പ്രധാനമന്ത്രിയുടെ ഓഫീസ്
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്റെ യാത്രയയപ്പു ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു
“എപ്പോഴും സജീവമായ ഇടപെടലുകൾ നടത്തുന്നതിനുള്ള ശ്രീ വെങ്കയ്യയുടെ ഗുണം ഇനിയുള്ള കാലത്തും അദ്ദേഹത്തെ പൊതുജീവിതവുമായി ബന്ധിപ്പിക്കും”
“പാർലമെന്റംഗങ്ങളിൽനിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്ന കാര്യങ്ങൾ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണം”
“‘ഭാഷിണി’ പോലുള്ള സംരംഭങ്ങളും പാർലമെന്ററി ചർച്ചകളിൽനിന്ന് ഉരുത്തിരിയുന്ന പുതിയ വാക്കുകളുടെ വാർഷികസംഗ്രഹവും ശ്രീ വെങ്കയ്യയുടെ മാതൃഭാഷാസ്നേഹത്തിന്റെ പാരമ്പര്യത്തെ മുന്നോട്ടുനയിക്കും”
Posted On:
08 AUG 2022 8:49PM by PIB Thiruvananthpuram
ജിഎംസി ബാലയോഗി ഓഡിറ്റോറിയത്തിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് ഇന്നു നൽകിയ യാത്രയയപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു.
ചടങ്ങിൽ സംസാരിക്കവേ, എപ്പോഴും സജീവമായ ഇടപെടലുകൾ നടത്തുന്നതു ശ്രീ വെങ്കയ്യ നായിഡുവിന്റെ ഗുണമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആ സ്വഭാവവിശേഷം അദ്ദേഹത്തെ പൊതുപ്രവർത്തനവുമായി എപ്പോഴും ബന്ധപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ വെങ്കയ്യ നായിഡുവുമായുള്ള ദീർഘകാലബന്ധം അനുസ്മരിച്ച ശ്രീ മോദി, വാജ്പേയി ഗവണ്മെന്റിൽ മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഗ്രാമവികസനവകുപ്പിനു ശ്രീ നായിഡു നൽകിയ പ്രാധാന്യത്തെക്കുറിച്ച് ഓർക്കുകയും ചെയ്തു. വിവേചനബുദ്ധിയോടെ അദ്ദേഹം കൈകാര്യം ചെയ്ത വകുപ്പാണത്. ഗ്രാമവികസനം, നഗരവികസനം എന്നീ രണ്ടു വകുപ്പുകളുടെയും മേൽനോട്ടം ശ്രീ നായിഡു വഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യസഭാംഗമായിരിക്കെ ഉപരാഷ്ട്രപതിയായും രാജ്യസഭ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെടുന്ന ആദ്യവ്യക്തി എന്ന സവിശേഷതയും അദ്ദേഹത്തിനുണ്ട്. പാർലമെന്ററികാര്യ മന്ത്രിയെന്ന അനുഭവപരിചയവും സഭയെ വളരെ അനായാസം പ്രവർത്തിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചു- പ്രധാനമന്ത്രി പറഞ്ഞു.
സഭയുടെയും അംഗങ്ങളുടെയും സമിതികളുടെയും കഴിവുകൾ ശാക്തീകരിക്കാനും വർധിപ്പിക്കാനുമുള്ള ശ്രീ നായിഡുവിന്റെ പ്രയത്നങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പാർലമെന്റംഗങ്ങളിൽനിന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നതൊക്കെ നിറവേറ്റാൻ നാം എപ്പോഴും ശ്രമിക്കണമെന്നതു പ്രാധാന്യമർഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
സമയബന്ധിതമായി കാര്യങ്ങൾ ചെയ്യുന്നതിനുള്ള ശ്രീ നായിഡുവിന്റെ കഴിവിനെ പ്രശംസിച്ച പ്രധാനമന്ത്രി, കൊറോണ നിയന്ത്രണങ്ങളുടെ കാലത്ത് ഉപരാഷ്ട്രപതി എങ്ങനെയാണു തന്റെ ദീർഘമായ പൊതുജീവിതത്തിൽ ജനങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടുന്ന ‘ടെലി-യാത്രകൾ’ നടത്തിയതെന്നും അനുസ്മരിച്ചു. ഇതു പ്രതിസന്ധിഘട്ടങ്ങളിൽ ഏവർക്കും ആശ്വാസവും പ്രോത്സാഹനവുമായി. അതുപോലെ, മഹാമാരിക്കാലത്ത് അദ്ദേഹം എല്ലാ എംപിമാരുമായും ബന്ധപ്പെട്ടിരുന്നു. ബിഹാർ സന്ദർശന വേളയിൽ ശ്രീ നായിഡുവിന്റെ ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതും ഒരു കർഷകൻ അദ്ദേഹത്തെ സഹായിച്ചതും പ്രധാനമന്ത്രി ഓർമിച്ചു. ആ കർഷകനുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ശ്രീ നായിഡു ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇനിയുമേറെക്കാലം ഇതേ അർപ്പണബോധത്തോടും വിവേകത്തോടുംകൂടി അദ്ദേഹം പൊതുജീവിതത്തിലൂടെ ജനങ്ങൾക്കു വഴികാട്ടുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മാതൃഭാഷയോടു ശ്രീ നായിഡു കാട്ടുന്ന ആദരത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി ഭാഷകൾക്കായുള്ള ദേശീയ പൊതു ഡിജിറ്റൽ ഇടമായ ‘ഭാഷിണി’യെക്കുറിച്ചും പരാമർശിച്ചു. നിർമിതബുദ്ധിയുടെയും വളർന്നുവരുന്ന മറ്റു സാങ്കേതികവിദ്യകളുടെയും കരുത്തു പ്രയോജനപ്പെടുത്തി ജനങ്ങൾക്കു സേവനങ്ങളും ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതാണു ‘ഭാഷിണി’. ഇരുസഭകളിലെയും അംഗങ്ങളോട് ഇക്കാര്യം പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാതൃഭാഷയിലെ സംവാദങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന പുതിയ മികച്ച പദങ്ങൾ ശേഖരിച്ച്, രാജ്യത്തെ ഭാഷകളെ സമ്പന്നമാക്കാൻ അവ കൂട്ടിച്ചേർക്കണമെന്ന് അദ്ദേഹം സ്പീക്കറോടും രാജ്യസഭാ ഉപാധ്യക്ഷനോടും ആവശ്യപ്പെട്ടു. നല്ല വാക്കുകളുടെ ശേഖരം പുറത്തിറക്കുന്ന വാർഷിക പാരമ്പര്യം തുടങ്ങിയതിലൂടെ, ശ്രീ വെങ്കയ്യ കാട്ടിയ മാതൃഭാഷാസ്നേഹത്തിന്റെ പാരമ്പര്യം ഞങ്ങൾ തുടർന്നുകൊണ്ടുപോകും- പ്രധാനമന്ത്രി പറഞ്ഞു.
--ND--
(Release ID: 1850094)
Visitor Counter : 163
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada