പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ സ്മരണാര്‍ത്ഥം പുറത്തിറക്കിയ നാണയത്തിന്റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് പ്രധാന മന്ത്രി നടത്തിയ പ്രഭാഷണം
Posted On:
16 OCT 2020 2:42PM by PIB Thiruvananthpuram
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ നരേന്ദ്രസിംങ് തോമര്‍ ജി, ശ്രീമതി സ്മൃതി ഇറാനി ജി, ശ്രീ. പുരുഷോത്തം റുപാല ജി, ശ്രീ കൈലേഷ് ചൗധരി ജി, ശ്രീമതി ദേബശ്രീ ചൗധരി ജി, ലോക ഭക്ഷ്യ കാര്‍ഷിക സംഘടനാ പ്രതിനിധികളെ, മറ്റ് വിശിഷ്ട വ്യക്തികളെ എന്റെ സഹോദരി സഹോദരന്മാരെ,
ലോക ഭക്ഷ്യ ദിനത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ലോകമെമ്പാടും പോഷകാഹാരക്കുറവ് നിര്‍മാര്‍ജജനം ചെയ്യുന്നതിനായി വിശ്രമമന്യ ജോലി ചെയ്യുന്നവരെയും ഞാന്‍ അഭിനന്ദിക്കുന്നു.
നമ്മുടെ അന്നദാദാക്കളായ കര്‍ഷക സഹോദരന്മാര്‍, കാര്‍ഷിക ശാസ്ത്രജ്ഞര്‍, അംഗനവാടി ജീവനക്കാര്‍, അംഗീകൃത സാമൂഹികാരോഗ്യ (ആഷ)പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് പോഷകാഹാരക്കുറവിനെതിരെയുള്ള മുന്നേറ്റത്തിന്റെ ശക്തമായ അടിത്തറയും ബലവത്തായ സ്തംഭങ്ങളും. കഠിനാധ്വാനത്തിലൂടെ ഇന്ത്യയുടെ കളപ്പുരകള്‍ നിറയ്ക്കുവാന്‍ മാത്രമല്ല, രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളില്‍ പാര്‍ക്കുന്ന പാവപ്പെട്ടവരിലും പാവപ്പെട്ടവരില്‍ എത്തിച്ചേരുവാന്‍ ഗവണ്‍മെന്റിനെ സഹായിക്കുന്നതും ഇവരാണ്. ഇവരുടെ പരിശ്രമ ഫലമായിട്ടാണ് പോഷകാഹാരക്കുറവിനെതിരെ ഈ കൊറോണ പ്രതിസന്ധിയിലും ശക്തമായി പോരാടുവാന്‍ ഇന്ത്യയ്ക്കു സാധിക്കുന്നത്.
സുഹൃത്തുക്കളെ,
ഭക്ഷ്യ കാര്‍ഷിക സംഘടനയെ സംബന്ധിച്ചിടത്തോളം ഈ ദിവസം വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ഇന്ന് അതിപ്രധാനമായി ഈ സംഘടന അതിന്റെ 75 പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഇക്കാലമത്രയും ലോക ഭക്ഷ്യ കാര്‍ഷിക സംഘടന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കാര്‍ഷികോത്പാദനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം,പോഷകാഹാര അഭിവൃദ്ധി എന്നിവകള്‍ക്കായി മുഖ്യ പങ്ക് വഹിച്ചു വരികയാണ്. അതിനാല്‍ ഇന്ന് ഈ പ്രത്യേക അനുസ്മരണാ നാണയം പുറത്തിറക്കുന്നത് ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ നാമത്തില്‍, നിങ്ങളുടെ സേവന ചൈതന്യത്തെ ആദരിക്കാനാണ്. സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം നേടിയ ലോക ഭക്ഷ്യ പരിപാടിയും ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ വലിയ നേട്ടങ്ങളില്‍ ഒന്നാണ്. ഈ മേഖലയില്‍ ഇന്ത്യയുടെ പങ്കാളിത്തവും ഇടപെടലും അത്യധികം ശ്രദ്ധേയമാണ് എന്നത്, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമാണ്. നമുക്ക് എല്ലാവര്‍ക്കും അറിയാം ലോക ഭക്ഷ്യ പദ്ധതി ആരംഭിച്ചപ്പോള്‍ ഡോ.