പ്രധാനമന്ത്രിയുടെ ഓഫീസ്
തെലങ്കാനയിലെ ഹൈദരാബാദില്‍ ഇക്രിസാറ്റിന്റെ (അര്‍ധ ഊഷര മേഖലകള്‍ക്കായുള്ള അന്തര്‍ദേശീയ ധാന്യ ഗവേഷണ സ്ഥാപനം- ഐസിആര്‍ഐഎസ്എടി- ICRISAT) 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
Posted On:
05 FEB 2022 6:26PM by PIB Thiruvananthpuram
തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ നരേന്ദ്ര സിംഗ് തോമര്‍ ജി, ജി കിഷന്‍ റെഡ്ഡി ജി, ഇക്രിസാറ്റ് (ഐസിആര്‍ഐഎസ്എടി- ICRISAT) ഡയറക്ടര്‍ ജനറല്‍, ഈ പരിപാടിയില്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്ന രാജ്യത്തിനകത്തും പുറത്തുമുള്ള, പ്രത്യേകിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍, ഇവിടെ സന്നിഹിതരായിരിക്കുന്ന മഹതികളേ, മാന്യരേ,
ഇന്ന് ബസന്ത് പഞ്ചമിയുടെ വിശുദ്ധ ഉത്സവമാണ്. നാം ഈ ദിനത്തില്‍ വിദ്യയുടെ ദേവതയായ സരസ്വതി ദേവിയെ ആരാധിക്കുന്നു. അറിവും ശാസ്ത്രവും നൂതനാശയങ്ങളും കണ്ടുപിടുത്തങ്ങളും കാതലായ ഒരു മേഖലയിലാണ് നിങ്ങളുടേത് എന്നതിനാല്‍, ബസന്ത് പഞ്ചമിയുടെ വേളയില്‍ ഈ പരിപാടിക്ക് ഒരു പ്രത്യേക പ്രാധാന്യമുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആഹ്ലാദരമായ സുവര്‍ണ്ണ ജൂബിലി ആഘോഷം ആശംസിക്കുന്നു!
സുഹൃത്തുക്കളേ,
അമ്പത് വര്‍ഷം വളരെ നീണ്ട സമയമാണ്. 50 വര്‍ഷത്തെ ഈ യാത്രയില്‍ സഹകരിച്ച എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ പരിശ്രമിച്ച എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, നിങ്ങളുടെ സംഘടന 50 വര്‍ഷത്തെ ഈ സുപ്രധാന നാഴികക്കല്ലിലാണ് എന്നതും അത്ഭുതകരമായ യാദൃശ്ചികതയാണ്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കുമ്പോള്‍, നിങ്ങള്‍ ഇതിന്റെ 75-ാം വര്‍ഷത്തിലായിരിക്കും. അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അവയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുപോലെ, അടുത്ത 25 വര്‍ഷവും ഇക്രിസാറ്റിന് തുല്യ പ്രാധാന്യമുള്ളതാണ്.
സുഹൃത്തുക്കളേ,
നിങ്ങള്‍ക്ക് അഞ്ച് പതിറ്റാണ്ടിന്റെ അനുഭവമുണ്ട്. ഈ അഞ്ച് പതിറ്റാണ്ടുകളില്‍, ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ വലിയൊരു ഭാഗത്തെ കാര്‍ഷിക മേഖലയെ നിങ്ങള്‍ സഹായിച്ചിട്ടുണ്ട്. നിങ്ങളുടെ ഗവേഷണവും സാങ്കേതികവിദ്യയും കൃഷി എളുപ്പവും പ്രയാസകരമായ സാഹചര്യങ്ങളില്‍ സുസ്ഥിരവുമാക്കി. ഇവിടെയുള്ള പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഇക്രിസാറ്റിന്റെ ശ്രമങ്ങളുടെ വിജയം തെളിയിക്കുന്നതാണ്. ,ജല-മണ്ണ് പരിപാലനം വിള വൈവിധ്യം, ഉല്‍പ്പാദന രീതികള്‍ മെച്ചപ്പെടുത്തല്‍, കൃഷിയിടങ്ങളിലെ വൈവിധ്യം വര്‍ദ്ധിപ്പിക്കല്‍, കന്നുകാലി സംയോജനം, കര്‍ഷകരെ കമ്പോളവുമായി ബന്ധിപ്പിക്കല്‍ എന്നിവയില്‍ ഈ സമഗ്ര സമീപനം തീര്‍ച്ചയായും കൃഷി സുസ്ഥിരമാക്കുന്നതിന് സഹായിക്കുന്നു. പയര്‍വര്‍ഗ്ഗങ്ങളുടെ, പ്രത്യേകിച്ച് തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ചെറുപയര്‍ വളര്‍ച്ചയില്‍ നിങ്ങളുടെ സംഭാവന നിര്‍ണായകമാണ്. കര്‍ഷകരുമായി ഇക്രിസാറ്റിന്റെ ഈ സഹകരണ സമീപനം കൃഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യും. ഇന്ന് സസ്യസംരക്ഷണത്തിനായുള്ള കാലാവസ്ഥാ വ്യതിയാന ഗവേഷണ സൗകര്യവും റാപ്പിഡ് ജനറേഷന്‍ അഡ്വാന്‍സ്മെന്റ് സൗകര്യവും ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളി നേരിടാന്‍ ഈ ഗവേഷണ കേന്ദ്രങ്ങള്‍ കാര്‍ഷിക ലോകത്തിന് വലിയ സഹായകമാകും. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് നമ്മുടെ കാര്‍ഷിക രീതികളില്‍ ആവശ്യമാകുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാം. അതുപോലെ, ഇന്ത്യ ഒരു സുപ്രധാന സംരംഭം എടുത്തിട്ടുണ്ട്: കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോഴുള്ള മനുഷ്യനഷ്ടങ്ങള്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്ത്, അടിസ്ഥാന സൗകര്യങ്ങളുടെ നാശം മുഴുവന്‍ സംവിധാനത്തെയും തളര്‍ത്തുകയാണ്. അതിനാല്‍, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ആഗോള തലത്തിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്ര ഗവണ്‍മെന്റ് തുടങ്ങുകയാണ്, അത് പരിശോധിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇന്ന് കാര്‍ഷിക മേഖലയിലും സമാനമായ ഒരു സംരംഭം നടക്കുന്നുണ്ട്. നിങ്ങളെല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.
സുഹൃത്തുക്കളേ,
കാലാവസ്ഥാ വ്യതിയാനം ലോകത്തിലെ എല്ലാ ജനതകളെയും ബാധിക്കുന്നുണ്ടെങ്കിലും, അത് സമൂഹത്തിന്റെ അവസാന പടിയിലുള്ള, വിഭവങ്ങളില്ലാത്ത, വികസനത്തിന്റെ പടിയില്‍ കയറാന്‍ കഠിനാധ്വാനം ചെയ്യുന്ന ഭൂരിഭാഗം ആളുകളെയും ബാധിക്കുന്നു. ഇവരില്‍ വലിയൊരു വിഭാഗം നമ്മുടെ ചെറുകിട കര്‍ഷകരാണ്. ഇന്ത്യയിലെ കര്‍ഷകരില്‍ 80-85% ചെറുകിട കര്‍ഷകരാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ചെറുകിട കര്‍ഷകര്‍ക്ക് വലിയ പ്രശ്‌നമാണ്. അതിനാല്‍ കാലാവസ്ഥാ വെല്ലുവിളി നേരിടുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് ഇന്ത്യ ലോകത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2070-ഓടെ ഇന്ത്യ നെറ്റ്-സീറോ (മാലിന്യം പുറന്തള്ളല്‍) ലക്ഷ്യം വെക്കുക മാത്രമല്ല, ലൈഫ്(L.I.F.E ) ദൗത്യത്തിന്റെ ആവശ്യകതയും ഞങ്ങള്‍ എടുത്തുകാണിച്ചു. അതാണ് പരിസ്ഥിതി അനുകൂല ജീവിതശൈലി. അതുപോലെ, കാലാവസ്ഥാ വെല്ലുവിളിയെ നേരിടാന്‍ കാലാവസ്ഥാ ഉത്തരവാദിത്തമുള്ള ഓരോ വ്യക്തിയെയും എല്ലാ സമൂഹത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് പ്രോ-പ്ലാനറ്റ് പീപ്പിള്‍. അത് വെറും വാക്കുകളില്‍ ഒതുങ്ങുന്നില്ല, മറിച്ച് അത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തെ പരിശ്രമങ്ങള്‍ മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ബജറ്റില്‍ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ മുന്‍ഗണന നല്‍കിയിട്ടുണ്ട്. എല്ലാ തലത്തിലും എല്ലാ മേഖലയിലും ഹരിത ഭാവിയിലേക്കുള്ള ഇന്ത്യയുടെ പ്രതിബദ്ധതകളെ ഈ ബജറ്റ് പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
