പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു


റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്മെന്റിനായി പുതുതായി നിര്‍മ്മിച്ച ക്യാമ്പസ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു


കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഹരിത ക്യാമ്പസ് അവാര്‍ഡും പ്രധാനമന്ത്രി വിതരണം ചെയ്തു


''കര്‍ഷകര്‍ക്കും കൃഷിക്കും ഒരു സുരക്ഷാവല ലഭിക്കുമ്പോഴെല്ലാം അവരുടെ വളര്‍ച്ച വേഗത്തിലാകും''


''ശാസ്ത്രവും ഗവണ്‍മെന്റും സമൂഹവും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴെല്ലാം മികച്ച ഫലം ലഭിക്കുന്നു. കര്‍ഷകരുടെയും ശാസ്ത്രജ്ഞരുടെയും അത്തരമൊരു സഖ്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കും''


''കര്‍ഷകരെ വിള അധിഷ്ഠിത വരുമാനസംവിധാനത്തില്‍ നിന്നു പുറത്തെത്തിച്ച് മൂല്യവര്‍ദ്ധിത- ഇതര കൃഷിയവസരങ്ങളിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുന്നു''


''നമ്മുടെ പരമ്പരാഗത കാര്‍ഷിക രീതികള്‍ക്കൊപ്പം, ഭാവിയിലേക്കുള്ള മുന്നേറ്റവും സുപ്രധാനമാണ്''

Posted On: 28 SEP 2021 12:42PM by PIB Thiruvananthpuram

സവിശേഷ സ്വഭാവഗുണങ്ങളുള്ള 35 വിള ഇനങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. റായ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്‌ട്രെസ് മാനേജ്‌മെന്റിനായി പുതുതായി നിര്‍മ്മിച്ച ക്യാമ്പസും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഹരിത ക്യാമ്പസ് അവാര്‍ഡും പ്രധാനമന്ത്രി വിതരണം ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നൂതന രീതികള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരുമായും സംവദിച്ചു.

ജമ്മു കശ്മീരിലെ ഗന്ദര്‍ബാലിലെ ശ്രീമതി സൈതൂണ്‍ ബീഗവുമായി സംസാരിച്ച പ്രധാനമന്ത്രി, അവര്‍ എങ്ങനെ നൂതനമായ കാര്‍ഷിക രീതികള്‍ പഠിച്ചുവെന്നതിനെക്കുറിച്ചും മറ്റ് കര്‍ഷകരെ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചും താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി അവര്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും ആരാഞ്ഞു. കായികരംഗത്തും ജമ്മു കശ്മീരിലെ പെണ്‍കുട്ടികള്‍ തിളങ്ങുന്നുണ്ടെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. കുറച്ചുഭൂമി മാത്രമുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കാണ് ഗവണ്‍മെന്റിന്റെ മുന്‍ഗണനയെന്നും അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നേരിട്ട് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ കര്‍ഷകനും വിത്തുല്‍പാദകനുമായ ശ്രീ കുല്‍വന്ത് സിംഗുമായി സംവദിച്ച പ്രധാനമന്ത്രി, എങ്ങനെയാണ് വൈവിധ്യമാര്‍ന്ന വിത്തുകള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞതെന്ന് ആരാഞ്ഞു. പുസയിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുമായുള്ള ആശയവിനിമയത്തില്‍ നിന്ന് എങ്ങനെ പ്രയോജനം ലഭിക്കുന്നുവെന്നും അത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിന് കര്‍ഷകരിലുള്ള താല്‍പര്യം എന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു. വിളകള്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധന പ്രക്രിയയിലേക്കു പോയതിന് കര്‍ഷകനെ പ്രധാനമന്ത്രി പ്രശംസിച്ചു. കമ്പോളം പ്രാപ്യമാക്കല്‍, നല്ല നിലവാരമുള്ള വിത്തുകള്‍, മണ്ണു സംരക്ഷണ കാര്‍ഡുകള്‍ തുടങ്ങി നിരവധി സംരംഭങ്ങളിലൂടെ കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കാന്‍ ഗവണ്‍മെന്റ് ശ്രമം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എങ്ങനെയാണ് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതെന്നും  കന്നുകാലികളെ വളര്‍ത്തുന്നതെന്നും ഗോവയിലെ ബര്‍ദേസില്‍ നിന്നുള്ള ശ്രീമതി ദര്‍ശന പെഡേങ്കറിനോട് പ്രധാനമന്ത്രി ചോദിച്ചു. നാളികേരത്തെ മൂല്യവര്‍ധിത ഉല്‍പ്പന്നമാക്കി മാറ്റിയതിനെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു. ഒരു കര്‍ഷകസ്ത്രീ സംരംഭകയായി മാറിയതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

മണിപ്പൂരില്‍ നിന്നുള്ള ശ്രീ തോയ്ബ സിംഗുമായി സംവദിച്ച പ്രധാനമന്ത്രി, സായുധ സേനയിലെ ജീവിതത്തിനുശേഷം കൃഷി ഏറ്റെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിച്ചു. കൃഷി, മത്സ്യബന്ധനം, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയാകര്‍ഷിച്ചു. ജയ് ജവാന്‍-ജയ് കിസാന്‍ എന്നതിന്റെ ഉദാഹരണമായി പ്രധാനമന്ത്രി അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി.

ഉത്തരാഖണ്ഡിലെ ഉദ്ധം സിംഗ് നഗറിലെ ശ്രീ സുരേഷ് റാണയോട് ചോളക്കൃഷി എങ്ങനെയാണ് ആരംഭിച്ചത് എന്ന് പ്രധാനമന്ത്രി ആരാഞ്ഞു. കാര്‍ഷികോല്‍പ്പാദന സംഘടനകളെ കാര്യക്ഷമമായി ഉപയോഗിച്ചതിന് ഉത്തരാഖണ്ഡിലെ കര്‍ഷകരെ അഭിനന്ദിച്ച പ്രധാനമന്ത്രി കര്‍ഷകര്‍ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ അവര്‍ക്ക് വളരെയധികം പ്രയോജനം ലഭിക്കുമെന്നു വ്യക്തമാക്കി. എല്ലാ വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

കഴിഞ്ഞ ആറേഴു വര്‍ഷമായി, കൃഷിയുമായി ബന്ധപ്പെട്ട  വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് മുന്‍ഗണനാടിസ്ഥാനത്തില്‍ ശാസ്ത്ര-സാങ്കേതികവിദ്യകള്‍  ഉപയോഗിക്കുന്നുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ''പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന കൂടുതല്‍ പോഷകഗുണമുള്ള വിത്തുകളില്‍ ഞങ്ങള്‍ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്; പ്രത്യേകിച്ച് മാറുന്ന കാലാവസ്ഥയില്‍''- പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം വിവിധ സംസ്ഥാനങ്ങളില്‍ നടന്ന വ്യാപകമായ വെട്ടുകിളി ആക്രമണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. വളരെയേറെ പണിപ്പെട്ടാണ് ഇന്ത്യ ഈ ആക്രമണത്തെ നേരിട്ട്, വളരെയധികം നാശനഷ്ടങ്ങളുണ്ടാകുന്നതില്‍ നിന്നു കര്‍ഷകരെ സംരക്ഷിച്ചത്- അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും കൃഷിക്കും ഒരു സുരക്ഷാവല ലഭിക്കുമ്പോഴെല്ലാം അവരുടെ വളര്‍ച്ച വേഗത്തിലാകുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഭൂമിയുടെ സംരക്ഷണത്തിനായി 11 കോടി മണ്ണ് സംരക്ഷണ കാര്‍ഡുകള്‍ നല്‍കിയതായി അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്റ് തുടക്കം കുറിച്ച നിരവധി കാര്‍ഷികസൗഹൃദ നടപടികളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ജലസുരക്ഷയ്ക്കായി നൂറുകണക്കിന് ജലസേചന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ക്യാമ്പയിനുകള്‍, രോഗങ്ങളില്‍ നിന്നു വിളകളെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്കു പുതിയ ഇനം വിത്തുകള്‍ നല്‍കല്‍ തുടങ്ങിയവയെക്കുറിച്ചൊക്കെ പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടുതല്‍ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് കുറഞ്ഞ താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സംഭരണപ്രക്രിയയും മെച്ചപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റാബി കാലയളവില്‍ 430 ലക്ഷത്തിലധികം മെട്രിക് ടണ്‍ ഗോതമ്പ് സംഭരിക്കുകയും കര്‍ഷകര്‍ക്ക് 85 ആയിരം കോടി രൂപയിലധികം നല്‍കുകയും ചെയ്തു. മഹാമാരിക്കാലത്ത് ഗോതമ്പ് സംഭരണ കേന്ദ്രങ്ങളുടെ എണ്ണം മൂന്നുമടങ്ങിലധികം വര്‍ദ്ധിപ്പിച്ചു.

കര്‍ഷകരെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചുകൊണ്ട്, അവര്‍ക്ക് ബാങ്കുകളില്‍ നിന്ന് സഹായം ലഭിക്കുന്നത് സുഗമമാക്കി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് കര്‍ഷകര്‍ക്ക് കാലാവസ്ഥാ വിവരങ്ങള്‍ മികച്ച രീതിയില്‍ ലഭിക്കുന്നുണ്ട്. അടുത്തിടെ, 2 കോടിയിലധികം കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കി.

കാലാവസ്ഥാ വ്യതിയാനം, പുതിയ തരം കീടങ്ങള്‍, പുതിയ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ ഉയര്‍ന്നുവരുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഇത് മനുഷ്യരുടെ ആരോഗ്യത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നു. കന്നുകാലികളെയും വിളകളെയും ഇതു ബാധിക്കുന്നു. അതുകൊണ്ട് ഈ കാര്യങ്ങളില്‍ ഗാഢവും തുടര്‍ച്ചയായതുമായ ഗവേഷണം അനിവാര്യമാണ്.  ശാസ്ത്രവും ഗവണ്‍മെന്റും സമൂഹവും ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോഴെല്ലാം മികച്ച ഫലം ലഭിക്കുന്നുവെന്നു പറഞ്ഞ പ്രധാനമന്ത്രി, കര്‍ഷകരുടെയും ശാസ്ത്രജ്ഞരുടെയും അത്തരമൊരു സഖ്യം പുതിയ വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുമെന്നും അഭിപ്രായപ്പെട്ടു.

കര്‍ഷകരെ വിള അധിഷ്ഠിത വരുമാന സംവിധാനത്തില്‍ നിന്നു പുറത്തെത്തിച്ച് മൂല്യവര്‍ദ്ധിത- ഇതര കൃഷിയവസരങ്ങളിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ തുടരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര-ഗവേഷണ സഹായത്തോടെ ചോളവും മറ്റ് ധാന്യങ്ങളും കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക ആവശ്യങ്ങള്‍ക്കനുസൃതമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവ നട്ടുവളര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വര്‍ഷം ചോളം വര്‍ഷമായി യുഎന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍, ലഭ്യമായ അവസരങ്ങള്‍ ഉപയോഗിക്കാന്‍ തയ്യാറാകണമെന്ന് ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു.

നമ്മുടെ പരമ്പരാഗത കാര്‍ഷിക രീതികള്‍ക്കൊപ്പം, ഭാവിയിലേക്കുള്ള മുന്നേറ്റവും സുപ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയും പുത്തന്‍ കാര്‍ഷികോപകരണങ്ങളും ഭാവികാല കൃഷിയുടെ കാതലാണെന്ന് അദ്ദേഹം പറഞ്ഞു. ''ആധുനിക കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഇന്ന് അതിന്റെ ഫലങ്ങള്‍ കാണിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

****



(Release ID: 1758891) Visitor Counter : 348