ബിനയ് രഞ്ജന്‍ ആയിരുന്നു ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ഡയറക്ടര്‍ ജനറല്‍. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും വേദന വളരെ അടുത്ത് അറിഞ്ഞ് അനുഭവിച്ചയാളാണ് ഡോ.സെന്‍. ഒരു നയ രൂപീകരണ വിദഗ്ധനായ ശേഷം ലോകത്തിനുവേണ്ടി അദ്ദേഹം നടത്തിയ പ്രവര്‍ത്തനത്തിന്റെ വ്യാപ്തിക്ക് ഇപ്പോഴും പ്രസക്തിയുണ്ട്. അദ്ദേഹം വിതച്ച വിത്താണ് വാസ്തവത്തില്‍ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹത നേടുന്നതിലേയ്ക്ക് വരെ ഇന്ന് സംഘടനയെ എത്തിച്ചത്
സുഹൃത്തുക്കളെ,
കഴിഞ്ഞ പതിറ്റാണ്ടുകളിലുടനീളം പോഷകാഹാരക്കുറവിനെതിരെ ഇന്ത്യ നടത്തിയ പോരാട്ടത്തെ വളരെ അടുത്തു നിന്ന് നിരീക്ഷിക്കുകയായിരുന്നു ഭക്ഷ്യ കാര്‍ഷിക സംഘടന. രാജ്യത്ത് വിവിധ തലങ്ങളില്‍ വിവിധ വകുപ്പുകളാണ് ഈ പരിശ്രമങ്ങള്‍ നടത്തിയത്. പക്ഷെ അവരുടെ പരിധി ഒന്നുകില്‍ പരിമിതമോ അല്ലെങ്കില്‍ ചിതറിയതോ ആയിരുന്നു. വളരെ ചെറുപ്പത്തിലേയുള്ള ഗര്‍ഭധാരണം, നിരക്ഷരത, അജ്ഞത, ശുദ്ധജല ദൗര്‍ലഭ്യം, ശുചിത്വക്കുറവ് തുടങ്ങി വിവിധ കാരണങ്ങളാല്‍, പോഷകാഹാരക്കുറവിനെതിരെയുള്ള പോരാട്ടത്തില്‍ നാം ആഗ്രഹിച്ച ഫലങ്ങള്‍ നേടാന്‍ സാധിച്ചില്ല എന്നു നമുക്കറിയാം. ഗുജറാത്തില്‍ ഞാന്‍ മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ ഈ വസ്തുതകള്‍ മനസില്‍ വച്ചുകൊണ്ടാണ് നിരവധി പുതിയ പദ്ധതികള്‍ വെട്ടിച്ചുരുക്കിയത്. പ്രശ്‌നത്തിന്റെ മൂലകാരണം പോലുള്ള ഘടകങ്ങള്‍ സംബന്ധിച്ച് എനിക്ക് ഗുജറാത്തിലെ ദീര്‍ഘമായ അനുഭവം ഉണ്ട്. എന്തുകൊണ്ട് നമുക്ക് ഫലം ലഭിക്കുന്നില്ല. 2014 ല്‍ രാജ്യത്തെ സേവിക്കുന്നതിന് എനിക്ക് അവസരം ലഭിച്ചപ്പോള്‍ ആ അനുഭവങ്ങള്‍ വച്ച് ഞാന്‍ ചില നവ സംരംഭങ്ങള്‍ക്കു തുടക്കം കുറിച്ചു.
സമഗ്രവും ഏകീകൃതവുമായ സമീപനവുമായിട്ടാണ് ഞങ്ങള്‍ മുന്നേറിയത്. ബഹുമഖ മാനങ്ങളുള്ള തന്ത്രങ്ങളുമായട്ടാണ് ഞങ്ങള്‍ ജോലി തുടങ്ങിയത്. അതോടെ മുമ്പത്തെ ശകലീകൃത സമീപനം അവസാനിച്ചു.
ഒരു വശത്ത് ഞങ്ങള്‍ ദേശീയ പോഷകാഹാര ദൗത്യം തുടങ്ങി. മറുവശത്ത് പോഷകാഹാരക്കുറവിന്റെ മൂലകാരണങ്ങളും അതിന്റെ സമസ്ത ഘടകങ്ങളും ഞങ്ങള്‍ പഠിച്ചു. സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ ഞങ്ങള്‍ കൂട്ടായി പരിശ്രമിച്ചു. ഇതിന്റെ ഭാഗമായി സ്വഛഭാരത് മിഷന്റെ കീഴില്‍ ഇന്ത്യയിലുടനീളം 11 കോടി ശുചിമുറികള്‍ ഞങ്ങള്‍ നിര്‍മ്മിച്ചു. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ പോലും ശുചിമുറികളുടെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ, അതിസാരം പോലുള്ള സാംക്രമിക രോഗങ്ങളുടെ നിരക്കു കുറഞ്ഞു.