കാലാവസ്ഥയും മറ്റ് ഘടകങ്ങളും കാരണം കൃഷി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് എല്ലാ വിദഗ്ധര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും നന്നായി അറിയാം. ഇന്ത്യയില്‍ 15 കാര്‍ഷിക-കാലാവസ്ഥാ മേഖലകളുണ്ടെന്ന് നിങ്ങളില്‍ മിക്കവര്‍ക്കും അറിയാം. നമുക്ക് ആറ് ഋതുക്കള്‍ ഉണ്ട്: വസന്തം, ഗ്രീഷ്മം, വര്‍ഷകാലം, ഹേമന്തം, ഹേമന്തത്തിനു മുമ്പുള്ള ശീതകാലം. കൃഷിയുമായി ബന്ധപ്പെട്ട് വളരെ വൈവിദ്ധ്യവും പ്രാചീനവുമായ അനുഭവം നമുക്കുണ്ട്. ഇക്രിസാറ്റ് പോലുള്ള സ്ഥാപനങ്ങളും തങ്ങളുടെ ശ്രമങ്ങള്‍ ശക്തമാക്കേണ്ടതുണ്ട്, അതുവഴി ലോകരാജ്യങ്ങള്‍ക്ക് ഈ അനുഭവത്തിന്റെ പ്രയോജനം ലഭിക്കും. ഇന്ന് ഞങ്ങള്‍ രാജ്യത്തെ 170 ജില്ലകളില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്ന പരിഹാരങ്ങള്‍ നല്‍കുന്നു. കാലാവസ്ഥാ വെല്ലുവിളികളില്‍ നിന്ന് നമ്മുടെ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി 'അടിസ്ഥാനത്തിലേക്കു മടങ്ങുക', 'ഭാവിയിലേക്കു മുന്നേറുക' എന്നിവയുടെ സംയോജനത്തിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള, രാജ്യത്തെ 80 ശതമാനത്തിലധികം ചെറുകിട കര്‍ഷകരിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വര്‍ഷത്തെ ബജറ്റില്‍ പ്രകൃതി കൃഷിക്കും ഡിജിറ്റല്‍ കൃഷിക്കും അഭൂതപൂര്‍വമായ ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. ഒരു വശത്ത്, മില്ലറ്റ് പോലുള്ള നാടന്‍ ധാന്യങ്ങളുടെ വ്യാപ്തി വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, രാസ രഹിത കൃഷിക്ക് ഊന്നല്‍ നല്‍കുന്നു, മറുവശത്ത്, സോളാര്‍ പമ്പുകള്‍ മുതല്‍ ഫാര്‍മര്‍ ഡ്രോണുകള്‍ വരെ കൃഷിയില്‍ ആധുനിക സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ പുണ്യകരമായ കാലഘട്ടത്തിലെ അടുത്ത 25 വര്‍ഷത്തെ കാര്‍ഷിക വളര്‍ച്ചയ്ക്കുള്ള നമ്മുടെ കാഴ്ചപ്പാടിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണിത്.
സുഹൃത്തുക്കളേ,
ഇന്ത്യയെ മാറ്റുന്നതിന്റെ ഒരു പ്രധാന വശം ഡിജിറ്റല്‍ കൃഷിയാണ്. ഇതാണ് നമ്മുടെ ഭാവി, ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കള്‍ക്ക് ഇക്കാര്യത്തില്‍ മികച്ച സംഭാവന നല്‍കാന്‍ കഴിയും. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ കര്‍ഷകരെ ശാക്തീകരിക്കാനുള്ള അക്ഷീണമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. വിളകളുടെ മൂല്യനിര്‍ണയം, ഭൂരേഖകള്‍ ഡിജിറ്റൈസ് ചെയ്യല്‍, ഡ്രോണുകള്‍ വഴി കീടനാശിനികളും പോഷകങ്ങളും തളിക്കല്‍ എന്നിവയില്‍ സാങ്കേതികവിദ്യയുടെയും നിര്‍മിത ബുദ്ധിയുടെയും ഉപയോഗം വര്‍ധിച്ചുവരികയാണ്. കാര്‍ഷിക ഗവേഷണവും സ്വകാര്യ അഗ്രി-ടെക് കളിക്കാരുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥ കര്‍ഷകര്‍ക്ക് ചെലവു കുറഞ്ഞതും ഹൈടെക് സേവനങ്ങളും നല്‍കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. ഐസിഎആര്‍, ഇക്രിസാറ്റ് എന്നിവയുടെ പങ്കാളിത്തം ജലസേചന സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിത്ത് ലഭ്യമാക്കുന്നതിലും ഉയര്‍ന്ന വിളവ് ഉറപ്പാക്കുന്നതിലും ജലപരിപാലനം ഉറപ്പാക്കുന്നതിലും വിജയിച്ചിട്ടുണ്ട്. ഈ വിജയം ഡിജിറ്റല്‍ കൃഷിയിലേക്കും വ്യാപിപ്പിക്കാം.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യത്തിന്റെ ഈ പുണ്യകരമായ കാലഘട്ടത്തില്‍ ഉയര്‍ന്ന കാര്‍ഷിക വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, സമഗ്ര വളര്‍ച്ചയ്ക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. കാര്‍ഷിക മേഖലയില്‍ സ്ത്രീകളുടെ സംഭാവന വളരെ പ്രധാനമാണെന്ന് നിങ്ങള്‍ക്കറിയാം. അവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കാനുള്ള ശ്രമങ്ങളും സ്വാശ്രയ സംഘങ്ങള്‍ വഴി നടക്കുന്നുണ്ട്. രാജ്യത്തെ ഒരു വലിയ ജനവിഭാഗത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനും മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് കൊണ്ടുവരാനും കൃഷിക്ക് കഴിവുണ്ട്. പ്രയാസകരമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളില്‍ കൃഷി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടുകളില്‍ നിന്ന് കര്‍ഷകരെ കരകയറ്റുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും ഈ പുണ്യകാലം പ്രദാനം ചെയ്യും. ജലസേചനത്തിന്റെ അഭാവം മൂലം രാജ്യത്തിന്റെ വലിയൊരു ഭാഗം ഹരിതവിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിയാത്തത് നാം കണ്ടു. ഇപ്പോള്‍ ഞങ്ങള്‍ ഒരു ദ്വിമുഖ തന്ത്രത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു വശത്ത്, നദികളെ ബന്ധിപ്പിച്ച് ജലസംരക്ഷണത്തിലൂടെ ഒരു വലിയ പ്രദേശം ജലസേചനത്തിന് കീഴില്‍ കൊണ്ടുവരുന്നു, മറുവശത്ത്, ജലസേചനമില്ലാത്ത പ്രദേശങ്ങളില്‍ ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സൂക്ഷ്മ ജലസേചനത്തിന് ഊന്നല്‍ നല്‍കുന്നു. ഇവിടെയുള്ള എല്ലാ നേട്ടങ്ങളും ഞാന്‍ വീക്ഷിക്കുമ്പോള്‍, ബുന്ദേല്‍ഖണ്ഡിലെ ജല മാനേജ്‌മെന്റിന്റെയും ' ഓരോ തുള്ളി ജലംകൊണ്ടും കൂടുതല്‍ ധാന്യങ്ങള്‍' നേടുക എന്ന ദൗത്യത്തിന്റെയും വിജയത്തെക്കുറിച്ച് ശാസ്ത്രജ്ഞര്‍ വിശദമായി വിവരിക്കുകയായിരുന്നു. കുറഞ്ഞ ജലം ആവശ്യമുള്ളതും ജലക്ഷാമം ബാധിക്കാത്തതുമായ വിളകള്‍ ആധുനിക ഇനം വിത്തുകളിലൂടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഭക്ഷ്യ എണ്ണയില്‍ സ്വയംപര്യാപ്തതയ്ക്കായി ആരംഭിച്ച ദേശീയ ദൗത്യവും ഞങ്ങളുടെ പുതിയ സമീപനം പ്രകടമാക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പാം ഓയില്‍ വിസ്തൃതി 6.50 ലക്ഷം ഹെക്ടറായി ഉയര്‍ത്താനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ കര്‍ഷകര്‍ക്ക് എല്ലാ തലത്തിലും സഹായം നല്‍കുന്നുണ്ട്. തെലങ്കാനയിലെയും ആന്ധ്രയിലെയും കര്‍ഷകര്‍ക്കും ഈ ദൗത്യം ഏറെ ഗുണം ചെയ്യും. തെലങ്കാനയിലെ കര്‍ഷകര്‍ പാം ഓയില്‍ പ്ലാന്റേഷനായി വലിയ ലക്ഷ്യങ്ങള്‍ വെച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നു. അവരെ പിന്തുണയ്ക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് എല്ലാ സഹായവും നല്‍കും.
സുഹൃത്തുക്കളേ,
വര്‍ഷങ്ങളായി ഇന്ത്യയില്‍ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ 35 ദശലക്ഷം ടണ്‍ ശീത സംഭരണ ശേഷി സൃഷ്ടിക്കപ്പെട്ടു. സര്‍ക്കാരിന്റെ കാര്‍ഷിക അടിസ്ഥാന സൗകര്യ ഫണ്ടായ 1 ലക്ഷം കോടി രൂപ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിനും കാരണമായി. കാര്‍ഷികോദ്പാദന സംഘടനകളും (എഫ്പിഒ) കാര്‍ഷിക മൂല്യ ശൃംഖലയും സൃഷ്ടിക്കുന്നതിലും ഇന്ന് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്തെ ചെറുകിട കര്‍ഷകരെ ആയിരക്കണക്കിന് എഫ്പിഒകളായി സംഘടിപ്പിക്കുന്നതിലൂടെ, അവരെ ബോധവാന്മാരും വലിയ വിപണി ശക്തിയാക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ അര്‍ധ ഊഷര പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ സമ്പന്നമായ അനുഭവമാണ് ഇക്രിസാറ്റ്. അതിനാല്‍, അര്‍ധ ഊഷര പ്രദേശങ്ങളിലെ കര്‍ഷകരെ ബന്ധിപ്പിച്ച് സുസ്ഥിരവും വൈവിധ്യപൂര്‍ണ്ണവുമായ ഉല്‍പാദന സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതുണ്ട്. കിഴക്കന്‍-ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളുമായി നിങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ വിനിമയ പരിപാടികളും ആരംഭിക്കാവുന്നതാണ്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യം. ഇന്ന് ഇന്ത്യയില്‍ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ഇത്രയും വലിയ ഭക്ഷ്യസുരക്ഷാ പരിപാടി നടത്തുന്നത്. ഇപ്പോള്‍ ഞങ്ങള്‍ ഭക്ഷ്യസുരക്ഷയ്ക്കൊപ്പം പോഷകാഹാര സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ കാഴ്ചപ്പാടോടെ, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ നിരവധി ജൈവ സുരക്ഷാ ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. നമ്മുടെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ഉയര്‍ന്ന ഉല്‍പ്പാദനത്തിനായി നമ്മുടെ കൃഷി വൈവിധ്യവല്‍ക്കരിക്കാനും രോഗങ്ങളില്‍ നിന്നും കീടങ്ങളില്‍ നിന്നും കൂടുതല്‍ സംരക്ഷണം നല്‍കുന്ന പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിക്കാനും ഇപ്പോള്‍ നമ്മള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ജൈവ ഇന്ധന മേഖലയില്‍ ഐസിഎആര്‍, കാര്‍ഷിക സര്‍വ്വകലാശാലകള്‍ എന്നിവയുമായി സഹകരിച്ച് മറ്റൊരു സംരംഭത്തില്‍ ഇക്രിസാറ്റിന് പ്രവര്‍ത്തിക്കാനാകും. വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് അല്ലെങ്കില്‍ കുറഞ്ഞ ഭൂമിയുള്ള കര്‍ഷകര്‍ക്ക് കൂടുതല്‍ ജൈവ ഇന്ധനം ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ വളര്‍ത്താന്‍ നിങ്ങള്‍ക്ക് വിത്തുകള്‍ വികസിപ്പിക്കാന്‍ കഴിയും. വിത്തുകള്‍ എങ്ങനെ ഫലപ്രദമായി വിതരണം ചെയ്യാമെന്നും അവയില്‍ വിശ്വാസം വളര്‍ത്തിയെടുക്കാമെന്നും നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയുണ്ട്.
സുഹൃത്തുക്കളേ,
നിങ്ങളെപ്പോലുള്ള നൂതന മനസ്സുകളുടെയും ജനപങ്കാളിത്തത്തിന്റെയും സമൂഹത്തിന്റെ പ്രതിബദ്ധതയുടെയും സഹായത്താല്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയിലെയും ലോകത്തെയും കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്താനും മികച്ച സാങ്കേതിക പരിഹാരങ്ങള്‍ നല്‍കാനും നിങ്ങള്‍ക്ക് കൂടുതല്‍ കഴിയട്ടെ! ഈ ആഗ്രഹത്തോടെ, ഈ സുപ്രധാന അവസരത്തിലും അതിന്റെ മഹത്തായ ഭൂതകാലത്തിലും ഞാന്‍ ഇക്രിസാറ്റിനെ അഭിനന്ദിക്കുന്നു. രാജ്യത്തെ കര്‍ഷകരുടെ അഭിമാനത്തിനും അഭിമാനത്തിനും ഉപകാരപ്പെടുന്ന അതിന്റെ പ്രയത്നങ്ങള്‍ക്ക് ശോഭനമായ ഭാവി ആശംസിക്കുന്നു. എന്റെ ആശംസകളും അഭിനന്ദനങ്ങളും! നന്ദി!
-ND-
..
(Release ID: 1795900)
Visitor Counter : 192
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada