പ്രധാനമന്ത്രിയുടെ ഓഫീസ്‌

സബര്‍കാന്തയിലെ സബര്‍ ഡയറിയില്‍ 1,000 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു


ഈ മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും പ്രാദേശിക കര്‍ഷകരുടെയും പാല്‍ ഉല്‍പ്പാദകരുടെയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പദ്ധതികള്‍ സഹായിക്കും

'' എഫ്.പി.ഒകള്‍ വഴി, ചെറുകിട കര്‍ഷകരെ ഭക്ഷ്യ സംസ്‌കരണം, മൂല്യബന്ധിത കയറ്റുമതി, വിതരണ ശൃംഖലകളുമായി ബന്ധിപ്പിക്കുന്നു''

''കര്‍ഷകര്‍ക്ക് ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള തന്ത്രം ഫലവത്താകുന്നു''

Posted On: 28 JUL 2022 2:34PM by PIB Thiruvananthpuram

ഗുജറാത്തിലെ സബര്‍കാന്തയിലെ ഗധോദ ചൗക്കിയിലുള്ള സബര്‍ ഡയറിയില്‍ 1000 കോടിയിലധികം മൂല്യമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നിര്‍വഹിച്ചു. ഈ പദ്ധതികള്‍ പ്രാദേശിക കര്‍ഷകരെയും പാല്‍ ഉല്‍പ്പാദകരെയും ശാക്തീകരിക്കുകയും അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഈ മേഖലയിലെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ഉത്തേജനം നല്‍കും. സുകന്യ സമൃദ്ധി പദ്ധതിയുടെ ഗുണഭോക്താക്കളെയും പാല്‍ ഉല്‍പ്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന വനിതകളെയും പ്രധാനമന്ത്രി ആദരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
'' ഇന്ന് സബര്‍ ഡയറി വികസിച്ചു. നൂറുകണക്കിനു കോടി രൂപയുടെ പുതിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യയിലെ ഒരു പാല്‍പ്പൊടി പ്ലാന്റും നശിച്ചുപോകാത്ത പാക്കിംഗ് (അസെപ്റ്റിക് പാക്കിംഗ്) വിഭാഗത്തില്‍ ഒരു പരമ്പരയും കൂടി വരുന്നതോടെ സബര്‍ ഡയറിയുടെ ശേഷി ഇനിയും വര്‍ദ്ധിക്കും'' സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സബര്‍ ഡയറിയുടെ സ്ഥാപക വ്യക്തിതങ്ങളിലൊരാളായ ശ്രീ ഭുര്‍ഭായി പട്ടേലിനേയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ പ്രദേശവുമായും പ്രദേശവാസികളുമായും തനിക്കുള്ള ദീര്‍ഘകാല ബന്ധവും പ്രധാനമന്ത്രി അനുസ്മരിച്ചു.
രണ്ടു ദശാബ്ദങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ഇല്ലായ്മയുടെയും വരള്‍ച്ചയുടെയും സാഹചര്യം പ്രധാനമന്ത്രി അനുസ്മരിച്ചു. മുഖ്യമന്ത്രി എന്ന നിലയില്‍ ജനങ്ങളുടെ സഹകരണം നേടിയെടുത്തതും മേഖലയിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിച്ചതും അദ്ദേഹം അനുസ്മരിച്ചു. പശുപരിപാലനവും പാലുല്‍പ്പന്നവുമായിരുന്നു ആ പരിശ്രമങ്ങളുടെ പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു. കാലിത്തീറ്റ, മരുന്ന്, കന്നുകാലികള്‍ക്ക് ആയുര്‍വേദ ചികില്‍സ എന്നിവ ലഭ്യമാക്കിക്കൊണ്ട് മൃഗസംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വികസനത്തിന്റെ ഉത്തേജകമായി ഗുജറാത്ത് ജ്യോതിഗ്രാം പദ്ധതിയേയും അദ്ദേഹം പരാമര്‍ശിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടില്‍ സ്വീകരിച്ച നടപടികള്‍ മൂലം ഗുജറാത്തിലെ ക്ഷീരവിപണി ഒരു ലക്ഷം കോടി രൂപയില്‍ എത്തിയെന്ന് പ്രധാനമന്ത്രി അഭിമാനത്തോടെ പറഞ്ഞു. നേരത്തെ 2007ലും 2011ലും നടത്തിയ സന്ദര്‍ശനങ്ങളും സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ നടത്തിയ തന്റെ അഭ്യര്‍ത്ഥനയും അദ്ദേഹം അനുസ്മരിച്ചു. ഇപ്പോള്‍ മിക്ക കമ്മിറ്റികളിലും വനിതകളുടെ മികച്ച പ്രാതിനിധ്യമുണ്ട്. പാലിന് നല്‍കുന്നത് പണത്തില്‍ കൂടുതലും സ്ത്രീകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പരീക്ഷണങ്ങള്‍ മറ്റ് മേഖലകളിലും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന്, 10,000 കര്‍ഷക ഉല്‍പ്പാദ കൂട്ടായ്മകളുടെ (ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍-എഫ്.പി.ഒ) രൂപീകരണ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ദ്രുതഗതിയില്‍ നടക്കുകയാണ്. ഈ എഫ്.പി.ഒകളിലൂടെ ചെറുകിട കര്‍ഷകര്‍ക്ക് ഭക്ഷ്യ സംസ്‌കരണം, മൂല്യബന്ധിത കയറ്റുമതി, വിതരണ ശൃംഖലകളുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയും. ഗുജറാത്തിലെ കര്‍ഷകര്‍ക്കും ഇതിന്റെ വലിയ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഷകര്‍ക്ക് ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രം ഫലം കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ (തോട്ടകൃഷി), മത്സ്യവ്യവസായം, തേന്‍ ഉല്‍പ്പാദനം എന്നിവ കര്‍ഷകര്‍ക്ക് നല്ല വരുമാനം നല്‍കുന്നു. ഖാദി, ഗ്രാമോദ്യോഗ് വിറ്റുവരവ് ആദ്യമായി ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. ഗ്രാമങ്ങളില്‍ ഈ മേഖലയില്‍ 1.5 കോടിയിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് വര്‍ദ്ധിപ്പിക്കുന്നതുപോലുള്ള നടപടികള്‍ കര്‍ഷകര്‍ക്ക് പുതിയ മാര്‍ഗ്ഗ സൃഷ്ടിക്കുകയാണ്. ''2014 വരെ രാജ്യത്ത് 400 ദശലക്ഷം ലിറ്ററില്‍ താഴെ എഥനോള്‍ മാത്രമാണ് കലര്‍ത്തിയിട്ടുള്ളൂ. ഇന്നത് 400 കോടി ലിറ്ററിലേക്ക് എത്തുകയാണ്. ഞങ്ങളുടെ ഗവണ്‍മെന്റ് കഴിഞ്ഞ 2 വര്‍ഷത്തിനുള്ളില്‍ ഒരു പ്രത്യേക സംഘടിതശ്രമം നടത്തി 3 കോടിയിലധികം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കിയിട്ടുമുണ്ട്'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേപ്പെണ്ണ പൂശിയ യൂറിയ, അടച്ചിട്ട വളം പ്ലാന്റുകള്‍ തുറക്കുക, നാനോ വളങ്ങള്‍ പ്രോത്സാഹിപ്പിക്കുക, എന്നീ നടപടികളിലൂടെ ആഗോളതലത്തില്‍ വില വര്‍ദ്ധിച്ചിട്ടും താങ്ങാനാവുന്ന വിലയില്‍ യൂറിയ ലഭ്യത ഉറപ്പാക്കിയത് രാജ്യത്തെയും ഗുജറാത്തിലെയും കര്‍ഷകര്‍ക്ക് ഗുണം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. സുജ്‌ലാം സുഫലാം പദ്ധതി സബര്‍കാന്ത ജില്ലയിലെ പല താലൂക്കു (തഹസീല്‍) കളിലും വെള്ളം ലഭ്യമാക്കിയിട്ടുണ്ട്. സമാനമായി, ജില്ലയിലും സമീപ പ്രദേശങ്ങളിലും മുന്‍പൊന്നുമുണ്ടാകാത്ത തോതില്‍ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ, ഹൈവേ പദ്ധതികള്‍ ഈ മേഖലയിലെ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തി. ഈ ബന്ധിപ്പിക്കല്‍ വിനോദസഞ്ചാരത്തെ സഹായിക്കുകയും യുവാക്കള്‍ക്ക് ജോലി ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രാദേശിക ഗോത്ര നേതാക്കളുടെ ത്യാഗത്തെ അനുസ്മരിച്ചു. ഭഗവാന്‍ ബിര്‍സ മുണ്ട ജിയുടെ ജന്മദിനമായ നവംബര്‍ 15 ന് ജനജാതീയ ഗൗരവ് ദിവസായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ''രാജ്യത്തുടനീളമുള്ള ഗോത്രവിഭാഗത്തില്‍പ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മരണയ്ക്കായി ഞങ്ങളുടെ ഗവണ്‍മെന്റ് ഒരു പ്രത്യേക മ്യൂസിയവും നിര്‍മ്മിക്കുന്നു''. അദ്ദേഹം തുടര്‍ന്നു, ''ഗോത്ര സമൂഹത്തില്‍ നിന്ന് വരുന്ന രാജ്യത്തിന്റെ പുത്രി ആദ്യമായി, ഇന്ത്യയുടെ പരമോന്നത ഭരണഘടനാ പദവിയിലെത്തി. രാജ്യം ശ്രീമതി ദ്രൗപതി മുര്‍മുജിയെ രാഷ്ട്രപതിയാക്കി. 130 കോടിയിലധികം വരുന്ന ഇന്ത്യക്കാര്‍ക്ക് ഇത് അഭിമാന നിമിഷമാണ്''.
ഹര്‍ ഘര്‍ തിരംഗ പ്രചാരണത്തില്‍ ആവേശത്തോടെ പങ്കെടുക്കണമെന്നും അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പദ്ധതികളുടെ വിശദാംശങ്ങള്‍:


