പ്രധാനമന്ത്രിയുടെ ഓഫീസ്
നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കോവിഡ്-19 നേരിടുന്നതിനുള്ള ആസൂത്രണത്തിനുമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി
രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും 72 മണിക്കൂറിനുള്ളില്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കണം എന്ന പുതിയ മന്ത്രം നാം പിന്തുടരണം: പ്രധാനമന്ത്രി
ചികിത്സയിലുള്ള 80 ശതമാനം രോഗികളും 10 സംസ്ഥാനങ്ങളില്‍നിന്നാണ്. അതിനാല്‍ അവിടങ്ങളില്‍ വൈറസിനെ പരാജയപ്പെടുത്താനായാല്‍ രാജ്യത്തിനാകെ വിജയം വരിക്കാനാകും: പ്രധാനമന്ത്രി
മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാക്കി കുറയ്ക്കാന്‍ ഉടന്‍ തന്നെ സാധിക്കും: പ്രധാനമന്ത്രി
ബീഹാര്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ അടിയന്തരമായി പരിശോധന ശക്തിപ്പെടുത്തണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു: പ്രധാനമന്ത്രി
കണ്ടെയ്ന്‍മെന്റ്, സമ്പര്‍ക്കം കണ്ടെത്തല്‍, നിരീക്ഷണം എന്നിവയാണ് ഈ യുദ്ധത്തിലെ ഏറ്റവും ഫലപ്രദമായ ആയുധങ്ങള്‍: പ്രധാനമന്ത്രി
ഡല്‍ഹി, സമീപ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് ബാധിതരെ കണ്ടെത്താന്‍ ആഭ്യന്തരമന്ത്രി റോഡ് മാപ്പ് തയ്യാറാക്കിയ കാര്യം പ്രധാനമന്ത്രി വിവരിച്ചു
കോവിഡ് പരിശോധന, പ്രതിരോധം തുടങ്ങിയവയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുമായി പങ്കുവച്ചു
Posted On:
11 AUG 2020 2:05PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കോവിഡ് സാഹചര്യവും രോഗം പടരുന്നത് തടയാനുള്ള ആസൂത്രണങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണു വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തിയത്. കര്‍ണ്ണാടകത്തിന്റെ പ്രതിനിധിയായി ഉപമുഖ്യമന്ത്രിയാണു ചര്‍ച്ചയില്‍ പങ്കെടുത്തത്.
ടീം ഇന്ത്യയുടെ ടീം വര്‍ക്ക്
കോവിഡ് കാലത്ത് ഇതുവരെ ഓരോ പൗരനും വലിയ തോതില്‍ സഹകരിച്ചതായും ടീം ഇന്ത്യയുടെ ടീം വര്‍ക്ക് ശ്രദ്ധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളും അഭിമുഖീകരിച്ച പ്രതിസന്ധികളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. 80 ശതമാനം കോവിഡ് കേസുകളും 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇവിടങ്ങളില്‍ വൈറസിനെ പരാജയപ്പെടുത്താനായാല്‍ രാജ്യം മുഴുവന്‍ കോവിഡിനെതിരെ വിജയം നേടുമെന്ന് ചൂണ്ടിക്കാട്ടി.
പരിശോധന വര്‍ധിപ്പിക്കല്‍, മരണനിരക്ക് കുറയ്ക്കല്‍
പ്രതിദിന പരിശോധന 7 ലക്ഷം എത്തിയതായും തുടര്‍ച്ചയായി വര്‍ധിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പ്രാരംഭഘട്ടത്തിലുള്ള രോഗനിര്‍ണയത്തെയും അനന്തര നടപടികളെയും ഇതു സഹായിച്ചു. ശരാശരി മരണനിരക്ക് ആഗോളതലത്തില്‍ തന്നെ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അത് തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണം കുറയുന്നതിനൊപ്പം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയുമാണ്. ഈ നടപടി ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും സമീപഭാവിയില്‍ തന്നെ രാജ്യത്ത് കോവിഡ് മരണനിരക്ക് ഒരു ശതമാനത്തിനും താഴെയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബിഹാര്‍, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഉത്തര്‍ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ പരിശോധനകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. കണ്ടെയ്ന്‍മെന്റ്, സമ്പര്‍ക്കം കണ്ടെത്തല്‍, നിരീക്ഷണം എന്നിവയാണ് മഹാമാരിയെ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ കാര്യങ്ങള്‍. ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ഇപ്പോള്‍ കാര്യമായ അവബോധം വന്നതിനാല്‍ ആരോഗ്യവിഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വീട്ടിലെ ക്വാറന്റൈന്‍ മികച്ച രീതിയില്‍ നടക്കുകയും ചെയ്യുന്നതായി അദ്ദേഹം വ്യക്തമാക്കി. കോവിഡ് പോരാട്ടത്തില്‍ ആരോഗ്യസേതു ആപ്പ് വളരെ പ്രയോജനകരമാണെന്ന് പറഞ്ഞ നരേന്ദ്ര മോദി ആദ്യ 72 മണിക്കൂറില്‍ രോഗബാധ കണ്ടെത്താനായാല്‍ വൈറസ് പടരുന്നത് ഫലപ്രദമായി തടയാനാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതായി വ്യക്തമാക്കി. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായവരെ 72 മണിക്കൂറിനകം കണ്ടെത്തി പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. കൈ കഴുകല്‍, ശാരീരിക അകലം പാലിക്കല്‍, മുഖാവരണം ധരിക്കല്‍ എന്നിവ പോലെ ഒരു മന്ത്രം എന്ന നിലയില്‍ ഇതും കാണണം.
ഡല്‍ഹിയിലേയും സമീപ സംസ്ഥാനങ്ങളിലേയും കോവിഡ് പ്രതിരോധ തന്ത്രം
ഡല്‍ഹിയിലേയും സമീപ സംസ്ഥാനങ്ങളിലേയും കോവിഡ് ബാധിതരെ കണ്ടെത്താനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ തയ്യാറാക്കിയ റോഡ് മാപ്പിനെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. വേഗത്തില്‍ രോഗബാധയ്ക്ക് സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കി, കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് പരിശോധനകള്‍ നല്‍കുന്നതിലായിരുന്നു ഇത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇതിന്റെ ഫലം എല്ലാവര്‍ക്കും കാണാനാകും. ആശുപത്രികളിലെ മികച്ച നടപടികളും ഐസിയു കിടക്കകളുടെ എണ്ണം വര്‍ധിക്കുന്നതും വളരെ സഹായകരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിമാരുടെ പ്രതികരണം
തങ്ങളുടെ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ച് മുഖ്യമന്ത്രിമാര്‍ വിവരിച്ചു. പകര്‍ച്ചവ്യാധി വിജയകരമായി കൈകാര്യം ചെയ്തതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തെ അവര്‍ അഭിനന്ദിക്കുകയും, നിരന്തരമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുകയും ചെയ്തു. പരിശോധനകള്‍ നടത്തുന്നതിനെക്കുറിച്ചും പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ടെലി മെഡിസിന്‍ ഉപയോഗത്തെക്കുറിച്ചും ആരോഗ്യ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ശ്രമങ്ങളെക്കുറിച്ചും മുഖ്യമന്ത്രിമാര്‍ സംസാരിച്ചു. സീറോ സര്‍വെലന്‍സില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അഭ്യര്‍ത്ഥിച്ച അവര്‍ രാജ്യത്ത് സംയോജിത ചികിത്സാ സംവിധാനം ഒരുക്കാനുള്ള നിര്‍ദേശവും മുന്നോട്ടുവച്ചു.
ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം
ഈ വൈറസിനെതിരായ പോരാട്ടത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ടെന്ന് രാജ്യരക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം സെക്രട്ടറി രാജ്യത്തെ കോവിഡ് കേസുകളെക്കുറിച്ചുള്ള അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചില സംസ്ഥാനങ്ങളിലെ രോഗബാധിതര്‍ കൂടുന്നത് ശരാശരിയിലും ഉയര്‍ന്ന നിലയിലാണെന്നും പരിശോധനാശേഷി പൂര്‍ണമായി ഉപയോഗിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൃത്യമായ മരണനിരക്ക് റിപ്പോര്‍ട്ടുചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രാദേശിക ജനതയുടെ സഹായത്തോടെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പരിധിയില്‍ മേല്‍നോട്ടം നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കേന്ദ്ര ധനമന്ത്രി, ആരോഗ്യമന്ത്രി, ആഭ്യന്തര സഹമന്ത്രി എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
****
(Release ID: 1645086)
Visitor Counter : 249
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada