ജൽ ശക്തി മന്ത്രാലയം

ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സംയുക്ത നദീജല കമ്മിഷന്റെ 38-ാമത് മന്ത്രിതല യോഗം ന്യൂഡൽഹിയിൽ നടന്നു

Posted On: 26 AUG 2022 10:46AM by PIB Thiruvananthpuram



ന്യൂ ഡൽഹി: ഓഗസ്റ്റ് 26, 2022

സംയുക്ത നദീജല കമ്മിഷന്റെ 38-ാമത് മന്ത്രിതല യോഗം 2022 ആഗസ്റ്റ് 25 ന് ന്യൂ ഡൽഹിയിൽ നടന്നു. ഇന്ത്യൻ സംഘത്തെ കേന്ദ്ര ജലശക്തി മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത് നയിച്ചു. ബംഗ്ലദേശ് പ്രതിനിധി സംഘത്തെ നയിച്ചത്  ജലവിഭവ മന്ത്രി ശ്രീ. സഹീദ് ഫാറൂഖാണ്. ജെആർസിയുടെ ചട്ടക്കൂടിന് കീഴിലുള്ള സാങ്കേതിക ഇടപെടലുകൾ ഇടക്കാലത്തും തുടർന്നുവെങ്കിലും, നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ മന്ത്രി തല കൂടിക്കാഴ്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. യോഗത്തിന് മുന്നോടിയായി 2022 ഓഗസ്റ്റ് 23-ന് ജലവിഭവ സെക്രട്ടറിതല ആശയവിനിമയം നടന്നു.

ഈ ഉഭയകക്ഷി യോഗത്തിൽ പൊതുവായ നദികളുടെ നദീജലം പങ്കിടൽ, വെള്ളപ്പൊക്ക ഡാറ്റ പങ്കിടൽ, നദി മലിനീകരണം പരിഹരിക്കൽ, ഊറല്‍ പരിപാലനം, നദീതീര സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയിൽ സംയുക്ത പഠനം നടത്തുക തുടങ്ങി പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടന്നു. കുഷിയാറ നദിയുടെ ജലം പങ്കിടൽ സംബന്ധിച്ച ഇടക്കാല ധാരണാപത്രത്തിന്റെ നിബന്ധനകൾ തീരുമാനിച്ചു. 2019 ഒക്ടോബറിലെ ഇന്ത്യ-ബംഗ്ലാദേശ് ധാരണാപത്രം അനുസരിച്ച് ത്രിപുരയിലെ സബ്റൂം നഗരത്തിന്റെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഫെനി നദിയിലെ ജലം സ്വീകരിക്കുന്ന സ്ഥലത്തിന്റെ രൂപകൽപ്പനയും സ്ഥാനവും തീരുമാനിച്ചതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

ഇന്ത്യ ബംഗ്ലാദേശിനെ സഹായിച്ചുകൊണ്ടിരിക്കുന്ന സഹകരണത്തിന്റെ പ്രധാന മേഖലകളിലൊന്ന്, തത്സമയ വെള്ളപ്പൊക്ക ഡാറ്റ പങ്കിടുക എന്നതാണ്. അപ്രതീക്ഷിതമായ വെള്ളപ്പൊക്ക സംഭവങ്ങളെ നേരിടാൻ ബംഗ്ലാദേശിനെ സഹായിക്കുന്നതിനായി ഇന്ത്യ ഈയിടെ വെള്ളപ്പൊക്ക ഡാറ്റ പങ്കിടൽ കാലാവധി ഒക്ടോബർ 15-നു ശേഷമാക്കി നീട്ടിയിട്ടുണ്ട്.

ഇന്ത്യയും ബംഗ്ലാദേശും 54 നദികൾ പങ്കിടുന്നു, അതിൽ 7 നദികൾ മുൻഗണനാടിസ്ഥാനത്തിൽ ജലം പങ്കിടൽ കരാറുകളുടെ ചട്ടക്കൂട് വികസിപ്പിക്കുന്നതിനായി നേരത്തെ കണ്ടെത്തിയിരുന്നു. 8 നദികളെ കൂടി ഉൾപ്പെടുത്തി ഡാറ്റാ കൈമാറ്റത്തിനായി ഈ സഹകരണ മേഖല വിപുലീകരിക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്. ജെആർസിയുടെ സാങ്കേതിക തല കമ്മിറ്റിയിൽ ഇക്കാര്യം കൂടുതൽ ചർച്ച ചെയ്യും.

പൊതുവായ/അതിർത്തി/അതിർത്തി കടന്നുള്ള നദികളിൽ പരസ്പര താൽപ്പര്യമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ഉഭയകക്ഷി സംവിധാനമെന്ന നിലയിൽ 1972 ലാണ്  ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സംയുക്ത നദി കമ്മീഷൻ രൂപീകരിച്ചത്.

 
 
RRTN/SKY
 


(Release ID: 1854651) Visitor Counter : 192