പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മിസ് മെറ്റ് ഫ്രെഡറിക്‌സണുമൊത്തുള്ള സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം

Posted On: 09 OCT 2021 1:29PM by PIB Thiruvananthpuram

ആദരണീയനായ ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി,

ഡെന്‍മാര്‍ക്കില്‍ നിന്നുള്ള എല്ലാ പ്രതിനിധികളേ,

എല്ലാ മാധ്യമ സുഹൃത്തുക്കളേ,

നമസ്‌കാരം!

കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഗവണ്‍മെന്റ് മേധാവികളുടെയും രാഷ്്രടത്തലവന്മാരുടെയും സ്വീകരണത്തിന്റെ ഒരു സ്ഥിരം സാക്ഷിയായിരുന്നു ഈ ഹൈദരാബാദ് ഹൗസ്. എന്നാല്‍, കഴിഞ്ഞ 18-20 മാസങ്ങളായി ഈ സമ്പ്രദായം നിലച്ചു. ഇന്ന് ഡാനിഷ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ഒരു പുതിയ തുടക്കം കുറിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ബഹുമാന്യരെ,

ഇത് നിങ്ങളുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണെന്നതും സന്തോഷകരമായ ഒരു യാദൃശ്ചികതകൂടിയാണ്. നിങ്ങളെ അനുഗമിക്കുന്ന എല്ലാ ഡാനിഷ് പ്രതിനിധികളെയും ബിസിനസ്സ് മേധാവികളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഇന്നത്തേത് നമ്മുടെ ആദ്യത്തെ മുഖാമുഖ കൂടിക്കാഴ്ച ആയിരിക്കാം, എന്നാല്‍ കൊറോണ കാലഘട്ടത്തില്‍ പോലും ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണവും സ്ഥായിയായ വേഗത്തില്‍ തന്നെയായിരുന്നു. വാസ്തവത്തില്‍, ഒരു വര്‍ഷം മുമ്പ്, നമ്മള്‍ തമ്മില്‍ നടത്തിയ വെര്‍ച്വല്‍ ഉച്ചകോടിയില്‍, ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ ഒരു ഹരിത തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനുള്ള ചരിത്രപരമായ തീരുമാനം നമ്മള്‍ എടുത്തിരുന്നു. ഇത് നമ്മുടെ ഇരുരാജ്യങ്ങളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും പരിസ്ഥിതിയോടുള്ള ആദരവിന്റെയും പ്രതിഫലനമാണ്. കൂട്ടായ പരിശ്രമത്തിലൂടെ, സാങ്കേതികവിദ്യയിലൂടെ, പരിസ്ഥിതി സംരക്ഷിക്കുന്നതിലൂടെ ഒരാള്‍ക്ക് എങ്ങനെ ഹരിത വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ പങ്കാളിത്തം. ഇന്ന് നാം   ഈ പങ്കാളിത്തത്തിന്റെ കീഴിലുണ്ടാക്കിയ നേട്ടത്തെക്കുറിച്ച് അവലോകനം ചെയ്യുക മാത്രമല്ല, സമീപഭാവിയില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ നമ്മുടെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുക കൂടിയാണ്. ഈ പശ്ചാത്തലത്തില്‍, ഡെന്‍മാര്‍ക്ക് അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയില്‍ അംഗമാകുന്നത് വളരെ സന്തോഷകരമാണ്. ഇത് നമ്മുടെ സഹകരണത്തിന് ഒരു പുതിയ മാനം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഡാനിഷ് കമ്പനികള്‍ക്ക് ഇന്ത്യ പുതിയതല്ല. ഊര്‍ജ്ജം, ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, പശ്ചാത്തലസൗകര്യം, യന്ത്രങ്ങള്‍ (മെഷിനറി), സോഫ്റ്റ്‌വെയര്‍ തുടങ്ങി നിരവധി മേഖലകളില്‍ ഡാനിഷ് കമ്പനികള്‍ വളരെക്കാലമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് മാത്രമല്ല, 'ലോകത്തിന് വേണ്ട മെക്ക് ഇന്‍ ഇന്ത്യ' എന്നതിലേക്കും അവര്‍ സവിശേഷമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ പുരോഗതിക്കായുള്ള നമ്മുടെ കാഴ്ചപ്പാടില്‍ നമ്മള്‍ മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്ന വേഗതയിലും അളവിലും ഡാനിഷ് വൈദഗ്ധ്യത്തിനും ഡാനിഷ് സാങ്കേതികവിദ്യയ്ക്കും വളരെ സുപ്രധാനമായ പങ്കുവഹിക്കാനാകും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ പരിഷ്‌കാരങ്ങളില്‍, പ്രത്യേകിച്ച് ഉല്‍പ്പാദന മേഖലയില്‍ കൈക്കൊണ്ട നടപടികള്‍, അത്തരം കമ്പനികള്‍ക്ക് വളരെയധികം അവസരങ്ങള്‍ക്കുള്ള സൗകര്യമൊരുക്കും. ഇന്നത്തെ യോഗത്തിലും, അത്തരം ചില അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു.

