പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംവിധാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും ഏകീകരണത്തിലൂടെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' വിശദീകരിച്ച് പ്രധാനമന്ത്രി

Posted On: 28 DEC 2020 1:25PM by PIB Thiruvananthpuram

ഡല്‍ഹി മെട്രോയുടെ ഡ്രൈവര്‍രഹിത മെട്രോ സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തതിനൊപ്പം ഡല്‍ഹി മെട്രോയിലെ എയര്‍പോര്‍ട്ട് എക്‌സ്പ്രസ് ലൈനിലേക്കുള്ള ദേശീയ കോമണ്‍ മൊബിലിറ്റി കാര്‍ഡ് വിപുലീകരണത്തിനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി തുടക്കമിട്ടു. കഴിഞ്ഞ വര്‍ഷം അഹമ്മദാബാദിലാണ് കാര്‍ഡിനു തുടക്കം കുറിച്ചത്.  ഉദ്ഘാടന വേളയില്‍ 'മിനിമം ഗവണ്‍മെന്റ്-മാക്‌സിമം ഗവേണന്‍സ്' എന്ന തന്റെ ആശയത്തെക്കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന വീക്ഷണത്തിനു കരുത്തുപകരുന്നതിനായുള്ള സംവിധാനങ്ങളുടെയും പ്രക്രിയകളുടെയും സംയോജനമാണിത്.

ആധുനികവല്‍ക്കരണത്തിന് സമാനമായ നിലവാരവും സൗകര്യങ്ങളും ഒരുക്കുന്നത് വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയ തലത്തിലുള്ള കോമണ്‍ മൊബിലിറ്റി കാര്‍ഡ് ഈ ദിശയിലെ സുപ്രധാന ഘട്ടമാണ്. ഈ കാര്‍ഡ് യാത്ര ചെയ്യുന്നിടത്തെല്ലാം, അത് ഏത് പൊതുഗതാഗതമാര്‍ഗ്ഗമാണെങ്കിലും, ഉപയോഗിക്കാനാകും.

കോമണ്‍ മൊബിലിറ്റി കാര്‍ഡ് ഉദാഹരണമാക്കി 'ജീവിത സൗകര്യങ്ങള്‍' മെച്ചപ്പെടുത്തുന്നതിനായി എല്ലാ സംവിധാനങ്ങളും പ്രക്രിയകളും ഏകീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അത്തരം സംവിധാനങ്ങളുടെ ഏകീകരണത്തിലൂടെ രാജ്യത്തിന്റെ കരുത്ത് കൂടുതല്‍ കാര്യക്ഷമവുമായ രീതിയില്‍ ഉപയോഗപ്പെടുത്താനാകും. ''ഒരു രാഷ്ട്രം, ഒരു മൊബിലിറ്റി കാര്‍ഡ് പോലെ, നമ്മുടെ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ സംവിധാനങ്ങളെ ഏകോപിപ്പിക്കുന്നതിന് നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്,'' പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യം, ഒരു ഫാസ്റ്റ്ടാഗ് രാജ്യമെമ്പാടുമുള്ള ദേശീയപാതകളില്‍ യാത്രാതടസ്സമൊഴിവാക്കി. ഇത് യാത്രക്കാരെ ഗതാഗതക്കുരുക്കിൽനിന്നും കാലതാമസങ്ങളില്‍ നിന്നും രക്ഷിച്ചു. ഒരു രാഷ്ട്രം ഒരു നികുതി, അതായത് ജിഎസ്ടി, നികുതി സമ്പ്രദായത്തിലെ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കുകയും പരോക്ഷ നികുതി സമ്പ്രദായത്തില്‍ ഏകീകൃത സ്വഭാവം കൈവരിക്കുകയും ചെയ്തു. ഒരു രാജ്യം, ഒരു പവര്‍ ഗ്രിഡ്, രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആവശ്യമുള്ളത്ര, തുടര്‍ച്ചയായ വൈദ്യുതി ലഭ്യത ഉറപ്പാക്കി വൈദ്യുതി നഷ്ടം കുറച്ചു.

പാചകവാതകാധിഷ്ഠിത ജീവിതവും സമ്പദ്വ്യവസ്ഥയും സ്വപ്‌നം മാത്രം കണ്ടിരുന്നയിടങ്ങളില്‍ ഒരു രാജ്യം, ഒരു ഗ്യാസ് ഗ്രിഡ്, ഉപയോഗിച്ച് തടസ്സമില്ലാത്ത ഗ്യാസ് കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. ഒരു രാഷ്ട്രം, ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അതായത് ആയുഷ്മാന്‍ ഭാരത്, വഴി ഇന്ത്യയില്‍ നിന്നുള്ള ദശലക്ഷക്കണക്കിനുപേര്‍ രാജ്യത്ത് എവിടെയും ചികിത്സ തേടുന്നു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്ന പൗരന്മാര്‍ക്ക് ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് വഴി പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം  ലഭിച്ചു. അതുപോലെ, ഇ-നാം പോലുള്ള പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങളുടെയും ക്രമീകരണങ്ങളുടെയും സഹായത്തോടെ രാജ്യം ഒരു രാഷ്ട്രം, ഒരു കാര്‍ഷിക വിപണി എന്ന ദിശയിലേക്ക് നീങ്ങുകയാണ് -പ്രധാനമന്ത്രി പറഞ്ഞു.

 

***


(Release ID: 1684116) Visitor Counter : 183