പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ഗുജറാത്തില്‍ ഒന്നിലധികം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു രാഷ്ട്രത്തിനു സമര്‍പ്പിച്ചു


വെറും കോണ്‍ക്രീറ്റു കെട്ടിടങ്ങളില്ല, ഈടുറ്റ അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ന് നമ്മുടെ ലക്ഷ്യം: പ്രധാനമന്ത്രി

ഇരുപതാം നൂറ്റാണ്ടിലെ രീതികളിലൂടെ ഇന്ത്യയുടെ 21-ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ നിറവേറ്റാനാവില്ല: പ്രധാനമന്ത്രി

ശാസ്ത്ര നഗരത്തിലുള്ളത് കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന വിനോദ പ്രവര്‍ത്തനങ്ങള്‍ : പ്രധാനമന്ത്രി

റെയില്‍വേയെ ഒരു സേവനമായി മാത്രമല്ല, ഒരു സ്വത്തായും നാം വികസിപ്പിച്ചെടുത്തു: പ്രധാനമന്ത്രി

ടൂ ടയര്‍, ടയര്‍ 3 നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പോലും നൂതന സൗകര്യങ്ങള്‍ ഏർപ്പെടുത്തി : പ്രധാനമന്ത്രി

Posted On: 16 JUL 2021 5:45PM by PIB Thiruvananthpuram

ഗുജറാത്തില്‍ റെയില്‍വേയുടെ നിരവധി പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അക്വാട്ടിക്‌സ് ആന്‍ഡ് റോബോട്ടിക് ഗാലറി, ഗുജറാത്ത് സയന്‍സ് സിറ്റിയിലെ നേച്ചര്‍ പാര്‍ക്ക് എന്നിവയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ ട്രെയിനുകളും ഫ്‌ളാഗോഫ് ചെയ്തു, ഗാന്ധിനഗര്‍ ക്യാപിറ്റല്‍ - വാരണാസി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ഗാന്ധിനഗര്‍ ക്യാപിറ്റലിനും വരേതയ്ക്കും ഇടയിലുള്ള മെമു സര്‍വീസ് ട്രെയിനുകള്‍ എന്നിവയാണ് ഓടിത്തുടങ്ങിയത്.

വെറും കോണ്‍ക്രീറ്റു കെട്ടിടങ്ങള്‍ നിര്‍മിക്കുകയല്ല, ഈടുറ്റ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് രാജ്യത്തിന്റെ ലക്ഷ്യമെന്ന് സമ്മേളനത്തില്‍ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ പഠനത്തിനും സര്‍ഗ്ഗാത്മകതയ്ക്കും അവരുടെ സ്വാഭാവിക വികസനത്തിനായി വിനോദത്തിനൊപ്പം ഇടം ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  പുനര്‍നിര്‍മ്മാണവും പുനര്‍ സര്‍ഗ്ഗാത്മകതയും സമന്വയിപ്പിക്കുന്ന പദ്ധതിയാണ് സയന്‍സ് സിറ്റി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  കുട്ടികളിലെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്ന അത്തരം വിനോദിപ്പിക്കുന്ന  പ്രവര്‍ത്തനങ്ങള്‍ ഇതിലുണ്ട്.

സയന്‍സ് സിറ്റിയില്‍ നിര്‍മ്മിച്ച അക്വാട്ടിക്‌സ് ഗാലറി കൂടുതല്‍ ആസ്വാദ്യകരമാകുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ മാത്രമല്ല ഏഷ്യയിലെത്തന്നെ മികച്ച അക്വേറിയങ്ങളില്‍ ഒന്നാണിത്.  ലോകമെമ്പാടുമുള്ള സമുദ്ര ജൈവ വൈവിധ്യത്തെ ഒരിടത്ത് കാണുന്നത് ഒരു അത്ഭുതകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു.

റോബോട്ടിക് ഗാലറിയിലെ റോബോട്ടുകളുമായുള്ള ആശയവിനിമയം ആകര്‍ഷണ കേന്ദ്രം മാത്രമല്ല, റോബോട്ടിക് രംഗത്ത് പ്രവര്‍ത്തിക്കാന്‍ നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കുമെന്നും അവരുടെ മനസ്സില്‍ ജിജ്ഞാസ വളര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിലെ രീതികള്‍ കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അതിനാല്‍ റെയില്‍വേയില്‍ പുതിയ പരിഷ്‌കരണം ആവശ്യമായിരുന്നു. റെയില്‍വേയെ ഒരു സേവനമായി മാത്രമല്ല, ഒരു സ്വത്തായി വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഫലങ്ങള്‍ ഇന്ന് കാണാനാകും.  ഇന്ന് രാജ്യത്തുടനീളമുള്ള പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുകയാണ് ടയര്‍ 2, ടയര്‍ 3  നഗരങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പോലും ഇപ്പോള്‍ വൈ-ഫൈ സൗകര്യങ്ങളുണ്ട്.  ജനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി ബ്രോഡ് ഗേജിലെ ആളില്ലാ റെയില്‍വേ ക്രോസിംഗുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി.

ഇന്ത്യ പോലുള്ള വിശാലമായ രാജ്യത്ത് റെയില്‍വേ വഹിക്കുന്ന നിര്‍ണായക പങ്ക് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. വികസനത്തിന്റെ പുതിയ മാനങ്ങള്‍, സൗകര്യങ്ങളുടെ പുതിയ മാനങ്ങള്‍ കൂടിയാണു റെയില്‍വേ കൊണ്ടുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടത്തിയ പരിശ്രമത്തെത്തുടര്‍ന്ന് ഇന്നിപ്പോള്‍ ട്രെയിനുകള്‍ ആദ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ എത്തുന്നു. ഇന്ന് വട് നഗറും ഈ വിപുലീകരണത്തിന്റെ ഭാഗമായി  വട് നഗർ   സ്റ്റേഷനില്‍ തനിക്ക് ധാരാളം ഓര്‍മ്മകളുണ്ട്. പുതിയ സ്റ്റേഷന്‍ ശരിക്കും ആകര്‍ഷകമായി തോന്നുന്നു. ഈ പുതിയ ബ്രോഡ് ഗേജ് ലൈനിന്റെ നിര്‍മ്മാണത്തോടെ, വഡ്‌നഗര്‍-മോദെര-പതാന്‍ പൈതൃക ശൃംഖല ഇപ്പോള്‍ മികച്ച റെയില്‍ സേവനവുമായി ബന്ധിപ്പിച്ചിരിക്കുന്നു: പ്രധാനമന്ത്രി പറഞ്ഞു.
ഒരേസമയം രണ്ട് പാളങ്ങളില്‍ സഞ്ചരിച്ചാല്‍ മാത്രമേ പുതിയ ഇന്ത്യയുടെ വികസനത്തിന്റെ വാഹനം മുന്നോട്ട് പോകുകയുള്ളൂവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു പാളം ആധുനികതയാണ്, മറ്റൊന്ന് പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും മധ്യവര്‍ഗത്തിന്റെയും ക്ഷേമത്തിനാണ്: പ്രധാനമന്ത്രി പറഞ്ഞു.

 

***



(Release ID: 1736278) Visitor Counter : 225