രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2022 -ലെ റിപ്പബ്ലിക് ദിനത്തിന്റെ പൂര്‍വ്വസന്ധ്യയില്‍ രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് രാഷ്ട്രത്തോടായി നടത്തിയ അഭിസംബോധനയുടെ മലയാള തര്‍ജ്ജമ

Posted On: 25 JAN 2022 7:45PM by PIB Thiruvananthpuram

പ്രിയപ്പെട്ട സഹ പൗരന്‍മാരേ!

നമസ്‌കാരം!

രാഷ്ട്രത്തിന്റെ 73-ാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള നിങ്ങള്‍ക്കെല്ലാ പേര്‍ ക്കും  എന്റെ ഹൃദയംഗമമായ ആശംസകള്‍! നമുക്കെല്ലാം പൊതുവായ  ഭാരതീയത ആഘോഷിക്കുന്നതിനുള്ള അവസരമാണ് ഇത്. 1950ല്‍ ഈ ദിവസമാണു പവിത്രമായ  ഈ സത്തിന്  നിയതമായ രൂപം ലഭിച്ചത്. ആ ദിവസം ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക് ആയി രൂപപ്പെട്ടു. അന്നു നമ്മുടെ പൊതു വീക്ഷണത്താല്‍ പ്രചോദിതമായ  ഭരണഘടനഎന്നാ രേഖ  നിലവില്‍ വരികയും ചെയ്തു. നമ്മുടെ ജനാധിപത്യത്തിന്റെ വൈജാത്യവും സജീവതയും ലോകമാകെ അഭിനന്ദിക്കപ്പെടുന്നു. ഐക്യത്തിന്റെയും ഏക രാഷ്ട്രത്തിന്റെയും ഈ ആവേശമാണ് ഓരോ വര്‍ഷവും റിപ്പബ്ലിക് ദിനത്തില്‍ ആഘോഷിക്കപ്പെടുന്നത്. മഹാമാരി നിമിത്തം ഈ വര്‍ഷത്തെ ആഘോഷം മൂകത  നിറഞ്ഞതായിരിക്കാം; എങ്കിലും ആവേശം മറ്റെല്ലായ്പ്പോഴുമെന്നപോലെ ശക്തമാണ്. 

ഈ അവസരത്തില്‍, സ്വരാജ്യമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തില്‍ താരതമ്യം ചെയ്യാന്‍ കഴിയാത്ത ധീരത കാട്ടുകയും സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത മഹാന്‍മാരായ സ്വാതന്ത്ര്യസമര നേതാക്കളെ നമുക്കു സ്മരിക്കാം. രണ്ടു ദിവസം മുന്‍പ്, ജനുവരി 23ന്, ഊര്‍ജം പകരുന്ന വന്ദനമായ 'ജയ് ഹിന്ദ്' അനുവര്‍ത്തിച്ച നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125ാമത് ജന്‍മവാര്‍ഷികം നാം ആഘോഷിച്ചു. അദ്ദേഹത്തിന്റെ, സ്വാതന്ത്ര്യത്തിനായുള്ള ദാഹവും ഇന്ത്യയെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യവും നമ്മെയെല്ലാം പ്രചോദിപ്പിക്കുന്നു. 

ഭരണഘടന തയ്യാറാക്കിയ ഭരണഘടനാ അസംബ്ലിയില്‍ അക്കാലത്തെ സുമനസ്സുകളില്‍ ചിലര്‍ ഉള്‍പ്പെട്ടിരുന്നു എന്നതു നമ്മെ സംബന്ധിച്ചിടത്തോളം ഏറെ ഭാഗ്യമായി. അവര്‍ നമ്മുടെ മഹത്തായ സ്വാതന്ത്ര്യ സമരത്തിനു പ്രകാശം പകര്‍ന്ന വെളിച്ചമായിരുന്നു. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം, ഇന്ത്യയുടെ ആത്മാവു പുനരുണര്‍വു നേടുകയും വിശിഷ്ടരായ ഈ സ്ത്രീപുരുഷന്‍മാര്‍ പുതിയ പ്രഭാതത്തിന്റെ ആഗമനം സൂചിപ്പിക്കുന്നവരായി നിലകൊള്ളുകയും ചെയ്തു. അവര്‍ ജനങ്ങള്‍ക്കുവേണ്ടി ഓരോ വകുപ്പും ശൈലിയും വാക്കും ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്തു. കടയുന്ന പ്രക്രിയ മൂന്നു വര്‍ഷത്തോളം നീണ്ടു. അന്തിമമായി കരടുസമിതി ചെയര്‍മാനായ ഡോ. ബാബാസാഹേബ് അംബേദ്കറാണു നമ്മുടെ അടിസ്ഥാന രേഖയായിത്തീര്‍ന്ന അന്തിമ പതിപ്പു തയ്യാറാക്കിയത്. 

രാജ്യം എങ്ങനെ മുന്നോട്ടുപോകും എന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ഉള്ളടക്കം സുദീര്‍ഘമാണ്. എന്നാല്‍, ആമുഖം ഭരണഘടനയെ നയിക്കുന്ന ആശയങ്ങളായ ജനാധിപത്യവും നീതിയും സ്വാതന്ത്ര്യവും തുല്യതയും സാഹോദര്യവും സംബന്ധിച്ചു പറയുന്നു. നമ്മുടെ റിപ്പബ്ലിക് ആ അടിസ്ഥാന തത്വങ്ങളില്‍ നിലകൊള്ളുന്നു. ഇവയാണു നമ്മുടെ പൊതു പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍. 

ഈ മൂല്യങ്ങള്‍ക്കു മൗലികാവകാശങ്ങളും മൗലികമായ കടമകളുമായി ഭരണഘടനയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അവകാശങ്ങളും കടമകളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അടിസ്ഥാനപരമായ കടമകള്‍ പൗരന്‍മാര്‍ നിറവേറ്റുമ്പോള്‍ മൗലികാവകാശങ്ങള്‍ ആസ്വദിക്കുന്നതിനുള്ള സാഹചര്യം ഒരുങ്ങുന്നു. രാഷ്ട്രസേവനം ചെയ്യുകയെന്ന അടിസ്ഥാനപരമായ കടമ ആവശ്യമായി വരുമ്പോള്‍ നിറവേറ്റുക വഴി കോടിക്കണക്കിനു പേര്‍ സ്വച്ഛ് ഭാരത് അഭിയാനും കോവിഡ് പ്രതിരോധ കുത്തിവെപ്പും ജനകീയ പ്രസ്ഥാനങ്ങളാക്കി മാറ്റി. അത്തരം പദ്ധതികള്‍ വിജയിച്ചതിനുള്ള അംഗീകാരത്തില്‍ നല്ല പങ്കു കടമകള്‍ നിറവേറ്റുന്ന പൗരന്‍മാര്‍ക്കുള്ളതാണ്. ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള ഇത്തരം പദ്ധതികള്‍ നമ്മുടെ ജനങ്ങള്‍ സജീവ താല്‍പര്യത്തോടൂകുടി ശക്തിപ്പെടുത്തുമെന്നും മുന്‍കാലത്തെപ്പോലെ സമര്‍പ്പിതമായി പ്രവര്‍ത്തിക്കുമെന്നും എനിക്ക് ഉറപ്പാണ്. 

1949ല്‍ നാം ഇപ്പോള്‍ ഭരണഘടനാ ദിനമായി ആചരിക്കുന്ന നവംബര്‍ 26നാണ് ഇന്ത്യന്‍ ഭരണഘടന അവതരിപ്പിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്. എന്നാല്‍, അതു നടപ്പാക്കിയതു രണ്ടു മാസങ്ങള്‍ക്കുശേഷമാണ്. 1930ല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ഇന്ത്യ ദൃഢനിശ്ചയം കൈക്കൊണ്ട ദിവസം രേഖപ്പെടുത്താനായിരുന്നു ഇത്. 1930 മുതല്‍ 1947 വരെ എല്ലാ വര്‍ഷവും ജനുവരി 26 'പൂര്‍ണ സ്വരാജ് ദിന'മായി ആഘോഷിക്ക പ്പെടുന്നുണ്ട്. ആ ദിവസം ഭരണഘടന പ്രാബല്യത്തിലാക്കാനാണു തീരുമാനിച്ചത്. 

'പൂര്‍ണ സ്വരാജ് ദിനം' എങ്ങനെ ആഘോഷിക്കണമെന്ന് സഹ പൗരന്‍മാരെ മഹാത്മാ ഗാന്ധി 1930ല്‍ ഒരു കുറിപ്പിലൂടെ ഉപദേശിച്ചിരുന്നു. അദ്ദേഹം പറഞ്ഞതു ഞാന്‍ ഉദ്ധരിക്കുകയാണ്: 'അഹിംസാപരവും സത്യസന്ധവുമായ പാതയിലൂടെ മാത്രം ലക്ഷ്യം നേടിയെടുക്കാനാണു നാം ആഗ്രഹിക്കുന്നത്. സ്വയം ശുദ്ധീകരിക്കുന്നതിലൂടെ മാത്രമേ അതു സാധിക്കൂ. അതിനാല്‍, ഈ ദിവസം നമുക്കു സാധിക്കുന്ന തോതില്‍ സൃഷ്ടിപരമായ പ്രവൃത്തി ചെയ്യാന്‍ ശ്രമിക്കണം.'

ഗാന്ധിജിയുടെ ഉപദേശം കാലാതിവര്‍ത്തിയാണെന്നു പറയേണ്ടതില്ല. നാം അതേ രീതിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും. നാം നമ്മിലേക്കു തന്നെ നോക്കണമെന്നും ആത്മപരിശോധന നടത്തണമെന്നും മെച്ചപ്പെട്ട മനുഷ്യരാകാന്‍ യത്നിക്കണമെന്നും മറ്റുള്ളവരെ ശ്രദ്ധിച്ച് അവരുമായി കൈകോര്‍ക്കണമെന്നും മെച്ചപ്പെട്ട ഇന്ത്യയും ലോകവും സൃഷ്ടിക്കുന്നതിനായി സംഭാവനകള്‍ അര്‍പ്പിക്കണമെന്നും അദ്ദേഹം ചിന്തിച്ചിട്ടുണ്ടാവണം. 

പ്രിയ സഹ പൗരന്‍മാരേ, 

ലോകത്തിന് ഇന്നത്തെപ്പോലെ സഹായം ആവശ്യമായ  കാലം മുന്‍പ് ഉണ്ടായിട്ടില്ല. രണ്ടു വര്‍ഷത്തിലേറെയായി ലോകം കൊറോണ വൈറസുമായി ഏറ്റുമുട്ടുകയാണ്. ആയിരക്കണക്കിനു പേര്‍ക്കു ജീവന്‍ നഷ്ടമാവുകയും ലോക സമ്പദ്വ്യവസ്ഥയ്ക്കു തിരിച്ചടി നേരിടുകയും ചെയ്തു. മുന്‍പ് അനുഭവിച്ചിട്ടില്ലാത്ത യാതന ലോകം അനുഭവിക്കുകയാണ്. ഒന്നിനു പുറകെ മറ്റൊന്നായി വകഭേദങ്ങള്‍ ഉണ്ടാകുന്നതു പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്. ഇതു മാനവരാശിക്ക് അസാധാരണമായ വെല്ലുവിളിയായി. 

ഇന്ത്യയില്‍ മഹാവ്യാധിയെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. ജനസാന്ദ്രത ഏറെയാണെന്നിരിക്കെ, വികസ്വര സമ്പദ് വ്യവസ്ഥയ്്ക്ക് ഈ അദൃശ്യ ശത്രുവിനെതിരെ പോരാടാനുള്ള വിഭവങ്ങളോ അടിസ്ഥാന സൗകര്യമോ ഇല്ല. എന്നാല്‍, അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മാത്രമേ ഒരു രാഷ്ട്രത്തിന്റെ ഉത്പതിഷ്ണുത്വം തിളങ്ങുകയുള്ളൂ. കൊറോണ വൈറസിനെതിരെ നാം സമാനതകളില്ലാത്ത ദൃഢനിശ്ചയം പുലര്‍ത്തിയിട്ടുണ്ട് എന്നു പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ആദ്യ വര്‍ഷം തന്നെ നാം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയും സഹായമെത്തിക്കുകയും ചെയ്തു. രണ്ടാം വര്‍ഷം നാം തദ്ദേശീയമായ വാക്സീനുകള്‍ വികസിപ്പിച്ചെടുക്കുകയും ലോക ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതിക്കു തുടക്കമിടുകയും ചെയ്തു. വാക്സിനേഷന്‍ പദ്ധതി രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. മഹാവ്യാധി വേളയില്‍ നാം പല രാജ്യങ്ങള്‍ക്കും വാക്സീനുകളും വൈദ്യ സഹായവും എത്തിച്ചു. ഇന്ത്യയുടെ ഈ സംഭാവനയെ രാജ്യാന്തര സംഘടനകള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. 

നിര്‍ഭാഗ്യവശാല്‍, പുത്തന്‍ വകഭേദങ്ങളോടെ വൈറസ് വീണ്ടുമെത്തിയതിനാല്‍ തിരിച്ചടികളുണ്ടായിട്ടുണ്ട്. എണ്ണമറ്റ കുടുംബങ്ങളാണു ദുരിതകാലത്തിലൂടെ കടന്നുപോയത്. നമുക്കേവര്‍ക്കുമേറ്റ ആഘാതത്തെക്കുറിച്ചു പറയാന്‍ വാക്കുകളില്ല. അനേകം ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചു എന്നതാണ് ഏക ആശ്വാസം. ഇപ്പോഴും മഹാമാരിയുടെ വ്യാപനമുണ്ട് എന്നതിനാല്‍ത്തന്നെ നാം ജാഗരൂകരായിരിക്കണം. ഇതുവരെ നാം സ്വീകരിച്ച മുന്‍കരുതലുകള്‍ തുടരുകയും വേണം. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കോവിഡ് അനുസൃത ശീലങ്ങളുടെ പ്രധാനഭാഗമാണ്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍, നമ്മുടെ ശാസ്ത്രജ്ഞരും വിദഗ്ധരും നിര്‍ദേശിക്കുന്ന മുന്‍കരുതലുകള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും പവിത്രമായ ദേശീയ കടമയായി മാറിയിരിക്കുന്നു. പ്രതിസന്ധികള്‍ക്ക് അവസാനമാകുംവരെ ഈ കടമ നാം നിറവേറ്റണം.

ഇന്ത്യക്കാരായ നാമെല്ലാവരും ഒരു കുടുംബമെന്ന നിലയില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഒരു പ്രതിസന്ധിഘട്ടം നമ്മെ മനസ്സിലാക്കിക്കുന്നു. സാമൂഹിക അകലം പാലിക്കുമ്പോള്‍ നാം പരസ്പരം അടുക്കുകയായിരുന്നു. പരസ്പരം എത്രമാത്രം ആശ്രയിക്കുന്നുവെന്നു നാം തിരിച്ചറിഞ്ഞു. ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ ജീവനക്കാരും സന്ദര്‍ഭത്തിനൊത്തുയര്‍ന്ന്, അവരുടെ ജീവന്‍പോലും പണയപ്പെടുത്തി, രോഗികളെ പരിചരിക്കുന്നതിനായി വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ വിതരണശൃംഖലകളും അനുബന്ധസൗകര്യ ങ്ങളും കൈകാര്യംചെയ്തു രാജ്യത്തെ മുന്നോട്ടുനയിക്കുന്നു. കേന്ദ്ര-സംസ്ഥാനതലങ്ങളിലെ നേതൃത്വവും നയതന്ത്രജ്ഞരും ഭരണാധികാരികളും മറ്റുള്ളവരും സമയോചിത ഇടപെടലുകള്‍ നടത്തി.

ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെ സമ്പദ്വ്യവസ്ഥയ്ക്കു വീണ്ടും ചലനമുണ്ടായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ദുര്‍ഘടപാതയിലൂടെ കടന്നുപോയ സമ്പദ്വ്യവസ്ഥ ഈ സാമ്പത്തികവര്‍ഷം ശ്രദ്ധേയമായ നിരക്കില്‍ വളരുമെന്നു കണക്കാക്കപ്പെടുന്നതു പ്രതികൂലസാഹചര്യ ങ്ങളിലും ഇന്ത്യക്കുള്ള ആത്മവീര്യത്തിന്റെ സാക്ഷ്യപത്രമാണ്. കഴിഞ്ഞവര്‍ഷം തുടക്കംകുറിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ വിജയമാണ് ഇതു കാണിക്കുന്നത്. സാമ്പത്തികമേഖലകളെല്ലാം പരിഷ്‌കരിക്കുന്നതിലും ആവശ്യമുള്ളിടത്തെല്ലാം സഹായം നല്‍കുന്നതിലും ഗവണ്‍മെന്റ് അതീവശ്രദ്ധ പുലര്‍ത്തുന്നു. കാര്‍ഷിക, ഉല്‍പ്പാദന മേഖലകളിലെ പുരോഗതിയാല്‍ സാമ്പത്തികമേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം സാധ്യമായി. നമ്മുടെ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട യുവകര്‍ഷകര്‍, ആവേശപൂര്‍വം പ്രകൃതിദത്തകൃഷിരീതി സ്വീകരിക്കുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

ജനങ്ങള്‍ക്കു തൊഴില്‍ നല്‍കുന്നതിനും സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പ്രധാനപങ്കാണു വഹിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഫലപ്രദമായി ഉപയോഗിച്ചുകൊണ്ടു പുത്തനാശയങ്ങളുമായെത്തിയ നമ്മുടെ യുവ സംരംഭകര്‍ വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. ദശലക്ഷക്കണക്കിനു ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രതിമാസം നടക്കുന്നു എന്നത് നമ്മുടെ രാജ്യത്തെ ബൃഹത്തായതും ശക്തവുമായ ഡിജിറ്റല്‍ പണമിടപാടു സംവിധാനത്തിന്റെ വിജയത്തിന്റെ തെളിവാണ്.

ജനസംഖ്യാപരമായ മെച്ചത്തിന്റെ ഫലം എടുക്കുന്നതിന്   പരമ്പരാഗത മൂല്യങ്ങളുടെയും ആധുനിക വൈദഗ്ധ്യങ്ങളുടേയും ഏറ്റവും മികച്ച കൂടിച്ചേരലായ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഗവണ്‍മെന്റ് ശരിയായ സാഹര്യം സൃഷ്ടിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും നവീനമായ 50 സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന കാര്യം പങ്കുവയ്ക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. കഴിവിന് എല്ലായ്‌പ്പോഴും അംഗീകാരം നല്‍കിവരുന്ന നാം എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്താന്‍കൂടി ശ്രദ്ധിക്കുന്നുവെന്ന കാര്യം സംതൃപ്തി നല്‍കുന്നതാണ്.

മഹതികളെ മഹാന്മാരേ,

കഴിഞ്ഞ വര്‍ഷം ഒളിമ്പിക്സില്‍ വിജയങ്ങള്‍ കൈവരിച്ച നമ്മുടെ കായിക താരങ്ങള്‍ നമുക്ക് ആഹ്ലാദം പകര്‍ന്നു. ഈ യുവചാമ്പ്യന്മാരുടെ ആത്മവിശ്വാസം കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിക്കുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടെ നമ്മുടെ ജനങ്ങള്‍ തങ്ങളുടെ പ്രതിബദ്ധതയും പ്രവൃത്തികളും വഴി സമൂഹത്തെയും രാജ്യത്തെയും ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനുള്ള നിരവധി ഉദാഹരണങ്ങള്‍ എനിക്ക് കാണാന്‍ കഴിഞ്ഞു. എന്നിരുന്നാലും ഞാന്‍ രണ്ട് ഉദാഹരണങ്ങള്‍ മാത്രം പറയാം. ഇന്ത്യന്‍ നാവികസേനയിലേയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡിലേയും പ്രതിഭാധനരായ അംഗങ്ങള്‍ ചേര്‍ന്ന് ഏറ്റവും ആധുനികമായ ഐഎസി വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ നാവികസേനയ്ക്കായി തദ്ദേശീയമായി നിര്‍മിക്കുകയുണ്ടായി. അത്തരത്തില്‍ ആധുനിക സൈനിക ശേഷിയുള്ളതിനാല്‍ ഇന്ത്യന്‍ നാവികസേന ഇന്ന് ലോകത്തെ പ്രധാനപ്പെട്ട നാവികസേനകളിലൊന്നായി നില കൊള്ളുന്നു. പ്രതിരോധ മേഖലയില്‍ രാജ്യം സ്വയംപര്യാപ്ത നേടുന്നതിനുള്ള മികച്ചൊരു ഉദാഹരണമാണിത്. ഇത് കൂടാതെ ഹൃദയസ്പര്‍ശിയായ മറ്റൊരു ഉദാഹരണം കൂടി എനിക്ക് പങ്ക് വയ്ക്കാനുണ്ട്. ഹരിയാനയിലെ ഭിവാനി ജില്ലയിലെ സൂയി എന്ന സ്ഥലത്ത് നിന്നുള്ള ഏതാനും പേര്‍ ചേര്‍ന്ന് 'സ്വപ്രേരിത് ആദര്‍ശ് ഗ്രാമ യോജന'യ്ക്ക് കീഴില്‍ ആ ഗ്രാമത്തെ സമൂലമായി മാറ്റുകയുണ്ടായി. നമ്മുടെ ജന്മനാട്ടിലുള്ള സ്വന്തം പ്രദേശത്തോടുള്ള സ്നേഹവും നന്ദിയും പ്രകടമാക്കുന്ന തരത്തിലുള്ള ഈ അനുഭവം എല്ലാവര്‍ക്കും ആവേശം പകരുന്നതാണ്. നന്ദിയുളള ജനതയുടെ മനസില്‍ എക്കാലവും തങ്ങള്‍ ജനിച്ചു വളര്‍ന്ന നാടിനോടുള്ള സ്നേഹവും അടുപ്പവും നിലനില്‍ക്കും. ഇതുപോലുള്ള ഉദാഹരണങ്ങള്‍ കരുത്തുറ്റതും സചേതനവുമായ (സശക്ത് ഭാരത്, സംവേദന്‍ ശീല്‍ ഭാരത്) ഒരു ഇന്ത്യ ഉയര്‍ന്നുവരുന്നുവെന്ന എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ഈ സംഭവത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് മറ്റ് പലരും തങ്ങളുടെ ജന്മനാടിന്റെ വികസനത്തിനായി സംഭാവന ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.

ഈ സന്ദര്‍ഭത്തില്‍ വ്യക്തിപരമായ ഒരു അനുഭവം നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ എന്റെ ജന്മഗ്രാമമായ കാണ്‍പൂരിലെ പരൗംഖ് സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. അവിടെ എത്തിയപ്പോള്‍ രാഷ്ട്രപതിഭവന്‍ വരെ എന്നെയെത്തിച്ചത് ആ നാടിന്റെ അനുഗ്രഹം കൊണ്ട് മാത്രമാണെന്ന വിശ്വാസത്താല്‍ അവിടുത്തെ മണ്ണ് തൊട്ട് ഞാന്‍ നെറുകയില്‍വച്ചു. ലോകത്ത് എവിടെയൊക്കെ ആയിരുന്നാലും എന്റെ ഗ്രാമവും എന്റെ രാജ്യവും എന്റെ ഹൃദയത്തിനുള്ളിലാണുള്ളത്. സ്വന്തം മികവ് കൊണ്ട് ജീവിത വിജയം നേടിയ ഇന്ത്യക്കാരായ എല്ലാവരോടും തങ്ങളുടെ വേരുകളും ഗ്രാമവും നഗരവും മറ്റും എന്നും ഓര്‍മയിലുണ്ടാകണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. നിങ്ങള്‍ക്ക് കഴിയുന്ന എല്ലാ വിധത്തിലും ജന്മനാടിനെ സേവിക്കുകയും ചെയ്യണം. ജീവിതവിജയം നേടിയ എല്ലാവരും തങ്ങളുടെ ജന്മനാടിനെ സഹായിക്കാനായി മുന്നിട്ടിറങ്ങിയാല്‍ അത് കൊണ്ടുണ്ടാകുന്ന വികസനം രാജ്യത്തിനാകെ നേട്ടമുണ്ടാക്കും.

പ്രിയപ്പെട്ട സഹപൗരന്മാരെ,

ഇന്ന്, ദേശത്തിന്റെ പെരുമയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതു നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ്. കുടുംബങ്ങളില്‍ നിന്നകന്നു ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും അവര്‍ മാതൃരാജ്യത്തിനായി കാവല്‍ നില്‍ക്കുന്നു. നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധസേനയുടെയും രാജ്യത്തിനുള്ളില്‍ ആഭ്യന്തരസുരക്ഷ കാത്തുസൂക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും നിതാന്തജാഗ്രതയെത്തുടര്‍ന്നാണ് അവരുടെ സഹപൗരന്മാര്‍ സമാധാനമായി ജീവിതം ആസ്വദിക്കുന്നത്. ധീരനായ ഒരു സൈനികന്‍ കര്‍ത്തവ്യത്തിനിടെ ജീവന്‍വെടിയുമ്പോള്‍ രാജ്യം മുഴുവനാണു ദുഃഖിക്കുന്നത്. കഴിഞ്ഞ മാസം വളരെ നിര്‍ഭാഗ്യകരമായ ഒരപകടത്തില്‍ രാജ്യത്തിന്റെ ധീരനായ കമാന്‍ഡര്‍മാരില്‍ ഒരാളായ ജനറല്‍ ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരസൈനികരെയും നമുക്കു നഷ്ടപ്പെട്ടു. ഈ ദാരുണ സംഭവത്തില്‍ രാജ്യം മുഴുവന്‍ കടുത്ത ദുഃഖത്തിലായി.

മഹതികളെ മാന്യന്മാരെ,

രാജ്യസ്‌നേഹം പൗരന്മാര്‍ക്കിടയില്‍ കര്‍ത്തവ്യബോധം ശക്തിപ്പെടു ത്തുന്നു. നിങ്ങള്‍ ഒരു ഡോക്ടറോ, അഭിഭാഷകനോ,കടയുടമയോ, ഓഫീസ് ജീവനക്കാരനോ, ശുചീകരണ തൊഴിലാളിയോ ആകട്ടെ, നിങ്ങളുടെ കര്‍ത്തവ്യം കാര്യക്ഷമമായും ഫലപ്രദമായും ചെയ്യുന്നതാണ് രാജ്യത്തിന് നിങ്ങള്‍ നല്‍കുന്ന പ്രഥമവും പ്രധാനവുമായ സംഭാവന.

സായുധ സേനയുടെ പരമോന്നത മേധാവി എന്ന നിലയില്‍, സായുധ സേനയിലെ സ്ത്രീ ശാക്തീകരണത്തിന് ഇത് ഒരു മികച്ച വര്‍ഷമാണെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ പെണ്‍കുട്ടികള്‍ വേലിക്കെട്ടുകള്‍ തകര്‍ത്തു പുറത്തുവന്നിരിക്കുന്നു. പുതിയ മേഖലകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ സ്ഥിരം കമ്മീഷന്‍ അനുവദിച്ചിരിക്കുന്നു. കൂടാതെ, സൈനിക് സ്‌കൂളുകളിലൂടെയും വിശിഷ്ടമായ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലൂടെയും സ്ത്രീകള്‍ വരുന്നതോടെ സേനയ്ക്കുള്ള പ്രതിഭാ ശേഷി ശക്തിപ്പെടും. തല്‍ഫലമായി, നമ്മുടെ സായുധ സേനയ്ക്ക് ലിംഗ സന്തുലിതാവസ്ഥയുടെ പ്രയോജനം ലഭിക്കും.

ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ ഇന്ന് മികച്ച നിലയിലാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് കാലാവസ്ഥാ വ്യതിയാനത്തിന്റെ യുഗമായി മാറുകയാണ്. അതിനെ പ്രതിരോധിക്കുന്നതിന്,പ്രത്യേകിച്ചും പുനരുപയോഗ ഊര്‍ജത്തിനായുള്ള ധീരമായ മുന്നേറ്റത്തിലൂടെ  ഇന്ത്യ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നേതൃസ്ഥാനം കൈവരിച്ചിട്ടുണ്ട്. വ്യക്തി തലത്തില്‍, നമുക്ക് ഓരോരുത്തര്‍ക്കും ഗാന്ധിജിയുടെ ഉപദേശം സ്മരിക്കാനും നമുക്ക് ചുറ്റുമുള്ള ലോകത്തെ മെച്ചപ്പെടുത്താനും കഴിയും. ഇന്ത്യ എല്ലായ്‌പ്പോഴും ലോകത്തെ മുഴുവന്‍ ഒരു കുടുംബമായി കണക്കാക്കുന്നു. സാര്‍വത്രിക സാഹോദര്യത്തിന്റെ ഈ അന്തസത്തയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് , നമ്മുടെ രാജ്യവും മുഴുവന്‍ ആഗോള സമൂഹവും കൂടുതല്‍ സമത്വവും സമൃദ്ധവുമായ ഭാവിയിലേക്ക് നീങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്.

പ്രിയപ്പെട്ട സഹ പൗരന്മാരെ,

ഈ വര്‍ഷം, സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യ ഒരു നാഴികക്കല്ല് കടക്കും. ഈ സന്ദര്‍ഭം 'ആസാദി കാ അമൃത് മഹോത്സവ്' ആയി നാം ആഘോഷിക്കുകയാണ്. രാജ്യത്തിനു നാഴികക്കല്ലായ ഈ വര്‍ഷത്തെ അനുസ്മരിക്കാന്‍ സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളില്‍ നമ്മുടെ ജനങ്ങള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നു എന്നത് സന്തോഷകരമാണ്. വരും തലമുറയ്ക്ക് മാത്രമല്ല, നമുക്കെല്ലാവര്‍ക്കും നമ്മുടെ ഭൂതകാലവുമായി വീണ്ടും ബന്ധപ്പെടാനുള്ള മികച്ച അവസരമാണിത്. നമ്മുടെ മഹത്തായ ഇതിഹാസത്തിലെ ഒരു പ്രചോദനാത്മക അധ്യായമായിരുന്നു സ്വാതന്ത്ര്യസമരം. സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തഞ്ചാം വര്‍ഷത്തില്‍, നമ്മുടെ മഹത്തായ ദേശീയ പ്രസ്ഥാനത്തെ സജീവമാക്കിയ മൂല്യങ്ങളെ നമുക്ക് വീണ്ടും കണ്ടെത്താം. നമ്മുടെ സ്വാതന്ത്ര്യത്തിനായി നിരവധി സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെയും റിപ്പബ്ലിക് ദിനത്തിന്റെയും ആഘോഷങ്ങള്‍ ആസ്വദിക്കാന്‍ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ നമുക്ക് സങ്കല്‍പ്പിക്കാനാവാത്ത വിധത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കുകയും എണ്ണമറ്റ ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തില്‍ അവരുടെ അനശ്വരമായ ത്യാഗങ്ങളെ നമുക്ക് നന്ദിയോടെ സ്മരിക്കാം.

മഹതികളെ മാന്യന്മാരെ,

ഇന്ത്യ ഒരു പുരാതന നാഗരികതയാണ്, എന്നാല്‍ ഒരു യുവ റിപ്പബ്ലിക്കാണ്. നമ്മളെ സംബന്ധിച്ചിടത്തോളം രാഷ്ട്രനിര്‍മ്മാണം ഒരു നിരന്തരമായ പരിശ്രമമാണ്. ഒരു കുടുംബത്തിലെന്നപോലെ, ഒരു ജനതയിലും, അടുത്ത തലമുറയ്ക്ക് നല്ല ഭാവി ഉറപ്പാക്കാന്‍ ഒരു തലമുറ കഠിനാധ്വാനം ചെയ്യുന്നു. നാം സ്വാതന്ത്ര്യം നേടിയപ്പോള്‍, കൊളോണിയല്‍ ഭരണത്തിന്റെ ചൂഷണം നമ്മെ തീര്‍ത്തും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്നു, എന്നാല്‍ എഴുപത്തിയഞ്ച് വര്‍ഷത്തിനുള്ളില്‍ നാം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. പുതിയ അവസരങ്ങള്‍ ഭാവി തലമുറയെ കാത്തിരിക്കുന്നു. നമ്മുടെ യുവജനങ്ങള്‍  ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഈ ഊര്‍ജവും, ആത്മവിശ്വാസവും, സംരംഭകത്വവും ഉപയോഗിച്ച് നമ്മുടെ രാജ്യം പുരോഗതിയുടെ പാതയില്‍ മുന്നേറും. ആഗോള സമൂഹത്തില്‍, കഴിവുകള്‍ക്കനുസൃതമായി നമ്മുടെ രാജ്യത്തിന് അതിന്റെ ശരിയായ സ്ഥാനത്ത് എത്താന്‍ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുന്നു!

നന്ദി,

ജയ് ഹിന്ദ്!

ND/NS  MRD 

***


(Release ID: 1792626) Visitor Counter : 790