പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിൽ സുപ്രധാന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


കർഷക ക്ഷേമത്തിന് ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, കർഷകരുടെ ഉത്കണ്ഠകൾ പരിഹരിക്കുമെന്നും പ്രധാനമന്ത്രി

Posted On: 15 DEC 2020 3:22PM by PIB Thiruvananthpuram

 ഗുജറാത്തിൽ  നിരവധി വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിച്ചു. ഡീ സലൈനേഷൻ പ്ലാൻറ്, ഹൈബ്രിഡ് പുനരുപയോഗ  ഊർജ്ജ വിഭവ പാർക്ക്, പൂർണമായും യന്ത്രവൽകൃതമായ  പാൽ സംസ്കരണ, പാക്കിങ് പ്ലാന്റ് എന്നിവ ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികളിൽ ഉൾപ്പെടുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.

 ഓരോരുത്തരും മാറുന്ന കാലത്തിനനുസരിച്ച് മുന്നോട്ടു പോകണമെന്നും ആഗോള തലത്തിൽ മികച്ച മാതൃകകളെ, സ്വീകരിക്കണമെന്നും ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോൾ, വിദേശത്തേക്ക് പഴം കയറ്റുമതി ചെയ്യുന്ന കച്ചിലെ കർഷകരെ അദ്ദേഹം അഭിനന്ദിച്ചു.നമ്മുടെ കർഷകരുടെ നൂതനാശയ താൽപര്യമാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗവൺമെന്റിൽ നിന്നുള്ള അനാവശ്യ ഇടപെടൽ ഇല്ലാത്തതിനാൽ, ഗുജറാത്തിലെ കൃഷി, മത്സ്യബന്ധനം,പാൽ എന്നീ മേഖലകളിൽ, കഴിഞ്ഞ രണ്ട് ദശാബ്ദമായി പുരോഗതി കൈവരിക്കാനായതായി  പ്രധാനമന്ത്രി പറഞ്ഞു.
 കർഷകരെയും സഹകരണ സംഘങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് ഗുജറാത്ത് സ്വീകരിച്ചത്.

പുതിയ കാർഷിക പരിഷ്കാരങ്ങളെ പറ്റി, കൃഷിക്കാർ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങളായി പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും ആവശ്യപ്പെട്ടിട്ടുള്ളതാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്ന കാർഷിക പരിഷ്കരണ നയങ്ങൾ. കേന്ദ്ര ഗവൺമെന്റ് കർഷകരുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്നും കർഷകരുടെ ഉത്കണ്ഠകൾ പരിഹരിക്കുമെന്നും  പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.

 നവ സാങ്കേതികവിദ്യയിലൂടെയും  നവയുഗ സമ്പദ് വ്യവസ്ഥയിലൂടെയും കച്ച്  ഇന്ന് ബഹുദൂരം മുന്നോട്ട് കുതിച്ചിരിക്കുന്നു.

 ഇന്ന് ശിലാസ്ഥാപനം നിർവഹിച്ച,ഖരേരയിലെ  പുനരുപയോഗ ഊർജ്ജ വിഭവ പാർക്ക്, മണ്ഡവിയിലെ ഡീ സലൈനേഷൻ പ്ലാന്റ്, അഞ്ജറിലെ  സർഹദ് ദേഹരിയിലുള്ള പാൽ സംസ്കരണ യൂണിറ്റ് എന്നിവ കച്ചിലെ വികസന പാതയിൽ പുതിയ നാഴികകല്ലുകൾ ആകുമെന്നും  പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയുടെ നേട്ടങ്ങൾ പ്രദേശത്തെ ഗോത്രജനത, കർഷകർ, കന്നുകാലി കർഷകർ  സാധാരണ ജനങ്ങൾ എന്നിവർക്ക് ലഭിക്കും. രാജ്യത്തെ, വളരെ വേഗത്തിൽ വളരുന്ന പ്രദേശങ്ങളിലൊന്നാണ് കച്ച് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇവിടത്തെ കണക്റ്റിവിറ്റി ശൃംഖല ദിവസം തോറും മെച്ചപ്പെട്ടുവരികയാണ്.

 ഗുജറാത്തിലെ ജനങ്ങൾക്ക്,
 രാത്രി ഭക്ഷണസമയത്ത് വൈദ്യുതി ഉണ്ടാവണമെന്ന ലളിതമായ ആവശ്യമുണ്ടായിരുന്ന ഒരു കഴിഞ്ഞ കാലത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുജറാത്തിൽ കാര്യങ്ങൾ ഒരുപാട് മാറിയിട്ടുണ്ട്. ഇവിടുത്തെ യുവാക്കൾക്ക് ഗുജറാത്ത് നേരിട്ടിരുന്ന ആദ്യകാല  അസൗകര്യങ്ങളെപ്പറ്റി  ഇന്ന് അറിവ് പോലും ഉണ്ടാവില്ല. കച്ചിൽ ഒരു നെഗറ്റീവ് ജനസംഖ്യാ വളർച്ച നിരക്ക് ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ജനങ്ങൾ, പ്രദേശത്തിന് പുറത്തേക്ക് പോകുന്നത് ഒഴിവാക്കുകയും, കച്ചിലേക്ക്  മടങ്ങിയെത്തുകയും ചെയ്യുന്നതോടെ ജനസംഖ്യ വർദ്ധിക്കുന്നുണ്ട്.
 വൻ ഭൂകമ്പത്തിനു ശേഷം കച്ച്  പ്രദേശത്തുണ്ടായ നാല് മടങ്ങ് വികസനങ്ങളെക്കുറിച്ച് , പഠനം നടത്താൻ ഗവേഷകരോടും  സർവ്വകലാശാലകളോടും  അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ 20 വർഷമായി നിരവധി കർഷക സൗഹൃദ പദ്ധതികൾ ആവിഷ്കരിച്ച് വരുന്ന  ഗുജറാത്ത് ഗവൺമെന്റിനെ  അദ്ദേഹം അഭിനന്ദിച്ചു. സൗരോർജ്ജ ശേഷി ശാക്തീകരിക്കുന്നതിൽ ഗുജറാത്ത് മികച്ച മുന്നേറ്റം കാഴ്ച വച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഊർജ്ജ സുരക്ഷയും ജല സുരക്ഷയും വളരെ പ്രധാനപ്പെട്ടതാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.  ഇപ്പോൾ നർമദാ നദിയിലെ ജലം കച്ച്  പ്രദേശത്ത് എത്തുകയും  ഇവിടം പുരോഗതി പ്രാപിക്കുകയുമാണെന്നും  പ്രധാനമന്ത്രി പറഞ്ഞു.

 

***



(Release ID: 1680835) Visitor Counter : 113