പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐ.സി.സി.ആറും യു.പി.ഐ.ഡിയും ചേര്‍ന്ന് ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ പാരമ്പര്യത്തെക്കുറിച്ചു സംഘടിപ്പിച്ച വെബിനാറിനു പ്രധാനമന്ത്രി നല്‍കിയ സന്ദേശം

Posted On: 03 OCT 2020 7:29PM by PIB Thiruvananthpuram

നമസ്‌തേ!
 

ടെക്‌സറ്റൈല്‍സ് സംബന്ധിച്ച ഈ ആശയവിനിമയത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുക്കുന്നുണ്ട് എന്നറിയാന്‍ സാധിച്ചതില്‍ സന്തോഷം. എല്ലാവരെയും ഒന്നിപ്പിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും ഉത്തര്‍പ്രദേശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും വലിയ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 'ബന്ധങ്ങള്‍ നെയ്‌തെടുക്കല്‍: ടെക്‌സ്റ്റൈല്‍ പാരമ്പര്യങ്ങള്‍' എന്ന വളരെ മഹത്തായ പ്രമേയമാണു നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സുഹൃത്തുക്കളേ, ടെക്‌സ്റ്റൈല്‍ മേഖലയുമായി നമുക്കുള്ള ബന്ധം നൂറ്റാണ്ടുകളുടേതാണ്. ടെക്‌സ്റ്റൈല്‍ മേഖലയില്‍ നമ്മുടെ ചരിത്രവും വൈവിധ്യവും വളരെയധികം അവസരങ്ങളും കാണാന്‍ സാധിക്കും.
 

വളരെക്കാലത്തെ പാരമ്പര്യം ടെക്‌സ്റ്റൈല്‍ രംഗത്ത് ഇന്ത്യക്കുണ്ട്. നൂല്‍ നൂല്‍ക്കാനും നെയ്യാനും ചായം പകരാനും ആദ്യ തുടക്കമിട്ടവരില്‍പ്പെടും, നമ്മള്‍. പ്രകൃതിജന്യമായ വസ്തുക്കള്‍കൊണ്ടു നിറം പകര്‍ന്ന പരുത്തിത്തുണിയുടെ നീണ്ടകാലത്തെ കീര്‍ത്തി ഇന്ത്യക്കുണ്ട്. സില്‍ക്കിന്റെ സ്ഥിതിയും അതു തന്നെ. ടെക്‌സ്റ്റൈല്‍സിലുള്ള വൈവിധ്യം നമ്മുടെ സംസ്‌കാരത്തിന്റെ സമ്പന്നതയെ സൂചിപ്പിക്കുന്നു. ആന്ധ്രാപ്രദേശിന്റേത് കലംകരിയാണെങ്കില്‍ മുക സില്‍ക്ക് അസമിന്റെ അഭിമാനമാണ്. കശ്മീരില്‍ പഷ്മിനയുണ്ടാക്കുന്നു, ഫുലാക്രിസ് പഞ്ചാബിന്റെ സംസ്‌കാരത്തിന് അഭിമാനമേകുന്നു. ഗുജറാത്ത് പടോലാസിനു പ്രശസ്തമാണെങ്കില്‍ സാരികളില്‍ വാരണാസി സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു. മധ്യപ്രദേശില്‍ ചന്ദേരി തുണിയും ഒഡിഷയില്‍ സംബാല്‍പുരി വസ്ത്രവും ഉണ്ട്. ചിലവയുടെ പേരുകള്‍ മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. മറ്റു പല ഇനങ്ങളുംകൂടിയുണ്ട്. നിങ്ങളുടെ ശ്രദ്ധ നമ്മുടെ ഗോത്ര സമുദായങ്ങളുടെ സമ്പന്നമായ ടെക്‌സ്റ്റൈല്‍ പാരമ്പര്യത്തിലേക്കുകൂടി ക്ഷണിക്കേണ്ടതുണ്ട്.
 

സുഹൃത്തുക്കളേ, ടെക്‌സ്റ്റൈല്‍ മേഖല എല്ലായ്‌പ്പോഴും അവസരങ്ങള്‍ പ്രദാനംചെയ്തിട്ടുണ്ട്. ആഭ്യന്തരമായി ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്നത് ടെക്‌സ്റ്റൈല്‍സ് മേഖലയാണ്. രാജ്യാന്തര തലത്തില്‍ വ്യാപാര, സാംസ്‌കാരിക ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ടെക്‌സറ്റൈല്‍ മേഖല നമ്മെ സഹായിച്ചു. എല്ലാറ്റിനും ഉപരി, ആഗോള തലത്തില്‍ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍സിനു വലിയ മൂല്യം കല്‍പിക്കപ്പെടുന്നു. മറ്റു സംസ്‌കാരങ്ങളുടെ ആചാരങ്ങളും കരകൗശല വിദ്യയും ഉല്‍പന്നങ്ങളും വഴിയും അവ മെച്ചമാക്കപ്പെട്ടു.
 

സുഹൃത്തുക്കളേ, ഗാന്ധിജിയുടെ 150ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍കൂടിയാണ് ഈ പരിപാടി. ടെക്‌സ്റ്റൈല്‍ മേഖലയും സാമൂഹിക ശാക്തീകരണവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നു മഹാത്മാ ഗാന്ധി മനസ്സിലാക്കിയിരുന്നു. ലളിതമായ ചര്‍ക്കയെ ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രതീകമായി അദ്ദേഹം മാറ്റിയെടുത്തു. ചര്‍ക്ക നമ്മെ ഒരു രാജ്യമായി നെയ്‌തെടുത്തു.
 

സുഹൃത്തുക്കളേ, സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന മേഖലയായി നാം ഇന്നു ടെക്‌സ്റ്റൈല്‍സിനെ കാണുന്നു. നമ്മുടെ ഗവണ്‍മെന്റ് പ്രത്യേകമായി ഊന്നല്‍ നല്‍കുന്നതു നൈപുണ്യം മെച്ചപ്പെടുത്തല്‍, സാമ്പത്തിക സഹായം, ഈ മേഖലയെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കല്‍ എന്നിവയ്ക്കാണ്. ആഗോള നിലവാരമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കന്‍ നമ്മുടെ നെയ്ത്തുകാരെ നാം സഹായിക്കുന്നു. അതിനു നാം ആഗോള തലത്തിലുള്ള മികച്ച മാതൃകകള്‍ പഠിക്കേണ്ടതുണ്ട്. നമ്മുടെ മികച്ച മാതൃകകള്‍ ലോകം പഠിക്കേണ്ടതുമുണ്ട്. അതുകൊണ്ടാണ് ഇന്നത്തെ സംഭാഷണത്തില്‍ 11 രാജ്യങ്ങള്‍ പങ്കെടുക്കുന്നതു നല്ലതായിത്തീരുന്നത്.
 

സുഹൃത്തുക്കളേ, ലോകത്താകമാനം ടെക്‌സ്‌റ്റൈല്‍ മേഖല വളരെയധികം സ്ത്രീകള്‍ക്കു തൊഴില്‍ നല്‍കുന്നു. സജീവമായ ടെക്‌സ്‌റ്റൈല്‍ മേഖല സ്ത്രീശാക്തീകരണത്തിനുള്ള ശ്രമങ്ങള്‍ക്കു കരുത്തു പകരും. സുഹൃത്തുക്കളേ, വെല്ലുവിളികള്‍ നേരിടുന്ന കാലത്ത്, ഭാവിക്കായി നാം സജ്ജരാകേണ്ടതുണ്ട്. നമ്മുടെ ടെക്‌സ്റ്റൈല്‍ പാരമ്പര്യങ്ങള്‍ ശക്തമായ ആശയങ്ങളും ആദര്‍ശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വൈവിധ്യവും പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവും സ്വാശ്രയത്വവും നൈപുണ്യവും നവീന ആശയങ്ങളും അവയില്‍ ഉള്‍പ്പെടുന്നു. ഈ ആശയങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പ്രസക്തമായിക്കഴിഞ്ഞു. ഇന്നത്തെ വെബിനാര്‍ പോലുള്ള പരിപാടികള്‍ ഈ ആശയങ്ങളെ കൂടുതല്‍ ശക്തമാക്കുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ഐ.സി.സി.ആറിനും യു.പി.ഐ.ഡിക്കും എല്ലാ പങ്കാളികള്‍ക്കും ഈ ഉദ്യമത്തിന് ആശംസകള്‍ നേരുന്നു.
 

വളരെയധികം നന്ദി!

 

****


(Release ID: 1661634) Visitor Counter : 192