പ്രധാനമന്ത്രിയുടെ ഓഫീസ്‌

സര്‍വകക്ഷി യോഗസമാപനത്തില്‍ പ്രധാനമന്ത്രിയുടെ അഭിപ്രായങ്ങള്‍

Posted On: 04 DEC 2020 2:30PM by PIB Thiruvananthpuram

എല്ലാ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്കും ഞാന്‍ നന്ദി പറയുന്നു. നിങ്ങള്‍ ഇവിടെ ഈ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാം വളരെ പ്രധാനപ്പെട്ടവയാണ് എന്ന് എനിക്കു തോന്നുന്നു. വാക്‌സിനെ കുറിച്ച് നിങ്ങള്‍ ഈ ചര്‍ച്ചയില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം കൊറോണയ്ക്ക് എതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തെ ശാക്തീകരിക്കും. കൊറോണായ്ക്ക് എതിരെ നാം എന്തൊക്കെ ചെയ്തു, എന്താണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്, നാം എവിടെ എത്തി നില്ക്കുന്നു, എന്ത് ഉറപ്പുമായിട്ടാണ് നാം മുന്നോട്ടു നീങ്ങുന്നത് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ഇവിടെ നടത്തിയ അവതരണം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.
 

സുഹൃത്തുക്കളെ,

ഈ വിഷയത്തെ കുറിച്ച് എല്ലാ മുഖ്യമന്ത്രിമാരുമായും അടുത്ത നാളില്‍ ഞന്‍ ദീര്‍ഘമായ ചര്‍ച്ച നടത്തുകയുണ്ടായി. പ്രതിരോധ കുത്തിവയ്പിനെ സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകളില്‍ നിന്ന് നിരവധി നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്.   കൊറോണയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത പ്രതിരോധ മരുന്ന് വികസിപ്പിക്കുന്നതിന് ദീര്‍ഘനാളായി പരിശ്രമിക്കുന്ന നമ്മുടെ ശാസ്ത്ര സംഘവുമായി ഏതാനും ദിവസം മുമ്പ് ഞാന്‍ വളരെ സാര്‍ഥകവും വിശദവുമായ സംഭാഷണം നടത്തിയിരുന്നു. അവരെ കാണാനും എനിക്ക് അവസരം ലഭിച്ചു. വിജയത്തെ സംബന്ധിച്ച് ഇന്ത്യ ശാസ്ത്രജ്ഞര്‍ക്ക് വളരെ ആത്മവിശ്വാസമാണ് ഉള്ളത്. ഇപ്പോള്‍ തന്നെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിരോധ മരുന്നുകളുടെ പേരുകള്‍ വിപണിയില്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് ഏറ്റവും സുരക്ഷിതവും വില കുറഞ്ഞതുമായ പ്രതിരോധ മരുന്നിനെയാണ്. അതിനാല്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയിലേയ്ക്കും നോക്കുന്നു എന്നതു തികച്ചും സ്വാഭാവികമാണ്. അഹമ്മദാബാദ്, പുനെ, ഹൈദരാബാദ് തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് രാജ്യത്തെ പ്രതിരോധ മരുന്ന് നിര്‍മ്മാണ ഒരുക്കങ്ങള്‍ ഞാന്‍ നേരില്‍ കാണുകയും ചെയ്തു.

ഇക്കാര്യത്തില്‍ നമ്മുടെ രാജ്യത്തെ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍, ബയോടെക്‌നോളജി വകുപ്പ് , മറ്റ് ആഗോള വമ്പന്‍മാര്‍ എന്നിവരോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള എട്ടു പ്രതിരോധ മരുന്നുകള്‍ ഇപ്പോള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇന്ത്യയുടെ സ്വന്തം മൂന്നു പ്രതിരോധ മരുന്നുകള്‍ ക്ഷമതാ പരിശോധനയുടെ വിവിധ ദശകളിലാണ്. എന്തായാലും അടുത്ത ഏതാനും ആഴ്ച്ചകള്‍ക്കുള്ളല്‍ കൊറോണയുടെ പ്രതിരോധ മരുന്ന് തയാറാകും എന്നാണ് കരുതേണ്ടത്.
 

ശാസ്ത്രജ്ഞരില്‍ നിന്ന് പച്ചക്കൊടി ലഭിച്ചാല്‍ ഉടന്‍ പ്രതിരോധ കുത്തിവയ്പ് പ്രചാരണം ഇന്ത്യയില്‍ ആരംഭിക്കും. ആര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ് ആദ്യ ഘട്ടത്തില്‍  നല്‌കേണ്ടത് എന്നതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്കുന്ന നിര്‍ദ്ദേശപ്രകാരമായിരിക്കും കേന്ദ്ര ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുക. എങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ രോഗികളെ ചികിത്സിക്കുന്നവര്‍, ഗുരുതര രോഗമുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
 

സുഹൃത്തുക്കളെ,

പ്രതിരോധ മരുന്ന് വിതരണത്തിലും സംസ്ഥാന കേന്ദ്ര ഗവണ്‍മെന്റുകള്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുക. പ്രതിരോധ മരുന്ന് വിതരണത്തിലും ഇന്ത്യയ്ക്ക് കഴിവും അനുഭവസമ്പത്തും ഉണ്ട്. ഇതിനായി ആവശ്യമുള്ള കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍, മറ്റ് വിതരണ സാമഗ്രികള്‍ എന്നിവയെ കുറിച്ചും സംസ്ഥാന ഗവണ്‍ മെൻ്റുകളുമായി ആലോചിച്ച് തീരുമാനിച്ചിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് പുതിയ പല പദ്ധതികളും ആലോചനയിലുമുണ്ട്. വാക്‌സിന്റെ ലഭ്യത ഉള്‍പ്പെടെയുള്ള തത്സമയ വിവരങ്ങള്‍ ലഭിക്കുന്നതിന് കോ-വിന്‍ എന്ന പേരില്‍ ഇന്ത്യ പുതിയ ഒരു സോഫ്റ്റ് വെയറും വികസിപ്പിച്ചിട്ടുണ്ട്. കൊറോണ പ്രതിരോധ മരുന്നിന്റെ ഗവേഷണ സംബന്ധിയായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് പ്രത്യേക ദൗത്യ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ വിദഗ്ധരായ സംഘത്തിനാണ് ഇതുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികളുടെ ഉത്തരവാദിത്വം. ഇതില്‍ സാങ്കേതിക വിദഗ്ധര്‍,  കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും  ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഈ ദേശീയ വിദഗ്ധ സംഘം സംസ്ഥാന ഗവണ്‍മെന്റുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുക. ദേശീയമാകട്ടെ, പ്രാദേശീയമാകട്ടെ  ഓരോ ആവശ്യത്തിനും വേണ്ട തീരുമാനങ്ങള്‍ സ്വീകരിക്കുന്നത് വിദഗ്ധ സംഘമായിരിക്കും.
 

സുഹൃത്തുക്കളെ,

പ്രതിരോധ മരുന്നിന്റെ വിലയെ സംബന്ധിച്ച ചോദ്യവും സ്വാഭാവികം തന്നെ. കേന്ദ്രം ഇതു സംബന്ധിച്ച് സംസ്ഥാന ഗവണ്‍മെന്റുകളുമായി സംസാരിച്ചു വരുന്നു. എന്തായാലും പൊതുജനാരോഗ്യത്തിന് ഉന്നത പരിഗണന നല്കിയായിരിക്കും പ്രതിരോധ മരുന്നിന്റെ വില സംബന്ധിച്ച തീരുമാനമെടുക്കുക. അതില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് പൂര്‍ണ പങ്കാളിത്തം ഉണ്ടാവും.
 

സുഹൃത്തുക്കളെ,

വന്‍ തോതിലുള്ള പരിശോധന പ്രതിദിനം നടക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയും. രോഗ മുക്തി നിരക്കും ഉയര്‍ന്ന നിരക്കിലുള്ള രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യയുണ്ട്. കൊറോണ മൂലമുള്ള മരണ നിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ നിരയിലും ഇന്ത്യയുണ്ട്. കൊറോണയ്ക്ക് എതിരെ ഇന്ത്യ നടത്തിയ പോരാട്ടം കാണിക്കുന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും അജയ്യമായ ഇഛാശക്തിയാണ്. വികസിത രാജ്യങ്ങളുമായി, മെച്ചപ്പെട്ട വൈദ്യശാസ്ത്ര സൗകര്യങ്ങളുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ യുദ്ധത്തില്‍ ഇന്ത്യ നടത്തിയ പോരാട്ടം വളരെ മികച്ചതും അനേകമനേകം  പൗരന്മാരുടെ ജീവന്‍ രക്ഷിക്കാന്‍ പോന്നതുമായിരുന്നു. നാം നമ്മുടെ പൗരന്മാരെ മാത്രമല്ല പരിചരിച്ചത് മറിച്ച് മറ്റു രാജ്യങ്ങളിലെ പൗരന്മാരെ രക്ഷപ്പെടുത്താനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി.
 

സുഹൃത്തുക്കളെ,

ഫെബ്രുവരി - മാര്‍ച്ചിലെ  സംഭ്രമ പൂര്‍ണവും ഭീതിദവുമായ അന്തരീക്ഷത്തില്‍ ആരംഭിച്ച സുദീര്‍ഘ യാത്രയാണ്  ആത്മവിശ്വാസം നിറഞ്ഞതും പ്രതീക്ഷാനിര്‍ഭരവുമായ ഡിസംബറിലെ അന്തരീക്ഷത്തില്‍ ഇന്ത്യ പൂര്‍ത്തിയാക്കുന്നത്. പ്രതിരോധ മരുന്നിന്റെ തൊട്ടരികിലാണ് നാം. ഭാവിയിലും ഇതെ പൊതു ജന പങ്കാളിത്തവും ശാസ്ത്ര സമീപനവും സഹകരണവും വളരെ പ്രധാനപ്പെട്ടതാണ് എന്ന് ഓര്‍ക്കുക. നിങ്ങള്‍ എല്ലാവര്‍ക്കും അറിയാം ഇത്രയും സമഗ്രമായ പ്രതിരോധ കുത്തിവയ്പ് പ്രചാരണം ആരംഭിക്കുമ്പോള്‍ വിവധ തരത്തിലുള്ള കിംവദന്തികള്‍ സമൂഹത്തില്‍ സംക്രമിക്കാന്‍ സാധ്യതയുണ്ട്. ഈ കിംവദന്തികള്‍ പൊതുജന താല്പര്യത്തിനും ദേശീയ താല്പര്യത്തിനും എതിരാണ്. അതിനാല്‍ രാജ്യത്തെ പൗരന്മാരെ കൂടുതല്‍ ബോധവത്ക്കരിക്കുന്നതിനും അത്തരം കിംവദന്തികളില്‍ നിന്ന് അവരെ അകറ്റുന്നതിനും എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഇത്തരം സാഹചര്യത്തില്‍ നമ്മുടെ തെളിയിക്കപ്പെട്ടിട്ടുള്ള വഴികളും സംവിധാനങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നു നാം മാറി നില്‌ക്കേണ്ടതില്ല. അതിനാല്‍ എപ്പോഴും രണ്ടടി അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ജനങ്ങളെ എപ്പോഴും ജാഗരൂഗരാക്കണം. ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ ഇതുവരെ രാജ്യം നേടിയതു മുഴുവന്‍ നഷ്ടപ്പെടും എന്ന് ഓര്‍ക്കണം. ഇന്ന് എല്ലാവര്‍ക്കും പ്രസംഗിക്കാനുള്ള അവസരം കിട്ടിയില്ലെങ്കിലും എല്ലാ രാഷ്ട്രിയ പാര്‍ട്ടികളുടെയും സമുന്നതരായ നേതാക്കള്‍ അവരുടെ അഭിപ്രായങ്ങള്‍ എഴുതി എനിക്കു തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കാരണം നിങ്ങളുടെ അഭിപ്രായങ്ങള്‍ വളരെ ഉപകാരപ്പെടും. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെ ഗൗരവത്തോടെ പരിഗണിക്കും. അവ നമ്മുടെ പദ്ധതിക്ക് അങ്ങേയറ്റം പരിപൂരകവുമായിരിക്കും. 

ഈ അഭ്യര്‍ത്ഥനകളോടെ ഇന്ന് ഇത്രയും സമയം ചെലവഴിച്ചതിന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

വളരെ നന്ദി.

 

***


(Release ID: 1678958) Visitor Counter : 206