പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂലൈ ഏഴിന് വാരാണസി സന്ദര്‍ശിക്കും


18,000 കോടി രൂപയുടെ വിവിധ വികസന സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സാധാരണക്കാരുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ളവയാണ് പദ്ധതികള്‍

എന്‍.ഇ.പി നടപ്പാക്കുന്നതിനുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അക്ഷയ്പാത്രം ഉച്ചഭക്ഷണപരിപാടി അടുക്കളയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും

Posted On: 04 JUL 2022 6:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ജൂലൈ 7-ന് വാരാണസി സന്ദര്‍ശിക്കും.  ഉച്ചയ്ക്ക് ഏകദേശം 2 മണിക്ക് പ്രധാനമന്ത്രി വാരാണസിയിലെ എല്‍.ടി കോളേജില്‍ അക്ഷയ് പാത്ര ഉച്ചഭക്ഷണ പരിപാടിയുടെ അടുക്കള ഉദ്ഘാടനം ചെയ്യും, ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യാന്‍ ഇവിടെ ശേഷിയുണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് 2:45 ന് പ്രധാനമന്ത്രി ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍-രുദ്രാക്ഷ് സന്ദര്‍ശിക്കുകയും, അവിടെ അദ്ദേഹം ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഖില ഭാരതീയ ശിക്ഷാ സമാഗമം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. അതിനുശേഷം, വൈകുന്നേരം 4 മണിക്ക് പ്രധാനമന്ത്രി സിഗ്രയിലെ ഡോ. സമ്പൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം 1800 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.

വിവിധ വികസന ഉദ്യമങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും

കഴിഞ്ഞ എട്ട് വര്‍ഷമായി വാരാണസിയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രധാനമന്ത്രി വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് നഗരത്തിന്റെ ഭൂപ്രകൃതിയുടെ പരിവര്‍ത്തനത്തിന് തന്നെ കാരണമായിട്ടുമുണ്ട്. ജനങ്ങളുടെ ജീവിതം സുഖകരമാക്കുന്നതിനുള്ള സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ ഉദ്യമങ്ങളുടെ പ്രാഥമിക ശ്രദ്ധ. ഈ ദിശയില്‍ മറ്റൊരു ചുവടുവെപ്പ് നടത്തികൊണ്ട്, സിഗ്രയിലെ ഡോ. സമ്പൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി 590 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വാരാണസി സ്മാര്‍ട്ട് സിറ്റി, അര്‍ബന്‍ പ്രോജക്ടുകള്‍ക്ക് കീഴിലുള്ള നിരവധി സംരംഭങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു, നമോ ഘാട്ടിന്റെ ഒന്നാം ഘട്ടത്തിന്റെ പുനര്‍വികസനത്തോടൊപ്പം കുളിക്കടവ് ജെട്ടിയുടെ നിര്‍മ്മാണം; 500 ബോട്ടുകളുടെ ഡീസല്‍, പെട്രോള്‍ എന്‍ജിനുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റുന്നത്; പഴയ കാശിയിലെ കാമേശ്വര്‍ മഹാദേവ് വാര്‍ഡിന്റെ പുനര്‍വികസനം, ദാസേപൂരിലെ ഹര്‍ഹുവ ഗ്രാമത്തില്‍ നിര്‍മ്മിച്ച 600-ലധികം ഇ.ഡബ്ല്യു.എസ് (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള) ഫ്‌ളാറ്റുകള്‍; പുതിയ വെന്‍ഡിംഗ് സോണും (കച്ചവട മേഖല) ലഹര്‍താര-ചൗക്ക ഘാട്ട് ഫ്‌ളൈ ഓവറിന് കീഴില്‍ തയ്യാറാക്കിയ നഗര സ്ഥലവും; ദശാശ്വമേധ് ഘാട്ടിലെ ടൂറിസ്റ്റ് സൗകര്യവും വ്യാപാര സമുച്ചയവും; ഒപ്പം ഐ.പി.ഡി.എസ് (സംയോജിത ഊര്‍ജ്ജ വികസന പദ്ധതി) പ്രവര്‍ത്തി ഘട്ടം-3 പ്രകാരമുള്ള നാഗ്വയിലെ 33/11 കെ.വി സബ്‌സ്‌റ്റേഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ബാബത്പൂര്‍-കപ്‌സേതി-ഭദോഹി റോഡില്‍ നാലുവരിപ്പാത മേല്‍പ്പാലം (ആര്‍.ഒ.ബി), സെന്‍ട്രല്‍ ജയില്‍ റോഡില്‍ വരുണാ നദിയില്‍ പാലം; പിന്ദ്ര-കതിരോണ്‍ റോഡിന്റെ വീതികൂട്ടല്‍; ഫൂല്‍പൂര്‍-സിന്ധൗര ലിങ്ക് റോഡിന്റെ വീതികൂട്ടല്‍; 8 ഗ്രാമീണ റോഡുകളുടെ ബലപ്പെടുത്തലും നിര്‍മ്മാണവും; 7പി.എം.ജി.എസ്.വൈ (പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന) റോഡുകളുടെ നിര്‍മ്മാണം ധര്‍സൗന-സിന്ധൗര റോഡിന്റെ വീതി കൂട്ടലും. ഉള്‍പ്പെടെ വിവിധ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ജില്ലയിലെ ജലവിതരണവും മലിനജല നിര്‍മ്മാര്‍ജ്ജനവും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. വാരണാസി നഗരത്തിലെ പഴയ ട്രങ്ക് മലിനജല ലൈന്‍ ട്രെഞ്ച്‌ലെസ് സാങ്കേതികവിദ്യയിലൂടെ പുനരുദ്ധരിക്കുന്നത്; മലിനജല ലൈനുകള്‍ സ്ഥാപിക്കല്‍; ട്രാന്‍സ് വരുണ മേഖലയില്‍ 25000-ലധികം വീടുകളില്‍ മലിനജല കണക്ഷനുകള്‍ നല്‍കുന്നത്; നഗരത്തിലെ സിസ് വരുണ മേഖലയില്‍ ചോര്‍ച്ച അറ്റകുറ്റപ്പണികള്‍; താതേപൂര്‍ ഗ്രാമത്തിലെ ഗ്രാമീണ കുടിവെള്ള പദ്ധതി, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. സാമൂഹിക, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടുന്നു. മഹ്ഗാവ് വില്ലേജിലെ ഐ.ടി.ഐ ഉള്‍പ്പെടുന്നു, ഭൂവിലെ വേദ വിജ്ഞാന കേന്ദ്രത്തിന്റെ രണ്ടാം ഘട്ടം, രാംനഗറിലെ ഗവണ്‍മെന്റ് ഗേള്‍സ് ഹോം, ദുര്‍ഗാകുണ്ഡിലെ ഗവണ്‍മെന്റ് വനിതാ വൃദ്ധസദനത്തിലെ തീം പാര്‍ക്ക് എന്നിവ ഇതില്‍ ഉള്‍പ്പെടും.

ബഡാ ലാല്‍പൂരിലെ ഡോ. ഭീം റാവു അംബേദ്കര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ (കായിക സമുച്ചയത്തില്‍) സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കും സിന്തറ്റിക് ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടും, സിന്ധൗരയിലെ നോണ്‍ റെസിഡന്‍ഷ്യല്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം, ഹോസ്റ്റല്‍ മുറികള്‍, ചോലാപ്പൂര്‍, മിര്‍സാമുറാദ്, ജന്‍സ, കപ്‌സേതി എന്നീ പോലീസ് സ്‌റ്റേഷനുകളിലെ ബാരക്കുകള്‍ പിന്ദ്രയിലെ അഗ്‌നിശമന കേന്ദ്രത്തിന്റെ കെട്ടിടം എന്നിവ ഉള്‍പ്പെടെ വിവിധ പോലീസ്, അഗ്‌നി സുരക്ഷാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പരിപാടിയില്‍ 1200 കോടിയിലധികം രൂപയുടെ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ലഹര്‍താര - ഭൂവ് മുതല്‍ വിജയ സിനിമ വരെയുള്ള റോഡിന്റെ വീതി ആറ് വരിയായി കൂട്ടല്‍; പാണ്ഡേപൂര്‍ ഫ്‌ളൈഓവര്‍ മുതല്‍ റിങ് റോഡ് വരെ നാലുവരിപ്പാതയായി വീതികൂട്ടല്‍; കുച്ചാഹേരി മുതല്‍ സന്ദാഹ വരെയുള്ള റോഡിന്റെ നാലുവരിയായി വീതികൂട്ടല്‍; വാരണാസി ഭദോഹി ഗ്രാമീണ റോഡിന്റെ വീതി കൂട്ടലും ബലപ്പെടുത്തലും; വാരണാസി ഗ്രാമീണ മേഖലയില്‍ അഞ്ച് പുതിയ റോഡുകളുടെയും നാല് സി.സി റോഡുകളുടെയും നിര്‍മ്മാണം; ബബത്പൂര്‍-ചൗബേപൂര്‍ റോഡില്‍ ബാബത്പൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ആര്‍.ഒ.ബിയുടെ നിര്‍മ്മാണം തുടങ്ങിയ വിവിധ റോഡ് അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. നഗര-ഗ്രാമീണ റോഡുകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന് ഈ പദ്ധതികള്‍ ഗണ്യമായി സഹായിക്കും.

മേഖലയിലെ വിനോദസഞ്ചാരത്തിന് പുത്തനുണര്‍വ് നല്‍കുന്നതിനായി വിവിധ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിടും. ലോകബാങ്ക് സഹായത്തോടെയുള്ള യു.പിയിലെ പാവപ്പെട്ടവര്‍ക്ക് അനുകൂലമായ ടൂറിസം വികസന പദ്ധതിക്ക് കീഴില്‍ സാരാനാഥ് ബുദ്ധ സര്‍ക്യൂട്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍, അഷ്ട വിനാകയത്തിനായുള്ള പാവന്‍ പാത നിര്‍മാണം, ദ്വാദശ് ജ്യോതിര്‍ലിംഗ് യാത്ര, അഷ്ട് ഭൈരവ്, നവ് ഗൗരി യാത്ര, പഞ്ച്‌കോസി പരിക്രമ യാത്രാ മാര്‍ഗ്ഗിലെ അഞ്ച് സ്‌റ്റോപ്പുകളുടെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍, പഴയ കാശിയിലെ വിവിധ വാര്‍ഡുകളുടെ ടൂറിസം വികസനം. എന്നിവ ഇതില്‍ ഉള്‍പ്പെടും. സിഗ്രയിലെ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിന്റെ പുനര്‍വികസന പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടത്തിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.

അഖില ഭാരതീയ ശിക്ഷാ സമാഗമം

'ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍-രുദ്രാക്ഷി'ല്‍ അഖില്‍ ഭാരതീയ ശിക്ഷാ സമാഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 7 മുതല്‍ 9 വരെയാണ് ശിക്ഷാ സമാഗമം സംഘടിപ്പിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധര്‍, നയ നിര്‍മ്മാതാക്കള്‍ക്കും വിദ്യാഭ്യാസമേഖലയിലെ നേതാക്കള്‍ എന്നിവര്‍ക്ക് ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) 2020 ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള രൂപരേഖ ചര്‍ച്ച ചെയ്യാനും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള ഒരു വേദിനല്‍കുകയാണ് ഇതിലൂടെ. രാജ്യത്തുടനീളമുള്ള സര്‍വകലാശാലകള്‍ (കേന്ദ്ര, സംസ്ഥാന, ഡീംഡ്, സ്വകാര്യ), ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ (ഐ.ഐ.ടി, ഐ.ഐ.എം., എന്‍.ഐ.ടി, ഐസര്‍) നിന്നും അക്കാദമിക ഭരണകര്‍ത്താക്കളും സ്ഥാപന മേധാവികളുമായ 300ലധികം പേര്‍ക്ക് കാര്യശേഷി നിര്‍മ്മാണത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ പങ്കാളികള്‍ അവരുടെ സ്ഥാപനങ്ങളില്‍ എന്‍.ഇ.പി നടപ്പിലാക്കുന്നതിന്റെ പുരോഗതി അവതരിപ്പിക്കുകയും ശ്രദ്ധേയമായ നടപ്പാക്കല്‍ തന്ത്രങ്ങളും മികച്ച സമ്പ്രദായങ്ങളും വിജയഗാഥകളും പങ്കിടുകയും ചെയ്യും.

മൂന്ന് ദിവസത്തെ ശിക്ഷാ സമാഗമത്തില്‍, എന്‍.ഇ.പി 2020 പ്രകാരം ഉന്നത വിദ്യാഭ്യാസത്തിനായി കണ്ടെത്തിയ ഒമ്പത് വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. മള്‍ട്ടി ഡിസിപ്ലിനറിയും ഹോളിസ്റ്റിക് എഡ്യൂക്കേഷനും ((ബഹുവിഷയങ്ങളും സമഗ്രമായ വിദ്യാഭ്യാസവും), നൈപുണ്യ വികസനവും തൊഴില്‍ക്ഷമതയും; ഗവേഷണം, നൂതനാശയം, സംരംഭകത്വം; ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി അദ്ധ്യാപകരുടെ ശേഷി വര്‍ദ്ധിപ്പിക്കല്‍; ഗുണനിലവാരം, റാങ്കിംഗും അക്രഡിറ്റേഷനും; ഡിജിറ്റല്‍ ശാക്തീകരണവും ഓണ്‍ലൈന്‍ വിദ്യാഭ്യാസവും; തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം; ഇന്ത്യന്‍ വിജ്ഞാന സംവിധാനം; ഉന്നത വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവല്‍ക്കരണം എന്നിവയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള ആശയങ്ങള്‍.

--ND-- 


(Release ID: 1839214) Visitor Counter : 194