പ്രധാനമന്ത്രിയുടെ ഓഫീസ്‌

17ാമത് ആസിയന്‍ ഇന്ത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

Posted On: 12 NOV 2020 10:34PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പതിനേഴാമത് ആസിയന്‍-ഇന്ത്യ ഉച്ചകോടിയില്‍ പങ്കെടുത്തു. നിലവിലെ ആസിയന്‍ അധ്യക്ഷനായ വിയറ്റ്‌നാം പ്രധാനമന്ത്രി ങുയെന്‍ സുവാന്‍ ഫുക്കിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുത്തത്. ആസിയനില്‍ ആകെയുള്ള പത്ത് അംഗരാജ്യങ്ങളും പങ്കെടുത്ത ഉച്ചകോടി വിര്‍ച്വലായാണ് നടത്തിയത്.

ഇന്ത്യയുടെ കിഴക്കന്‍ നയത്തിന്റെ പ്രധാന കണ്ണിയാണ് ആസിയനെന്ന് ഉച്ചകോടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. യോജിപ്പുള്ളതും ഉത്തരവാദിത്വമുള്ളതും സമൃദ്ധവുമായ ആസിയന്‍ ഇന്ത്യയുടെ ഇന്തോ-പസഫിക് വീക്ഷണത്തിന്റെ കേന്ദ്രമാണെന്നും മേഖലയിലെ എല്ലാവരുടെയും സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും (സെക്യൂരിറ്റി ആന്‍ഡ് ഗ്രോത്ത് ഫോര്‍ ഓള്‍ ഇന്‍ ദ റീജിയണ്‍ - സാഗര്‍) പ്രധാനമാണെന്നും ശ്രീ മോദി പറഞ്ഞു. സ്വതന്ത്രവും സമഗ്രവും ഏകോപിപ്പിച്ചതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാന്‍, ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും ഇന്തോ-പസഫിക്കില്‍ ആസിയന്‍ വീക്ഷണവും തമ്മിലുള്ള സംയോജനം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭത്തിന്റെ (ഐപിഒഐ) വിവിധ മേഖലകളില്‍ സഹകരിക്കാന്‍ അദ്ദേഹം ആസിയന്‍ രാജ്യങ്ങളെ ക്ഷണിക്കുകയും ചെയ്തു.

കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍, ഇന്ത്യയുടെ പ്രതികരണവും അന്താരാഷ്ട്ര സമൂഹത്തോടുള്ള വിശാലമായ പിന്തുണയും പ്രധാനമന്ത്രി വ്യക്തമാക്കി. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ആസിയന്‍ സംരംഭങ്ങളെ അദ്ദേഹം സ്വാഗതം ചെയ്തു. കോവിഡ് -19 ആസിയന്‍ പ്രതികരണ നിധിയിലേക്ക് പത്തുലക്ഷം യുഎസ് ഡോളര്‍ സംഭാവനയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ആസിയനും ഇന്ത്യയും തമ്മിലുള്ള ഭൗതിക- ഡിജിറ്റല്‍ മേഖലാ ബന്ധം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ആസിയന്‍ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതിനായി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ നല്‍കാനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. വ്യവസായത്തിലും നിക്ഷേപത്തിലും, കോവിഡിനു ശേഷമുള്ള സാമ്പത്തിക പുനരുദ്ധാരണത്തിനായി വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും വീണ്ടെടുക്കലുകളുടെയും പ്രാധാന്യം അദ്ദേഹം അടിവരയിട്ടു.

മേഖലയിലെ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ നല്‍കിയ സംഭാവനയെ ആസിയന്‍ നേതാക്കള്‍ അംഗീകരിച്ചു. ആസിയന്‍ കേന്ദ്രീകരണത്തിനുള്ള ഇന്ത്യയുടെ പിന്തുണയെ അവര്‍ സ്വാഗതം ചെയ്തു. 2021-2025 കാലഘട്ടത്തേയ്ക്കുള്ള പുതിയ ആസിയന്‍-ഇന്ത്യ പദ്ധതിയെയും നേതാക്കള്‍ സ്വാഗതം ചെയ്തു.

ദക്ഷിണ ചൈനാ കടല്‍, ഭീകരവാദം എന്നിവയുള്‍പ്പെടെയുള്ള പൊതു താല്‍പ്പര്യവും ആശങ്കാജനകവുമായ പ്രാദേശിക- അന്തര്‍ദേശീയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര നിയമങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഉള്‍പ്പെടെ, പ്രത്യേകിച്ചും യു.എന്‍.സി.എല്‍.ഒ.എസിനോട് ചേര്‍ന്നുനില്‍ക്കുന്നത് ഉള്‍പ്പെടെ മേഖലയില്‍ നിയമാധിഷ്ഠിതക്രമം പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുപക്ഷവും ഉറ്റുനോക്കുകയാണ്.  ദക്ഷിണ ചൈനാക്കടലില്‍ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ പരിപാലിക്കുകയും ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്ന് നേതാക്കള്‍ ഉറപ്പുനല്‍കി. മേഖലയില്‍ കടല്‍-വ്യോമയാത്രാസ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും നേതാക്കള്‍ പറഞ്ഞു.  

 

***(Release ID: 1672553) Visitor Counter : 220