പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യാ ഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
23 JAN 2022 10:36PM by PIB Thiruvananthpuram
ഈ ചരിത്ര പരിപാടിയില്‍ പങ്കെടുക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍ ശീ അമിത് ഷാ, ശ്രീ ഹര്‍ദീപ് പുരി ജി, മറ്റ് കേന്ദ്ര മന്ത്രിസഭാ അംഗങ്ങള്‍, ഐഎന്‍എയുടെ ട്രസ്റ്റികള്‍, എന്‍ഡിഎംഎ അംഗങ്ങള്‍, ജൂറി അംഗങ്ങള്‍, എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍, കോസ്റ്റ് ഗാര്‍ഡ്‌സ്, ഐഎംഡി, പ്രകൃതി ദുരന്ത നിവാരണ അവാര്‍ഡു ജേതാക്കള്‍, മറ്റെല്ലാ വിശിഷ്ടാതിഥികളേ, സഹോദരീസഹോദരന്മാരേ,
ഭാരതമാതാവിന്റെ ധീരപുത്രനായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍, മുഴുവന്‍ രാജ്യത്തിനും വേണ്ടി ഞാന്‍ അദ്ദേഹത്തെ പ്രണമിക്കുന്നു. ഈ ദിവസം ചരിത്രപരമാണ്, ഈ കാലഘട്ടവും ചരിത്രപരമാണ്, നമ്മളെല്ലാവരും ഒത്തുകൂടിയ ഈ സ്ഥലവും ചരിത്രപരമാണ്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പ്രതീകം, നമ്മുടെ പാര്‍ലമെന്റ്, നമ്മുടെ പ്രവര്‍ത്തനത്തെയും ജനങ്ങളോടുള്ള സമര്‍പ്പണത്തെയും പ്രതീകപ്പെടുത്തുന്ന നിരവധി കെട്ടിടങ്ങള്‍, നമ്മുടെ ധീര രക്തസാക്ഷികള്‍ക്കായി സമര്‍പ്പിച്ച ദേശീയ യുദ്ധസ്മാരകം എന്നിവയും സമീപത്തുണ്ട്. ഇതിന്റെയെല്ലാം വെളിച്ചത്തില്‍, ഇന്ന് നമ്മള്‍ ഇന്ത്യാ ഗേറ്റില്‍ അമൃത് മഹോത്സവം ആഘോഷിക്കുന്നു, സ്വാതന്ത്ര്യവും പരമാധികാരവും ഉള്ള ഇന്ത്യയുടെ ആത്മവിശ്വാസം നമുക്ക് നല്‍കിയ നേതാജി സുഭാഷ് ചന്ദ്രബോസിന് ആദരപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. അദ്ദേഹം ബ്രിട്ടീഷ് അധികാരത്തോട് അഭിമാനത്തോടെയും ധൈര്യത്തോടെയും പറഞ്ഞു. 'ഞാന്‍ സ്വാതന്ത്ര്യത്തിനായി യാചിക്കില്ല,അത് നേടിയെടുക്കും.' ഇന്ത്യയുടെ മണ്ണില്‍ ആദ്യത്തെ സ്വതന്ത്ര ഗവണ്‍മെന്റ് സ്ഥാപിച്ച നമ്മുടെ നേതാജിയുടെ മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിന് സമീപം ഡിജിറ്റല്‍ രൂപത്തില്‍ സ്ഥാപിക്കുന്നു. താമസിയാതെ ഈ ഹോളോഗ്രാം പ്രതിമയ്ക്ക് പകരം ഒരു കൂറ്റന്‍ ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കും. നേതാജി സുഭാഷ് എന്ന മഹാനായ നായകനോടുള്ള നന്ദിയുള്ള ഒരു ജനതയുടെ ആദരാഞ്ജലിയാണ് ഈ പ്രതിമ. നേതാജി സുഭാഷിന്റെ ഈ പ്രതിമ നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും നമ്മുടെ തലമുറകള്‍ക്കും ദേശീയ ബാധ്യതയുടെ ബോധം നല്‍കുകയും വര്‍ത്തമാന തലമുറകള്‍ക്കും ഭാവി തലമുറകള്‍ക്കും പ്രചോദനം നല്‍കുകയും ചെയ്യും.
സുഹൃത്തുക്കളേ,
കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യം നേതാജിയുടെ ജന്മദിനം പരാക്രം ദിവസ് ആയി ആഘോഷിക്കാന്‍ തുടങ്ങി. ഇന്ന് പരാക്രം ദിവസിനോടനുബന്ധിച്ച് സുഭാഷ് ചന്ദ്രബോസിന് 'ആപ്ദ പ്രബന്ധന്‍ പുരസ്‌കാരവും' (പ്രകൃതി ദുരന്ത നിവാരണ അവാര്‍ഡുകള്‍) നല്‍കിയിട്ടുണ്ട്. നേതാജിയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ അവാര്‍ഡുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ന് ആദരിക്കപ്പെട്ട 2019 മുതല്‍ 2022 വരെയുള്ള എല്ലാ വ്യക്തികളെയും സംഘടനകളെയും ഞാന്‍ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്ത് ഇതുവരെ ദുരന്തനിവാരണത്തോടുള്ള മനോഭാവത്തിന് ഒരു പഴഞ്ചൊല്ല് നന്നായി യോജിക്കുന്നു - ദാഹിക്കുമ്പോള്‍ കിണര്‍ കുഴിക്കുക. കാശി മേഖലയില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന മറ്റൊരു ചൊല്ലുണ്ട്: വിരുന്നിനിടയില്‍ കൊഹ്ദ പച്ചക്കറി വളര്‍ത്താന്‍ തുടങ്ങുക. അതായത്, ദുരന്തസമയത്ത് മാത്രമാണ് പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിച്ചത്. ഇത് മാത്രമല്ല, വളരെ കുറച്ച് ആളുകള്‍ക്ക് അറിയാവുന്ന ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഒരു സമ്പ്രദായം നിലവിലുണ്ടായിരുന്നു. വര്‍ഷങ്ങളായി കൃഷിവകുപ്പ് ദുരന്തങ്ങള്‍ നേരിട്ടിരുന്നു. വെള്ളപ്പൊക്കം, കനത്ത മഴ, ആലിപ്പഴം തുടങ്ങിയ സാഹചര്യങ്ങള്‍ നേരിടാന്‍ കൃഷി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതാണ് ഇതിന്റെ അടിസ്ഥാന കാരണം. ഈ ദുരന്തനിവാരണ സമ്പ്രദായം നാട്ടില്‍ ഇതുപോലെ തുടര്‍ന്നു. എന്നാല്‍ 2001ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഒന്നുകൂടി ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. അത് ദുരന്തനിവാരണത്തിന്റെ അര്‍ത്ഥം തന്നെ മാറ്റിമറിച്ചു. ഞങ്ങള്‍ എല്ലാ വകുപ്പുകളെയും മന്ത്രാലയങ്ങളെയും ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനത്തിലേക്ക് തള്ളിവിട്ടു. അന്നത്തെ അനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് 2003-ല്‍ ഗുജറാത്ത് സംസ്ഥാന ദുരന്ത നിവാരണ നിയമം നിലവില്‍ വന്നു. ദുരന്തങ്ങളെ നേരിടാന്‍ ഇത്തരമൊരു നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഗുജറാത്ത് മാറി. പിന്നീട്, ഗുജറാത്തിലെ നിയമങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കേന്ദ്രഗവണ്‍മെന്റ് 2005-ല്‍ സമാനമായ ഒരു ദുരന്തനിവാരണ നിയമം രാജ്യത്തിനാകെ നടപ്പാക്കി. ഈ നിയമത്തിനുശേഷമാണ് ദേശീയ ദുരന്തനിവാരണ അതോറിറ്റി രൂപീകരിച്ചത്. കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഈ നിയമം രാജ്യത്തെ വളരെയധികം സഹായിച്ചു.
സുഹൃത്തുക്കളേ,
2014 മുതല്‍, ദുരന്തനിവാരണം കാര്യക്ഷമമാക്കുന്നതിന് ദേശീയ തലത്തില്‍ നമ്മുടെ ഗവണ്‍മെന്റ് വിപുലമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ദുരിതാശ്വാസം, രക്ഷാപ്രവര്‍ത്തനം, പുനരധിവാസം, നവീകരണം എന്നിവയ്ക്കു ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം എന്‍ഡിആര്‍എഫ് ശക്തിപ്പെടുത്തുകയും നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്തു. ബഹിരാകാശ സാങ്കേതികവിദ്യ മുതല്‍ ആസൂത്രണവും മാനേജ്മെന്റും വരെ സാധ്യമായ ഏറ്റവും മികച്ച രീതികള്‍ ഞങ്ങള്‍ സ്വീകരിച്ചു. നമ്മുടെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സുരക്ഷാ സേനാംഗങ്ങള്‍ ഓരോ ജീവനും രക്ഷിക്കുന്നതില്‍ തങ്ങളുടെ ജീവന്‍ പണയം വെച്ചു. അതുകൊണ്ട്, എന്‍ഡിആര്‍എഫ് ആയാലും എസ്ഡിആര്‍എഫ് ആയാലും നമ്മുടെ സുരക്ഷാ സേനയായാലും, തങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന എല്ലാവരോടും നന്ദി പ്രകടിപ്പിക്കാനും സല്യൂട്ട് ചെയ്യാനും ഉള്ള അവസരമാണിത്.
സുഹൃത്തുക്കളേ,
നമ്മുടെ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, ദുരന്തങ്ങളെ നേരിടാനുള്ള ശേഷിയും ഒരേസമയം വളരുന്നു. കൊറോണ കാലഘട്ടത്തിന്റെ ഒന്നോ രണ്ടോ വര്‍ഷങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ മഹാമാരിയുടെ നടുവിലും നിരവധി ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു വശത്ത്, നമ്മള്‍ കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍, മറുവശത്ത്, പല പ്രദേശങ്ങളിലും ഭൂകമ്പവും വെള്ളപ്പൊക്കവും ഉണ്ടായി. ഒഡീഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ തീരങ്ങളിലും ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവയുള്‍പ്പെടെ പടിഞ്ഞാറന്‍ തീരങ്ങളിലും ചുഴലിക്കാറ്റ് വീശിയടിച്ചു. നേരത്തെ നൂറുകണക്കിനാളുകള്‍ ചുഴലിക്കാറ്റില്‍ മരിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ അങ്ങനെയല്ല. രാഷ്ട്രം എല്ലാ വെല്ലുവിളികള്‍ക്കും ഒരു പുതിയ ശക്തിയോടെ ഉത്തരം നല്‍കി. തല്‍ഫലമായി, ഈ ദുരന്തങ്ങളില്‍ പരമാവധി ജീവന്‍ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഇന്ന് പ്രധാന അന്താരാഷ്ട്ര ഏജന്‍സികള്‍ ഇന്ത്യയിലെ ഈ സാധ്യതയെയും മാറ്റത്തെയും അഭിനന്ദിക്കുന്നു. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍, പ്രാദേശിക ഭരണകൂടങ്ങള്‍, എല്ലാ ഏജന്‍സികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന അത്തരം ഒരു എന്‍ഡ്-ടു-എന്‍ഡ് സൈക്ലോണ്‍ റെസ്പോണ്‍സ് സിസ്റ്റം ഇന്ന് രാജ്യത്തുണ്ട്. വെള്ളപ്പൊക്കം, വരള്‍ച്ച, ചുഴലിക്കാറ്റ് എന്നിവയ്ക്കുള്ള മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ദുരന്തസാധ്യത വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ ഉപകരണങ്ങളും വിവിധ മേഖലകള്‍ക്കായുള്ള ദുരന്ത സാധ്യതാ ഭൂപടങ്ങളും സംസ്ഥാനങ്ങളുടെ സഹായത്തോടെ സൃഷ്ടിച്ചിട്ടുണ്ട്. ഇത് എല്ലാ സംസ്ഥാനങ്ങള്‍ക്കും പങ്കാളികള്‍ക്കും പ്രയോജനകരമാണ്. ഏറ്റവും പ്രധാനമായി, ദുരന്തനിവാരണം ഇന്ന് രാജ്യത്ത് പൊതുജന പങ്കാളിത്തത്തിന്റെയും പൊതുവിശ്വാസത്തിന്റെയും വിഷയമായി മാറിയിരിക്കുന്നു. എന്‍ഡിഎംഎയുടെ 'ആപ്ദ മിത്ര' പോലുള്ള പദ്ധതികളുടെ ഭാഗമാകുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നതായി യുവാക്കള്‍ എന്നോട് പറഞ്ഞു. അതായത് ജനപങ്കാളിത്തം വര്‍ധിച്ചുവരികയാണ്. എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാല്‍, ആളുകള്‍ ഇരകളായി തുടരില്ല, പകരം അവര്‍ സന്നദ്ധപ്രവര്‍ത്തകരായി ദുരന്തത്തെ അഭിമുഖീകരിക്കുന്നു. അതായത് ദുരന്തനിവാരണം എന്നത് കേവലം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമല്ല, മറിച്ച് അത് 'സബ്ക പ്രയാസിന്റെ' മാതൃകയായി.
സുഹൃത്തുക്കളേ,
ഞാന്‍ 'സബ്ക പ്രയാസ്' എന്നതിനെക്കുറിച്ച് പറയുമ്പോള്‍, അതില്‍ എല്ലാ മേഖലകളിലെയും ശ്രമങ്ങള്‍ ഉള്‍പ്പെടുന്നു; ഒരു സമഗ്ര സമീപനം. ദുരന്തനിവാരണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ തന്നെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോഴ്സുകളുടെ പാഠ്യപദ്ധതിയില്‍ ദുരന്തനിവാരണവും അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അണക്കെട്ടിന്റെ തകരാര്‍ മൂലമുണ്ടാകുന്ന സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഗവണ്‍മെന്റ് ഡാം സുരക്ഷാ നിയമവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
ലോകത്ത് എവിടെയെങ്കിലും ഒരു ദുരന്തമുണ്ടായാല്‍, വലിയ സാമ്പത്തിക നഷ്ടത്തിന് പുറമെ ദാരുണ മരണങ്ങളെക്കുറിച്ചും ഒഴിപ്പിക്കലുകളെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. പക്ഷേ, ഒരു ദുരന്തത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ നഷ്ടം സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറമാണ്. അതുകൊണ്ടുതന്നെ ദുരന്തങ്ങളെപ്പോലും അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇന്ന് ഇന്ത്യ ഈ ദിശയില്‍ അതിവേഗം മുന്നേറുകയാണ്. ഭൂകമ്പമോ വെള്ളപ്പൊക്കമോ ചുഴലിക്കാറ്റോ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നിര്‍മിക്കുന്ന വീടുകള്‍ ഈ ആശങ്കകള്‍ കൈകാര്യം ചെയ്യുന്നു. ഉത്തരാഖണ്ഡില്‍ നടക്കുന്ന ചാര്‍ ധാം മെഗാ പദ്ധതിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിര്‍മിക്കുന്ന പുതിയ എക്സ്പ്രസ് വേകളില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രത്യേകതകള്‍ക്കാണു മുന്‍ഗണന. അടിയന്തര ഘട്ടങ്ങളില്‍ വിമാനങ്ങള്‍ ഇറക്കാന്‍ ഈ എക്സ്പ്രസ് വേകള്‍ ഉപയോഗിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതാണ് പുതിയ ഇന്ത്യയുടെ കാഴ്ചപ്പാടും ചിന്താരീതിയും.
സുഹൃത്തുക്കളേ,
ദുരന്ത നിവാരണ അടിയന്തര സൗകര്യം കണക്കിലെടുത്ത്, ഇന്ത്യയും ലോകത്തിന് വളരെ വലിയ സ്ഥാപനം എന്ന ആശയം നല്‍കിയിട്ടുണ്ട്. അത് സിഡിആര്‍ഐ ആണ് - ഡിസാസ്റ്റര്‍ റസിലന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കൂട്ടായ്മ. ഇന്ത്യയുടെ ഈ സംരംഭത്തില്‍ ബ്രിട്ടന്‍ നമ്മുടെ പ്രധാന പങ്കാളിയായി മാറിയിരിക്കുന്ന. ഇന്ന് ലോകത്തിലെ 35 രാജ്യങ്ങള്‍ അതില്‍ ചേര്‍ന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ സൈന്യങ്ങള്‍ സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങള്‍ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഇത് ഒരു പഴയ പാരമ്പര്യമാണ്, പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍ ഇന്ത്യ ആദ്യമായി ദുരന്തനിവാരണത്തിനായി സംയുക്ത പരിശീലനം എന്ന പാരമ്പര്യം ആരംഭിച്ചു. നമ്മുടെ ദുരന്ത നിവാരണ ഏജന്‍സികള്‍ മനുഷ്യരാശിയോടുള്ള കടമ നിറവേറ്റിക്കൊണ്ട് പ്രയാസകരമായ സമയങ്ങളില്‍ നിരവധി രാജ്യങ്ങള്‍ക്ക് അവരുടെ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. നേപ്പാള്‍ ഭൂകമ്പത്തില്‍ തകര്‍ന്നപ്പോള്‍, സൗഹൃദ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ആ ദുരിതത്തില്‍ പങ്കുചേരാന്‍ സമയം പാഴാക്കിയില്ല. നമ്മുടെ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ അവിടെയെത്തി. ദുരന്തനിവാരണത്തില്‍ ഇന്ത്യയുടെ അനുഭവം നമുക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യരാശിക്കും വേണ്ടിയുള്ളതാണ്. 2017-ല്‍ ഇന്ത്യ ദക്ഷിണേഷ്യ ജിയോ സ്റ്റേഷണറി കമ്മ്യൂണിക്കേഷന്‍ സാറ്റലൈറ്റ് വിക്ഷേപിച്ചത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ദക്ഷിണേഷ്യയിലെ നമ്മുടെ സൗഹൃദ രാജ്യങ്ങള്‍ക്ക് കാലാവസ്ഥ, വാര്‍ത്താവിനിമയ മേഖലകളില്‍ അതിന്റെ നേട്ടങ്ങള്‍ ലഭിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
സാഹചര്യങ്ങള്‍ എന്തുതന്നെയായാലും, ധൈര്യമുണ്ടെങ്കില്‍, ദുരന്തത്തെ അവസരമാക്കി മാറ്റാം. സ്വാതന്ത്ര്യ സമര കാലത്ത് നേതാജി നമുക്ക് നല്‍കിയ സന്ദേശമാണിത്. നേതാജി പറയുമായിരുന്നു: ''സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നത്തില്‍ ഒരിക്കലും വിശ്വാസം നഷ്ടപ്പെടുത്തരുത്. ഇന്ത്യയെ വിറപ്പിക്കാന്‍ ലോകത്ത് ഒരു ശക്തിയുമില്ല.'' സ്വതന്ത്ര ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക എന്ന ലക്ഷ്യമാണ് ഇന്ന് നമുക്കുള്ളത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷമായ 2047-ന് മുമ്പ് ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം നമ്മുടെ മുന്നിലുണ്ട്. നേതാജിക്ക് രാജ്യത്ത് ഉണ്ടായിരുന്ന വിശ്വാസം, അദ്ദേഹത്തിനുണ്ടായിരുന്ന വികാരങ്ങള്‍, ഈ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്ന് ഇന്ത്യയെ തടയാന്‍ ലോകത്ത് ഒരു ശക്തിയും ഇല്ലെന്ന് എനിക്ക് പറയാന്‍ കഴിയും, നമ്മുടെ വിജയങ്ങള്‍ നമ്മുടെ നിശ്ചയദാര്‍ഢ്യത്തിന്റെ തെളിവാണ്, പക്ഷേ, ഈ യാത്ര ഇപ്പോഴും നമുക്ക് ഇനിയും നിരവധി ഉച്ചകോടികള്‍ തരണം ചെയ്യാനുണ്ട്, അതിന്, ആയിരക്കണക്കിന് വര്‍ഷത്തെ യാത്രയില്‍ രാജ്യത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിനെ രൂപപ്പെടുത്തിയ ദൃഢതയെക്കുറിച്ചും ത്യാഗത്തെക്കുറിച്ചും നാം ബോധവാനായിരിക്കണം.
സഹോദരീ സഹോദരന്മാരേ,
ഇന്ത്യ അതിന്റെ സ്വത്വവും പ്രചോദനവും പുനരുജ്ജീവിപ്പിക്കുമെന്ന സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ദൃഢനിശ്ചയമാണിത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ സംസ്‌കാരത്തിനും ധാര്‍മ്മികതയ്ക്കുമൊപ്പം നിരവധി മഹത് വ്യക്തികളുടെ സംഭാവനകള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. സ്വാതന്ത്ര്യസമരത്തില്‍ ലക്ഷക്കണക്കിന് രാജ്യവാസികളുടെ തപസ്സും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ അവരുടെ ചരിത്രവും പരിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു. പക്ഷേ, സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം ആ തെറ്റുകള്‍ തിരുത്തുകയാണ്. ബാബാസാഹേബ് അംബേദ്കറുമായി ബന്ധപ്പെട്ട 'പഞ്ചതീര്‍ഥങ്ങള്‍' അവരുടെ അന്തസ്സത്തക്കനുസരിച്ച് രാജ്യം വികസിപ്പിക്കുകയാണ്. ഇന്ന് ലോകമെമ്പാടുമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മഹത്വത്തിനായുള്ള ഒരു തീര്‍ത്ഥാടനമായി മാറിയിരിക്കുകയാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. ഭഗവാന്‍ ബിര്‍സ മുണ്ടയുടെ ജന്മദിനം 'ജനജാതിയ ഗൗരവ് ദിവസ്' ആയി ഞങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങി. ആദിവാസി സമൂഹത്തിന്റെ സംഭാവനയും ചരിത്രവും ഉയര്‍ത്തിക്കാട്ടുന്നതിനായി വിവിധ സംസ്ഥാനങ്ങളില്‍ ആദിവാസി മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ പൈതൃകങ്ങളും രാജ്യം മുഴുവന്‍ അഭിമാനത്തോടെ നെഞ്ചേറ്റുന്നു. നേതാജി ആന്‍ഡമാനില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്, ആന്‍ഡമാനിലെ ഒരു ദ്വീപിന് അദ്ദേഹത്തിന്റെ പേര് നല്‍കി. ഡിസംബറില്‍ ആന്‍ഡമാനില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന് പ്രത്യേക 'സങ്കല്‍പ് സ്മാരകം' സമര്‍പ്പിച്ചു. നേതാജിക്കും സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ സൈനികര്‍ക്കും ഈ സ്മാരകം ആദരാഞ്ജലിയാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസം തന്നെ നേതാജിയുടെ കൊല്‍ക്കത്തയിലെ തറവാട്ട് വീട് സന്ദര്‍ശിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. കൊല്‍ക്കത്തയില്‍ നിന്ന് അദ്ദേഹം നടന്നുവന്ന വഴിയും പഠിച്ചിരുന്ന മുറിയും വീടിന്റെ കോണിപ്പടികളും ചുമരുകളും: ആ അനുഭവം വാക്കുകള്‍ക്ക് അതീതമാണ്.
സുഹൃത്തുക്കളേ,
2018 ഒക്ടോബര്‍ 21-ന് ആസാദ് ഹിന്ദ് സര്‍ക്കാര്‍ 75 വര്‍ഷം പൂര്‍ത്തിയാക്കിയ ദിനവും എനിക്ക് മറക്കാനാവില്ല. ചെങ്കോട്ടയില്‍ നടന്ന ഒരു പ്രത്യേക ചടങ്ങില്‍ ആസാദ് ഹിന്ദ് ഫൗജിന്റെ തൊപ്പി ധരിച്ച് ഞാന്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയിരുന്നു. ആ നിമിഷം അവിസ്മരണീയവും അവിസ്മരണീയവുമാണ്. ആസാദ് ഹിന്ദ് ഫൗജുമായി ബന്ധപ്പെട്ട ഒരു സ്മാരകം ചെങ്കോട്ടയില്‍ തന്നെ നിര്‍മ്മിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. 2019 ജനുവരി 26 ന് നടന്ന പരേഡില്‍ ആസാദ് ഹിന്ദ് ഫൗജിലെ വിമുക്തഭടന്മാരെ കണ്ടപ്പോഴുള്ള എന്റെ വിലമതിക്കാനാകാത്ത ഓര്‍മ്മ കൂടിയാണിത്. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുന്നതിന് നമ്മുടെ ഗവണ്‍മെന്റിന് അവസരം ലഭിച്ചതും എന്റെ അഭിമാനമായി കരുതുന്നു.
സുഹൃത്തുക്കളേ,
നേതാജി സുഭാഷ് എന്തെങ്കിലും ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കില്‍, ഒരു ശക്തിക്കും അദ്ദേഹത്തെ തടയാന്‍ കഴിയുമായിരുന്നില്ല. നേതാജി സുഭാഷിന്റെ 'ചെയ്യാന്‍ സാധിക്കും,ചെയ്യുകതന്നെ ചെയ്യും' ഊര്‍ജത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നമ്മള്‍ മുന്നോട്ട് പോകണം. അദ്ദേഹത്തിന് ഇത് അറിയാമായിരുന്നു. അതിനാല്‍ നൂറ്റാണ്ടുകളായി ജനങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടന്ന അത്തരമൊരു സൃഷ്ടിപരമായ ശക്തിയെ ഇന്ത്യയില്‍ ദേശീയത സന്നിവേശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. ദേശീയതയെ ജീവനോടെ നിലനിര്‍ത്തുകയും ഒരേസമയം സൃഷ്ടിക്കുകയും വേണം. അതുപോലെ ദേശീയ ബോധവും ഉണര്‍ന്നിരിക്കേണ്ടതുണ്ട്. നേതാജി സുഭാഷിന്റെ സ്വപ്നങ്ങളുടെ ഇന്ത്യയായി ഇന്ത്യയെ മാറ്റാന്‍ നമുക്ക് ഒരുമിച്ച് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും പരാക്രം ദിവസ് ആശംസകള്‍ നേരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും ഉദ്യോഗസ്ഥരെ ഇന്ന് ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഇന്ന്, എവിടെ ഒരു ദുരന്തമോ ചുഴലിക്കാറ്റ് പോലുള്ള ദുരന്ത സാധ്യതകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോ ഉണ്ടായാല്‍, എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരെ യൂണിഫോമില്‍ കാണുമ്പോള്‍ സാധാരണ മനുഷ്യര്‍ക്ക് സഹായം ലഭിക്കും. ഏത് ദുരന്തത്തിലും രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന പട്ടാളക്കാരെ കാണുമ്പോള്‍ തോന്നും. അതുപോലെ എന്‍ഡിആര്‍എഫിന്റെയും എസ്ഡിആര്‍എഫിന്റെയും സൈനികര്‍ തങ്ങളുടെ ശക്തി തെളിയിച്ചിട്ടുണ്ട്. പരാക്രം ദിവസില്‍ നേതാജിയെ അനുസ്മരിച്ചുകൊണ്ട്, സഹാനുഭൂതിയോടെയും സംവേദനക്ഷമതയോടെയും പ്രവര്‍ത്തിച്ചതിന് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഎഫ് ജവാന്മാരെ ഞാന്‍ അഭിനന്ദിക്കുന്നു. ദുരന്തനിവാരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയ ജവാന്മാര്‍ക്കും ഇന്ന് ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. അങ്ങനെയുള്ള എല്ലാവരേയും ആദരപൂര്‍വ്വം വണങ്ങുമ്പോള്‍, നിങ്ങള്‍ക്കെല്ലാവര്‍ക്കും പരാക്രം ദിവസ് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നത്.
വളരെയധികം നന്ദി.
ND
(Release ID: 1792306)
Visitor Counter : 200
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada