പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കച്ചില്‍ അന്താരാഷ്ട്ര വനിതാദിന സെമിനാറിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി


''ധാര്‍മികതയുടെയും വിശ്വസ്തതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേതൃത്വത്തിന്റെയും പ്രതിഫലനമാണു സ്ത്രീകള്‍''

''രാഷ്ട്രത്തിനു ദിശാബോധം പകരാന്‍ സ്ത്രീകള്‍ക്കാകുമെന്നും അവര്‍ക്കതിനു കഴിയണമെന്നും നമ്മുടെ വേദങ്ങളും പാരമ്പര്യവും ആഹ്വാനം ചെയ്യുന്നു''

''സ്ത്രീകളുടെ പുരോഗതി എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തേകുന്നു''

''ഇന്ത്യയുടെ വികസനയാത്രയില്‍ രാജ്യം മുന്‍ഗണനയേകുന്നത് സ്ത്രീകളുടെ പൂര്‍ണപങ്കാളിത്തത്തിന്''

''സ്റ്റാന്‍ഡപ്പ് ഇന്ത്യക്കുകീഴിലുള്ള വായ്പകളില്‍ 80 ശതമാനവും സ്ത്രീകളുടെ പേരിലാണ്. മുദ്ര യോജനപ്രകാരം 70 ശതമാനം വായ്പകളും നല്‍കിയതു നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമാണ്.''




Posted On: 08 MAR 2022 6:58PM by PIB Thiruvananthpuram

കച്ചില്‍ നടന്ന അന്താരാഷ്ട്ര വനിതാദിനസെമിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോകോണ്‍ഫറന്‍സിലൂടെ അഭിസംബോധനചെയ്തു.

സമ്മേളനത്തെ അഭിസംബോധനചെയ്യവേ,  പ്രധാനമന്ത്രി ഏവര്‍ക്കും  അന്താരാഷ്ട്ര വനിതാദിനാശംസകള്‍ നേര്‍ന്നു. മാതൃശക്തിയുടെ രൂപത്തില്‍ ആശാപുര മാതാവ് ഇവിടെയുള്ളതിനാല്‍ നൂറ്റാണ്ടുകളായി നാരീശക്തിയുടെ പ്രതീകമായി കച്ച് പ്രദേശം നിലകൊള്ളുന്നതായി അദ്ദേഹം പറഞ്ഞു. ''ഇവിടത്തെ സ്ത്രീകള്‍ കഠിനമായ സ്വാഭാവിക വെല്ലുവിളികളെ  നേരിട്ടു ജീവിക്കാന്‍ സമൂഹത്തെ മുഴുവന്‍ പഠിപ്പിച്ചു; പോരാടാന്‍ പഠിപ്പിച്ചു; ജയിക്കാന്‍ പഠിപ്പിച്ചു''- അദ്ദേഹം പറഞ്ഞു. ജലസംരക്ഷണത്തിനായുള്ള പ്രയത്‌നത്തില്‍ കച്ചിലെ സ്ത്രീകളുടെ പങ്കിനെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. അതിര്‍ത്തിഗ്രാമത്തില്‍ നടന്ന ഈ പരിപാടിയില്‍, 1971-ലെ യുദ്ധത്തില്‍ പ്രദേശത്തെ സ്ത്രീകള്‍ നല്‍കിയ സംഭാവനകളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.

ധാര്‍മികതയുടെയും വിശ്വസ്തതയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേതൃത്വത്തിന്റെയും പ്രതിഫലനമാണു സ്ത്രീകളെന്നു പ്രധാനമന്ത്രി പറഞ്ഞു. ''അതുകൊണ്ടാണു രാഷ്ട്രത്തിനു ദിശാബോധം പകരാന്‍ സ്ത്രീകള്‍ക്കാകുമെന്നും അവര്‍ക്കതിനു കഴിയണമെന്നും നമ്മുടെ വേദങ്ങളും പാരമ്പര്യവും ആഹ്വാനം ചെയ്തത്.'' - അദ്ദേഹം പറഞ്ഞു.

വടക്ക് മീരാബായിമുതല്‍ തെക്ക് അക്ക മഹാദേവിവരെ, ഭക്തിപ്രസ്ഥാനംമുതല്‍ ജ്ഞാനദര്‍ശനംവരെ, സമൂഹത്തില്‍ നവീകരണത്തിനും മാറ്റത്തിനും ഇന്ത്യയിലെ മഹദ്‌വനിതകള്‍ വഴിതെളിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സതി തോറല്‍, ഗംഗാസതി, സതി ലോയന്‍, രാംബായ്, ലിര്‍ബായ് തുടങ്ങിയ മഹദ്‌വനിതകളെ കച്ചും ഗുജറാത്തും കണ്ടിട്ടുണ്ട്. രാജ്യത്തെ എണ്ണിയാലൊടുങ്ങാത്ത ദേവതകള്‍ പ്രതീകവല്‍ക്കരിക്കുന്ന നാരീബോധം സ്വാതന്ത്ര്യസമരജ്വാല തെളിച്ചതായും അദ്ദേഹം പറഞ്ഞു.

ഭൂമിയെ മാതാവായി കാണുന്ന രാജ്യത്തു സ്ത്രീകളുടെ പുരോഗതി എല്ലായ്‌പ്പോഴും രാജ്യത്തിന്റെ ശാക്തീകരണത്തിനു കരുത്തുപകരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ''ഇന്നു രാജ്യത്തിന്റെ മുന്‍ഗണന സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ്. ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളുടെ പൂര്‍ണപങ്കാളിത്തത്തിനാണു രാജ്യം മുന്‍ഗണനയേകുന്നത്.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 11 കോടി ശുചിമുറികള്‍, 9 കോടി ഉജ്വല പാചകവാതക കണക്ഷനുകള്‍, 23 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ എന്നിവ സ്ത്രീകള്‍ക്ക് അന്തസ്സും ജീവിതസൗകര്യവും കൊണ്ടുവന്ന നടപടികളാണെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കു മുന്നേറാനും അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാനും സ്വന്തം ജോലി തുടങ്ങാനും ഗവണ്‍മെന്റ് അവര്‍ക്കു സാമ്പത്തികസഹായം നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ''സ്റ്റാന്‍ഡപ്പ് ഇന്ത്യക്കുകീഴിലുള്ള വായ്പകളില്‍ 80 ശതമാനവും സ്ത്രീകളുടെ പേരിലാണ്. മുദ്ര യോജനപ്രകാരം 70 ശതമാനം വായ്പകളും നല്‍കിയതു നമ്മുടെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കുമാണ്.''- അദ്ദേഹം പറഞ്ഞു. അതുപോലെ, പിഎംഎവൈ പ്രകാരം നിര്‍മ്മിച്ച രണ്ടുകോടി വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണ്. ഇതെല്ലാം സാമ്പത്തികതീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിച്ചു.

പ്രസവാവധി 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി ഗവണ്മെന്റ് ഉയര്‍ത്തിയതായി പ്രധാനമന്ത്രി അറിയിച്ചു. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലാത്സംഗംപോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കു വധശിക്ഷ നല്‍കാനും വ്യവസ്ഥയുണ്ട്. ആണ്‍മക്കളും പെണ്‍മക്കളും തുല്യരാണെന്ന കാഴ്ചപ്പാടില്‍ പെണ്‍മക്കളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനും ഗവണ്‍മെന്റ് ശ്രമിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. സായുധസേനയില്‍ പെണ്‍കുട്ടികള്‍ക്കു വലിയ പങ്കുനല്‍കി രാജ്യം ഇന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നു. സൈനിക വിദ്യാലയങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്‍കിത്തുടങ്ങി.

പോഷകാഹാരക്കുറവിനെതിരെ രാജ്യത്തു നടക്കുന്ന ക്യാമ്പയ്‌നില്‍ സഹകരിക്കണമെന്നു പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. 'ബേട്ടീ ബചാവോ ബേട്ടീ പഠാവോ' പരിപാടിയില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കി. 'കന്യാശിക്ഷാ പ്രവേശ് ഉത്സവ് അഭിയാനി'ല്‍ പങ്കെടുക്കണമെന്നും അവരോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

'പ്രാദേശികതയ്ക്കായുള്ള ശബ്ദം' സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വലിയ വിഷയമായി മാറിയിരിക്കുന്നു. എന്നാല്‍ ഇതിനു സ്ത്രീശാക്തീകരണവുമായി വളരെയധികം ബന്ധമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മിക്ക പ്രാദേശിക ഉല്‍പ്പന്നങ്ങളുടെയും ശക്തി സ്ത്രീകളുടെ കൈകളിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യസമരത്തില്‍ സന്ന്യാസിപരമ്പരയുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. റാന്‍ ഓഫ് കച്ചിന്റെ സൗന്ദര്യവും ആത്മീയമാഹാത്മ്യവും അനുഭവവേദ്യമാക്കാന്‍ ചടങ്ങില്‍ പങ്കെടുത്തവരോട് അദ്ദേഹം ആവശ്യപ്പെട്ടു.

***

-ND-

(Release ID: 1804137) Visitor Counter : 216