാഭിക്കാന്‍ സഹായിക്കുക എന്നതാണ്. ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ഇതുവരെ 4 കോടി പാവപ്പെട്ട രോഗികള്‍ സൗജന്യ ചികിത്സയുടെ പ്രയോജനം നേടിയിട്ടുണ്ട്. ഇതിനായി ആയിരക്കണക്കിന് കോടി രൂപ ഗവണ്‍മെന്റ് ചെലവിട്ടതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് വലിയ തോതില്‍ പണം ലാഭിക്കാനായി. പൊടുന്നനെയുള്ള ഈ പ്രതിസന്ധിയുടെ ഫലമായി പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും പണം ചെലവഴിക്കുകയോ വായ്പ എടുക്കുകയോ ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് കൊറോണ കാലത്ത് സൗജന്യ വാക്‌സിനേഷനായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിച്ചു. ആദ്യം കൊറോണ നമ്മെ ബാധിച്ചു. പിന്നീട് അയല്‍പക്കത്തെ യുദ്ധം ബാധിച്ചു. തല്‍ഫലമായി, ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്ന് വിലകൂടിയ വളങ്ങള്‍ വാങ്ങാന്‍ നാം നിര്‍ബന്ധിതരാകുന്നു. 2000 രൂപയിലധികം വിലയുള്ള ഒരു ചാക്ക് യൂറിയ ഇന്ന് കര്‍ഷകര്‍ക്ക് 266 രൂപയ്ക്ക് നല്‍കുന്നു. 2000 രൂപ വിലയുള്ള ബാഗുകള്‍ 300 രൂപയില്‍ താഴെ വിലയ്ക്കാണ് നല്‍കുന്നത്! കര്‍ഷകര്‍ക്ക് ഭാരം വരാതിരിക്കാന്‍ ഈ വര്‍ഷം രണ്ട് ലക്ഷം കോടിയിലധികം രൂപയാണ് ഗവണ്‍മെന്റ് ഇതിനായി ചെലവഴിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയും കര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറുകയാണ്. ഏതാനും ദിവസം മുമ്പ് കൈമാറ്റം ചെയ്യപ്പെട്ട 16,000 കോടി രൂപയുടെ ഗഡു ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരിലേക്കും ഉടനടി എത്തിയത് നിങ്ങള്‍ കണ്ടിരിക്കണം. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ രണ്ട് ലക്ഷം കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ട്. കര്‍ഷകന് വളവും കീടനാശിനിയും ആവശ്യമായി വരുമ്പോള്‍ വിതയ്ക്കുന്നതിന് തൊട്ടുമുമ്പ് ഈ സഹായം കര്‍ഷകരിലേക്ക് എത്തിയിരിക്കുന്നു. കര്‍ഷകര്‍ വിളകള്‍ വിറ്റാല്‍ പണം അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് എത്തും. എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണവും നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു. നമ്മുടെ ഗര്‍ഭിണികളായ അമ്മമാര്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമുള്ളപ്പോള്‍ മാതൃ വന്ദന യോജനയുടെ കീഴില്‍ ആയിരക്കണക്കിന് രൂപ അവര്‍ക്ക് നേരിട്ട് എത്തുന്നു.
സഹോദരീ സഹോദരന്‍മാരേ,
നിങ്ങളോരോരുത്തരോടും ഉള്ള സേവന മനോഭാവവും അര്‍പ്പണ മനോഭാവവും കൊണ്ടാണ് ഗവണ്‍മെന്റിന് ഇന്ന് ഈ ദൗത്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നത്! ആരെങ്കിലും ഞങ്ങളെ എത്ര വിമര്‍ശിച്ചാലും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ഞങ്ങള്‍ അര്‍പ്പണബോധത്തോടെയും നിങ്ങളുടെ അനുഗ്രഹത്തോടെയും രാഷ്ട്രീയ ഇച്ഛാശക്തിയോടെയും മുന്നോട്ട് പോകുന്നു. അതുകൊണ്ടാണ് ഇന്ന് സാങ്കേതിക വിദ്യ വലിയ തോതില്‍ ഉപയോഗിക്കുന്നത്. നമ്മുടെ ശാസ്ത്രജ്ഞരും യുവാക്കളും ഏത് പുതിയ സാങ്കേതികവിദ്യ കൊണ്ടുവന്നാലും സാധാരണക്കാരന്റെ ജീവിതം എളുപ്പമാക്കാന്‍ സഹായകമാകുന്നു. ഇന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രാമങ്ങള്‍ തോറും വീടുകളുടെ സര്‍വേ നടക്കുന്നു. നേരത്തെ, പട്വാരിയും റവന്യൂ വകുപ്പും ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ ഡ്രോണുകളോ സാങ്കേതികവിദ്യയോ ഉപയോഗിച്ചാണ് ചെയ്യുന്നത്. രാജ്യത്ത് ആദ്യമായി സ്വാമിത്വ പദ്ധതി പ്രകാരം ഗ്രാമങ്ങളിലെ വീടുകളുടെ ഭൂപടം തയ്യാറാക്കി ഗ്രാമവാസികള്‍ക്ക് തര്‍ക്കങ്ങളും അനധികൃത സ്വത്തുക്കളും ഉണ്ടാകാതിരിക്കാന്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. ആവശ്യമെങ്കില്‍ അവര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പയും ലഭിക്കും. അതുപോലെ, കൃഷിയില്‍ ഡ്രോണുകളുടെ ഉപയോഗം വലിയ തോതില്‍ ഊന്നിപ്പറയുകയും കര്‍ഷകര്‍ക്ക് ഡ്രോണുകളുടെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ കര്‍ഷകര്‍ക്കായി ഒരു സുപ്രധാന നടപടി സ്വീകരിച്ചു. രാജ്യത്തുടനീളം നിലവിലുള്ള ലക്ഷക്കണക്കിന് വളക്കടകള്‍ പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളായി വികസിപ്പിക്കുന്നു. ഇനി കര്‍ഷകര്‍ക്ക് ആവശ്യമായതെല്ലാം ഈ കിസാന്‍ കേന്ദ്രങ്ങളില്‍ നിന്ന് ഒരിടത്ത് ലഭിക്കും. ഭാവിയില്‍ ഈ കേന്ദ്രങ്ങളില്‍ നിരവധി കാര്‍ഷിക ഉപകരണങ്ങളും ഡ്രോണുകളും പോലും വാടകയ്ക്ക് ലഭിക്കും. യൂറിയയുടെ കാര്യത്തിലും സുപ്രധാന നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏത് കമ്പനിയില്‍ നിന്നാണ് യൂറിയ വാങ്ങുക എന്ന ധര്‍മ്മസങ്കടത്തില്‍ നിന്ന് കര്‍ഷകര്‍ക്ക് മോചനമായി. ഇനി 'ഭാരത്' എന്ന ബ്രാന്‍ഡ് നാമത്തില്‍ വളങ്ങള്‍ ലഭിക്കും. വിലയും അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതില്‍ എഴുതിയിരിക്കുന്ന വിലയില്‍ കൂടുതല്‍ കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഇത്തരം ശ്രമങ്ങളിലൂടെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ജീവിതം എളുപ്പമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കും. നല്ല വീടുകളുടെ എല്ലാ ഗുണഭോക്താക്കളെയും ഒരിക്കല്‍ കൂടി ഞാന്‍ അഭിനന്ദിക്കുന്നു, നിങ്ങള്‍ എത്രമാത്രം ആഹ്ലാദഭരിതരാണെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും! ഇതാണ് നിങ്ങളുടെ വീട്. ഒരുപക്ഷേ കഴിഞ്ഞ മൂന്നു നാലു തലമുറകള്‍ സ്വന്തം വീട്ടില്‍ ദീപാവലി ആഘോഷിച്ചിട്ടില്ല. ഇന്ന്, നിങ്ങള്‍ കുട്ടികളോടൊപ്പം സ്വന്തം വീടുകളില്‍ ധന്‍തേരാസും ദീപാവലിയും ആഘോഷിക്കുമ്പോള്‍, ഈ വിളക്കിന്റെ തെളിച്ചം നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കും. ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു! ദൈവത്തിന്റെ അനുഗ്രഹം നിങ്ങളുടെ മേല്‍ ഉണ്ടായിരിക്കട്ടെ, ഈ പുതിയ വീട് പുതിയ പുരോഗതിക്ക് കാരണമാകട്ടെ! ഒത്തിരി നന്ദി!
ND
(Release ID: 1870546)
Visitor Counter : 186
Read this release in:
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada