പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉത്തര്‍പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയില്‍ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഈ മാസം 22ന് നിര്‍വഹിക്കും

Posted On: 20 NOV 2020 2:12PM by PIB Thiruvananthpuram

ഉത്തര്‍ പ്രദേശിലെ വിന്ധ്യാഞ്ചല്‍ മേഖലയിലെ മിര്‍സാപൂര്‍, സോന്‍ഭദ്ര ജില്ലകളിലെ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ ശിലാസ്ഥാപനം ഈ മാസം 22ന് (ഞായറാഴ്ച) രാവിലെ 11. 30ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി /പാനി സമിതി അംഗങ്ങളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തും .ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥ് ചടങ്ങില്‍ പങ്കെടുക്കും.

എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ടാപ്പ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കുന്ന  ഈ പദ്ധതിയുടെ പ്രയോജനം,  ഇരു ജില്ലകളിലെയും 2995 ഗ്രാമങ്ങളിലെ 42 ലക്ഷത്തോളം പേര്‍ക്ക്   ലഭിക്കും. എല്ലാ ഗ്രാമങ്ങളിലും രൂപീകരിച്ചിട്ടുള്ള ഗ്രാമീണ കുടിവെള്ള, ശുചീകരണ കമ്മിറ്റി/ പാനി സമിതിയ്ക്കാണ് പദ്ധതിയുടെ നിര്‍വഹണ- മേല്‍നോട്ട ചുമതല.


 24 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിക്ക് 5,555.38 കോടി രൂപയാണ്  ചെലവ് കണക്കാക്കിയിട്ടുള്ളത്.

ജല്‍ ജീവന്‍ പദ്ധതിയെക്കുറിച്ച്:

 2019 ഓഗസ്റ്റ് 15ന് ന്യൂഡല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ  നരേന്ദ്രമോദി പ്രഖ്യാപിച്ച ജല്‍ ജീവന്‍ പദ്ധതിയുടെ ലക്ഷ്യം,


 2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള ടാപ്പ്  കണക്ഷന്‍ ലഭ്യമാക്കുക എന്നതാണ്. 2019 ഓഗസ്റ്റില്‍  പ്രഖ്യാപന വേളയില്‍, രാജ്യത്തെ 18.93 കോടി ഗ്രാമീണ കുടുംബങ്ങളില്‍ 3.23 കോടി കുടുംബങ്ങള്‍ക്ക് (17%) മാത്രമാണ് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. അതായത് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍, 15.70 കോടി കുടുംബങ്ങള്‍ക്ക് ടാപ് വാട്ടര്‍ കണക്ഷന്‍ ലഭ്യമാക്കണം. കോവിഡ് 19 മഹാമാരിക്കിടയിലും കഴിഞ്ഞ 15 മാസത്തിനുള്ളില്‍ 2.63 കോടി കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കി കഴിഞ്ഞു. നിലവില്‍ 5.86 കോടി ( 30.67%) ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടര്‍ കണക്ഷന്‍ ഉണ്ട്.


***



(Release ID: 1674375) Visitor Counter : 105