അതുപോലെ തന്നെ ഇന്ദ്രധനുഷ് മിഷന്റെ കീഴില്‍ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പ്രതിരോധ കുത്തിവയ്പ്പിന്റെ നിരക്കും കുത്തനെ ഉയര്‍ന്നു. കഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന റോട്ടാവൈറസ് പോലുള്ള അസുഖങ്ങൾക്ക് എതിരെ പുതിയ പ്രതിരോധ മരുന്ന് ഇന്ത്യയില്‍ വികസിപ്പിക്കുകയും പ്രതിരോധ കുത്തിവയ്പ്പില്‍ ചേര്‍ക്കുകയും ചെയ്തു. ഇതു മനസില്‍ വച്ചാണ് ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കളുടെ ആദ്യ 1000 ദിവസം അമ്മയ്ക്കും കുഞ്ഞിനും, പോഷകാഹാരവും ശ്രദ്ധയും നല്കുന്നതിനുമുള്ള വലിയ പ്രചാരണ പരിപാടി ആരംഭിച്ചത്.
ജലജീവന്‍ മിഷനു കീഴില്‍ ഗ്രാമങ്ങള്‍ തോറും എല്ലാ വീട്ടിലും പൈപ്പിലൂടെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി അതിവേഗത്തില്‍ നടന്നു വരുന്നു. രാജ്യത്തെ പാവപ്പെട്ട സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇന്ന് ഒരു രൂപ നിരക്കില്‍ സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിശ്രമങ്ങളുടെയെല്ലാം ഗുണം രാജ്യത്ത് ആദ്യമായി പെണ്‍കുട്ടികളുടെ സ്‌കൂള്‍ പ്രവേശന നിരക്ക് ആണ്‍കുട്ടികളുടെ സംഖ്യയെ കടന്ന് മുന്നിലെത്തി.
പെണ്‍കുട്ടികളുടെ ശരിയായ വിവാഹ പ്രായം ഏതായിരിക്കണം എന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ഇതുസംബന്ധിച്ച് പെണ്‍കുട്ടികളുടെ അനേകം കത്തുകള്‍ ലഭിക്കുന്നുണ്ട്. ഈ ചര്‍ച്ചകളുടെ തീരുമാനം വേഗത്തിലാക്കണം എന്നും ഈ റിപ്പോര്‍ട്ട് ത്വരിതപ്പെടുത്തണം എന്നുമാണ് അവരുടെ ആവശ്യം . ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തും എന്നു എല്ലാ മക്കള്‍ക്കും ഞാന്‍ ഉറപ്പു നല്കിയിട്ടുണ്ട്.
സുഹൃത്തുക്കളെ.
നമുക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ജോലി പോഷകാഹാര ക്കുറവ് നിയന്ത്രിക്കുക എന്നതാണ്. അതിനായി ഇന്ന് മാംസ്യം, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷക ഘടകങ്ങള്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള വിളകളുടെ കൃഷി രാജ്യത്ത് നാം പ്രോത്സാഹിപ്പിക്കുന്നു. പയര്‍ വര്‍ഗ്ഗങ്ങള്‍, ചെറുധാന്യങ്ങളായ റാഗി, ബജ്‌റ, അരിച്ചോളം, കോഡോ, ജങ്കോറ, ബാറി, കൊട്ട്കി എന്നിവയുടെ ഉത്പാദനം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ഇവയുടെ ഉപയോഗം വര്‍ധിച്ചിട്ടുമുണ്ട്. 2023 നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി പ്രഖ്യാപിക്കണം എന്നുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തെ പൂര്‍ണമായി പിന്തുണച്ചതിന് ഭക്ഷ്യ കാര്‍ഷിക സംഘടനയോട് എനിക്കു പ്രത്യേക നന്ദിയുണ്ട്.
സുഹൃത്തുക്കളെ,
ഇന്നു നാം എടുത്തിരിക്കുന്ന സുപ്രധാന തീരുമാനം ഇന്ത്യയിലെ പോഷണ്‍ അഭിയാന്‍ ശക്തിപ്പെടുത്തുക എന്നതാണ്. ഇന്ന് ഗോതമ്പും നെല്ലും ഉള്‍പ്പെടെ വിവിധ വിളകളുടെ പുതിയ 17 ഇനം വിത്തുകള്‍ രാജ്യത്തെ കൃഷിക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നു. നാം സ്ഥിരമായി കൃഷി ചെയ്യുന്ന വിളകളുടെ പതിവ് ഇനങ്ങളില്‍ പല പോഷക ഘടകങ്ങളുടെയും അഭാവം കാണുന്നു. അതിനാല്‍ ഈ വിളകളുടെ മെച്ചപ്പെട്ട ഇനങ്ങള്‍ ഈ കുറവുകള്‍ പരിഹരിച്ച് ധാന്യങ്ങളുടെ പോഷകാഹാര മൂല്യം ഉയര്‍ത്തുന്നു. ഈ വര്‍ഷം മുതല്‍ രാജ്യത്ത് ഇത്തരം വിത്തുകളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കും. ഇതിനായി പ്രയത്‌നിക്കുന്ന രാജ്യത്തെ എല്ലാ കാര്‍ഷിക സര്‍വകലാശാലകളെയും ശാസ്ത്രജ്ഞരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള ആദ്യ വിത്തിനം 2014 നു മുമ്പായി കൃഷിക്കാരില്‍ എത്തും. ഇപ്പോള്‍ വിവിധ വിളകളുടെ 70 ഇനം ജൈവസംരക്ഷിത വിത്തുകള്‍ കൃഷിക്കാര്‍ക്ക ലഭ്യമാണ്. ഇത്തരത്തിലുള്ള ജൈവ സംരക്ഷിത ഇനങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത് പ്രാദേശികവും പരമ്പരാഗതവുമായ വിളകളുടെ സഹായത്തോടെയാണ് എന്നറിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ഇത്തരത്തിലുള്ള നിരവധി പരിഷ്‌കാരങ്ങള്‍ തുടര്‍ച്ചയായി ഇന്ത്യയില്‍ ഇന്ന് നടക്കുന്നുണ്ട്. ഇത് ആഗോള ഭക്ഷ്യ സുരക്ഷയില്‍ ഇന്ത്യയ്ക്കുള്ള പ്രതിബദ്ധതയെയാണ് കാണിക്കുന്നത്. ഇന്ത്യയുടെ പൊതു വിതരണ സമ്പ്രദായത്തിനു വേണ്ടി ഒന്നിനു പുറകെ ഒന്നായി കൃഷിയിലും കാര്‍ഷിക ശാക്തീകരണത്തിലും പരിഷ്‌കാരങ്ങള്‍ നടക്കുന്നു. ഈ കഴിഞ്ഞ വര്‍ഷങ്ങളിലായി നടപ്പിലാക്കിയ മൂന്നു കാര്‍ഷിക പരിഷ്‌കാരങ്ങളില്‍ വളരെ പ്രധാനപ്പെട്ടവയാണ് രാജ്യത്തെ കാര്‍ഷിക മേഖലയുടെ വിസ്തൃതി വര്‍ധിപ്പിക്കുക, കൃഷിക്കാരുടെ വരുമാനം ഉയര്‍ത്തുക എന്നിവ.
സുഹൃത്തുക്കളെ,
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നമുക്ക് കാര്‍ഷികോത്പ്പന്ന വിപണികള്‍ എന്ന സംവിധാനം നിലവിലുണ്ട്. അവയ്ക്ക് സ്വന്തമായ വ്യക്തിത്വവും ശക്തിയും ഉണ്ട്. കഴിഞ്ഞ 6 വര്‍ഷങ്ങളായി 2500 കോടി രൂപ രാജ്യത്തെ കാര്‍ഷിക വിപണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നാം ചെലവഴിച്ചിട്ടുണ്ട്. നൂറുകണക്കിന് കോടി രൂപയാണ് ഈ ചന്തകളില്‍ ഐടി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ചെലവാക്കിയത്. ഈ ചന്തകളെ നാഷണല്‍ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. എപിഎംസി നിയമത്തില്‍ വരുത്തിയിരിക്കുന്ന ഭേദഗതികള്‍ വഴി ഇപ്പോള്‍ ഈ കാര്‍ഷിക വിപണികള്‍ കൂടുതല്‍ മത്സര ക്ഷമമായിട്ടുണ്ട്.
കുറഞ്ഞ താങ്ങുവിലയുടെ ഒന്നര ഇരട്ടിയെങ്കിലും വില കൃഷിക്കാര്‍ക്ക് അവരുടെ ഉത്പ്പന്നങ്ങളിന്‍ മേല്‍ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനായി നിരവധി നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചു വരുന്നു.
സുഹൃത്തുക്കളെ,
കുറഞ്ഞ താങ്ങു വിലയും ഗവണ്‍മെന്റ് സംഭരണവുമാണ് രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ പ്രധാന ഘടകങ്ങള്‍. അതിനാല്‍ അവ വളരെ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. അതിന് നല്ലനടത്തിപ്പ് തുടര്‍ച്ചയായി ഉണ്ടാവണം. ഞങ്ങള്‍ അതിന് പ്രതിജ്ഞാബദ്ധമാണ്. നേരത്തെ രാജ്യത്തെ മുഴുവന്‍ കൃഷിക്കാരും അവരുടെ ഉത്പ്പന്നങ്ങള്‍ ഇടനിലക്കാര്‍ വഴി വിറ്റഴിക്കപ്പെടാന്‍ നിര്‍ബന്ധിതരായിരുന്നു. ഇത് ചന്തകളില്‍ എത്താനുള്ള ബുദ്ധിമുട്ടു മൂലമായിരുന്നു. ഇന്ന് പുതിയ സംവിധാനത്തില്‍ വിപണി സ്വയം ചെറുകിട കൃഷിക്കാരുടെ വീട്ടുപടിക്കല്‍ എത്തുന്നു. മെച്ചപ്പെട്ട വില മാത്രമല്ല, ഇടനിലക്കാരെ ഒഴിവാക്കിയതു മൂലമുള്ള ആശ്വാസവും ഇതു വഴി കൃഷിക്കാര്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്കും നേരിട്ട് ചരക്കു വാങ്ങുന്നവര്‍ക്കും ഇതിന്റെ പ്രയോജനം കിട്ടും. എല്ലാറ്റിനുമുപരി അഗ്രോ സ്റ്റാര്‍ട്ടപ്പുകള്‍ വഴി കൃഷിക്കാര്‍ക്ക് ആധുനിക സൗകര്യങ്ങള്‍ വികസിപ്പിച്ചു നല്കാന്‍ ആഗ്രഹിക്കുന്നു യുവാക്കള്‍ക്കും ഇത് പുതിയ പാതകള്‍ വെട്ടിത്തുറക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളെ,
ചെറുകിട കൃഷിക്കാര്‍ക്കു ശക്തി പകരുന്നതിനായി കൃഷിക്കാരുടെ ഉത്പാദക സംഘടനകളുടെ വലിയ ഒരു ശൃംഖല( എഫ് പി ഒ) തന്നെ രാജ്യമെമ്പാടും വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് പതിനായിരം കര്‍ഷക ഉത്പാദക സംഘങ്ങള്‍ രൂപീകരിക്കാനുള്ള പ്രവര്‍ത്തനം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ചെറുകിട കൃഷിക്കാര്‍ക്കുവേണ്ടി വിപണിയില്‍ ശബ്ദിക്കുന്നത് സംഘങ്ങളായിരിക്കും. രാജ്യത്തെ ക്ഷീരകര്‍ഷകരുടെയും കരിമ്പു കര്‍ഷകരുടെയും സഹകരണ പ്രസ്ഥാനങ്ങള്‍,അല്ലെങ്കില്‍ ഗ്രാമത്തിലെ സ്ത്രീകളുടെ സ്വാശ്രയ സംഘങ്ങള്‍ ആ ഗ്രാമങ്ങളില്‍ സാര്‍ത്ഥകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന പോലെ ഈ കര്‍ഷക സംഘങ്ങളും, അതെ മാര്‍ഗ്ഗത്തില്‍ ചെറുകിട കൃഷിക്കാരുടെ ജീവിതങ്ങളെ മാറ്റാന്‍ പോവുകയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യയിലെ പ്രധാന പ്രശ്‌നമാണ് ധാന്യം പാഴാക്കല്‍. ഇപ്പോള്‍ അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തിരിക്കുന്നു. ഇത് ഈ സാഹചര്യത്തിനു മാറ്റം വരുത്തും. ഇപ്പോള്‍ ഗവണ്‍മെന്റിനൊപ്പം മറ്റുള്ളവര്‍ക്കും ഗ്രാമങ്ങളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിന് നല്ല സന്ദര്‍ഭം ലഭിച്ചിരിക്കുന്നു.കൃഷിക്കാരുടെ ഉത്പാദക സംഘങ്ങള്‍ക്കും ഇതില്‍ സുപ്രധാന പങ്കു വഹിക്കാനുണ്ട്. അടിസ്ഥാന സൗകര്യ നിര്‍മ്മാണത്തിനായി അടുത്ത നാളില്‍ ഒരു ലക്ഷം കോടി രൂപ ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നു.
കൃഷിക്കാരുടെ സംഘങ്ങളും ഗ്രാമങ്ങളില്‍ വിതരണ ശൃംഖലകളും, മൂല്യ വര്‍ദ്ധന സൗകര്യങ്ങളും തുടങ്ങുകയാണ്.
നടപ്പില്‍ വന്നിരിക്കുന്ന മൂന്നാമത്തെ നിയമം വിളകളുടെ വിലയിലെ ചാഞ്ചാട്ടത്തില്‍ നിന്നു കൃഷിക്കാര്‍ക്ക് ആശ്വാസം നല്കുന്നതു കൂടാതെ കൃഷിയിലെ പുത്തന്‍ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതില്‍ കൃഷിക്കാര്‍ക്ക് ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള കൂടുതല്‍ സ്വാതന്ത്ര്യം നല്കുന്നതിനപ്പുറം നിയമ പരിരക്ഷയും അവര്‍ക്കു ലഭ്യമാക്കുന്നു. സ്വകാര്യ സംരംഭമോ, വ്യവസായമോ ആയി കൃഷിക്കാരന്‍ ഇടപെടുമ്പോള്‍ ഉത്പ്പന്നത്തിന്റെ വില കൃഷിയിറക്കുന്നതിനു മുന്നേ നിശ്ചയിക്കപ്പെടുന്നു. വിത്തും വളവും മെഷീനുകളും എല്ലാം നല്കപ്പെടുകയും ചെയ്യുന്നു.
ഒരു പ്രധാന കാര്യം കൂടിയുണ്ട്, ഏതെങ്കിലും കാരണത്താല്‍ ഒരു കരാറില്‍ നിന്നു ഒഴിവാകുന്നതിന് കൃഷിക്കാരന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അയാള്‍ അതിന് പിഴ അടയ്‌ക്കേണ്ടതില്ല. എന്നാല്‍ അയാളുമായി കരാര്‍ ഒപ്പു വച്ച കമ്പനിയാണ് കരാര്‍ ലംഘിക്കുന്നത് എങ്കില്‍ ആ സ്ഥാപനം കൃഷിക്കാരന് പിഴ നല്‌കേണ്ടി വരും. വിളവിന് മാത്രമെ ഈ കരാര്‍ ബാധകമാവുകയുള്ളു എന്നു കൂടി ഓര്‍മ്മിക്കണം. അല്ലാതെ കൃഷിക്കാരന്റെ ഭൂമി ഇതില്‍ കക്ഷിയല്ല. അതായത് കൃഷിക്കാരന് എല്ലാ വിധത്തിലുമുള്ള പരിരക്ഷയാണ് ഈ പരിഷ്‌കാരങ്ങളിലൂടെ ഉറപ്പു നല്കുന്നത്. ഇന്ത്യയിലെ കൃഷിക്കാരന്‍ ശാക്തീകരിക്കപ്പെടുകയും അയാളുടെ വരുമാനം ഉയരുകയും ചെയ്താല്‍ പോഷകാഹാരക്കുറവിനെതിരെയുള്ള പ്രചാരണവും അതുപോലെ തന്നെ ശക്തമാക്കും.
ഇന്ത്യയും ഭക്ഷ്യ കാര്‍ഷിക സംഘടനയും തമ്മിലുള്ള വളരുന്ന സംയോജിത പ്രവര്‍ത്തനം ഈ പ്രചാരണ പരിപാടിക്ക് കൂടുതല്‍ ആവേശം പകരും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളള്‍ക്കെല്ലാവര്‍ക്കും ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ 75-ാം വാര്‍ഷികത്തിന്റെ ശുഭാശംസകള്‍ നേരുന്നു. ലോകത്തിലെയും ഈ രാജ്യത്തിലെയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവരെ, അനുദിന ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കുവാന്‍ തക്കവിധം നിങ്ങള്‍ വളരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ആഗോളസമൂഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള നമ്മുടെ പ്രതിജ്ഞ ആവര്‍ത്തിച്ചുകൊണ്ട് വീണ്ടും നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മകള്‍ ആശംസിക്കുന്നു.
വളരെ നന്ദി
നിങ്ങള്‍ക്ക് നന്ദി.
****
(Release ID: 1665668)
Visitor Counter : 417
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada