ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് ഊർജിതമാക്കി
Posted On:
25 DEC 2020 11:41AM by PIB Thiruvananthpuram
രാജ്യമെമ്പാടും കോവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവൺമെന്റ് ഊർജിതമാക്കി. വാക്സിനേഷൻ പ്രക്രിയയിൽ, വാക്സിൻ നൽകുന്നവർക്ക് പ്രധാനപങ്ക് ഉള്ളതിനാൽ ഇവർക്കുള്ള പരിശീലനവും ആരംഭിച്ചുകഴിഞ്ഞു.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഓഫീസർമാർ, വാക്സിൻ നൽകുന്നവർ, ശീതീകരണ ശൃംഖലയിൽ ഉള്ളവർ, ഡാറ്റാ മാനേജർമാർ, ആശാ കോഡിനേറ്റർമാർ എന്നിവർക്ക് ആവശ്യമായ വിശദമായ പരിശീലന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
വാക്സിനേഷൻ പരിപാടി നിർവഹണം, വാക്സിനേഷൻ നടപടികൾക്കായി Co-WIN IT പ്ലാറ്റ്ഫോമിന്റെ ഉപയോഗം, ആശയവിനിമയം, മേഖലകൾ തമ്മിലുള്ള ഏകോപനം, ബയോമെഡിക്കൽ മാലിന്യ നിർമാർജനം എന്നിവയിലെല്ലാം പരിശീലനം നൽകുന്നു.
പരിശീലകർക്കുള്ള പരിശീലനത്തിൽ ദേശീയതലത്തിൽ 2,360 പേർ പങ്കെടുത്തു. ഇന്ന് വരെ എല്ലാ സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏഴായിരത്തിലധികം പേർക്ക് ജില്ലാതല പരിശീലനം നൽകിക്കഴിഞ്ഞു. ലക്ഷദ്വീപിൽ ഡിസംബർ 29ന് ആയിരിക്കും പരിശീലനം. പ്രവർത്തന മാർഗ്ഗനിർദേശങ്ങളിൽ 681 ജില്ലകളിലായി (പരിശീലനം നേടിയവർ - 49,604) മെഡിക്കൽ ഓഫീസർമാർക്ക് പരിശീലനം നൽകി.
കോവിഡ് 19 വാക്സിനേഷൻ, Co-WIN പോർട്ടൽ എന്നിവ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കുന്നതിന് ദേശീയതലത്തിൽ 1075, സംസ്ഥാനതലത്തിൽ 104 ഹെൽപ്പ് ലൈൻ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിൽ ആസൂത്രണം ചെയ്ത നടപടികളുടെ പ്രവർത്തന സാധ്യത വിലയിരുത്തുന്നതിന് ട്രയൽ റൺ നടത്തും. ഓരോ സംസ്ഥാനവും രണ്ട് ജില്ലകളിലായി ഈ മാസം 28, 29 തീയതികളിൽ ആണ് ട്രയൽ സംഘടിപ്പിച്ചിരിക്കുന്നത്.
കോവിഡ്-19 വാക്സിനേഷനുമായി ബന്ധപ്പെട്ട ദേശീയ വിദഗ്ധ ഗ്രൂപ്പ് 3 വിഭാഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ആരോഗ്യപ്രവർത്തകർ (ഒരു കോടി) മുന്നണിപ്പോരാളികൾ (രണ്ടു കോടി) മുൻഗണന നൽകുന്ന പ്രായംകൂടിയവർ (27 കോടി).
അനുയോജ്യമായ കുറഞ്ഞ താപനിലയിൽ വാക്സിൻ സൂക്ഷിക്കുന്നതിന് രാജ്യത്തെ 28,947 ശീതികരണ ശൃംഖലകളിലെ 85,634 ഉപകരണ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും.
***
(Release ID: 1683619)
Visitor Counter : 283
Read this release in:
English
,
Urdu
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu