പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗ്ര മെട്രോ പദ്ധതി നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
07 DEC 2020 2:12PM by PIB Thiruvananthpuram
നമസ്‌കാരം,
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍ ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകനായ ശ്രീ. ഹര്‍ദീപ് സിങ് പുരി ജി, ഉത്തര്‍പ്രദേശിലെ ജനപ്രിയനായ മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് ജി, യു.പി. മന്ത്രി ചൗധരി ഉദയഭന്‍ സിങ് ജി, ഡോ. ജി.എസ്.ധര്‍മേഷ് ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകരായ പ്രഫ. എസ്.പി.സിങ് ബാഖല്‍ ജി, ശ്രീ. രാജ്കുമാര്‍ ഛഹര്‍ ജി, ശ്രീ. ഹരിദ്വാര്‍ ദുബെ ജി എന്നിവരേ, മറ്റു പ്രതിനിധികളെ, ആഗ്രയിലെ സഹോദരീ സഹോദരന്‍മാരേ, മെട്രോ പദ്ധതി നിര്‍മാണ ഉദ്ഘാടന വേളയില്‍ നിങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍. എന്നും പൗരാണികത നിലനിര്‍ത്തുന്ന ഇടമാണ് എല്ലായ്‌പ്പോഴും ആഗ്ര. ഇപ്പോള്‍ അതിനോട് ആധുനികത കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്. നൂറുകണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുള്ള നഗരം 21ാം നൂറ്റാണ്ടില്‍ മുന്നോട്ടു കുതിക്കാന്‍ തയ്യാറെടുക്കുകയാണ്.
സഹോദരീ സഹോദരന്‍മാരേ,
ആഗ്രയില്‍ ആയിരം കോടി രൂപയുടെ നൂതന സൗകര്യ വികസനം നടന്നുവരികയാണ്. കഴിഞ്ഞ വര്‍ഷം കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിനു തറക്കല്ലിടാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതു തയ്യാറായിക്കഴിഞ്ഞു. കൊറോണക്കാലത്ത് ഈ കേന്ദ്രം വളരെ ഉപയോഗപ്രദമായിരുന്നു എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. 8000 കോടി രൂപയിലേറെ മുടക്കിയുള്ള മെട്രോ പദ്ധതി ആഗ്രയില്‍ സ്മാര്‍ട്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ദൗത്യത്തിന് ഉത്തേജനം പകരും.
സുഹൃത്തുക്കളേ,
യു.പിയില്‍ ഉള്‍പ്പെടെ രാജ്യത്താകമാനം കഴിഞ്ഞ ആറു വര്‍ഷത്തിനിടെ മെട്രോ ശൃംഖല ആരംഭിക്കുന്നതിനായി നടന്ന ജോലിയുടെ വേഗവും തോതും ഗവണ്‍മെന്റിന്റെ വ്യക്തിത്വത്തെയും പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു. 2014 വരെ രാജ്യത്ത് 215 കിലോമീറ്ററോളം മെട്രോ പാത ഉണ്ടായിരുന്നു. 2014നു ശേഷം രാജ്യത്ത് 450 കിലോമീറ്ററിലേറെ മെട്രോ പാത പ്രവര്‍ത്തനം ആരംഭിച്ചു. ഇനിയേറെ പദ്ധതികളുടെ നിര്‍മാണം അതിവേഗം നടന്നുവരികയുമാണ്. ഇന്നു രാജ്യത്തെ 27 നഗരങ്ങളില്‍ മെട്രോ പദ്ധതി പൂര്‍ത്തിയാക്കപ്പെടുകയോ പല ഘട്ടങ്ങളിലായി നിര്‍മാണം നടന്നുവരികയോ ആണ്. യു.പിയുടെ കാര്യം മാത്രം ചിന്തിക്കുകയാണെങ്കില്‍ മെട്രോ സൗകര്യമുള്ള ഏഴാമത്തെ നഗരമാണ് ആഗ്ര.
സുഹൃത്തുക്കളേ,
ആധുനിക സൗകര്യങ്ങളും കണക്റ്റിവിറ്റിയും വഴി പടിഞ്ഞാറന്‍ യു.പിയുടെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. മീററ്റ് മുതല്‍ ഡെല്‍ഹി വരെയുള്ള രാജ്യത്തെ ആദ്യത്തെ റാപ്പിഡ് റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തിന്റെ നിര്‍മാണം നടന്നുവരികയാണ്. ഡെല്‍ഹി-മീററ്റ് 14 വരി എക്‌സ്പ്രസ് വേ വൈകാതെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു ലഭ്യമാവും. പടിഞ്ഞാറന്‍ യു.പിയിലെ പല ജില്ലകളെ ബന്ധിപ്പിക്കുന്ന ഗംഗ എക്‌സ്പ്രസ് വേക്ക് യോഗി ജിയുടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു. പ്രാദേശിക കണക്റ്റിവിറ്റിക്കായി യു.പിയില്‍ എത്രയോ വിമാനത്താവങ്ങള്‍ ഒരുങ്ങിവരികയാണ്. അവയില്‍ മിക്കതും പടിഞ്ഞാറന്‍ യു.പിയിലാണ്.
സുഹൃത്തുക്കളേ,
രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയില്‍ എല്ലായ്‌പ്പോഴും ഒരു പ്രധാന പ്രശ്‌നമുണ്ടായിരുന്നു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ എവിടെനിന്നു പണം ലഭിക്കണം എന്നതിനു പ്രാധാന്യം കല്‍പിച്ചിരുന്നില്ല. അതിനാല്‍ തന്നെ, പദ്ധതികള്‍ വര്‍ഷങ്ങളോളം സ്തംഭിക്കുകയും നിര്‍മാണ പ്രവര്‍ത്തനം മെല്ലെയാവുകയും ചെയ്തിരുന്നു. പേരിനു മാത്രമേ നിര്‍മാണം നടക്കുകയുള്ളൂ. പുതിയ പദ്ധതികളുടെ ഉദ്ഘാടനത്തോടൊപ്പം ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനും നമ്മുടെ ഗവണ്‍മെന്റ് പ്രാധാന്യം കല്‍പിക്കുന്നുണ്ട്. കണക്റ്റിവിറ്റിക്കും ആധുനിക അടിസ്ഥാന സൗകര്യത്തിനും രാജ്യത്ത് ഇപ്പോള്‍ ചെലവിടുന്നതിനു തുല്യമായ തോതില്‍ പണം മുമ്പൊരിക്കലും ചെലവിട്ടിട്ടില്ല. ദേശീയ അടിസ്ഥൗനസൗകര്യ പൈപ്പ്‌ലൈന്‍ പദ്ധതി പ്രകാരം 100 ലക്ഷം കോടി രൂപ ചെലവിടാന്‍ നാം തയ്യാറെടുത്തിരിക്കുകയാണ്. ബഹുതല കണക്റ്റിവിറ്റി അടിസ്ഥാനസൗകര്യ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ജോലി പുരോഗമിക്കുകയാണ്. രാജ്യത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിക്ഷേപം ആകര്‍ഷിക്കാനാണു പദ്ധതി. അടിസ്ഥാന സൗകര്യ മേഖലയിലും റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലും വിദേശ നിക്ഷേപം ലഭ്യമാക്കുന്നതു ലളിതവല്‍ക്കരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണ്.
സുഹൃത്തുക്കളേ,
അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും വഴി നമ്മുടെ വിനോദസഞ്ചാര മേഖലയ്ക്കു വളരെയധികം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും വരുമാനമുണ്ടാക്കാന്‍ സഹായകമായ ഒരു മേഖല വിനോദസഞ്ചാരമാണെന്നു ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചുപോരുന്നു. ഏറ്റവും കുറഞ്ഞ നിക്ഷേപം നടത്തി പരമാവധി വരുമാനം നേടാന്‍ വിനോദസഞ്ചാര മേഖലയിലൂടെ സാധിക്കും. ഈ ചിന്ത മുന്‍നിര്‍ത്തി പ്രാദേശിക വിനോദസഞ്ചാരത്തിനായി രാജ്യത്തെ സജ്ജമാക്കുന്നതിനുള്ള പ്രവര്‍ത്തനം വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ചുവരികയാണ്.
താജ് മഹല്‍ പോലുള്ള പൈതൃകങ്ങള്‍ക്കു ചുറ്റും ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതോടൊപ്പം വിനോദസഞ്ചാരികളുടെ യാത്ര സുഗമമാക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റ് ഇ-വീസ പദ്ധതിയുള്ള രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുക മാത്രമല്ല, ഹോട്ടല്‍ മുറികളുടെ നികുതി ഗണ്യമായി കുറയ്ക്കുകയും ചെയ്തു. സ്വദേശ് ദര്‍ശന്‍, പ്രസാദ് തുടങ്ങിയ പദ്ധതികള്‍ വഴി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഗവണ്‍മെന്റ് നടത്തിയ പരിശ്രമങ്ങളുടെ ഫലമായി ട്രാവല്‍ ആന്‍ഡ് ടൂറിസം മത്സരക്ഷമതാ സൂചികയില്‍ ഇന്ത്യ 34ാമതെത്തി. 2013ല്‍ ഈ സൂചികയില്‍ ഇന്ത്യ 65ാം സ്ഥാനവുമായി പിന്നിലായിരുന്നു. ഇപ്പോള്‍, ഇത്രത്തോളം വലിയ പുരോഗതി നേടിക്കഴിഞ്ഞു.
കൊറോണ സാഹചര്യം മെച്ചപ്പെടുന്നതോടെ വിനോദസഞ്ചാര മേഖലയില്‍ ഉണര്‍വുണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.
സുഹൃത്തുക്കളേ,
പുതിയ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കുമായി പരിഷ്‌കാരങ്ങള്‍ വളരെ പ്രധാനമാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ നിയമങ്ങള്‍വെച്ചു നമുക്ക് അടുത്ത നൂറ്റാണ്ടു കെട്ടിപ്പടുക്കാന്‍ സാധിക്കില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ ഉപയോഗപ്രദമായിരുന്ന നിയമങ്ങള്‍ വരുന്ന നൂറ്റാണ്ടിനു ബാധ്യതയായിരുന്നു. അതിനാല്‍ പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയായി നടന്നുവരുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന പരിഷ്‌കാരങ്ങള്‍ നേരത്തേ നടന്നതിലും വളരെ മെച്ചപ്പെട്ടതാകുന്നത് എങ്ങനെയെന്നു ജനങ്ങള്‍ ചോദിക്കാറുണ്ട്. ഇപ്പോഴെന്താണു നേരത്തേ സംഭവിച്ചിരുന്നതില്‍നിന്നു വ്യത്യസ്തമായി സംഭവിക്കുന്നത്? കാരണം വളരെ ലളിതമാണ്. നേരത്തേ ചെറിയ തോതിലുള്ള പരിഷ്‌കരണങ്ങളാണു നടത്തിയിരുന്നത്. ചില മേഖലകളും വകുപ്പുകളും മാത്രമാണു പരിഗണിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ പരിഷ്‌കാരങ്ങള്‍ സമഗ്രമാണ്. നഗരങ്ങളുടെ വികസനം ഉദാഹരണമായി എടുക്കാം. നഗര വികസനത്തിനായി നാം നാലു തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കാലങ്ങള്‍ മുതല്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തേണ്ടതുണ്ട്, ജീവിതം സുഖകരമാകണം, പരമാവധി നിക്ഷേപമുണ്ടാവണം, നഗര സംവിധാനത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം ഉണ്ടാവണം.
സഹോദരീ സഹോദരന്‍മാരേ,
റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ സാഹചര്യം നമുക്കറിയാം.
ബില്‍ഡര്‍മാര്‍ക്കും വീടുകള്‍ വാങ്ങുന്നവര്‍ക്കും ഇടയില്‍ വിശ്വാസ്യതയുടെ പ്രശ്‌നം ഉണ്ടായിരുന്നു. സത്യസന്ധരല്ലാത്ത ചിലര്‍ നമ്മുടെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്കു പേരുദോഷം വരുത്തുകയും അതുവഴി മധ്യവര്‍ഗത്തെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ആര്‍.ഇ.ആര്‍.എ. നടപ്പാക്കി. ഈ നിയമം വന്നതോടെ മധ്യവര്‍ഗക്കാരുടെ വീടുകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാകുന്നു എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതുപോലെ നമ്മുടെ നഗങ്ങളിലുള്ള മറ്റൊരു വലിയ പ്രശ്‌നം ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം വര്‍ധിക്കുന്നു എന്നതാണ്. ഇതു സംഭവിക്കുന്നതാകട്ടെ, വാടക വീടുകള്‍ ലഭിക്കാതെ വലിയ വിഭാഗം ജനങ്ങള്‍ ഉഴലുമ്പോഴാണ്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി മാതൃകാപരമായ നിയമം രൂപികരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ,
നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കു സൗകര്യമൊരുക്കുന്നതിനായി ആധുനിക പൊതു ഗതാഗതം മുതല്‍ ഭവന നിര്‍മാണം വരെയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന ആഗ്രയില്‍നിന്നു തന്നെ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം നഗരമേഖലയിലെ ദരിദ്രര്‍ക്കായി ഒരു കോടിയിലേറെ വീടുകള്‍ അനുവദിച്ചു. നഗരത്തിലെ മധ്യവര്‍ഗത്തിനും സഹായമേകി. അതുവഴി അവര്‍ക്കും ആദ്യമായി വീടു വാങ്ങാന്‍ സാധിക്കും. ഇതുവരെ, വീടു വാങ്ങുന്നതിനായി 12 ലക്ഷത്തിലേറെ മധ്യവര്‍ഗ നഗര കുടുംബങ്ങള്‍ക്ക് 28,000 കോടി രൂപ സഹായമായി നല്‍കിക്കഴിഞ്ഞു. അമൃത് പദ്ധതി പ്രകാരം രാജ്യത്തെ നൂറുകണക്കിനു നഗരങ്ങളില്‍ ജലവിതരണത്തിനും മലിനജല നിര്‍മാര്‍ജനത്തിനും മെച്ചപ്പെട്ട സൗകര്യം ഏര്‍പ്പെടുത്തുകയാണ്. നഗരങ്ങളില്‍ പൊതു ശൗചാലയങ്ങളും ആധുനിക മാലിന്യ പരിപാലന സംവിധാനങ്ങളും ഉറപ്പാക്കുന്നതിനായി പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കുന്നുണ്ട്.
സഹോദരീ സഹോദരന്‍മാരേ,
കൊറോണ പ്രതിരോധ കുത്തിവെപ്പു യാഥാര്‍ഥ്യമാകാന്‍ താമസമില്ല എന്നാണ് അടുത്തിടെ ശാസ്ത്രജ്ഞരുമായി ചര്‍ച്ച നടത്തിയപ്പോള്‍ എനിക്കു ബോധ്യമായത്. എങ്കിലും രോഗബാധ തടയുന്നതിനുള്ള മുന്‍കരുതലുകളില്‍ നാം ഒരു വിട്ടുവീഴ്ചയും വരുത്തരുത്. മുഖകവചവും രണ്ടടി ദൂരവും വളരെ പ്രധാനമാണ്. അതു നിങ്ങളെല്ലാം പാലിക്കുമെന്ന വിശ്വാസത്തോടെ വളരെയധികം നന്ദി അറിയിക്കുന്നു.
നന്ദി.
(കുറിപ്പ്: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ് ഹിന്ദിയിലായിരുന്നു പ്രസംഗിച്ചത്.)
***
(Release ID: 1680149)
Visitor Counter : 233
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada