പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 23 NOV 2020 11:54AM by PIB Thiruvananthpuram

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ബഹുനില ഫ്‌ളാറ്റ് സമുച്ചയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ന്യൂഡല്‍ഹിയിലെ ഡോ. ബി ഡി മാര്‍ഗിലാണ് ഫ്‌ളാറ്റ് സമുച്ചയം സ്ഥിതി ചെയ്യുന്നത്. 80 വര്‍ഷം പഴക്കമുള്ള എട്ട് ബംഗ്ലാവുകള്‍ പൊളിച്ചാണ് 76 ഫ്‌ളാറ്റുകളാക്കി പുനര്‍നിര്‍മിച്ചത്.  

പാര്‍ലമെന്റ് അംഗങ്ങള്‍ക്കായുള്ള ഫ്‌ളാറ്റുകള്‍ പ്രകൃതിക്ക് കോട്ടം തട്ടാതെ ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് നിര്‍മിച്ചിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.  പുതിയ ഫ്‌ളാറ്റുകള്‍ അവയില്‍ താമസിക്കുന്ന എംപിമാര്‍ക്കും മറ്റുള്ളവര്‍ക്കും സുരക്ഷിതവും സമാധാന പൂര്‍ണവുമായ താമസസൗകര്യം ഒരുക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള താമസസൗകര്യം എന്ന കാലങ്ങളായുള്ള പ്രശ്‌നത്തിന് ഇപ്പോള്‍ പരിഹാരം കണ്ടെത്തിയിരിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങളെ അവഗണിക്കുകയല്ല, മറിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഡല്‍ഹിയില്‍ പണി മുടങ്ങിക്കിടന്നിരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ ഗവണ്‍മെന്റ് ഏറ്റെടുത്ത് നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കിയതായി ശ്രീ മോദി അറിയിച്ചു. അടല്‍ ബിഹാരി വാജ്‌പേയി ഗവണ്‍മെന്റ് തീരുമാനിച്ചിരുന്ന അംബേദ്കര്‍ ദേശീയ സ്മാരകം 23 വര്‍ഷത്തിന് ശേഷം ഈ ഗവണ്‍മെന്റ് പൂര്‍ത്തീകരിച്ചു. ഇന്ത്യാ ഗേറ്റിനും ദേശീയ പോലീസ് സ്മാരകത്തിനും സമീപത്ത് ദേശീയ വിവരാവകാശ കമ്മീഷന്‍, യുദ്ധ സ്മാരകത്തിന്റെ പുതിയ കെട്ടിടം എന്നിവ വളരെ നാളുകള്‍ അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നുവെന്നും ഈ ഗവണ്‍മെന്റ് അതു പൂര്‍ത്തിയാക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ലമെന്റിലെ ചര്‍ച്ചകള്‍ ഫലപ്രദവും ഉല്‍പാദനക്ഷമവുമായിരിക്കാന്‍ എല്ലാ എംപിമാരും ശ്രദ്ധ ചെലുത്തിയിരുന്നതായി ശ്രീ മോദി പറഞ്ഞു. ലോക്‌സഭയെ ഫലപ്രദമായും നടപടിക്രമങ്ങള്‍ പാലിച്ചും നയിക്കുന്ന ലോക്സഭാ സ്പീക്കറെ അദ്ദേഹം അനുമോദിച്ചു. മുന്‍കരുതലുകളോടും നിയന്ത്രണങ്ങളോടും കൂടി കോവിഡ് കാലത്ത് പാര്‍ലമെന്റ് നടപടികള്‍ നടന്നു. മണ്‍സൂണ്‍കാല സെഷന്‍ ഭംഗിയായി നടക്കുന്നതിന് ഇരു സഭകളും ആഴ്ചാവസാനം പോലും പ്രവര്‍ത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

യുവജനങ്ങളെ സംബന്ധിച്ച് 16-18 വയസ് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 2019 തിരഞ്ഞെടുപ്പോടെ നമ്മള്‍ 16ാം ലോക്‌സഭയുടെ കാലാവധി പൂര്‍ത്തിയാക്കി. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഈ കാലയളവ് ചരിത്രപരമായി പ്രധാനപ്പെട്ടതായിരുന്നു. 17ാം ലോക്‌സഭ 2019 ല്‍ ആരംഭിച്ചു. ഈ കാലയളവില്‍ പാര്‍ലമെന്റ് ചരിത്രപരമായ പല തീരുമാനങ്ങളുമെടുത്തു. അടുത്ത ദശകത്തില്‍ രാജ്യത്തെ പുതിയൊരു ദിശയിലേക്ക് നയിക്കുന്നതിന് വരുന്ന (18ാം) ലോക്‌സഭയും സംഭാവനകള്‍ നല്‍കുമെന്ന് പ്രധാന മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

 

***



(Release ID: 1675046) Visitor Counter : 167