ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
90% കോവിഡ് മുക്തി നിരക്ക് എന്ന നേട്ടവുമായി ഇന്ത്യ
Posted On:
25 OCT 2020 11:11AM by PIB Thiruvananthpuram
കോവിഡ് പ്രതിരോധത്തിൽ പുതിയൊരു നേട്ടം സ്വന്തമാക്കി ഇന്ത്യ. രാജ്യത്തെ രോഗമുക്തി നിരക്ക് ഇന്ന് 90 ശതമാനത്തിൽ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. 50,129 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലെ തുടർച്ചയായ കുറവിനോട് ചേർന്നു പോകുന്നതാണ് ഈ നേട്ടം. തുടർച്ചയായ മൂന്നാം ദിവസവും ആക്ടീവ് കേസുകളുടെ എണ്ണം 7 ലക്ഷത്തിൽ താഴെ നിലനിർത്താൻ രാജ്യത്തിനു സാധിച്ചു.
ആകെ രോഗബാധിതരുടെ 8.50 ശതമാനം മാത്രമാണ് നിലവിലെ ആക്ടീവ് കേസുകൾ. നിലവിൽ 6,68,154 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.

ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വലിയ വർധന ഉണ്ടായിട്ടുണ്ട്. ഇന്നലെ വരെ 70,78,123 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടിയവരുടെയും നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണത്തിലെ അന്തരം 64 ലക്ഷം പിന്നിട്ടു (64,09,969).

കഴിഞ്ഞ ഒരാഴ്ചക്കാലമായി ദിവസേന റിപ്പോർട്ട് ചെയ്യുന്ന കോവിഡ് മരണങ്ങളുടെ എണ്ണം ആയിരത്തിൽ താഴെയാണ്. ഒക്ടോബർ 2 മുതൽ ഇന്നലെ വരെ 1100 ൽ താഴെ ആളുകൾ മാത്രമാണ് ദിവസവും മരിക്കുന്നത്.

പുതുതായി രോഗമുക്തി നേടിയവരിൽ 75 ശതമാനവും മഹാരാഷ്ട്ര, കർണാടക, കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, ഡൽഹി, ആന്ധ്രപ്രദേശ്, അസം, ഉത്തർപ്രദേശ്, ഛത്തീസ്ഗഢ് എന്നീ 10 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 50,129 പുതിയ കേസുകളിൽ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ എണ്ണായിരത്തി ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ ആറായിരത്തിലേറെ പേർക്കും ഇന്നലെ കോവിഡ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 578 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരണപ്പെട്ടത്. ഇതിൽ 80 ശതമാനത്തോളം പേർ 10 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്- 137 പേർ.

കോവിഡ് പരിശോധനാ സൗകര്യങ്ങളുടെ കാര്യത്തിലും ഇന്ത്യ ഇന്ന് വലിയ നേട്ടം സ്വന്തമാക്കി. രാജ്യത്തെ പരിശോധന കേന്ദ്രങ്ങളുടെ എണ്ണം 2000 പിന്നിട്ടു. പൂനയിൽ ഒരു ലാബിൽ മാത്രമുണ്ടായിരുന്ന കോവിഡ് പരിശോധനാ സൗകര്യം നിലവിൽ 2,003 ലാബുകളിൽ ലഭ്യമാണ്. ഇതിൽ 1,126 എണ്ണം സർക്കാർ ലാബുകളും, 877 എണ്ണം സ്വകാര്യ ലാബുകളുമാണ്.
***
(Release ID: 1667490)
Visitor Counter : 244
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu