പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുമായി നടത്തിയ സംവാദത്തെക്കുറിച്ച് ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

Posted On: 08 JUL 2021 3:46PM by PIB Thiruvananthpuram

കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലെ നൂറിലധികം ഡയറക്ടര്‍മാരുമായുള്ള ആശയവിനിമയത്തിന് ശേഷം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുമായുള്ള സംവാദത്തിന്റെ വിശദാംശങ്ങള്‍ പങ്കുവച്ചു. ഐഐഎസ്സി ബംഗളൂരു, ഐഐടി മുംബൈ, ഐഐടി ചെന്നൈ, ഐഐടി കാണ്‍പൂര്‍ എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

തുടര്‍ച്ചയായ ട്വീറ്റുകളില്‍ പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: 

പ്രമുഖ ഐഐടികളുടെയും ബംഗളുരു ഐഐഎസ്‌സിയുടെയും ഡയറക്ടര്‍മാരുമായി ഫലപ്രദമായ ആശയവിനിമയം നടത്തി. ഇന്ത്യയെ ഗവേഷണ-വികസന കേന്ദ്രമാക്കി മാറ്റല്‍, നവീകരണം, യുവജനങ്ങളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തല്‍ എന്നിവയടക്കം നിരവധി വിഷയങ്ങളില്‍ ഞങ്ങള്‍ സംവദിച്ചു.


റോബോട്ടിക്‌സ്, ഗണിത-ശാസ്ത്ര അധ്യാപകരുടെ പരിശീലനം ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, കോവിഡ് -19 പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ തങ്ങളുടെ പ്രധാന ഗവേഷണ-വികസന സംരംഭങ്ങളെക്കുറിച്ച് ബംഗളൂരു ഐഐഎസ്സി സംഘം രസകരമായ അവതരണം നടത്തി. ആത്മനിര്‍ഭര്‍ ഭാരത് കാഴ്ചപ്പാടില്‍ ആരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ ഊന്നിപ്പറഞ്ഞു.


നൈട്രജന്‍ ജനറേറ്ററിനെ ഓക്‌സിജന്‍ ജനറേറ്ററാക്കി മാറ്റുന്നതിനുള്ള ഐഐടി ബോംബെയുടെ വിപുലമായ സാങ്കേതിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാന്‍സര്‍ ശമനത്തിനുള്ള സെല്‍ തെറാപ്പി, ലേസ് പ്രോഗ്രാം, മാസ്റ്റേഴ്‌സ് ഇന്‍ ഡിജിറ്റല്‍ ഹെല്‍ത്ത്, നിര്‍മിത ബുദ്ധി, ഡാറ്റാ സയന്‍സ് തുടങ്ങിയ നവീന അക്കാദമിക മേഖലകളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്.


കോവിഡ് പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായുള്ള മോഡുലാര്‍ ആശുപത്രി സ്ഥാപിക്കല്‍, ഹോട്ട്സ്‌പോട്ട് കണ്ടെത്തല്‍, വിവിധ തലങ്ങളിലുള്ള ഗവേഷണം, എന്നിവയെക്കുറിച്ച് ഐഐടി മദ്രാസ് സംഘം സംസാരിച്ചു. പ്രോഗ്രാമിംഗിലും ഡാറ്റ സയന്‍സിലുമുള്ള ഓണ്‍ലൈന്‍ ബിഎസ്സിയെക്കുറിച്ചും അവര്‍ പറഞ്ഞു. ഇന്ത്യയിലുടനീളം മികച്ച ഡിജിറ്റല്‍ സംവിധാനമൊരുക്കുന്നതിനും അവര്‍ പ്രവര്‍ത്തിക്കുന്നു.


ഐഐടി കാണ്‍പൂര്‍ ഭാവിയിലേക്കുള്ള ഗവേഷണത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യാ നവീകരണത്തിനും വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനും ഇലക്ട്രോണിക് ഇന്ധന സന്നിവേശിപ്പിക്കലിനുമുള്ള കേന്ദ്രമായി അതു മാറിയതില്‍ അഭിമാനിക്കുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്ന പിന്തുണ, വിദഗ്ധരുടെ അധികവൈദഗ്ധ്യം എന്നിവ ഇന്ത്യയുടെ യുവശക്തിക്ക് വളരെയധികം ഗുണം ചെയ്യും.

യോഗത്തിന്റെ വിശദാംശങ്ങള്‍ ഇവിടെ ലഭ്യമാണ്: https://pib.gov.in/PressReleseDetail.aspx?PRID=1733638

 

***


(Release ID: 1733778) Visitor Counter : 238