പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി ആനുകൂല്യങ്ങളുടെയും,   കാര്‍ഷിക സംരംഭക ശേഖരത്തില്‍ നിന്നുള്ള  സാമ്പത്തിക സഹായങ്ങളുടെയും  വിതരണ സമാരംഭം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

Posted On: 08 AUG 2020 1:18PM by PIB Thiruvananthpuram

 

 

സാമൂഹിക കൃഷി, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യസൃഷ്ടി എന്നിവയ്ക്കായി ഒരു ലക്ഷം കോടി രൂപയുടെ സഹായം ലഭ്യമാക്കും.

 

ന്യൂ ഡൽഹി, 8 ആഗസ്റ്റ് 2020

 

കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി വഴി ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന  പദ്ധതി ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക്  പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ ഉദ്ഘാടനം ചെയ്യും.  പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി വഴി രാജ്യത്തെ 8.5 കോടി കൃഷിക്കാര്‍ക്ക് നല്കുന്ന 17,000 കോടി രൂപയുടെ ആറാം ഗഡു വിതരണവും,  അദ്ദേഹം തദവസരത്തില്‍ നിര്‍വഹിക്കും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്‍ തദവസരത്തില്‍ സന്നിഹിതനായിരിക്കും. രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിനു കൃഷിക്കാര്‍, സഹകരണ സംഘാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാര്‍ ഈ സംഭവത്തിനു സാക്ഷികളാകും. 

 

ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്കിയിരുന്നു. ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള  കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ പണം സഹായകരമാകും. കൃഷിക്കാരുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും ഇത് വഴി സാധ്യമാകും. കാരണം, വിളവെടുക്കുന്ന ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും, സൂക്ഷിച്ചു വയ്ക്കുന്നതിനും, നല്ല വില വരുമ്പോള്‍ വില്‍ക്കുന്നതിനും, ഉത്പ്പന്ന നഷ്ടം ഒഴിവാക്കുന്നതിനും , സംസ്‌കരണവും മൂല്യ വര്‍ധനവും വിപുലീകരിക്കുന്നതിനും ഇത് ഉപകരിക്കും. വിവിധ വായ്പാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു ലക്ഷം കോടി രൂപയാണ് ഇതിന് അനുവദിക്കുക. രാജ്യത്തെ 12 പൊതു മേഖലാ ബാങ്കുകളില്‍ 11 ഉം ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു കഴിഞ്ഞു.  പദ്ധതി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് മൂന്നു ശതമാനം പലിശ ഇളവും,   ജാമ്യ വ്യവസ്ഥയില്‍ രണ്ടു കോടി രൂപ വരെ വായ്പയും ലഭ്യമാക്കും. കൃഷിക്കാര്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സഹകരണ വിപണന സംഘങ്ങള്‍, കാര്‍ഷിക ഉത്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, വിവിധോദ്യേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര സംസ്ഥാന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ തുടങ്ങിയവയ്ക്ക്  ഈ പദ്ധതിയുടെ പ്രായോജകരാകാവുന്നതാണ്.

 

2018 ഡിസംബര്‍ 1 ന് ആരംഭിച്ച പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജന ( പിഎം കിസാന്‍) പദ്ധതി  രാജ്യത്തെ 9.9 കോടിയിലധികം കൃഷിക്കാര്‍ക്ക് ഇതുവരെ 75000 കോടി രൂപയുടെ ധനസഹായം നേരിട്ടു ലഭ്യമാക്കി കഴിഞ്ഞു. ചോര്‍ച്ച തടയുന്നതിനും  സൗകര്യം പ്രമാണിച്ചും ആധാര്‍ കാര്‍ഡ് അടിസ്ഥാനമാക്കിയുള്ള കൃഷിക്കാരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം നേരിട്ട് നല്കുന്ന പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതിയുടെ നടത്തിപ്പ് സമാനതകളില്ലാത്ത സഹായ നടപടിയായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോവിഡ് -19 മഹാമാരിയുടെ  വ്യാപനത്തെ തുടര്‍ന്ന് ഗവണ്‍മെന്റ് പ്രഖ്യാപിച്ച ലോക് ഡൗണില്‍  ഈ പദ്ധതിവഴി വിതരണം ചെയ്ത 22,000 കോടി രൂപ  അന്ന് പിടിച്ചു നില്‍ക്കാന്‍ കൃഷിക്കാര്‍ക്ക് വലിയ സഹായമായിരുന്നു(Release ID: 1644418) Visitor Counter : 417