ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19  നിലവിലെസാഹചര്യം, എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി ക്യാബിനറ്റ് സെക്രട്ടറി വിലയിരുത്തി

•11 സംസ്ഥാനങ്ങൾ /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ   കോവിഡ് സാഹചര്യം ഗുരുതരമാണ്.
•മഹാരാഷ്ട്ര,പഞ്ചാബ്, ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ സാഹചര്യം ആശങ്കയുളവാക്കുന്നു
• പരിശോധനകളുടെ എണ്ണം വർധിപ്പിക്കുക, കർശനമായ നിയന്ത്രണം, സമ്പർക്ക പട്ടികയിലുള്ള വരെ യഥാസമയം  കണ്ടെത്തൽ , കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ പിന്തുടരൽ ഒപ്പം വാക്സിനേഷനും ആണ് കോവിഡ് വ്യാപന പ്രതിരോധത്തിനുള്ള 5 മാർഗ്ഗങ്ങൾ

Posted On: 02 APR 2021 6:26PM by PIB Thiruvananthpuram

 

 

 കോവിഡ്19 നിലവിലെ  സാഹചര്യം വിലയിരുത്തുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായി,പ്രത്യേകിച്ച്, കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും കോവിഡ് മൂലമുള്ള മരണസംഖ്യയിലും വർധന രേഖപ്പെടുത്തുന്ന 11 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് അധിക ശ്രദ്ധ നൽകിക്കൊണ്ട്, കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ശ്രീ രാജീവ് ഗൗബ ഇന്ന് ഉന്നതതല അവലോകന യോഗം ചേർന്നു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് ചേർന്ന യോഗത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ഡിജിപി മാർ, ആരോഗ്യ സെക്രട്ടറിമാർ,മുതിർന്ന ആരോഗ്യ വിദഗ്ധർ എന്നിവരോടൊപ്പം നീതിആയോഗ് ( ആരോഗ്യം )അംഗം, കേന്ദ്ര ആരോഗ്യ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കേന്ദ്ര വാർത്താ വിതരണ വകുപ്പ് സെക്രട്ടറി, ഐസിഎംആർ ഡയറക്ടർ ജനറൽ, എൻസിഡിസി ഡയറക്ടർ എന്നിവരും പങ്കെടുത്തു.

 കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് സാഹചര്യം മോശമാകുന്നതായി വ്യക്തമാക്കിയ ക്യാബിനറ്റ് സെക്രട്ടറി, രോഗത്തിന്റെ വളർച്ചനിരക്ക് 2020 ജൂണിലെ 5.5 ശതമാനം എന്ന മുൻ റെക്കോർഡ് മറികടന്നുകൊണ്ട്  2021 മാർച്ചിൽ 6.8 ശതമാനം ആയതായി ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ രാജ്യത്തെ  പ്രതിദിന കോവിഡ് മരണസംഖ്യ നിരക്ക് 5.5% ആയിട്ടുണ്ട്. മഹാമാരിയുടെ മൂർദ്ധന്യാവസ്ഥയിൽ 2020 സെപ്റ്റംബറിൽ രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 97,000 റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ, നിലവിൽ രാജ്യത്ത് 81,000 പ്രതിദിന കേസുകൾ എന്ന സങ്കീർണമായ  സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ട്.

 കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കോവിഡ് വളർച്ചനിരക്ക് വിശദവും സമഗ്രവുമായ റിപ്പോർട്ടിലൂടെ  വ്യക്തമാക്കി. അതേസമയം  ജനങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന്  ഫലപ്രദമായ ആശയവിനിമയ മാർഗങ്ങൾ കേന്ദ്ര  വാർത്ത വിതരണ പ്രക്ഷേപണ സെക്രട്ടറി അവതരിപ്പിച്ചു. വ്യതിയാനം വന്ന കൊറോണവൈറസിന്റെ ജീനോം സീക്വൻസിങ് പഠനങ്ങൾക്കായി ക്ലിനിക്കൽ വിവരങ്ങൾ പങ്കു വയ്ക്കുന്നതിന്  സംസ്ഥാനങ്ങൾ പ്രത്യേക പ്രോട്ടോകോൾ പിന്തുടരണമെന്ന് ഡോ. വി.കെ പോൾ ചൂണ്ടിക്കാട്ടി. പ്രതിദിന കോവിഡ്കേസുകളിൽ വർധന കാണിക്കുന്ന 11 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും, നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമായി  നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം എല്ലാ സംസ്ഥാനങ്ങളിലേയും  ചീഫ് സെക്രട്ടറിമാരോടും ഡിജിപി മാരോടും അഭ്യർത്ഥിച്ചു.

 പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും വർധനയുള്ള 11 സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും 'ഗുരുതരമായ ആശങ്കയുള്ള  സംസ്ഥാനങ്ങൾ' എന്ന് തരം തിരിച്ചിരിക്കുന്നു. ഈ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ 14 ദിവസമായി രാജ്യത്തെ കോവിഡ് കേസുകളുടെ 90 ശതമാനവും( മാർച്ച് 31 ലെ കണക്ക് പ്രകാരം ) മരണങ്ങളുടെ 90.5 ശതമാനവും( മാർച്ച് 31ലെ കണക്കുപ്രകാരം ) രേഖപ്പെടുത്തിയത്. കൂടാതെ ഈ സംസ്ഥാനങ്ങൾ,കഴിഞ്ഞ വർഷത്തെ ഏറ്റവും ഉയർന്ന കണക്കുകൾ മറികടക്കുകയോ അതിനു സമീപമെത്തുകയോ ചെയ്തിട്ടുണ്ട്.  പ്രത്യേകിച്ചും മഹാരാഷ്ട്രയിൽ സ്ഥിതി  ആശങ്കപ്പെടുത്തുന്നതാണ് എന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം കുറയ്ക്കുന്നതിനും മരണസംഖ്യ കുറയ്ക്കുന്നതിനും, നേരത്തെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ആയി പങ്കുവച്ച മാതൃക ക്ലിനിക്കൽ പ്രോട്ടോകോൾ അനുസരിച്ച് അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കാൻ മഹാരാഷ്ട്രയ്ക്ക് നിർദ്ദേശം നൽകി.

 സമീപകാലത്തുണ്ടായ കോവിഡ് കേസുകളിലെ വർധന  രണ്ടാം നിര, മൂന്നാം നിര നഗരങ്ങൾക്കൊപ്പം നഗര പ്രാന്തപ്രദേശങ്ങളിലും രേഖപ്പെടുത്തിയത് ആശങ്ക ഉളവാക്കുന്നതായി യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇവിടെ നിന്നും, ദുർബലമായ ആരോഗ്യ അടിസ്ഥാന സൗകര്യം ഉള്ള  ഗ്രാമീണ മേഖലയിലേക്ക് രോഗവ്യാപനമുണ്ടായാൽ പ്രാദേശിക ഭരണകൂടത്തിന് അത് വെല്ലുവിളി ഉയർത്തുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വീകരിച്ച നടപടികൾ വിശദവും സമഗ്രവുമായി അവലോകനം ചെയ്തശേഷം, കോവിഡ്പെ രുമാറ്റ ശീലങ്ങൾ കർശനമായി നടപ്പാക്കാനും വാക്സിനേഷൻ വർദ്ധിപ്പിക്കാനും നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും കഠിന പരിശ്രമം നടത്തേണ്ടതുണ്ടെന്ന്  കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ആവർത്തിച്ചു വ്യക്തമാക്കി.
 ഇതിനായി സംസ്ഥാനങ്ങൾക്ക് ചുവടെ പറയുന്ന നിർദേശങ്ങൾ നൽകി
• പരിശോധനകൾ തുടർച്ചയായി വർദ്ധിപ്പിച്ച്കൊണ്ട് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമോ അതിൽ താഴെയോ ആയി കുറയുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക .
• ആകെ പരിശോധനകളിൽ 70 ശതമാനവും ആർടി പിസിആർ പരിശോധനകളാണ് എന്ന് ഉറപ്പാക്കുക
• പരിശോധനാ കേന്ദ്രങ്ങളുമായി നിരന്തരം അവലോകനം നടത്തുകയും പരിശോധന ഫലത്തിനുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യുക
• ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലും പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന ഇടങ്ങളിലും റാപ്പിഡ് ആന്റിജൻ  പരിശോധനകൾ ആദ്യം നടത്തുക 
• ആന്റിജൻ പരിശോധനാഫലം നെഗറ്റീവ് ആയതും എന്നാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ വ്യക്തികളെ നിർബന്ധമായും ആർ ടി പി സി ആർ പരിശോധനയ്ക്ക് വിധേയമാക്കുക
• രോഗം സ്ഥിരീകരിച്ചവരെ ഫലപ്രദമായ മാറ്റിപ്പാർപ്പിക്കലിനായി   കോവിഡ് കെയർ സെന്റർകളിലേക്ക് മാറ്റുക. വീടുകളിൽ കഴിയുന്ന രോഗികളെ ദിനംപ്രതി നിരീക്ഷിക്കുക. ഇത്തരക്കാരെ ആവശ്യമെങ്കിൽ, അടിയന്തരമായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക
• രോഗബാധിതനായ ഓരോ വ്യക്തിയിയുമായും അടുത്തിടപഴകിയ 25 മുതൽ 30 പേരെ എങ്കിലും കണ്ടെത്തിയതായി ഉറപ്പാക്കുക. ഇവരെ 72 മണിക്കൂറിനുള്ളിൽ മാറ്റി പാർപ്പിക്കുക. സമ്പർക്ക പട്ടികയിലുള്ളവരുടെ  പരിശോധനകൾ നടത്തുക
• രോഗവ്യാപന ശൃംഖല തകർക്കുന്നതിന് തീവ്ര ബാധിത മേഖലകൾ/ സൂക്ഷ്മ തീവ്രബാധിത മേഖലകൾ എന്നിവ രൂപീകരിക്കുക.