പ്രതിദിനം 120 ദശലക്ഷം ടണ്‍ (എം.ടി.പി.ഡി) ഉല്‍പ്പാദന ശേഷിയുള്ള പൗഡര്‍ പ്ലാാണ്് സബര്‍ ഡയറിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മൊത്തം പദ്ധതിയുടെ ആകെ ചെലവ് 300 കോടി രൂപയിലേറെയാണ്. ആഗോള ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലുള്ളതാണ് പ്ലാന്റിന്റെ രൂപരേഖ. ഏതാണ്ട് പൂജ്യം വികരണമുള്ള ഇത് ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. പ്ലാന്റില്‍ ഏറ്റവും പുതിയതും പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ബള്‍ക്ക് പാക്കിംഗ് (തനിയെ പ്രവര്‍ത്തിക്കുന്ന വന്‍തോതിലുള്ള പാക്കിംഗ് സംവിധാനം) ലൈനാണ് സജ്ജീകരിച്ചിട്ടുള്ളത്.
സബര്‍ ഡയറിയിലെ അസെപ്റ്റിക് മില്‍ക്ക് (പാല്‍ നശിച്ചുപോകാതെ)പാക്കേജിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രതിദിനം 3 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഏറ്റവും അത്യാധുനികമായ പ്ലാന്റാണിത്. ഏകദേശം 125 കോടിയോളം രൂപ മുതല്‍മുടക്കിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. വളരെ ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയും പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയും ഉള്ള ഏറ്റവും പുതിയ യന്ത്രവല്‍കൃത സംവിധാനമാണ് പ്ലാന്റിലുള്ളത്. ക്ഷീരോല്‍പ്പാദകര്‍ക്ക് മികച്ച വേതനം ഉറപ്പാക്കാന്‍ പദ്ധതി സഹായിക്കും.
സബര്‍ ചീസ്, വേ ഡ്രൈയിംഗ്(മോര് വറ്റിക്കലിനും) പദ്ധതികളുടെ പ്ലാന്റിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഏകദേശം 600 കോടി രൂപയാണ് പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള തുക. ചെഡ്ഡാര്‍ ചീസ് (20 എം.ടി.പി.ഡി-മെട്രിക് ടണ്‍ പെര്‍ ഡേ), മൊസറെല്ല ചീസ് (10 എം.ടി.പി.ഡി), സംസ്‌കരിച്ച ചീസ് (16 എം.ടി.പി.ഡി) എന്നിവ പ്ലാന്റില്‍ നിര്‍മ്മിക്കും. ചീസ് നിര്‍മ്മാണ വേളയില്‍ ഉണ്ടായിവരുന്ന മോര്, വറ്റിക്കുന്നതിനുള്ള വേ ഡ്രൈയിംഗ് യന്ത്രത്തിന് 40 എം.ടി.പി.ഡിയുടെ ശേഷിയുണ്ടായിരിക്കും.
ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്) ഭാഗമായ സബര്‍ ഡയറി, അമുല്‍ ബ്രാന്‍ഡിന് കീഴിലുള്ള പാല്‍ പാലുല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയുടെയും നിര്‍മ്മാണവും വിപണനവും നടത്തുകയും ചെയ്യുന്നു.

***

-ND-

(Release ID: 1845837) Visitor Counter : 148