പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്‌കോട്ട് അറ്റ്‌കോട്ടിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ മാതുശ്രീ കെ.ഡി.പി പ്രധാനമന്ത്രി സന്ദര്‍ശിച്ചു.



''ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തില്‍ ഗവണ്‍മെന്റും സ്വകാര്യമേഖലയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഒരു ഉദാഹരണമാണ് ഈ ആശുപത്രി''


''കഴിഞ്ഞ 8 വര്‍ഷമായി, പാവപ്പെട്ടവര്‍ക്കുള്ള 'സേവനം', 'സദ്ഭരണം ', ദരിദ്രക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നു''



''രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ 8 വര്‍ഷമായി നടന്നിട്ടില്ല''


'' പദ്ധതികളില്‍ പരിപൂര്‍ണത നേടുന്നതിനായി ഗവണ്‍മെന്റ് സംഘടിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്''

Posted On: 28 MAY 2022 1:36PM by PIB Thiruvananthpuram

രാജ്‌കോട്ട് അറ്റ്‌കോട്ടിലെ പുതുതായി നിര്‍മ്മിച്ച മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായ മാതുശ്രീ കെ.ഡി.പി. ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ശ്രീ പട്ടേല്‍ സേവാ സമാജമാണ് ആശുപത്രി പരിപാലിക്കുന്നത്. ഇവിടെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, കേന്ദ്രമന്ത്രിമാരായ ശ്രീ പര്‍ഷോത്തം രൂപാല, ഡോ. മന്‍സുഖ് മാണ്ഡവ്യ, ഡോ. മഹേന്ദ്ര മുഞ്ജപ്പാറ, പാര്‍ലമെന്റ് അംഗങ്ങള്‍, ഗുജറാത്ത് ഗവണ്‍മെന്റിന്റെ മന്ത്രിമാര്‍, സന്ത് സമാജത്തിലെ അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ആശുപത്രിയുടെ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. സൗരാഷ്ട്രയിലെ  ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഈ ആശുപത്രിയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പരിശ്രമത്തില്‍ സര്‍ക്കാരും സ്വകാര്യമേഖലയും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ ഒരു ഉദാഹരണമാണ് ഈ ആശുപത്രി.

ദേശീയ ജനാധിപത്യ സഖ്യ ഗവണ്‍മെന്റ് 8 വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയ വേളയില്‍, രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. മാതൃരാജ്യത്തിന് വേണ്ടിയുള്ള 8 വര്‍ഷത്തെ സേവനത്തിന്റെ തലേന്ന് താന്‍ ഗുജറാത്തിന്റെ മണ്ണിലാണെന്നത് വളരെ ഉചിതമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കാന്‍ അവസരവും 'സംസ്‌ക്കാരവും' നല്‍കിയതിന് ഗുജറാത്തിലെ ജനങ്ങളെ അദ്ദേഹം വണങ്ങി. ഈ സേവനം നമ്മുടെ സംസ്‌കാരത്തിലും മണ്ണിന്റെ സംസ്‌കാരത്തിലും ബാപ്പുവിന്റെയും പട്ടേലിന്റെയും സംസ്‌കാരത്തിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒരു തെറ്റും കഴിഞ്ഞ 8 വര്‍ഷമായി നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷങ്ങളില്‍, പാവപ്പെട്ടവര്‍ക്കുള്ള സേവനം, സദ്ഭരണം, ദരിദ്ര ക്ഷേമം എന്നിവയ്ക്ക് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കി. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എല്ലാവരുടെയും വിശ്വാസം, എല്ലാവരുടെയും പ്രയത്‌നം (സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ് സബ്കാ പ്രയാസ്) എന്ന മന്ത്രം രാജ്യത്തിന്റെ വികസനത്തിന് ഊര്‍ജം പകരുന്നതായി അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവരുടെയും ദളിതരുടെയും ദരിദ്രരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും സ്ത്രീകളുടെയും ശാക്തീകരണമാണ് ബഹുമാന്യരായ ബാപ്പുവും സര്‍ദാര്‍ പട്ടേലും സ്വപ്‌നം കണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശുചിത്വവും ആരോഗ്യവും രാഷ്ട്രബോധത്തിന്റെ ഭാഗമായി മാറിയ ഒരു ഇന്ത്യ. സ്വദേശി പരിഹാരങ്ങളാല്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഒരു ഇന്ത്യയാണ് ബാപ്പു ആഗ്രഹിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ 3 കോടിയിലധികം കുടുംബങ്ങള്‍ക്ക് ഒരു പൂര്‍ണ്ണമായി അടച്ചുറപ്പുള്ള  പാര്‍പ്പിടങ്ങള്‍ ലഭിച്ചു, വെളിയിട മലമൂത്ര വിസര്‍ജ്ജനത്തില്‍ നിന്ന് 10 കോടിയിലധികം കുടുംബങ്ങളെ മോചിപ്പിച്ചു, 9 കോടിയിലധികം സഹോദരിമാരെ അടുക്കളയിലെ പുകയില്‍ നിന്ന് മോചിപ്പിച്ചു, 2.5 കോടിയിലധികം കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ ലഭിച്ചു, 6 കോടിയിധികം കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ ലഭിച്ചു, 50 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് 5 ലക്ഷം രൂപവരെയുള്ള ആരോഗ്യ പരിരക്ഷ സൗജന്യമായി ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. ഇവ കേവലം അക്കങ്ങളല്ലെന്നും പാവപ്പെട്ടവരുടെ അന്തസ്സും രാഷ്ട്രത്തിന്റെ സേവനവും ഉറപ്പാക്കാനുള്ള നമ്മുടെ സമര്‍പ്പണത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

100 വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്ന മഹാമാരി കാലത്തും പാവപ്പെട്ടവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ലെന്ന് അവര്‍ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചു, പാവപ്പെട്ടവര്‍ക്ക് സൗജന്യ സിലിണ്ടറുകള്‍ നല്‍കി, പരിശോധനയും വാക്‌സിനുകളും എല്ലാവര്‍ക്കും സൗജന്യമായി നല്‍കി.

ഇപ്പോള്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴും ജനങ്ങളുടെ ജീവിതം സുഗമമാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികളില്‍ പരിപൂര്‍ണ്ണത നേടുന്നതിനായി തന്റെ ഗവണ്‍മെന്റ് സംഘടിതപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും അവരുടെ അവകാശം ലഭിക്കുമ്പോള്‍, വിവേചനത്തിനും അഴിമതിക്കും സാദ്ധ്യതയില്ല, അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ശ്രമം പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം സുഗമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഗുജറാത്തി ഭാഷയില്‍ സംസാരിച്ച പ്രധാനമന്ത്രി പട്ടേല്‍ സമുദായത്തിനെ അവരുടെ മഹത്തായ പൊതുസേവന പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദിച്ചു. 2001ല്‍ ഗുജറാത്തിലെ ജനങ്ങള്‍ തനിക്ക് അവരെ സേവിക്കാന്‍ അവസരം നല്‍കിയപ്പോള്‍ വെറും 9 മെഡിക്കല്‍ കോളേജുകള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഗുജറാത്തില്‍ 30 മെഡിക്കല്‍ കോളേജുകളാണുള്ളതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നാളുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഗുജറാത്തിലേയും രാജ്യത്തേയും ഓരോ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിയമങ്ങള്‍ മാറ്റി, ഇപ്പോള്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷയില്‍ പഠിക്കാം'', അദ്ദേഹം പറഞ്ഞു.

മുമ്പ് വഡോദര മുതല്‍ വാപി വരെ മാത്രമേ വ്യവസായം ദൃശ്യമായിരുന്നുള്ളൂ, ഇപ്പോള്‍ ഗുജറാത്തില്‍ എല്ലായിടത്തും വ്യവസായം അഭിവൃദ്ധിപ്പെട്ടുവെന്ന് വ്യവസായത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ഹൈവേകള്‍ വിശാലമാവുകയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ) ഗുജറാത്തിന്റെ വലിയ കരുത്തായി ഉയര്‍ന്നു വരികയും ചെയ്തു. ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായവും കുതിച്ചുയരുകയാണ്. സൗരാഷ്ട്രയുടെ സ്വത്വം അവിടുത്തെ ജനങ്ങളുടെ ധീരമായ സ്വഭാവമാണെന്നും അദ്ദേഹം പറഞ്ഞു.

ദാരിദ്ര്യവും സുഖമില്ലാതായാല്‍ പോലും കുടുംബത്തിന് അസൗകര്യമുണ്ടാകാതിരിക്കാന്‍ ചികിത്സപോലും തേടാതെ കുടുംബത്തിലെ സ്ത്രീകള്‍ ജോലി തുടരുന്നതെങ്ങനെയെന്നും തനിക്ക് മനസ്സിലായിട്ടുണ്ടായിരുന്നെന്നും വ്യക്തിപരമായ അഭിപ്രായം രേഖപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''ഒരമ്മയും ചികിത്സലഭിക്കാതെ പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്ന് നിങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഒരു മകനുണ്ട്. അതുകൊണ്ടാണ് പി.എം.ജെ.എ.വൈ (പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന) പദ്ധതി ആരംഭിച്ചത്'' അദ്ദേഹം പറഞ്ഞു. അതുപോലെ, മരുന്നുകള്‍ താങ്ങാനാവുന്ന രീതിയില്‍ ലഭിക്കാനായി ജന്‍ ഔഷധി കേന്ദ്രങ്ങളുണ്ട്, എല്ലാവരുടെയും നല്ല ആരോഗ്യത്തിനായി അന്താരാഷ്ട്ര യോഗ ദിനവും ആഘോഷിക്കുന്നു, പ്രധാനമന്ത്രി ഉപസംഹരിച്ചു.

--ND--

 



(Release ID: 1828958) Visitor Counter : 123