പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മണിപ്പൂരിലെ ഇംഫാലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു


''ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം എന്നു നേതാജി വിശേഷിപ്പിച്ച വടക്കുകിഴക്കന്‍ മേഖല ഒരു പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കവാടമായി മാറുന്നു''


''വടക്കുകിഴക്കന്‍ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിയാനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു''


''ഇന്ന് രാജ്യത്തെ യുവാക്കള്‍ മണിപ്പൂരിലെ കളിക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു''


''ഉപരോധത്തിലായിരിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ നിന്ന് അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമായി മണിപ്പൂര്‍ മാറി''


''മണിപ്പൂരില്‍ സ്ഥിരത നിലനിര്‍ത്തുകയും മണിപ്പൂരിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുകയും വേണം. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനു മാത്രമേ അതിനു സാധിക്കൂ''


Posted On: 04 JAN 2022 3:14PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. ഏകദേശം 1850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം 2950 കോടി രൂപയുടെ 9 പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. റോഡ് അടിസ്ഥാനസൗകര്യം , കുടിവെള്ള വിതരണം, ആരോഗ്യം, നഗരവികസനം, പാര്‍പ്പിടം, വിവരസാങ്കേതികവിദ്യ, നൈപുണ്യ വികസനം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ഇന്നു തുടക്കം കുറിച്ചത്.

1700 കോടിയിലധികം രൂപ ചെലവിട്ടു നിര്‍മിക്കുന്ന അഞ്ച് ദേശീയപാതാ പദ്ധതികളുടെ നിര്‍മാണത്തിനാണു പ്രധാനമന്ത്രി തറക്കല്ലിട്ടത്. സില്‍ച്ചാറിനും ഇംഫാലിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായിക്കുന്ന, എന്‍എച്ച്-37ലെ ബരാക് നദിക്ക് കുറുകെ നിര്‍മിച്ച സ്റ്റീല്‍ പാലം അദ്ദേഹം ഉദ്ഘാടനം ചെയ്തു. 75 കോടി രൂപ ചെലവിലാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.  1100 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 2387 മൊബൈല്‍ ടവറുകളും മണിപ്പൂരിലെ ജനങ്ങള്‍ക്കായി അദ്ദേഹം സമര്‍പ്പിച്ചു.

280 കോടി രൂപയുടെ 'തൗബല്‍ വിവിധോദ്ദേശ്യ പദ്ധതിയിലെ ജലവിതരണസംവിധാനം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് ഇംഫാല്‍ നഗരത്തിന് കുടിവെള്ളം ലഭ്യമാക്കും. 65 കോടി രൂപ ചെലവില്‍ നിര്‍മിച്ച ജലവിതരണ പദ്ധതി, തമെങ്ലോങ് ജില്ലയിലെ പത്ത് ജനവാസമേഖലകളിലുള്ളവര്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. 51 കോടി രൂപ ചെലവഴിച്ചു നിര്‍മിച്ച 'സേനാപതി ജില്ലാ ആസ്ഥാന ജലവിതരണ പദ്ധതി' പ്രദേശവാസികള്‍ക്ക് സ്ഥിരമായി കുടിവെള്ളം ഉറപ്പാക്കും.


ഇംഫാലില്‍ പിപിപി അടിസ്ഥാനത്തില്‍ 160 കോടി രൂപ വിലമതിക്കുന്ന 'സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് കാന്‍സര്‍ ആശുപത്രി'യുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഡിആര്‍ഡിഒയുടെ സഹകരണത്തോടെ ഏകദേശം 37 കോടി രൂപ ചെലവില്‍ കിയാംഗെയില്‍ സ്ഥാപിച്ച 200 കിടക്കകളുള്ള കോവിഡ് ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ (ഐ സി സി സി), ഇംഫാല്‍ നദിയിലെ വെസ്റ്റേണ്‍ റിവര്‍ ഫ്രണ്ട് വികസനം (ഘട്ടം 1), തങ്ങള്‍ ബസാറിലെ മാള്‍ റോഡിന്റെ വികസനം (ഘട്ടം 1) എന്നിങ്ങനെ 170 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിച്ച ഇംഫാല്‍ സ്മാര്‍ട്ട് സിറ്റി മിഷന്റെ മൂന്ന് പദ്ധതികള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.


ഏകദേശം 200 കോടി രൂപ ചെലവില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന 'സെന്റര്‍ ഫോര്‍ ഇന്‍വെന്‍ഷന്‍, ഇന്നൊവേഷന്‍, ഇന്‍കുബേഷന്‍ ആന്‍ഡ് ട്രെയിനിങ് (സിഐഐഐടി)'ന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. ഹരിയാനയിലെ ഗുഡ്ഗാവില്‍ 240 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്സ് നിര്‍മ്മാണത്തിനും അദ്ദേഹം തറക്കല്ലിട്ടു.

മണിപ്പൂരിന് സംസ്ഥാന പദവി ലഭിച്ചതിന്റെ 50-ാം വാര്‍ഷികമാണു ജനുവരി 21 എന്നും സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള അമൃത് മഹോത്സവത്തോടൊപ്പം ഇതും വന്നുചേര്‍ന്നത് വലിയ പ്രചോദനമാണ്.

മണിപ്പൂരിലെ ജനങ്ങളുടെ ധീരതയ്ക്ക് ആദരമര്‍പ്പിച്ച പ്രധാനമന്ത്രി, നേതാജി സുഭാഷിന്റെ സൈന്യം ആദ്യമായി ദേശീയ പതാക ഉയര്‍ത്തിയ മൊയ്റാംഗിന്റെ മണ്ണില്‍ നിന്നാണ് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാതന്ത്ര്യത്തിലുള്ള വിശ്വാസം ആരംഭിച്ചതെന്ന് പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമെന്ന് നേതാജി വിളിച്ച വടക്കുകിഴക്കന്‍ മേഖല പുതിയ ഇന്ത്യയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള കവാടമായി മാറുകയാണ്. ഇന്ത്യയുടെ കിഴക്കും വടക്ക് കിഴക്കും ഭാഗങ്ങള്‍ ഇന്ത്യയുടെ പുരോഗതിയുടെ ഉറവിടമാകുമെന്ന തന്റെ വിശ്വാസം അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇത് ഈ മേഖലയുടെ ഇന്നത്തെ വളര്‍ച്ചയില്‍ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്ത പദ്ധതികളുടെ കാര്യത്തില്‍ മണിപ്പൂരിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പൂര്‍ണ ഭൂരിപക്ഷത്തോടെയും പൂര്‍ണ സ്വാധീനത്തോടെയും ഭരിക്കുന്ന സ്ഥിരതയുള്ള ഗവണ്‍മെന്റിനു രൂപംനല്‍കിയതില്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളുടെ ഈ സ്ഥിരതയും തിരഞ്ഞെടുപ്പും അവര്‍ക്ക് നിരവധി നേട്ടങ്ങളുണ്ടാകുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 6 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്ക് കിസാന്‍ സമ്മാന്‍ നിധിക്ക് കീഴില്‍ നൂറുകണക്കിന് കോടി രൂപ ലഭിക്കുന്നുണ്ട്; പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതിയുടെ ആനുകൂല്യം 6 ലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്കു ലഭിക്കുന്നുണ്ട്; പിഎംഎവൈ പ്രകാരം 80,000 വീടുകള്‍; ആയുഷ്മാന്‍ യോജന പ്രകാരം 4.25 ലക്ഷം രോഗികള്‍ക്ക് സൗജന്യ ചികിത്സ; 1.5 ലക്ഷം സൗജന്യ ഗ്യാസ് കണക്ഷനുകള്‍;  1.3 ലക്ഷം സൗജന്യ വൈദ്യുതി കണക്ഷനുകള്‍; 30,000 ശൗചാലയങ്ങള്‍; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 30 ലക്ഷത്തിലധികം സൗജന്യ വാക്‌സിന്‍ ഡോസുകളും ഓക്‌സിജന്‍ പ്ലാന്റുകളും എന്നിവ യാഥാര്‍ത്ഥ്യമാകും.


പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ പലതവണ മണിപ്പൂര്‍ സന്ദര്‍ശിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ വേദന തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, 'അതുകൊണ്ടാണ് 2014ന് ശേഷം ഞാന്‍ ഡല്‍ഹിയിലെ ഇന്ത്യാ ഗവണ്‍മെന്റിനെ നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തിച്ചത്.' ഓരോ ഉദ്യോഗസ്ഥനും മന്ത്രിയും പ്രദേശം സന്ദര്‍ശിച്ച് അവരുടെ പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ സേവിക്കാന്‍ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ കൗണ്‍സിലിലെ പ്രധാന വകുപ്പുകളില്‍ മേഖലയില്‍ നിന്നുള്ള അഞ്ച് പ്രധാന മുഖങ്ങള്‍ ഉണ്ടെന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗവണ്‍മെന്റിന്റെ ഏഴുവര്‍ഷത്തെ കഠിനാധ്വാനം മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രത്യേകിച്ച് മണിപ്പൂരിലും ദൃശ്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് മണിപ്പൂര്‍ മാറ്റത്തിന്റെ പുതിയ തൊഴില്‍ സംസ്‌കാരത്തിന്റെ പ്രതീകമായി മാറുകയാണ്. ഈ മാറ്റങ്ങള്‍ മണിപ്പൂരിന്റെ സംസ്‌കാരത്തിനും അവരുടെ പരിചരണത്തിനുമാണ്. ഈ മാറ്റത്തില്‍ കണക്റ്റിവിറ്റിക്കും മുന്‍ഗണനയുണ്ട്. സര്‍ഗ്ഗാത്മകതയും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ക്കൊപ്പം റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. പ്രാദേശിക യുവാക്കളുടെ സര്‍ഗ്ഗാത്മകതയ്ക്കും നവീകരണ മനോഭാവത്തിനും സിഐഐടി സംഭാവന നല്‍കും. ആധുനിക കാന്‍സര്‍ ആശുപത്രി പരിചരണത്തിന്റെ മാനം വര്‍ദ്ധിപ്പിക്കും, മണിപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട്, ഗോവിന്ദ് ജി മന്ദിറിന്റെ നവീകരണം എന്നിവ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി 'കിഴക്കിനായി പ്രവര്‍ത്തിക്കാന്‍' തന്റെ ഗവണ്‍മെന്റ് തീരുമാനിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രദേശത്തിന് ദൈവം വളരെയധികം പ്രകൃതി വിഭവങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിനും വിനോദസഞ്ചാരത്തിനും നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ സാധ്യതകള്‍ സാക്ഷാത്കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കുകിഴക്ക് ഇപ്പോള്‍ ഇന്ത്യയുടെ വികസനത്തിന്റെ കവാടമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് ഏറ്റവും അപൂര്‍വമായ രത്നങ്ങള്‍ നല്‍കുന്ന സംസ്ഥാനമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടുത്തെ യുവാക്കളും പ്രത്യേകിച്ച് മണിപ്പൂരിലെ പെണ്‍മക്കളും രാജ്യത്തിന് ലോകമെമ്പാടും അഭിമാനം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും ഇന്ന് രാജ്യത്തെ യുവാക്കള്‍ മണിപ്പൂരിലെ കളിക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു.

ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ നിരന്തര പ്രയത്നത്താല്‍ ഈ മേഖലയില്‍ തീവ്രവാദത്തിന്റെയും അരക്ഷിതാവസ്ഥയുടെയും പ്രതിസന്ധിയില്ല; അതേസമയം, സമാധാനത്തിന്റെയും വികസനത്തിന്റെയും വെളിച്ചമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുടനീളം നൂറുകണക്കിന് യുവാക്കള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് വികസനത്തിന്റെ മുഖ്യധാരയില്‍ പങ്കാളികളായി. പതിറ്റാണ്ടുകളായി തീര്‍പ്പുകല്‍പ്പിക്കാതെ കിടന്നിരുന്ന കരാറുകളുണ്ട്. നിലവിലെ ഗവണ്‍മെന്റ് ചരിത്രപരമായ ഈ കരാറുകള്‍ അവസാനിപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു 'ഉപരോധ സംസ്ഥാന'ത്തില്‍ നിന്ന്, അന്താരാഷ്ട്ര വ്യാപാരത്തിന് വഴിയൊരുക്കുന്ന സംസ്ഥാനമായി  മണിപ്പൂര്‍ മാറി.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഈ ദശകം മണിപ്പൂരിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നഷ്ടപ്പെടുത്തിയ സമയത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഇപ്പോള്‍ ഒരു നിമിഷം പോലും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''നാം മണിപ്പൂരില്‍ സ്ഥിരത നിലനിര്‍ത്തുകയും മണിപ്പൂരിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയും വേണം. ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിനു മാത്രമേ ഇക്കാര്യം ചെയ്യാന്‍ കഴിയൂ''- അദ്ദേഹം ഊന്നിപ്പറഞ്ഞു. 


(Release ID: 1787441) Visitor Counter : 220