വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പൊതുജന പങ്കാളിത്തത്തോടെ "ആസാദി കാ അമൃത്  മഹോത്സവ്  " ആഘോഷങ്ങൾ

Posted On: 13 AUG 2021 3:00PM by PIB Thiruvananthpuram



ന്യൂഡൽഹി, ആഗസ്റ്റ് 13, 2021

രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 75 വർഷം പൂർത്തിയാകുന്ന വേളയിൽ സംഘടിപ്പിക്കുന്ന "ആസാദി കാ അമൃത് മഹോത്സവ്" ആഘോഷപരിപാടികളിൽ, പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതും പരിപാടി സംബന്ധിച്ച അവബോധം വളർത്തുന്നതും ലക്ഷ്യമിട്ട് നൂതനമായ നിരവധി പരിപാടികളാണ്
വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.

"പൊതുജനപങ്കാളിത്തം, പൊതുജനമുന്നേറ്റം" (“Janbhagidari and Jan Andolan”) എന്ന ആശയം ഉൾക്കൊണ്ടുകൊണ്ടാണ് ഇവയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഒരു നവ ഭാരതത്തിനു രൂപം നൽകാനുള്ള യാത്രയിൽ, ദേശസ്നേഹം, ത്യാഗം എന്നിവയുടെ സത്തയെ സ്മരിക്കുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് വിവിധ സംവിധാനങ്ങൾ, മാധ്യമങ്ങൾ എന്നിവ വഴിയായി നിരവധി പരിപാടികളാണ് മാധ്യമ യൂണിറ്റുകൾ
രാജ്യത്തുടനീളം ഒരുക്കിയിട്ടുള്ളത്. 

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോയവർ അടക്കമുള്ള സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകൾ സ്മരിക്കുന്നതിൽ പരിപാടിയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്.
"സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആകാശവാണിക്കൊപ്പം" എന്ന പേരിൽ നൂതനമായ ഒരു പരിപാടിക്ക് ആകാശവാണി ആരംഭം കുറിക്കും. 2021 ഓഗസ്റ്റ് 16 മുതൽ ആകാശവാണിയുടെ ദേശീയ-പ്രാദേശിക ചാനലുകളിൽ ഇത് ലഭ്യമാകും. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളുടെ ജീവിതം അടിസ്ഥാനമാക്കി എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിയിൽ, ആ ദിവസത്തെ പ്രധാന ചരിത്ര രാഷ്ട്രീയ സംഭവങ്ങളും ഉൾപ്പെടുത്തും. പരിപാടി ഹിന്ദിയിൽ രാവിലെ 8:20-നും ഇംഗ്ലീഷിൽ 8:50-നും പ്രക്ഷേപണം ചെയ്യുന്നതാണ്. പൊതുജനപങ്കാളിത്തം എന്ന ആശയത്തിന്റെ സത്ത ഉൾക്കൊണ്ടുകൊണ്ട്, അമൃത് മഹോത്സവം പ്രമേയമാക്കിയ ദേശീയ പ്രാദേശിക പ്രശ്നോത്തരി പരിപാടികളും ആകാശവാണി സംഘടിപ്പിക്കും. 2021 ഓഗസ്റ്റ് 16 മുതൽ പ്രശ്നോത്തരി പ്രക്ഷേപണം ചെയ്യുന്നതാണ്. രാവിലെ 8 മുതൽ 8:30 വരെ ഹിന്ദിയിലും, 8:30 മുതൽ 9 വരെ ഇംഗ്ലീഷിലും പരിപാടി ലഭ്യമാകും.

ഓരോ ദിവസത്തെയും പ്രധാന ചരിത്ര-രാഷ്ട്രീയ സംഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള, 5 മിനിറ്റ് ദൈർഘ്യം ഉള്ള ചെറു പരിപാടി ഓഗസ്റ്റ് 16 മുതൽ ദൂരദർശൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്നതാണ്. ഡി ഡി ന്യൂസ് രാവിലെ 8:55-നും, ഡി ഡി ഇന്ത്യ രാവിലെ 8:30-നും ഈ പരിപാടി സംപ്രേഷണം ചെയ്യും. ദേശസ്നേഹം, ത്യാഗം എന്നിവയുടെ സത്ത ഉൾക്കൊള്ളുന്ന നിരവധി ചലച്ചിത്രങ്ങളും ദൂരദർശൻ തയ്യാറാക്കിയിട്ടുണ്ട്. സ്റ്റാർട്ട്‌ അപ്പുകൾ, പ്രതിരോധ-ബഹിരാകാശ മേഖലകൾ, പ്രധാന നിയമനിർമ്മാണങ്ങൾ എന്നിവ പ്രമേയമാക്കിയുള്ള പ്രത്യേക പരമ്പരകളും സംപ്രേക്ഷണം ചെയ്തു തുടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഒരു ദിവസം മുഴുവൻ നീളുന്ന പ്രത്യേക സംപ്രേക്ഷണം ദൂരദർശൻ നടത്തുന്നതാണ്. ചെങ്കോട്ടയിൽ നിന്നുള്ള തൽസമയ സംപ്രേക്ഷണം, പ്രത്യേക പരിപാടികൾ എന്നിവ സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിന്റെ ഭാഗമായി ദൂരദർശൻ സംപ്രേക്ഷണം ചെയ്യും
 
2021 ഓഗസ്റ്റ് 15 മുതൽ 17 വരെ തങ്ങളുടെ OTT പ്ലാറ്റ്ഫോമായ www.cinemasofindia.com വഴി NFDC പ്രസിദ്ധ ചലച്ചിത്രങ്ങൾ ആയ ഗാന്ധി, മേക്കിങ് ഓഫ് മഹാത്മ എന്നിവ പ്രദർശിപ്പിക്കും.

 
സ്വാതന്ത്ര്യ സമരസേനാനികൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവ പ്രമേയമാക്കിയുള്ള ചലച്ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ട് മൂന്നു ദിവസം നീളുന്ന ഒരു ചലച്ചിത്രമേള ആഘോഷപരിപാടികളുടെ ഭാഗമായി ഫിലിം ഡിവിഷൻ സജ്ജമാക്കും. കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നത് ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തുടനീളമുള്ള വിവിധ സ്ഥാപനങ്ങളെ കോർത്തിണക്കിയാവും ചലച്ചിത്രമേളകൾ സംഘടിപ്പിക്കുക.
 
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വിവിധ വശങ്ങൾ ആസ്പദം ആക്കിയുള്ള ദൃശ്യശ്രാവ്യ പരിപാടികളുമായി മന്ത്രാലയത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നതാണ്. രാജ്യത്തെ യുവാക്കൾ, കുട്ടികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട്, വിവിധ പ്രമേയങ്ങൾ അടിസ്ഥാനമാക്കിയ വീഡിയോകൾ ഇന്റർനെറ്റ് ഉപഭോക്താക്കളിൽ നിന്നും ക്ഷണിക്കുന്നതാണ്. ഇവ മന്ത്രാലയത്തിന്റെ സമൂഹമാധ്യമ  പ്ലാറ്റ്ഫോമുകൾ വഴി പ്രസിദ്ധപ്പെടുത്തും
 
RRTN/SKY
 
*****


(Release ID: 1745525) Visitor Counter : 310