 ആശുപത്രികളിൽ നിന്നും കോവിഡ് മരണനിരക്ക് പരിശോധിക്കാനും, ആശുപത്രികളിൽ ചികിത്സയ്ക്കായി  വൈകിയെത്തുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയ കേസുകൾ കണ്ടെത്തുന്നതിനും വാർഡ്/ ബ്ലോക്ക് അടിസ്ഥാന സൂചികകൾ പരിശോധിക്കുന്നതിനും 24 മണിക്കൂറും അടിയന്തര പ്രവർത്തന കേന്ദ്രങ്ങൾ തുറക്കുന്നതിനും പ്രാദേശിക അടിസ്ഥാനത്തിൽ ദുരിത കർമ്മ സംഘങ്ങൾ രൂപീകരിക്കുന്നതിനും യഥാസമയ വിവര കൈമാറ്റത്തിനും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ജില്ലാതല കർമപദ്ധതികൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു .

 പ്രതിദിന മരണസംഖ്യ കുറയ്ക്കുന്നതിന് പൊതു-സ്വകാര്യ ആരോഗ്യരക്ഷാ സ്രോതസ്സുകൾ ശക്തിപ്പെടുത്താൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. പ്രധാന നിർദ്ദേശങ്ങൾ :

• ഐസൊലേഷൻ കിടക്കകൾ, ഓക്സിജൻ കിടക്കകൾ, വെന്റിലേറ്ററുകൾ, ഐസിയു കിടക്കകൾ എന്നിവയുടെ എണ്ണം  ആവശ്യാനുസരണം  വർദ്ധിപ്പിക്കുക
• ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിന് പദ്ധതി  ആസൂത്രണം ചെയ്യുക
• ജില്ലാ ഭരണകൂടങ്ങളും ആയി നിരന്തരം സഹകരിച്ചുകൊണ്ട് ആംബുലൻസ് സേവനം വർദ്ധിപ്പിക്കുകയും,  ആംബുലൻസ് ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യുക
• കരാർ ജീവനക്കാരുടെ മതിയായ എണ്ണം ഉറപ്പുവരുത്തുകയും നൽകിയിരിക്കുന്ന  ചുമതലകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക
• ജില്ലകളിലെ ഐസിയു ഡോക്ടർമാർക്ക് സ്ഥിരമായി,ന്യൂ ഡൽഹിയിലെ എയിംസ്  കോർ ടീമുമായോ  സംസ്ഥാന കോർ ടീമുമായോ ടെലി കൺസൾട്ടേഷൻ ആസൂത്രണം ചെയ്യുക.
• കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ കർശനമായി നടപ്പാക്കുക. ഇതിനായി സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികൾ താഴെ ചേർക്കുന്നു 
• വീഴ്ച വരുത്തുന്നവർക്ക് പിഴ ചുമത്തുന്നതിന് പോലീസ് ആക്ട്/ ദുരന്തനിവാരണ നിയമം/ മറ്റ് നിയമ /ഭരണപരമായ വ്യവസ്ഥകൾ എന്നിവ ഉപയോഗിക്കുക
• മാസ്കിന്റെ ശരിയായ ഉപയോഗവും ശാരീരിക അകലം പാലിക്കുന്നതും സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിന് പ്രാദേശിക ഉദ്യോഗസ്ഥർ,രാഷ്ട്രീയ- സാംസ്കാരിക- കായിക- മതപരമായ സ്വാധീനമുള്ളവർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തുക
• രോഗത്തിന്റെ അതിതീവ്ര വ്യാപനത്തിന് സാധ്യതയുള്ള വ്യാപാര കേന്ദ്രങ്ങൾ, മേളകൾ, സാമൂഹിക- മത കൂട്ടായ്മകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
• വാക്സിനേഷനൊപ്പം തന്നെ പ്രാധാന്യമേറിയതാണ്  കോവിഡ് പ്രതിരോധ പെരുമാറ്റ ശീലങ്ങൾ എന്നും, വാക്സിൻ  സ്വീകരിച്ചതിനുശേഷവും അവ തുടരണമെന്നും ബോധവൽക്കരണം നൽകുക
• 'മരുന്നും ഒപ്പം ജാഗ്രതയും' എന്ന സന്ദേശം ഫലപ്രദമായി ദൃശ്യ- ശ്രവ്യ- പത്ര മാധ്യമങ്ങൾ വഴി നിരന്തരം പ്രചരിപ്പിക്കുക

 പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മുൻഗണനാ വിഭാഗത്തിൽ ഉള്ളവർക്ക് വാക്സിൻ പൂർണമായും നൽകുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും താഴെപ്പറയുന്ന നടപടികൾ സ്വീകരിക്കണം
• അർഹരായ ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, വിവിധ പ്രായ വിഭാഗങ്ങൾ എന്നിവർക്ക് നൂറു ശതമാനം പേർക്കും വാക്സിൻ   നൽകുന്നതിന് സമയബന്ധിതമായി പദ്ധതി  ആസൂത്രണം ചെയ്യുക
• ആവശ്യമായ വാക്സിൻ ഡോസുകൾ ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തുക. വാക്സിൻ ക്ഷാമം ഉണ്ടാകില്ലെന്ന് കേന്ദ്ര ഗവൺമെന്റ്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവർത്തിച്ച് ഉറപ്പുനൽകി.
• സംസ്ഥാനതലത്തിൽ ഓരോ കോൾഡ് ചെയിൻ പോയിന്റിൽ നിന്നുമുള്ള ഉപഭോഗത്തിന്റെ ദൈനംദിന അവലോകനം നടത്തി, പുനർ വിഹിതം ആവശ്യപ്പെടുക 

 അടുത്തിടെയുണ്ടായ  കോവിഡ് വ്യാപനത്തെ  പ്രതിരോധിക്കുന്നതിന് ലഭ്യമായ എല്ലാ സ്രോതസ്സുകളും ഉപയോഗിച്ച് ജില്ലാ ഭരണകൂടങ്ങളുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ചീഫ് സെക്രട്ടറിമാരോട്, ക്യാബിനറ്റ് സെക്രട്ടറി നിർദ്ദേശം നൽകി. 'സമ്പൂർണ്ണ ഗവൺമെന്റ്' സമീപനത്തിലൂടെ ആരോഗ്യവകുപ്പിന് പുറമേ എല്ലാ വകുപ്പുകളിലേക്കും ശ്രമങ്ങൾ വിപുലപ്പെടുത്തെണ്ടതിന്റെ ആവശ്യകത, ഇന്ന് യോഗത്തിൽ വീണ്ടും പറഞ്ഞു. കോവിഡ് 19ന്എ തിരായ പോരാട്ടത്തിൽ പൊതുജനാരോഗ്യ സുരക്ഷയ്ക്കും ചികിത്സയ്ക്കുമായി,  എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമായ എല്ലാ വിഭവങ്ങളും പിന്തുണയും കേന്ദ്ര ഗവൺമെന്റ് തുടർച്ചയായി നൽകുമെന്നും യോഗത്തിൽ വ്യക്തമാക്കി
 



(Release ID: 1709249) Visitor Counter : 227