പ്രധാനമന്ത്രിയുടെ ഓഫീസ്‌

പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട ബിഹാറിലെ മൂന്ന് പ്രധാന പദ്ധതികള്‍ സെപ്റ്റംബര്‍ 13ന് പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും

Posted On: 11 SEP 2020 6:31PM by PIB Thiruvananthpuram


ബിഹാറില്‍ പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട മൂന്ന് പ്രധാന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സെപ്റ്റംബര്‍ 13ന് രാജ്യത്തിനു സമര്‍പ്പിക്കും. പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ദുര്‍ഗാപുര്‍-ബാങ്ക ഭാഗവും രണ്ട് എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റുകളുമാണ് പദ്ധതികളില്‍ ഉള്‍പ്പെടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഓയില്‍, എച്ച്.പി.സി.എല്‍, എന്നിവയാണ് ഇവ കമ്മീഷന്‍ ചെയ്യുന്നത്.

ബിഹാര്‍ മുഖ്യമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

പൈപ്പ്ലൈന്‍ പദ്ധതിയുടെ ദുര്‍ഗാപൂര്‍-ബാങ്ക സെക്ഷന്‍

പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ പൈപ്പ്ലൈന്‍ ഓഗ്മെന്റേഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഇന്ത്യന്‍ ഓയില്‍ നിര്‍മ്മിച്ച 193 കിലോമീറ്റര്‍ നീളമുള്ള ദുര്‍ഗാപുര്‍-ബാങ്ക പൈപ്പ്ലൈന്‍ സെക്ഷന്‍. 2019 ഫെബ്രുവരി 17നാണ് പ്രധാനമന്ത്രി ഇതിനു തറക്കല്ലിട്ടത്. നിലവില്‍ 679 കിലോമീറ്റര്‍ നീളമുള്ള പാരാദീപ്-ഹല്‍ദിയ-ദുര്‍ഗാപുര്‍ എല്‍പിജി പൈപ്പ്ലൈന്റെ ബിഹാറിലെ ബാങ്കയിലെ പുതിയ എല്‍പിജി ബോട്ട്ലിംഗ് പ്ലാന്റിലേക്കുള്ള എക്സ്റ്റന്‍ഷനാണ് ദുര്‍ഗാപുര്‍-ബാങ്ക സെക്ഷന്‍. 14'' വ്യാസമുള്ള പൈപ്പ്ലൈന്‍ പശ്ചിമ ബംഗാള്‍ (60 കിലോമീറ്റര്‍), ഝാര്‍ഖണ്ഡ് (98 കിലോമീറ്റര്‍), ബിഹാര്‍ (35 കിലോമീറ്റര്‍) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണു കടന്നുപോകുന്നത്. നിലവില്‍ പാരാദീപ് റിഫൈനറി, ഹല്‍ദിയ റിഫൈനറി, ഐപിപിഎല്‍ ഹല്‍ദിയ എന്നിവയില്‍ നിന്നാണ് എല്‍പിജി ഇഞ്ചെക്ഷന്‍ നടത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, പാരാദീപ് ഇംപോര്‍ട്ട് ടെര്‍മിനലില്‍ നിന്നും ബറൗണി റിഫൈനറിയില്‍ നിന്നും എല്‍പിജി ഇഞ്ചെക്ഷന്‍ സൗകര്യം ലഭ്യമാകും.

ദുര്‍ഗാപുര്‍-ബാങ്ക സെക്ഷനു കീഴില്‍ പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിന് പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ നിരവധി തടസ്സങ്ങളാണുണ്ടയിരുന്നത്. 13 നദികള്‍ (1077 മീറ്റര്‍ നീളമുള്ള അജയ് നദി ഉള്‍പ്പെടെ), 5 ദേശീയപാതകള്‍, 3 റെയില്‍വേ ക്രോസിംഗുകള്‍ എന്നിവ ഉള്‍പ്പെടെ 154 ഇടങ്ങളില്‍ പ്രതിസന്ധികള്‍ തരണംചെയ്യേണ്ടി വന്നു. ജലപ്രവാഹം തടസ്സപ്പെടുത്താതെ അത്യാധുനിക ഹൊറിസോണ്ടല്‍ ഡയറക്ഷണല്‍ ഡ്രില്ലിങ് സാങ്കേതികതയിലൂടെ നദീതീരങ്ങളില്‍ പൈപ്പ്ലൈന്‍ സ്ഥാപിച്ചു.

ബിഹാറിലെ ബാങ്കയിലെ എല്‍പിജി ബോട്ട്ലിങ് പ്ലാന്റ്

ബാങ്കയിലെ ഇന്ത്യന്‍ ഓയിലിന്റെ എല്‍പിജി ബോട്ട്ലിങ് പ്ലാന്റ് സംസ്ഥാനത്ത് എല്‍പിജിയുടെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിലൂടെ ബീഹാറിലെ 'ആത്മനിര്‍ഭരത'യ്ക്കു തുണയാകും. 131.75 കോടി രൂപ മുതല്‍മുടക്കിലാണ് ബോട്ട്ലിങ് പ്ലാന്റിന്റെ നിര്‍മാണം. ബിഹാറിലെ ഭാഗല്‍പൂര്‍, ബാങ്ക, ജമുഈ, അരരിയ, കിഷന്‍ഗഞ്ച്, കടിഹാര്‍ ജില്ലകള്‍ക്കും ഝാര്‍ഖണ്ഡിലെ ഗോഡ്ഡ, ദേവ്ഘര്‍, ദുംക, സാഹിബ്ഗഞ്ച്, പാകുര്‍ ജില്ലകള്‍ക്കും പ്ലാന്റ് പ്രയോജനപ്രദമാകും. 1800 മെട്രിക് ടണ്‍ സംഭരണശേഷിയും പ്രതിദിനം 40,000 സിലിണ്ടറുകളുടെ ബോട്ട്ലിങ് ശേഷിയുമുള്ള ഈ പ്ലാന്റ് ബിഹാറില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

ബിഹാര്‍ ചമ്പാരണിലെ (ഹര്‍സിദ്ധി) എല്‍പിജി പ്ലാന്റ്

എച്ച്പിസിഎല്ലിന്റെ 120 ടിഎംടിപിഎ എല്‍പിജി ബോട്ട്ലിങ് പ്ലാന്റ് പൂര്‍വ ചമ്പാരണ്‍ ജില്ലയിലെ ഹര്‍സിദ്ധിയില്‍ 136.4 കോടി രൂപ ചെലവഴിച്ചാണു നിര്‍മിച്ചത്. 29 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിച്ച ഈ പ്ലാന്റിന്റെ ശിലാസ്ഥാപനം 2018 ഏപ്രില്‍ 10ന് പ്രധാനമന്ത്രിയാണ് നടത്തിയത്. ബിഹാറിലെ പൂര്‍വ ചമ്പാരണ്‍, പശ്ചിമ ചമ്പാരണ്‍, മുസാഫര്‍പൂര്‍, സിവാന്‍, ഗോപാല്‍ഗഞ്ച്, സീതാമര്‍ഹി ജില്ലകളിലെ എല്‍പിജി ആവശ്യകത നിറവേറ്റാന്‍ ഈ ബോട്ട്ലിങ് പ്ലാന്റിനു കഴിയും.

പരിപാടി തത്സമയം ഡിഡി ന്യൂസില്‍ സംപ്രേഷണം ചെയ്യും.

***


(Release ID: 1653429) Visitor Counter : 194