സുഹൃത്തുക്കളെ,

പുതിയ മാനങ്ങള്‍ നല്‍കികൊണ്ട് ഞങ്ങളുടെ സഹകരണത്തിന്റെ വ്യാപ്തി വിപുലീകരിക്കുന്നത് തുടരുമെന്ന് ഇന്ന് ഞങ്ങള്‍ ഒരു തീരുമാനമെടുത്തിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ ഞങ്ങള്‍ ഒരു പുതിയ പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിന്, കാര്‍ഷിക സംബന്ധമായ സാങ്കേതികവിദ്യയില്‍ സഹകരിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് കീഴില്‍, ഭക്ഷ്യ സുരക്ഷ, ശീതീകരണ ശൃംഖല, ഭക്ഷ്യ സംസ്‌കരണം, വളങ്ങള്‍,ഫിഷറീസ്, മത്സ്യകൃഷി തുടങ്ങിയ നിരവധി മേഖലകളിലെ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ജലവിഭവ പരിപാലനം, ' മാലിന്യത്തില്‍ നിന്ന് മികച്ചതിലേക്ക് (വേസ്റ്റ് ടു ബെസ്റ്റ്) കാര്യക്ഷമമായ വിതരണശൃംഖല എന്നീ മേഖലകളിലും ഞങ്ങള്‍ സഹകരിക്കും.

സുഹൃത്തുക്കളെ,

ഇന്ന്, പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളില്‍ ആഴത്തിലുള്ളതും ഉപയോഗപ്രദവുമായ ചര്‍ച്ചകള്‍ ഞങ്ങള്‍ നടത്തി. വിവിധ അന്താരാഷ്ട്ര വേദികളില്‍ ഡെന്‍മാര്‍ക്കില്‍ നിന്ന് നമുക്ക് ലഭിച്ച ശക്തമായ പിന്തുണയ്ക്ക് ഡെന്‍മാര്‍ക്കിനോട് ഞാന്‍ പ്രത്യേകം നന്ദി പ്രകടിപ്പിക്കുന്നു. ജനാധിപത്യമൂല്യമുള്ളതും നിയമാധിഷ്ഠിതക്രമത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന നമ്മുടെ ഇരു രാജ്യങ്ങളും ഭാവിയിലും, സമാനമായ ശക്തമായ സഹകരണത്തോടെയും ഏകോപനത്തോടെയും തുടര്‍ന്നും പ്രവര്‍ത്തിക്കും.

ബഹുമാന്യരെ,

അടുത്ത ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരത്തിനും ഡെന്‍മാര്‍ക്ക് സന്ദര്‍ശിക്കാന്‍ എന്നെ ക്ഷണിച്ചതിനും ഞാന്‍ എന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇന്നത്തെ വളരെ ഉപകാരപ്രദമായ ചര്‍ച്ചയ്ക്കും നമ്മുടെ ഉഭയകക്ഷി സഹകരണത്തില്‍ ഒരു പുതിയ അദ്ധ്യായം കൂട്ടിചേര്‍ക്കുന്നതിനുള്ള എല്ലാ തീരുമാനങ്ങള്‍ക്കുമുള്ള നിങ്ങളുടെ സകാരാത്മകമായ ചിന്തകള്‍ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

വളരെയധികം നന്ദി 

*****



(Release ID: 1762443) Visitor Counter : 173