പ്രധാനമന്ത്രിയുടെ ഓഫീസ്
കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
''രാജ്യത്തെ എല്ലാ ജനങ്ങളും അങ്ങേയറ്റം കരുതലോടെ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ് കുട്ടികള്‍ക്കായുള്ള പി എം കെയേഴ്സ്''
''ഈ ബുദ്ധിമുട്ടേറിയ കാലത്ത് രാജ്യം മുഴുവനും നിങ്ങള്‍ കുട്ടികള്‍ക്കൊപ്പമാണ്''
''ഈ പ്രയാസമേറിയ കാലത്ത് നല്ല പുസ്തകങ്ങള്‍ നിങ്ങളുടെ വിശ്വസ്ത സുഹൃത്തുക്കളാകും''
''ഇന്ന് നമ്മുടെ ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യവും രാജ്യത്തെ ജനങ്ങളും മുമ്പുണ്ടായിട്ടില്ലാത്തവിധം ആത്മവിശ്വാസത്തിലാണ്''
''പാവപ്പെട്ടവരുടെ ക്ഷേമത്തിനും സേവനത്തിനുമായി കഴിഞ്ഞ എട്ട് വര്‍ഷം സമര്‍പ്പിച്ചു''
''ഇന്ന് രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുള്ളവരാണ്. ഈ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് 100 ശതമാനം ശാക്തീകരണം ലക്ഷ്യമിട്ട് നമ്മുടെ ഗവണ്‍മെന്റ് ഒരു ക്യാംപെയ്ന്‍ നടത്തുകയാണ്''
Posted On:
30 MAY 2022 11:35AM by PIB Thiruvananthpuram
കുട്ടികള്‍ക്കായുള്ള പി എം കെയേഴ്‌സ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ വിദൂരദൃശ്യ സംവിധാനത്തിലൂടെ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പരിപാടിയെ അഭിസംബോധന ചെയ്യവേ കൊറോണ മഹാമാരിയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുട്ടികളുടെ വേദന പ്രധാനമന്ത്രി പങ്കിട്ടു. ''ഓരോ ദിവസത്തേയും പോരാട്ടം. ഓരോ ദിവസത്തേയും വെല്ലുവിളികള്‍. ഇന്ന് നമ്മോടൊപ്പമുള്ള കുട്ടികളുടെ വേദന വാക്കുകള്‍ക്കതീതമാണ്''- വികാരാധീനനായ പ്രധാനമന്ത്രി കുട്ടികളോട് പറഞ്ഞു. താന്‍ പ്രധാനമന്ത്രിയായല്ല, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം അവരോട് പറഞ്ഞു.
''കൊറോണ മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സാധ്യമായ സഹായം നല്‍കാനുള്ള ചെറിയ ശ്രമമാണ് പി എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍. രാജ്യത്തെ ഓരോരുത്തരും അങ്ങേയറ്റം അനുഭാവപൂര്‍വം നിങ്ങളോടൊപ്പമുണ്ടെന്നതിന്റെ പ്രതിഫലനം കൂടിയാണിത്''- പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളില്‍ ആര്‍ക്കെങ്കിലും പ്രൊഫഷണല്‍ കോഴ്സിനോ ഉന്നത വിദ്യാഭ്യാസത്തിനോ വേണ്ടി വായ്പ ആവശ്യമെങ്കില്‍ പി എം കെയേഴ്സ് അവരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ചെലവുകള്‍ നിര്‍വഹിക്കുന്നതിനായി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് മാസം 4,000 രൂപ വീതം നല്‍കും. കൂടാതെ ഈ കുട്ടികള്‍ക്ക് 23 വയസ് പൂര്‍ത്തിയാകുമ്പോള്‍ 10 ലക്ഷം രൂപ ലഭിക്കുന്നത് കൂടാതെ ആയുഷ്മാന്‍ കാര്‍ഡ് മുഖേന ചികിത്സാ പരിരക്ഷയും സംവാദ് ഹെല്‍പ് ലൈന്‍ മുഖേന കൗണ്‍സിലിംഗും ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
മഹാമാരിക്കാലത്ത് ഏറ്റവും വേദനാജനകമായ വേര്‍പാടുകളെ ധീരമായി നേരിട്ട കുട്ടികള്‍ക്ക് ആദരം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മാതാപിതാക്കള്‍ക്ക് പകരമാകാന്‍ മറ്റാര്‍ക്കും കഴിയില്ലെന്നും പറഞ്ഞു.
'ഈ പ്രയാസമേറിയ കാലത്ത് ഭാരതമാതാവ് നിങ്ങള്‍ എല്ലാ കുട്ടികള്‍ക്കുമൊപ്പമുണ്ട്'. കുട്ടികള്‍ക്കായുള്ള പിഎം കെയേഴ്സ് വഴി രാജ്യം അതിന്റെ ഉത്തരവാദിത്വം നിറവേറ്റാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് മനുഷ്യ കാരുണ്യത്തിന്റെ ഉദാഹരണങ്ങള്‍, പ്രത്യേകിച്ച് ദുരിതബാധിതരുടെ ക്ഷേമത്തിനായി ജനങ്ങള്‍ നല്‍കിയ സംഭാവനകള്‍, പ്രധാനമന്ത്രി അനുസ്മരിച്ചു. കൊറോണ കാലത്ത് ആശുപത്രികള്‍ സജ്ജമാക്കുന്നതിനും വെന്റിലേറ്ററുകള്‍ വാങ്ങുന്നതിനും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഇത്തരം സഹായങ്ങള്‍ വളരെയധികം സഹായകരമായിരുന്നതായി പ്രധാനമന്ത്രി അനുസ്മരിച്ചു. ഇതുമൂലം അനേകം പേരുടെ ജീവന്‍ രക്ഷിക്കാനും അനേകം കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാനും കഴിഞ്ഞു.
നിരാശയുടെ ഏറ്റവുമിരുണ്ട കാലഘട്ടത്തില്‍ പോലും നാം നമ്മില്‍ തന്നെ വിശ്വസിക്കുന്നുവെങ്കില്‍ വെളിച്ചത്തിന്റെ ഒരു കിരണം തീര്‍ച്ചയായും ദൃശ്യമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. നിരാശ പരാജയമായി മാറാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു. മുതിര്‍ന്നവരും അധ്യാപകരും പറയുന്നത് ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ഈ മോശം സമയത്ത് നല്ല പുസ്തകങ്ങള്‍ക്ക് വിശ്വസ്തരായ സുഹൃത്തുക്കളായിരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രോഗമുക്തരായി തുടരാനും ഇടപെടാനും ഖേലോ ഇന്ത്യ, ഫിറ്റ് ഇന്ത്യ മൂവ്മെന്റ് എന്നിവയ്ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. യോഗാ ദിനത്തില്‍ പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികൂല സാഹചര്യങ്ങളിലൊക്കെ ഇന്ത്യ അതിന്റെ ശക്തിയെ ആശ്രയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയും യുവാക്കളെയും വിശ്വസിച്ചു. ഞങ്ങള്‍ പ്രത്യാശയുടെ കിരണമായി നില കൊണ്ടു, ലോകത്തിന് ഞങ്ങളെക്കുറിച്ച് ആശങ്കയുണ്ടായില്ല. ഞങ്ങള്‍ പ്രശ്നമായില്ല, എന്നാല്‍ പരിഹാരം നല്‍കുന്ന ശക്തിയായി നിലകൊണ്ടു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലേക്ക് ഞങ്ങള്‍ മരുന്നുകളും വാക്സിനുകളും അയച്ചു. ഇത്രയും വലിയ രാജ്യമായിരുന്നിട്ട് പോലും, ഞങ്ങള്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കി''- അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥ എന്ന നിലയിലാണ് നമ്മുടെ രാജ്യം മുന്നേറുന്നതെന്നും ലോകം പുതിയ പ്രത്യാശയോടും വിശ്വാസത്തോടും കൂടി നമ്മെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഗവണ്‍മെന്റ് എട്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യവും രാജ്യത്തെ ജനങ്ങളും മുമ്പെങ്ങുമുണ്ടായിട്ടില്ലാത്തവിധം ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതികള്‍, സ്വജനപക്ഷപാതം, രാജ്യത്തുടനീളം വ്യാപിക്കുന്ന തീവ്രവാദ സംഘടനകള്‍, പ്രാദേശിക വിവേചനം എന്നിവ വ്യാപകമായിരുന്ന 2014ന് മുമ്പുണ്ടായിരുന്ന സാഹചര്യത്തില്‍ നിന്ന് രാജ്യം കരകയറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്വച്ഛ് ഭാരത് മിഷന്‍, ജന്‍ ധന്‍ യോജന, ഹര്‍ ഘര്‍ ജല്‍ അഭിയാന്‍ തുടങ്ങിയ ക്ഷേമ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി 'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്നിവയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് ഗവണ്‍മെന്റ് മുന്നേറുന്നതെന്ന് പറഞ്ഞു. കഴിഞ്ഞ എട്ട് വര്‍ഷമായി ദരിദ്രരുടെ ക്ഷേമത്തിനും സേവനത്തിനുമായി നീക്കിവച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''കുടുംബത്തിലെ ഒരു അംഗമെന്ന നിലയില്‍, രാജ്യത്തെ പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും അവരുടെ ജീവിതം സുഗമമാക്കാനും മെച്ചപ്പെടുത്താനും ശ്രമിച്ചു''- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക വിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുക വഴി ഗവണ്‍മെന്റ് ദരിദ്രരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് രാജ്യത്തെ പാവപ്പെട്ടവരില്‍ പാവപ്പെട്ടവരും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസമുള്ളവരാണ്. ഈ വിശ്വാസം വര്‍ധിപ്പിക്കുന്നതിന് 100 ശതമാനം ശാക്തീകരണം എന്ന ലക്ഷ്യമിട്ട് നമ്മുടെ ഗവണ്‍മെന്റ് ഒരു ക്യാംപെയ്ന്‍ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന നേട്ടങ്ങളാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഇന്ത്യ കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയുടെ അഭിമാനം ലോകമെങ്ങും വ്യാപിച്ചിരിക്കുന്നു. ആഗോള വേദികളില്‍ ഇന്ത്യയുടെ ശബ്ദത്തിന് കൂടുതല്‍ പ്രസക്തി വര്‍ധിച്ചു. യുവശക്തി ഇന്ത്യയുടെ ഈ യാത്രയെ നയിക്കുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ''നിങ്ങളുടെ സ്വപ്നങ്ങള്‍ക്കായി നിങ്ങളുടെ ജീവിതം സമര്‍ പ്പിക്കുക, അവ സാക്ഷാത്കരിക്കപ്പെടാനുള്ളതാണ്''- പ്രധാനമന്ത്രി ഉപസംഹരിച്ചു.
-ND-
(Release ID: 1829384)
Visitor Counter : 199
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada